Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയാണെന്ന്‌ കരുതി അതുമിതും വിളിച്ചു പറഞ്ഞാൽ വിവരം അറിയുമെന്ന് ഡിജിപിയുടെ കത്ത്; നടപടികളെല്ലാം വാചകത്തിൽ ഒതുക്കി സർക്കാർ; വിരട്ടാൻ രംഗത്തിറങ്ങിയ സെൻകുമാറും പിന്നോട്ട് മാറി; ജേക്കബ് തോമസ് റിട്ടയർ ചെയ്യും വരെ ഇങ്ങനെ തന്നെ തുടരുമെന്ന് തീർച്ച

മുഖ്യമന്ത്രിയാണെന്ന്‌ കരുതി അതുമിതും വിളിച്ചു പറഞ്ഞാൽ വിവരം അറിയുമെന്ന് ഡിജിപിയുടെ കത്ത്; നടപടികളെല്ലാം വാചകത്തിൽ ഒതുക്കി സർക്കാർ; വിരട്ടാൻ രംഗത്തിറങ്ങിയ സെൻകുമാറും പിന്നോട്ട് മാറി; ജേക്കബ് തോമസ് റിട്ടയർ ചെയ്യും വരെ ഇങ്ങനെ തന്നെ തുടരുമെന്ന് തീർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സർക്കാർ നയങ്ങളെ വിമർശിച്ചു എന്നതിന്റെ പേരിൽ ഡി.ജി.പി: ജേക്കബ് തോമസിനെതിരെ കർശന നടപടിയെടുക്കണമെന്നു നിർദ്ദേശിച്ച സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിന്റെ ശിപാർശ സർക്കാർ തള്ളി. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് മടിക്കില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് ചീഫ്‌സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അച്ചടക്ക നടപടികൾ വേണ്ടെന്ന് വയ്ക്കുന്നത്. കോടതിയിൽ നിന്ന് മുഖ്യമന്ത്രിക്ക് എതിരെ പരാമർശമുണ്ടായാൽ അത് വിനയാകുമെന്ന് സർക്കാരിന് അറിയാം. അതിനാൽ നിർണ്ണായക സ്ഥാനങ്ങളൊന്നും നൽകാതെ ജേക്കബ് തോമസിനെ റിട്ടർമെന്റ് വരെ ഇങ്ങനെ കൊണ്ടുപോകാനാണ് നീക്കം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന നിലപാട് എടുത്തിരുന്നു.

ചീഫ്‌സെക്രട്ടറി നൽകിയ രണ്ട് കാരണംകാണിക്കൽ നോട്ടീസുകൾക്കും ജേക്കബ് തോമസ് മറുപടി നൽകി. ഇതിനു പുറമേ ചീഫ്‌സെക്രട്ടറിക്ക് നൽകിയ കത്തിലാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പരാമർശങ്ങളുള്ളത്. ജേക്കബ് തോമസിന്റെ മറുപടിയെത്തുടർന്ന് അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി സർക്കാർ ഉപേക്ഷിച്ചു. നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ പരസ്യ പ്രസ്താവനാ വിവാദത്തിൽ ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി വേണ്ടെന്ന തീരുമാനം എടുത്തതെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ജേക്കബ് തോമസ് അച്ചടക്ക ലംഘനം നടത്തിയെന്ന് ഡിജിപി സെൻകുമാർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന് വ്യക്തമാക്കിയുമില്ല. ഇതും നടപടി ഒഴിവാക്കാൻ കാരണമായി.

ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് മുഖ്യമന്ത്രിക്ക് എതിരായ ജേക്കബ് തോമസിന്റെ കുറ്റാരോപണമായിരുന്നു. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ തന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് മടിക്കില്ലെന്നാണ് ഡി.ജി.പി ജേക്കബ് തോമസ് ചീഫ്‌സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കെന്നപോലെ ഭരണത്തലവന്മാർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം അഭിപ്രായസ്വാതന്ത്ര്യം നിഷിദ്ധമല്ല. തെറ്റുചെയ്‌തെങ്കിൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന് നടപടിയെടുക്കാം. നടപടിയെടുത്തശേഷമേ ഇക്കാര്യം പറയാവൂ. തനിക്കെതിരെ ഒരു പരാതിയുമില്ലാതിരിക്കെ തന്നെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സർവീസ് ചട്ടങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണെന്നും ജേക്കബ് തോമസ് വിശദീകരിച്ചു.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. സി.പി. ഉദയഭാനുവാണ് ജേക്കബ് തോമസിനായി മറുപടി തയ്യാറാക്കിയത്. ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഭരണത്തലവന്മാർക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ ജേക്കബ് തോമസ് വ്യക്തമാക്കുന്നു. തന്റെ റാങ്കിലുള്ള ടി.പി. സെൻകുമാർ തന്നെ വിമർശിച്ച് പരസ്യമായി രംഗത്തെത്തി. കോടതിവിധിയെ താൻ സ്വാഗതം ചെയ്തത് തെറ്റല്ല. ഉദ്യോഗസ്ഥർക്ക് കോടതിവിധിയെ വിമർശിക്കാനാവില്ല. അങ്ങനെയെങ്കിൽ അത് കോടതിയലക്ഷ്യമായി മാറും. എന്താണ് താൻ ചെയ്ത കുറ്റം സർവീസ് ചട്ടത്തിന്റെ ഏത് ഭാഗമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണം. ഫയർഫോഴ്‌സ് മേധാവിയായിരിക്കേ താൻ സ്വീകരിച്ച ഏത് നടപടിയാണ് തെറ്റെന്ന് ചീഫ്‌സെക്രട്ടറി വിശദമാക്കണം. എന്തൊക്കെയാണ് കുഴപ്പങ്ങളെന്നും അതിനുള്ള തെളിവുകളും ചൂണ്ടിക്കാട്ടിയാൽ മറുപടി നൽകാം. തെളിവുകളിന്മേൽ വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ജേക്കബ് തോമസ് മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നൽകേണ്ട ബാധ്യതയും ചീഫ് സെക്രട്ടറിക്ക് വന്നു.

തദ്ദേസ തെരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യവും നടപടിയൊഴിവാക്കാൻ കാരണമായി. ബാർ കോഴയിലെ ഹൈക്കോടതി വിധിയും മറ്റും സർക്കാരിന് പ്രതിരോധത്തിലാക്കുന്നു. അതിനാൽ പുതിയൊരു വിവാദം ഉണ്ടാക്കാൻ മുഖ്യമന്ത്രിക്കും താൽപ്പര്യമില്ല. സുരക്ഷാചട്ടങ്ങൾ ലംഘിച്ച് പടുത്തുയർത്തിയ 77 വൻകിട കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാൻ നോട്ടീസയച്ചതിന് പിന്നാലെയാണ് അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് മാദ്ധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചതിനാണ് ജേക്കബ് തോമസിന് ചീഫ്‌സെക്രട്ടറി ആദ്യത്തെ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഫ്‌ലാറ്റുകാരുടെ യോഗത്തിൽ പലതവണ പങ്കെടുത്തെന്നും ഇത് എന്തിന്റെ ലക്ഷണമാണെന്ന് തനിക്ക് അറിയില്ലെന്നും ജേക്കബ് തോമസ് തുറന്നുപറഞ്ഞിരുന്നു. ബാർ കോഴക്കേസിലെ വിജിലൻസ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും സത്യം ജയിച്ചെന്ന് പരസ്യപ്രതികരണം നടത്തിയതിനുമാണ് രണ്ടാമത്തെ നോട്ടീസ്.

അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുതെന്ന് ടി.പി. സെൻകുമാർ ജേക്കബ് തോമസിനെ വിമർശിച്ചു. പക്ഷേ അന്നുതന്നെ കറുത്ത സെല്ലോടേപ്പുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ജേക്കബ് തോമസ് തന്നെപ്പോലൊരു ഐ.പി.എസുകാരൻ മാത്രമാണ് സെൻകുമാറെന്ന് തിരിച്ചു വിമർശിക്കുകയും ചെയ്തു. കഴിഞ്ഞമാസം 21നാണ് ചീഫ്‌സെക്രട്ടറി രണ്ടാമത്തെ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. അതിനിടെ, ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവിയായിരിക്കേ 77 വൻകിട ഫ്ളാറ്റുകൾക്ക് അനുമതി നൽകാത്ത നടപടി ശരിയാണെന്ന് ഇപ്പോഴത്തെ ഫയർഫോഴ്‌സ് മേധാവി എ.ഡി.ജി.പി: അനിൽകാന്ത് സർക്കാരിനു റിപ്പോർട്ട് നൽകി. ഇതിൽ 35 ഫ്ളാറ്റുകൾക്കുനൽകിയ വഴിവിട്ട അംഗീകാരം റദ്ദാക്കണമെന്നും അനിൽകാന്തിന്റെ ശിപാർശയിൽ പറയുന്നു. ഫ്ളാറ്റ് മാഫിയക്കെതിരേ ജേക്കബ് തോമസിന്റെ കണ്ടെത്തലുകൾ ശരിയാണെന്നു തെളിയിക്കുന്നതാണ് എ.ഡി.ജി.പി: അനിൽകാന്തിന്റെ നടപടി.

ഇതോടെ ഫ്ളാറ്റ് മാഫിയയയുടെ ആരോപണമെന്ന മുഖ്യമന്ത്രിയുടെ വാദം പാളി. ഇതും കോടതിയിൽ തിരിച്ചടി കിട്ടാൻ കാരണമാവുമായിരുന്നു. അതിനിടെ ഫയർഫോഴ്‌സിന്റെ പുതിയ മേധാവിയായി ഋഷിരാജ് സിങ്ങിനെ നിയമിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചെന്നു സൂചനയുണ്ട്. വൻകിട കെട്ടിട നിർമ്മാണ ലോബികൾക്കെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായാണ് ഋഷിരാജിനെ നിയമിക്കാൻ ആലോചിക്കുന്നത്. എസ്.സി.ആർ.ബി: എ.ഡി.ജി.പിയായി അനിൽകാന്തിനെ നിയമിക്കും. ഉത്തരമേഖലാ എ.ഡി.ജി.പിയായി നിഥിൻ അഗർവാളിനെ നിയമിച്ചെങ്കിലും നിയമനം സ്വീകരിക്കാൻ തയാറാകാതെ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു അനുമതി തേടിയതിനെതുടർന്നാണു അനിൽകാന്തിനെ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലേക്കു മാറ്റിനിയമിക്കുന്നത്. ഈമാസം 30നു ഋഷിരാജ് സിങ്ങിനു ഡി.ജി.പി. പദവി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP