Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിവീരന്മാരെ വെടിവച്ചിട്ടത് ഇരട്ടക്കുഴൽ തോക്കിലൂടെ; ഓപ്പറേഷൻ ശിക്കാറിലൂടെ കിട്ടിയത് വൻ അനധികൃത തോക്കുകളുടെ ശേഖരം; ആനവേട്ട കഴിഞ്ഞാൽ കമ്പംമെട്ട് ബാബുവിന്റെ താൽപ്പര്യവിഷയം വ്യാജവാറ്റ്‌

കരിവീരന്മാരെ വെടിവച്ചിട്ടത് ഇരട്ടക്കുഴൽ തോക്കിലൂടെ; ഓപ്പറേഷൻ ശിക്കാറിലൂടെ കിട്ടിയത് വൻ അനധികൃത തോക്കുകളുടെ ശേഖരം; ആനവേട്ട കഴിഞ്ഞാൽ കമ്പംമെട്ട് ബാബുവിന്റെ താൽപ്പര്യവിഷയം വ്യാജവാറ്റ്‌

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: വനം വകുപ്പിന്റെ ഓപ്പറേഷൻ ശിക്കാറിൽനിന്നു പുറത്തുവരുന്നത് ആഭ്യന്തര സുരക്ഷാ ഭീഷണിയുയർത്തുന്ന സുപ്രധാന വിവരങ്ങൾ. സംസ്ഥാനത്ത് വ്യാപകമായി വ്യാജത്തോക്കുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓപ്പറേഷൻ ശിക്കാർ എന്നുപേരിട്ടിട്ടുള്ള ഇടമലയാർ ആനവേട്ട കേസന്വേഷണത്തോടനുബന്ധിച്ച് പുറത്തായ വിവരം.

ഈ കേസിൽ വനംവകുപ്പ് പിടികൂടിയ പ്രതികളിൽനിന്നും പലതവണയായി മുപ്പതിലേറെ തോക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ നാലെണ്ണം ആധുനിക ഡബിൾ ബാരൽ തോക്കുകളാണ്. കേസിലെ പ്രതി കമ്പംമെട്ട് ബാബുവിനു വൻതോതിൽ കള്ളത്തോക്കുകൾ ലഭിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. മാവോയിസ്റ്റുകളുൾപ്പെടെയുള്ളവർ വ്യാജതോക്കുനിർമ്മാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടാവാമെന്നും ഇക്കാര്യത്തിൽ ബാബു ഇടനിലക്കാരനായി പ്രവർത്തിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനുപുറമേ ബാബു പലസ്ഥലങ്ങളിൽ തോക്കുകൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആനവേട്ട കേസന്വേഷണത്തിനിടെ കോതമംഗലം നെല്ലിക്കുഴി സ്വദേശി ഇരുമ്പുപാലത്തെ രഹസ്യകേന്ദ്രത്തിൽ നിർമ്മിച്ചുനൽകിയ തോക്കുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല.

തോക്കുകൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടതിക്ക് കൈമാറിയിരിക്കുകയാണെന്നും ഇനി ബന്ധപ്പെട്ട വനംവകുപ്പ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആംസ് ആക്ടിൽ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നുമാണ് പൊലീസ് നിലപാട്. കുട്ടംപുഴ പൊലീസിൽ വനംവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ, ആനവേട്ടയെക്കുറിച്ച് അന്വേഷണം നടത്താൻ തമിഴ്‌നാടും ദൗത്യസേന രീപികരിക്കുന്നു. ഇതു സംബന്ധിച്ച് ഇടമലയാർ ആനവേട്ട കേസന്വേഷണ സംഘവുമായി തമിഴ്‌നാാട് വനംവകുപ്പധികൃതർ ചർച്ച നടത്തി. ഇക്കാര്യത്തിൽ വേണ്ട സഹായസഹകരണങ്ങൾ നൽകണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

ഊട്ടിക്ക് സമീപമുള്ള മുതുമല, കോത്താരി, ഗൂഡല്ലൂർ വനമേഖലയിൽ നിന്നും 15 ആനകളെ കൊന്ന് കൊമ്പ് കടത്തിയതായുള്ള വെളിപ്പടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ് വിപുലമായ അന്വേഷണത്തിനു തയ്യാറെടുക്കുന്നത്. ഇടമലയാർ കേസന്വേഷണസംഘത്തിന്റെ സൂചനകളെത്തുടർന്ന് കുമളിയിൽ നിന്നും വള്ളക്കടവ് ഫോറസ്റ്റ് റേഞ്ചോഫീസർ പിടികൂടിയ കുപ്രസിദ്ധ ആനവേട്ടക്കാരൻ കമ്പംമെട്ട് ബാബുവിന്റെ മൊഴിയിൽ നിന്നാണ് തമിഴ്‌നാട്ടിലെ ആനവേട്ട സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. പതിനഞ്ചിൽപ്പരം തോക്കുകളും എന്തും അനുസരിക്കാൻ തയ്യാറായ കിങ്കരന്മാരുമായി ബാബു തമിഴ്‌നാട് വനമേഖലയിൽ വിളയാടുകയായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ചവിവിവരം.

ബാബുവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തേനി സ്വദേശികളായ മൂന്ന് ആനവേട്ടക്കാരെയും അന്വേഷകസംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങൾ അന്വേഷകസംഘം തമിഴ്‌നാട് വനംവകുപ്പധികൃതർക്ക് കൈമാറുകയും ബാബുവിന്റെ സാഹായികളായ തമിഴ്‌നാട് സ്വദേശികളെ പിടികൂടാൻ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം അവശ്യമാണെന്നുള്ള വിലയിരുത്തലുകളുടെയും ഇതരവനമേഖലകളിൽ ആനവേട്ട നടന്നിട്ടുണ്ടാവാമെന്നുള്ള സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ് ദൗത്യസേനാ രൂപീകരണത്തിന് കർമ്മപദ്ധതി തയ്യറാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഇടമലയാർ കേസന്വേഷകസംഘത്തിന്റെ പക്കലുള്ള വിവരങ്ങൾ മുതൽക്കുട്ടാവുമെന്ന പ്രതീക്ഷയും തമിഴ്‌നാടിനുണ്ട്.

ഇടമലയാർ ആനവേട്ടക്കേസിൽ നേരത്തേ പിടിയിലായ അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുമായി കമ്പംമേട്ട് ബാബുവിനുണ്ടായിരുന്ന വ്യാപാരബന്ധത്തേക്കുറിച്ച് കൂടുതൽ അന്വേഷണത്തിനും തമിഴ്‌നാട് സംഘം ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. തമിഴ്‌നാട്ടിൽനിന്നുള്ള ആനവേട്ട സംഘങ്ങളുടെ സംരക്ഷകൻ കംമ്പംമെട്ട് ബാബു ആണെന്നും വേട്ടയ്ക്കുള്ള തോക്കുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിനൽകിയതും കൊമ്പുകൾ വിൽപ്പന നടത്തിയതും ഇയാൾ തന്നെയാണെന്നുമുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ശക്തമായ അന്വേഷണത്തിന് തമിഴ്‌നാട് സംഘം ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.

കൈവശം പതിനഞ്ചിൽപ്പരം തോക്കുകളുണ്ടെന്നാണ് അന്വേഷകസംഘത്തിന് ലഭിച്ചവിവരം. ആനവേട്ടക്ക് പുറമേ കമ്പംമെട്ട് ബാബു വനമേഖലകൾ കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജച്ചാരായം നിർമ്മിച്ചെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇത് വിൽപ്പന നടത്തിവന്നിരുന്നതായും ആനവേട്ട വിട്ടാൽ ബാബുവിന്റെ പ്രധാനതൊഴിൽ ഇതുതന്നെയായിരുന്നെന്നുമാണ്് ആനവേട്ട കേസന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP