Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപ്പനെ വെട്ടി നുറുക്കിയിട്ടും കത്തിച്ചിട്ടും കലിയടങ്ങാതെ ടാബിൽ പകർത്തി സൂക്ഷിച്ചെന്ന് കൊലയാളിയുടെ മൊഴി; ഷെറിന്റെ കാമുകിമാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും: അമേരിക്കൻ മലയാളി വധ അന്വേഷണം തുടരുന്നു..

അപ്പനെ വെട്ടി നുറുക്കിയിട്ടും കത്തിച്ചിട്ടും കലിയടങ്ങാതെ ടാബിൽ പകർത്തി സൂക്ഷിച്ചെന്ന് കൊലയാളിയുടെ മൊഴി; ഷെറിന്റെ കാമുകിമാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും: അമേരിക്കൻ മലയാളി വധ അന്വേഷണം തുടരുന്നു..

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിതാവിനോടുള്ള കടുത്ത വിരോധത്തെ തുടർന്നാണ് അമേരിക്കൻ മലയാളിയായ ജോയി വി ജോണിനെ മകൻ ഷെറിൻ വെടിവച്ച് കൊലപ്പെടുത്തിയതും മനസാക്ഷിയെ മരവിപ്പിക്കുന്ന വിധത്തിൽ വെട്ടിനുറുക്കി കത്തിച്ച് ശരീരഭാഗങ്ങൾ പലയിടത്തായി വലിച്ചെറിഞ്ഞതും. ചെറുപ്പം മുതലേ പിതാവിൽ നിന്നും നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമാണ് കൊലപാതകമെന്ന് ഷെറിൽ യാതൊരു കൂസലുമില്ലാതെ പൊലീസിനോട് പറഞ്ഞിരുന്നു. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയ ഷെറിൻ കൊലപാതകത്തിന് ശേഷവും കലിയടങ്ങാതെ പിതാവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ കണ്ട് ആനന്ദിച്ചു.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രങ്ങളെല്ലാം ടാബിൽ പകർത്തിയാണ് ക്രൂരതനായ കുറ്റവാളി ആസ്വദിച്ചത്. കാറിനുള്ളിൽ വച്ചാണ് ഷെറിൻ അച്ഛനു നേരേ നിറയൊഴിച്ചത്. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചതും ശരീരം വെട്ടിമുറിച്ചതും ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിച്ചതും ടാബിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ ഷെറിൻ സമ്മതിച്ചു. ഐടി വിദഗ്ധനായ ഷെറിൻ ടാബിൽ അതിസമർഥമായി ഒളിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.

അമേരിക്കയിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇയാൾ കൂടുതൽ കാലം തങ്ങിയത് ബംഗളുരുവിലാണ്. അക്കാലത്തെക്കുറിച്ചും സുഹൃത്തുക്കളെപ്പറ്റിയും അന്വേഷിക്കാൻ എസ്.ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ അവിടേക്കു തിരിച്ചു. ബംഗളുരുവിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കും. ബംഗളുരുവിൽ താമസിച്ചിരുന്ന വിലാസത്തിലാണ് പാസ്പോർട്ടെന്നാണ് ഷെറിൻ പൊലീസിനോടു പറഞ്ഞത്. അതു കണ്ടെടുക്കാൻ വേണ്ടിക്കൂടിയാണ് പൊലീസിന്റെ ബംഗളുരു യാത്ര.

അതേസമയം ഷെറിന് ഒന്നിലേറെ കാമുകിമാരുണ്ടെന്നാണ് അറിയുന്നത്. ബാംഗ്ലൂരിലുള്ള ഒരു കാമുകിയിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് ഇതോടെ ഒരുങ്ങുകയാണ്. ഷെറിനു കൂടുതൽ പെൺസുഹൃത്തുക്കൾ ഉണ്ടോ എന്നും അന്വേഷിക്കുന്നു. നാളെ വൈകിട്ടു നാലിന് കസ്റ്റഡി കാലാവധി തീരുമെന്നതിനാൽ ഷെറിനെ ബംഗളുരുവിലേക്കു കൊണ്ടുപോയിട്ടില്ല. നാട്ടിൽ കാര്യമായി കൂട്ടുകാരില്ലാത്ത ഷെറിന് അവിടെ ഗേൾഫ്രണ്ടും കുറെ കൂട്ടുകാരുമുള്ളതായി ചോദ്യംചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്. ഗേൾഫ്രണ്ടിനെ ഇയാൾ വിളിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്യാറുണ്ടെന്നാണ് വിവരം.

ബെംഗളൂരുവിൽ ഷെറിൻ നയിച്ചിരുന്ന ആർഭാടജീവിതത്തിന്റെ പുതിയ വിവരങ്ങൾ പൊലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. യാത്ര മുന്തിയ ആഡംബര കാറുകളിലോ വിമാനത്തിലോ മാത്രം. താമസം സ്റ്റാർ ഹോട്ടലുകളിൽ. കൂട്ടുകാരൊത്ത് ഹോട്ടലുകളിൽ കയറിയിറങ്ങുമ്പോൾ പൊടിച്ചിരുന്നത് പതിനായിരങ്ങൾ. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങളും തെളിവുകളും തേടി പൊലീസ് ബെംഗളൂരുവിന് പോകാൻ തീരുമാനിച്ചത്.

ഒ.സിഐ(ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡ്, പാസ്പോർട്ട് എന്നിവ കണ്ടെടുക്കാൻ പൊലീസ് ഷെറിനെയും കൂട്ടി ബെംഗളൂരുവിന് പോകാനിരിക്കുകയായിരുന്നു. ഇവ ഇല്ലെന്ന ഷെറിന്റെ ഒടുവിലത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷെറിനെയും കൂട്ടിയുള്ള ബെംഗളൂരു യാത്ര ഉപേക്ഷിച്ചു.

ഷെറിൻ മുമ്പ് താമസിച്ച കോട്ടയത്തെ വിവിധ ഹോട്ടലുകളിലും മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലങ്ങളിലുമെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ നിർദേശമനുസരിച്ച് ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. നിശ്ചിത സമയത്ത് പഴുതുകളില്ലാത്ത കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. കുറ്റപത്രത്തിന്റെ പകർപ്പിനു വേണ്ടി കോടതിയിൽ നൂറുകണക്കിന് അപേക്ഷകളാണു ലഭിച്ചിരിക്കുന്നത്.

ഷെറിൻ കൊടുംകുറ്റവാളിയെന്ന് അമേരിക്കൻ പൊലീസും വ്യക്തമാക്കിയിരുന്നു. ഇയാൾക്കായി അമേരിക്കൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കൻ പൗരത്വമുള്ള ഷെറിൻ മോഷണക്കേസിലും ചെക്ക് കേസുകളിലും പിടിക്കപ്പെട്ടതോടെ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും ജയിൽ മോചിതനായ ഇയാൾ വീണ്ടും ചെക്ക് കേസുകളിൽ ഉൾപ്പെടുകയും പിടിക്കപ്പെടുമെന്ന് മനസിലായതോടെ അടിയന്തര വിസയിൽ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നും അമേരിക്കൻ കോൺസുലേറ്റ് കേരള പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ അമേരിക്കൻ കോൺസുലേറ്റ് വൈസ് കോൺസൽ പീറ്റർ ജോൺ തെയ്‌സ്, അസിസ്റ്റന്റ് സ്വപ്ന ജോൺ എന്നിവർ ചെങ്ങന്നൂരിലെത്തി ഷെറിനെ ചോദ്യം ചെയ്തിരുന്നു.

സമ്പന്നരായവരുടെ ചെക്കുകൾ കൈക്കലാക്കി തുകയും വ്യാജഒപ്പം ചേർത്ത് വൻതുക തട്ടിയെടുക്കുകയാണ് ഇയാളുടെ സ്‌റ്റൈൽ. ഇതിന് ഷെറിന് അവിടത്തെ കൊള്ളസംഘത്തിന്റെ സഹായവും ലഭിച്ചിരുന്നു. കൂടാതെ മോഷണവും ഇയാളുടെ തൊഴിലാണ്. മോഷ്ടിച്ച കാറിൽ യാത്രചെയ്യവേ ഇയാളെ അമേരിക്കൻ പൊലീസ് പിടികൂടിയിട്ടുണ്ട്. ജോയിക്കും മാതാവ് മറിയാമ്മയ്ക്കും സഹോദരങ്ങൾക്കും ഷെറിൻ തലവേദന തന്നെയായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള ഷെറിൻ എന്തും ചെയ്യുമെന്നാണ് മറിയാമ്മ പൊലീസിനോട് പറഞ്ഞത്. പിതാവിനെ കൊല്ലുമെന്ന് ഇയാൾ പലതവണ പറഞ്ഞിരുന്നതായും മകനെ പേടിച്ചാണ് പിസ്റ്റൽ കൊണ്ടു നടന്നിരുന്നതെന്നുമാണ് അറിയുന്നത്.

ഉറങ്ങുമ്പോൾ പോലും തലയിണയുടെ അടിയിൽ ജോയി പിസ്റ്റൽ സൂക്ഷിച്ചിരുന്നു. ഒരു വിരലിന്റെ മാത്രം വലുപ്പമുള്ള പിസ്റ്റൽ ആയിരുന്നു അത്. ഷെറിനെതിരെ അമേരിക്കൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇളയ സഹോദരൻ ഡോ. സെറിലിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയായി. പലപ്രാവശ്യം ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പേരിലും ആകൃതിയിലും സാമ്യമായതിനാൽ ഇയാൾക്ക് പൊലീസ് സ്റ്റേഷനുകളിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്. മിക്കപ്പോഴും പിതാവ് ജോയി സ്റ്റേഷനിലെത്തിയാണ് ഷെറിലിനെ തിരികെ കൊണ്ടുവന്നിരുന്നത്. ഇത് സ്ഥിരമായതോടെയാണ് ഡോ.ഷെറിൽ പേര് മാറ്റി ഡോ.ഡേവിഡ് എന്നാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP