Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓരോ ദിവസം ചെല്ലും തോറും സമരത്തിന് പിന്തുണയുമായി അനേകം പേർ; സിനിമാ പ്രവർത്തകരും സാംസ്‌കാരിക നായകരും രംഗത്തിറങ്ങിയതോടെ ആദ്യം മടിച്ച് നിന്ന നേതാക്കളും എത്തി തുടങ്ങി; വിവിധ സംഘടനകൾ പിന്തുണയുമായി മാർച്ച് നടത്തുന്നു; കന്യാസ്ത്രീകളുടെ സമരം ഓരോ ദിവസം ശക്തിപ്രാപിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് പൊലീസ്; ഇങ്ങനെ പോയാൽ വൻ ജനകീയ പ്രതിഷേധമായി മാറുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഓരോ ദിവസം ചെല്ലും തോറും സമരത്തിന് പിന്തുണയുമായി അനേകം പേർ; സിനിമാ പ്രവർത്തകരും സാംസ്‌കാരിക നായകരും രംഗത്തിറങ്ങിയതോടെ ആദ്യം മടിച്ച് നിന്ന നേതാക്കളും എത്തി തുടങ്ങി; വിവിധ സംഘടനകൾ പിന്തുണയുമായി മാർച്ച് നടത്തുന്നു; കന്യാസ്ത്രീകളുടെ സമരം ഓരോ ദിവസം ശക്തിപ്രാപിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് പൊലീസ്; ഇങ്ങനെ പോയാൽ വൻ ജനകീയ പ്രതിഷേധമായി മാറുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന് ലഭിക്കുന് ജനപിന്തുണ കണ്ട് അമ്പരന്ന് സർക്കാർ. ക്രൈസ്തവ സഭകലും അങ്കലാപ്പിലാണ്. സഭയ്‌ക്കെതിരെ ഒരു കാലത്തും ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. സമരം ആറാം ദിവസത്തിലേക്കു കടന്നപ്പോൾ സമരത്തിനു പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനകൾ രംഗത്തെത്തി. സേവ് ഔവർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിനു തിരുവനന്തപുരത്തും തുടക്കമായി. ഈ സമരങ്ങളിലെല്ലാം സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ട് തന്നെ വലിയ പ്രതിഷേധമായി ഇത് മാറുമെന്നാണ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്.

തിരുവനന്തപുരത്തെ പ്രതിഷേധത്തിൽ സുഗതകുമാരിയും സുധീരനും സമരത്തിന് എത്തിയത് പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം വി എസ് കൂടി എത്തിയാൽ പ്രശ്‌നം കൈവിടും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസും പങ്കെടുത്തു. അതുകൊണ്ട് തന്നെ ബിഷപ്പിനെതിരെ നടപടി വൈകുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സാധ്യതയുണ്ടെന്ന് പൊലീസും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനുള്ള തീരുമാനം. അടുത്ത ബുധനാഴ്ച ചോദ്യം ചെയ്യലിന് ബിഷപ്പ് എത്തുമെന്ന് തന്നെയാണ് പൊലീസിന്റെ പ്രതീക്ഷ.

തിരുവനന്തപുരത്തും കൊച്ചിയിലും വലിയ പ്രതിഷേധമായിസമരം മാറുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അതിനിടെ സമരം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി വൈകിട്ട് 5 മുതൽ 6 വരെ അതതു പ്രദേശങ്ങളിലുള്ളവർ സംഘടിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നു സമരസമിതി അറിയിച്ചു. ഐഎൻടിയുസി, ആർഎംപി പ്രവർത്തകർ പ്രകടനമായാണു സമരവേദിയിലെത്തിയത്. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വി എം സുധീരന്റെ നേതൃത്വത്തിലാണ് സമരം. ഏറെ വൈകാതെ വി എസ് അച്യുതാനന്ദനും പ്രതിഷേധ വേദിയിലെത്തുമെന്നാണ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഇതോടെ സമരത്തിന്റെ ശക്തി കൂടും. ബിജെപിയും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ബിജെപിക്കാർ സമരത്തിൽ സജീവമായിരുന്നു.

കൊച്ചിയിൽ സിപിഎം നേതാവ് എം.എം. ലോറൻസ്, കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ, ഷാനിമോൾ ഉസ്മാൻ, ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാക്യഷ്ണൻ, ലോക് താന്ത്രിക് ജനതാദൾ നേതാക്കളായ എം. വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, ആർഎംപി നേതാവ് കെ.കെ. രമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ എന്നിവർ പിന്തുണ അറിയിച്ചു സമരപ്പന്തലിലെത്തി. രാഷ്ട്രീയക്കാരുടെ വലിയ രീതിയിലുള്ള വരവ് ഏവരേയും ഞെട്ടിക്കുന്നുണ്ട്. കോൺഗ്രസുകാർ പോലും പരസ്യമായി എത്തുന്നു. ഇതോടെ കൂടുതൽ സിപിഎം നേതാക്കളും വരും ദിവസത്തിൽ സമരത്തിന്റെ ഭാഗമാകും. സിപിഐക്കാരും സജീവമായി തന്നെ ഇപ്പോൾ രംഗത്തുണ്ട്.

കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടുവയ്ക്കുന്ന ചരിത്രപരമായ സമരത്തിൽ പങ്കുചേരുന്നെന്നു വ്യക്തമാക്കി റിമ കല്ലിങ്കലിന്റെ നേതൃത്വത്തിൽ വിമൻ ഇൻ സിനിമ കലക്ടീവ് സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാന സർക്കാരും സംസ്ഥാന വനിതാ കമ്മിഷനും, നീതിക്കു വേണ്ടി പോരാടാനും ശബ്ദമുയർത്താനും ധൈര്യം കാണിച്ചവർക്കൊപ്പം ഉറച്ചുനിൽക്കണം. പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. അതിനിടെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിൽ നിന്നു പുറത്താക്കിയാലും സഭയ്ക്കുള്ളിൽ നിന്നു തന്നെ സമരം ചെയ്യുമെന്നു കന്യാസ്ത്രീകൾ പറഞ്ഞു. ഇത് സഭയേയും വെട്ടിലാക്കുന്നുണ്ട്.

കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോടു സഹകരിക്കരുതെന്നു നിർദ്ദേശം നൽകി സിഎംസി സിസ്റ്റേഴ്‌സിനു സുപ്പീരിയർ ജനറൽ സർക്കുലർ അയച്ചു. ഇതിന് ശേഷമാണ് സമരത്തിന് പിന്തുണ കൂടിയത്. കന്യാസ്ത്രീകളുടെ സമരം പൊതു ജനം ഏറ്റെടുക്കുകയാണെന്ന് അവരും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പുകളെല്ലാം പൊളിഞ്ഞെന്നും വിലയിരുത്തുന്നു. അതിനിടെ ബിഷപ് പീഡിപ്പിച്ച കന്യാസ്ത്രീക്കു മഹിളാ കോൺഗ്രസ് എല്ലാ നിയമസഹായവും നൽകുമെന്നു മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോസ്‌ന അറിയിച്ചു.

പീഡനക്കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സർക്കാർ സംരക്ഷിക്കുകയാണെന്നും ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഉദ്ഘാടനം നിർവഹിച്ച കെപിസിസി മുൻപ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ശരിയാണെന്നു ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ പൊലീസ് ഇപ്പോൾ ഉരുണ്ടു കളിക്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. ഒരു മതാധ്യക്ഷനും നീതിക്ക് അതീതൻ അല്ലെന്നും പീഡനക്കാരെ സംരക്ഷിക്കുന്ന ഭരണകൂടം ജനങ്ങളെ കളിയാക്കുകയാണെന്നും കവി സുഗതകുമാരി പറഞ്ഞു.

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സിസ്റ്റർ ജെസ്മി, മുന്മന്ത്രി വി.സുരേന്ദ്രൻ പിള്ള, കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, അഭയകേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ, ബിജെപി നേതാക്കളായ പി.പി.മുകുന്ദൻ, ജെ.ആർ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, എസ്‌യുസിഐ മഹിളാ ഫെഡറേഷൻ പ്രസിഡന്റ് മിനി തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP