Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ സൗദിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി; വിലങ്ങുമായി കാത്തു നിന്ന ക്രൈംബ്രാഞ്ച് ദിലീപിനെ പൊക്കി; സുഹൃത്തിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്‌ത്തിയെന്ന് കടം തിരികെ നൽകാതിരിക്കാനെന്ന് കുറ്റസമ്മതവും

അച്ഛന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ സൗദിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി; വിലങ്ങുമായി കാത്തു നിന്ന ക്രൈംബ്രാഞ്ച് ദിലീപിനെ പൊക്കി; സുഹൃത്തിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ താഴ്‌ത്തിയെന്ന് കടം തിരികെ നൽകാതിരിക്കാനെന്ന് കുറ്റസമ്മതവും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പണമിടപാടുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മണ്ണുത്തി സ്വദേശി പട്ടാളകുന്ന് ദിലീപിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. 2010 ഒക്ടോബറിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒളിപ്പിച്ച ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സെപ്റ്റക് ടാങ്കിൽ പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സജിയെ തലക്ക് വെട്ടി കൊന്നതെന്നു പൊലീസ് പറഞ്ഞു. പലിശ ഇടപാട് നടത്തിയിരുന്ന ഒല്ലുക്കര സജിയെ കാണാതായതായി 2010ൽ പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇപ്പോൾ പിടിയിലായ ദിലീപിന്റെ അടുത്താണ് സജി അവസാനമായി എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഉപദ്രവിച്ചെന്നാരോപിച്ച് ഇയാൾ വാർത്താസമ്മേളനവും വിളിച്ചിരുന്നു. ഇത് വിവാദമായതോടെ പൊലീസിന്റെ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു. പിന്നീട് ഗൾഫിൽ പോയ ദിലീപ് തിരികെ വരാതിരുന്നതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായത്.

പലതവണ ദിലീപിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചയുടൻ ഗൾഫിലേക്ക് തിരിച്ച ദിലീപിനെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം പലകുറി ശ്രമിച്ചെങ്കിലും നടന്നില്ല. ഭാര്യയെക്കൂടി ഗൾഫിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത കാലത്ത് ഭാര്യ തിരികെയെത്തി. സൗദി അറേബ്യയിലെ മദീനയിൽ ജോലി ചെയ്യുന്ന ദിലീപിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ദിലീപിന്റെ അച്ഛൻ മരിച്ചു. അച്ഛന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനാണ് ഇന്ന് നാട്ടിലെത്തിയത്. ദിലീപിന്റെ വരവ് മനസ്സിലാക്കിയ ക്രൈംബ്രാഞ്ച് വിമാനം ഇറങ്ങിയ ഉടൻ നെടുമ്പാശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തിരികെ ചോദിച്ചതിന് പ്രതികാരമായി സജിയെ തലയ്ക്കടിച്ച് കൊന്ന ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ദിലീപ് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന രതീഷിനെ ചോദ്യം ചെയ്തതോടെയാണ് പലിശക്ക് വാങ്ങിയ പണത്തെചൊല്ലി ദിലീപും സജിയും തമ്മിൽ അടിപിടിയുണ്ടായതായി വെളിപ്പെട്ടത്. ഇതേ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് മൃതദേഹം കണ്ടെത്തിയതും. ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിക്കുകയും ചെയ്തു. കിഴക്കേ കോട്ടയിൽ അഞ്ചങ്ങാടി റോഡിലെ വർക്‌ഷോപ്പ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം കണ്ടെത്തിയ കൊന്ത സജി ധരിച്ചിരുന്നതാണെന്നു സഹോദരി ഡെയ്‌സി വർഗീസ് തിരിച്ചറിഞ്ഞു. സ്വർണ വ്യാപാരിയും പണം പലിശയ്ക്കുകൊടുക്കുന്നയാളുമായിരുന്നു സജി. വർക്‌ഷോപ്പ് നടത്തിയിരുന്ന ദിലീപിന് സജി പണം കടംകൊടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ടാണു കൊലപാതകമെന്നുമാണ് സംശയിക്കുന്നത്.

2010 സെപ്റ്റംബർ 29 നാണു സജിയെ കാണാതായത്. അന്നേദിവസം ദിലീപ് വീട്ടിലെത്തി സജിയെ വിളിച്ചുകൊണ്ടുപോയെന്നാണു പറയുന്നത്. സജിയെ കാണാതായെന്ന പരാതി മണ്ണുത്തി പൊലീസാണ് ആദ്യം അന്വേഷിച്ചത്. തെളിവില്ലെന്നു പറഞ്ഞ് ലോക്കൽ പൊലീസ് കൈയൊഴിഞ്ഞ കേസ് ഭാര്യ പുഷ്പയുടെ പരാതിയെത്തുടർന്നു 2013 ൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സജിയുടെ മൊബൈൽഫോൺ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഭവദിവസം 5.30 നു കിഴക്കേകോട്ടയിലായിരുന്നു അവസാന ലോക്കേഷൻ. മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ വർക്‌ഷോപ്പായതിനാൽ പൊലീസ് വിശദ പരിശോധന നടത്തി. വർക്‌ഷോപ്പ് പറമ്പാകെ ജെ.സി.ബി. കൊണ്ട് ഇളക്കിമറിച്ച് പരിശോധിക്കാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം. രണ്ടാഴ്ചയായി സ്ഥലം കേന്ദ്രീകരിച്ചുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്.

ഇതിനിടെ സെപ്റ്റിക് ടാങ്ക് പരിശോധിക്കാൻ രഹസ്യവിവരം ലഭിച്ച അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. തൃശൂർ തഹസിൽദാർ ശ്രീനിവാസൻ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിദഗ്ദ്ധർ, പൊലീസ് സയന്റിഫിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ടാങ്കിന്റെ സ്ലാബ് ഇളക്കി പരിശോധിച്ചത്. ആദ്യം എല്ലിൻകഷ്ണങ്ങളും പിന്നാലെ തലയോട്ടിയും ശരീരത്തിലെ പ്രധാന എല്ലുകളും കണ്ടെത്തി. പുറമേ രണ്ട് ചാക്കുകളും കണ്ടെത്തി. കൊന്തയ്ക്ക് പുറമെ സജിയുടെതെന്ന് സംശയിക്കുന്ന ഷർട്ടും കിട്ടിയിട്ടുണ്ട്. ഷർട്ട് സഹോദരിക്ക് തിരിച്ചറിയാനായില്ല. ഭാര്യയെത്തി പിന്നീട് അതും ഉറപ്പ് വരുത്തുമെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തിൽ മുമ്പ് സജിയുടെ താടിയെല്ലും കാലിലെ എല്ലും ഒടിഞ്ഞതിനെ തുടർന്ന് സ്റ്റീൽ കമ്പിയിട്ടിരുന്നു. കണ്ടെടുത്ത അസ്ഥികളിലും സ്റ്റീൽ കമ്പികൾ കണ്ടെത്തിയത് മൃതദേഹം തിരിച്ചറിയാൻ സഹായകമായി. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അസ്ഥികൂടം സജിയുടേതെന്നു തെളിയിക്കാൻ ശാസ്ത്രീയപരിശോധനകൾ നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഡി.എൻ.എ. പരിശോധനയും തലയോട്ടിയുടെ സൂപ്പർ ഇമ്പോസിഷനും നടത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP