Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിലെ ഡിജെ പാർട്ടികളിൽ മണിക്കൂറുകൾ തളരാതെ ഡാൻസ് ചെയ്യാൻ കരുത്ത് പകരുന്ന ലഹരി; ഒരുതവണ ഉപയോഗിച്ചാൽ അഡിക്റ്റാകാത്തവർ കുറവ്; വെറും മൈക്രോഗ്രാം ഉപയോഗിച്ചാലും രാസലഹരി മണിക്കൂറുകളോളം; ആറ് ഗ്രാം 'ചൈന വൈറ്റു'മായി മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി ആലുവയിൽ പിടിയിൽ; അറസ്റ്റിലായത് ബംഗാൾ സ്വദേശി

കൊച്ചിയിലെ ഡിജെ പാർട്ടികളിൽ മണിക്കൂറുകൾ തളരാതെ ഡാൻസ് ചെയ്യാൻ കരുത്ത് പകരുന്ന ലഹരി; ഒരുതവണ ഉപയോഗിച്ചാൽ അഡിക്റ്റാകാത്തവർ കുറവ്; വെറും മൈക്രോഗ്രാം ഉപയോഗിച്ചാലും രാസലഹരി മണിക്കൂറുകളോളം; ആറ് ഗ്രാം 'ചൈന വൈറ്റു'മായി മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി ആലുവയിൽ പിടിയിൽ; അറസ്റ്റിലായത് ബംഗാൾ സ്വദേശി

പ്രകാശ് ചന്ദ്രശേഖർ

ആലുവ: കേരളത്തിലേക്ക് വൻതോതിൽ മയക്ക് മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ, മുർഷിദാബാദ് സ്വദേശി ഇംദാദുൾ ബിശ്വാസ് (33/19) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനുമായി പിടിയിലായത്. ഇയാളിൽ നിന്ന് 6 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ചൈന വൈറ്റ് ഇനത്തിൽ പെട്ട ഈ ഹെറോയിന് ഉപഭോക്താക്കൾക്കിടയിൽ വൻ ഡിമാന്റാണ് ഉള്ളത്.

കൊച്ചിയിലെ ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓഡർ പ്രകാരമാണ് ഇയാൾ ഈ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട 5 ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇയാൾ ഇടനിലക്കാർ വഴി മൊത്തമായാണ് പ്രധാനമായും ഇത് വിൽപ്പന നടത്തുന്നതെങ്കിലും, 2 മില്ലി ഗ്രാം ഹെറോയിൻ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കിൽ ആലുവ, മാറമ്പിള്ളി ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തിവന്നിരുന്നതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

ബംഗാളിലെ ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായ ജലംഗി എന്ന സ്ഥലത്ത് നിന്നാണ് ഇയാൾ ഈ മയക്ക് മരുന്ന് വൻ തോതിൽ കേരളത്തിലേയ്ക്ക് എത്തിച്ചിരുന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഇതിന്റെ രാസ ലഹരി നിലനിൽക്കുന്നു. എന്നാൽ ഇതിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും , ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും, തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടുവാനും മരണം സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങൾ ആലുവ ഒരു ഇടത്താവളമാക്കി മാറ്റുന്നത് മുന്നിൽ കണ്ട് കൊണ്ട് അതിനെതിരെ പ്രവർത്തനം ശക്തമാക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലുവയ്ക്കടുത്ത് മാറമ്പിള്ളിക്ക് സമീപം ഇയാൾ ഹെറോയിൻ നൽകുന്നതിന് വേണ്ടി ഇടനിലക്കാരനെ കാത്ത് നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരുതവണ ഹെറോയിൻ ഉപയോഗിച്ചാൽ പിന്നെ അതിൽ നിന്ന് മോചനം നേടുന്നത് വളരെ പ്രയാസകരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആയതിനാൽ ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ച വിദ്യാർത്ഥികളേയും യുവാക്കളേയും കണ്ടെത്തി എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് ചികിൽസ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. ഇൻസ്‌പെക്ടർ ടി. കെ. ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സിയാദ്, എക്‌സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP