Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ ഇടപാട് നടക്കുന്ന സംസ്ഥാനത്തെ അവയവ കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യ ആശുപത്രികൾക്കും പങ്ക്; കൊച്ചിയിലെ ലേക് ഷോറിനെതിരെ ആറ് കൊല്ലം മുമ്പ് ഉയർന്ന പരാതി വീണ്ടും അന്വേഷിക്കുന്നു; രണ്ട് പൊലീസ് സ്‌റ്റേഷനുകളിൽ കേസ്: പുറത്തു വരുന്നത് അപകടത്തിൽപെട്ടവരെ കൊന്ന് ലാഭം ഉണ്ടാക്കുന്ന കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

കോടികൾ ഇടപാട് നടക്കുന്ന സംസ്ഥാനത്തെ അവയവ കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യ ആശുപത്രികൾക്കും പങ്ക്; കൊച്ചിയിലെ ലേക് ഷോറിനെതിരെ ആറ് കൊല്ലം മുമ്പ് ഉയർന്ന പരാതി വീണ്ടും അന്വേഷിക്കുന്നു; രണ്ട് പൊലീസ് സ്‌റ്റേഷനുകളിൽ കേസ്: പുറത്തു വരുന്നത് അപകടത്തിൽപെട്ടവരെ കൊന്ന് ലാഭം ഉണ്ടാക്കുന്ന കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആതുര സേവനത്തിന്റെ പേരിലാണ് പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത് നഗ്നമായ കൊള്ളയാണെന്നത് തെളിഞ്ഞ കാര്യമാണ്. ഒരു ചെറിയ പനിക്ക് ചികിത്സ തേടി പോയാൽപോലും ബില്ല് കാണുമ്പോൾ ചിലപ്പോൾ ഞെട്ടിത്തരിക്കേണ്ട അവസ്ഥ വരും. എന്നാൽ, അതിലും ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. സംസ്ഥാനത്തെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രി അവയവ വ്യാപാര മാഫിയയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന ആരോപണങ്ങൾക്ക് കരുത്തുന്ന പകരുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കൊച്ചിയിലെ വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അവയവ കച്ചവട മാഫിയകളുടെ പ്രവർത്തനം എന്നതാണ് ഞെട്ടിക്കുന്ന വിവരം.

കൊച്ചി മരടിലുള്ള ലേക്ക്‌ഷോർ ആശുപത്രിക്കെതിരെ അവയവ കച്ചവട മാഫിയയുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണം ഉയർന്നിരുന്നു. ആറ് വർഷം മുമ്പ് രണ്ട് പരാതികളാണ് ലേക് ഷോർ ആശുപത്രിക്കെതിരെ ഉയർന്നത്. ഈ കേസിന്റെ വിവരങ്ങൾ ചൂണ്ടി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ആശുപത്രിയുടെ പേര് പരാമർശിക്കാതെ നൽകിയ ഈ വാർത്തയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് പൊലീസും തയ്യാറെടുക്കുകയാണ്. ഈ വാർത്തയിലെ സത്യാവസ്ഥ അന്വേഷിച്ച് പോയ മറുനാടൻ മലയാളിക്ക് വ്യക്തമായത് പത്രവാർത്ത ഉന്നം വെക്കുന്നത് അയവയമാറ്റ ശസ്ത്രക്രിയക്ക് ഏറെ പേരുകേട്ട കൊച്ചി മരടിലെ ലേക് ഷോർ ആശുപത്രിക്കെതിരെയാണ് എന്നാണ്.

ആറ് വർഷം മുമ്പ് ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ വൃക്ക മോഷ്ടിക്കപ്പെട്ടു എന്നതായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പനങ്ങാട് പൊലീസ് സ്‌റ്റേഷനിലും അരൂർ പൊലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികൾ ലഭിച്ചിരുന്നു. ഇതിൽ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പർ പ്രകാരം അന്വേഷണം നടന്നു. തെറ്റായ നടപടികൾ ഒന്നുമില്ലെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയതെന്നാണ് സൂചന. ഇതിന് പൊലീസ് ആശ്രയിച്ചത് അന്ന് രൂപീകരിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ഫയൽ വീണ്ടും വിളിപ്പിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഡിജിപി ലോകനാഥ് ബെഹ്‌റ അടക്കം വിഷയത്തിൽ പ്രതികരിച്ചിരുന്നു. അവയവ മാഫിയയുടെ പ്രവർത്തനം ചെറുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകിയത്. സംഭവങ്ങളെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാൻ ഡിജിപി നിർദ്ദേശം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഴയ കേസുമായി ബന്ധപ്പെട്ട ഫയലുകൾ ചില ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു വരുത്താൻ ഒരുങ്ങുകയാണ്. പുനരന്വേഷണം നടക്കുമ്പോൾ ആരോപണ വിധേയരായ മറ്റ് സ്വകാര്യ ആശുപത്രിക്കെതിരെയും അന്വേഷണം വരുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശമുണ്ടെങ്കിലും വിവരങ്ങൾ നൽകാൻ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥർ മടി കാണിക്കുകയാണ്. അവയവ ദാനവുമായി ബന്ധപ്പെട്ട കേസുകളെകുറിച്ച് വിവരം തിരക്കിയപ്പോൾ നിസംഗ മനോഭാവത്തോടെയുള്ള മറുപടിയാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. പലതവണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും, അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ യാതൊരു അന്വേഷണവും ആരംഭിച്ചില്ലെന്നാണ് പൊലീസ് സ്‌റ്റേഷനിൽ നിന്നും ലഭിക്കുന്ന വിവരം. ഇനി കേസ് ഉണ്ടെന്ന കാര്യം പറഞ്ഞവരാകട്ടെ മറ്റ് വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറായുമില്ല.

2009ൽ പുറത്ത് വന്നത് കോതമംഗലത്തെ ഒരു അപകട മരണമാണ് ലേക് ഷോറിനെ അന്ന് പ്രതിക്കൂട്ടിൽ നിർത്തിയത്. 2009 നവംമ്പർ 29ന് ബൈക്കപകടത്തെ തുടർന്ന് എബിൻ എന്ന യുവാവിനെ കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ന്യൂറോ സർജറി വിഭാഗം ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയിൽ എത്തിച്ചിട്ടും ശസ്ത്രക്രിയ നടത്താതെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.

ലേക് ഷോറിലേക്കായിരുന്നു യുവാവിന് എത്തിച്ചത്. ഇവിടെ എത്തിച്ചപ്പോൾ എച്ച്ഐവി ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. തലയ്ക്ക് പരിക്കേറ്റ യുവാവിന്റെ കിഡ്നിയും കരളും വരെ പരിശോധന നടത്തിയതെന്തിന് എന്നതും സംശയമുയർത്തുന്നു. തൊട്ടടുത്ത ദിവസം യുവാവ് മരണപ്പെടുകയും ശരീരത്തിൽ നിന്നും കിഡ്നിയും ലിവറും മാറ്റിയ ശേഷം പോസ്റ്റ്മാർട്ടം നടപടികൾ നടത്തുകയുമായിരുന്നു. യുവാവിന്റെ അമ്മയോട് സംസാരിച്ച ശേഷം മകന്റെ അവയവദാനം നടത്തി മറ്റൊരു ജീവൻ രക്ഷിക്കാമെന്ന് പറഞ്ഞ് സമ്മതിപ്പിച്ച ശേഷം കോടികണക്കിന് രൂപയക്ക് വിൽക്കുകയായിരുന്നു എന്നാണ് ഉയർന്ന ആരോപണം.

ഒരു ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നിട്ടും രണ്ട് ആശുപത്രികളും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അതിനുള്ള ശ്രമം നടത്തിയില്ല എന്ന സംശയം അന്ന് പലരും ഉന്നയിക്കുകയുണ്ടായി. യുവാവിന്റെ മരണശേഷം വൻ തുകയ്ക്ക് അവയവങ്ങൾ വിൽക്കാം എന്ന കണക്കുകൂട്ടലിൽ അധികൃതർ യുവാവിന്റെ മരണത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും ആക്ഷേപങ്ങളുണ്ടായി. യുവാവിന്റെ ഒരു കിഡ്നി മലേഷ്യയിലെ ഒരു രോഗിക്കാണ് നൽകിയതെന്നും കരളും രണ്ടാമത്തെ കിഡ്നിയും ഇന്ത്യയിലെ തന്നെ രോഗികൾക്കാണ് നൽകിയതെന്നും സൂചനയും വാർത്തയിലുണ്ടായിരുന്നു.

2011 ൽ കേസ് അന്വേഷിച്ചിരുന്നത് കോതമംഗലം സർക്കിൾ ഇൻസ്പെക്ടറായിരുന്നെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തിയതുകൊച്ചിയിലെ ആശുപത്രിയിലായിരുന്നതിനാൽ കേസ് കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് സർജൻ മൃതശരീരം പോസ്റ്റ് മാർട്ടം നടത്തിയപ്പോൾ യുവാവിന്റെ ശരീരത്തിൽ അവയവങ്ങൾ ഇല്ലായെന്ന് കണ്ടെത്തുകയും മാത്രവുമല്ല പരിക്കേറ്റ തലയുടെ ഭാഗങ്ങളിൽ യാതൊരു ചികിത്സയും നടത്തിയിട്ടില്ലെന്ന ഓട്ടോപ്സി റിപ്പോർട്ടും പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ പലതും സംശയത്തിലായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരെ കൊലപ്പെടുത്തി അവയവം കച്ചവടം ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സമാനമായ വിധത്തിൽ മധ്യകേരളത്തിലെ ആശുപത്രികളുമായി ബന്ധപ്പെട്ട് അവയവ കച്ചവട വാർത്തകൾ നിരവധി പുറത്തുവന്നിരുന്നു. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടി ചികിത്സ തേടിയെത്തിയ യുവതിയുടെ കരൾ പകുതി മുറിച്ചു മാറ്റിയെന്ന ആരോപണവും ഉയരുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കേസും ഉന്നത ഇടപെടലിനെ തുടർന്ന് തേച്ചുമായ്ച്ച് കളയുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി കുഞ്ചാക്കോയുടെ മരണവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയതാണ്.

അടുത്തിടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന അവയവ മാഫിയയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഡൽഹിയിലെ പ്രമുഖ ആശുപത്രി കേന്ദ്രീകരിച്ച് വൻതോതിൽ അവയവ വ്യാപാരം നടക്കുന്നെന്ന് വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും ഉയരുന്ന ആരോപണങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികളും കാണുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ അവയവ കച്ചവട മാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ വ്യക്തമാക്കിയതും.

ഉന്നത ബന്ധമുള്ളവരാണ് കേരളത്തിലെ മിക്ക സ്വകര്യ ആശുപത്രികളും. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ക്രമക്കേടുകൾ പലപ്പോഴും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അവയവദാനത്തിന് ഏറ്റവുമധികം പേർ മുന്നോട്ടുവരുന്നതും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നതും എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളുൾപ്പെട്ട മധ്യകേരളത്തിലാണ്. സർക്കാരുമായി ഒത്തുചേർന്നാണ് ഈ ആശുപത്രികളിൽ ചിലരുടെ പ്രവർത്തനവും. ഇതിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, ചിലരുടെ വ്യക്തിതാൽപ്പര്യം കടന്നുവരുമ്പോഴാണ് കാര്യങ്ങൾ സങ്കീർ്ണ്ണമാകുന്നതും.

മധ്യകേരളത്തിലെ ചില ആശുപത്രികൾ അവയവ കൈമാറ്റ വിഷയത്തിൽ കൈകോർത്താണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കാര്യമായ ചികിത്സ നൽകാതെ മസ്തിഷക മരണത്തിന് വിട്ടുകൊടുക്കുകയും ബന്ധുക്കളെ അറിയിച്ചോ അറിയിക്കാതെയോ അവയവങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ വരെ ഈ സംഘം പ്രവർത്തിക്കുന്നു.

അവയവ കച്ചവടത്തിന് നിയമപരമായ അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ചില സ്വകാര്യ ആശുപത്രികൾ. മരണാനന്തര അവയവദാന പദ്ധതി പ്രകാരം കേരളത്തെ നോർത്ത്, സെൻട്രൽ, സൗത്ത് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഈ സോണുകളിൽ എവിടെയെങ്കിലും മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്താൽ രണ്ട് അവയവങ്ങൾ വീതം ഉള്ളതാണെങ്കിൽ (ഉദാഹരണത്തിന് വൃക്ക) ഒരെണ്ണം മരണം സംഭവിച്ച ആശുപത്രിക്കും മറ്റേത് ആ സോണിലുള്ള സർക്കാർ മെഡിക്കൽ കോളേജിനുമാണു നൽകേണ്ടത്. അങ്ങനെ വരുമ്പോൾ ഒരു അവയവം സർക്കാർ ആശുപത്രികളിൽ അവയവമാറ്റത്തിന് കാത്തിരിക്കുന്ന സാധാരണക്കാർക്കു പ്രയോജനപ്പെടും.

ഇങ്ങനെ അവയവം ലഭിച്ചതുകൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ മുപ്പത്തിയൊന്നോളം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താൻ സാധിച്ചു. ഈ പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലൈവ് ഡോണർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആറു മുതൽ പത്തുലക്ഷം രൂപ വരെയാണ് ഫീസീടാക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്നുള്ള അവയവം മാറ്റിവയ്ക്കൽ നടത്തുന്ന കഡാവർ ശസ്ത്രക്രിയക്ക് 16 മുതൽ 18 ലക്ഷം രൂപവരെ നൽകണം. ഒറ്റ രൂപ പോലും മുടക്കാതെ തീർത്തും സാമൂഹിക നന്മയ്ക്കായി സ്വകാര്യ മേഖലയിലെത്തുന്ന അവയവങ്ങൾ ഭീമമായ തുകയ്ക്കാണ് മറിച്ച് വിൽക്കുന്നത്.

കേരളത്തിൽ നിന്നും വിദേശത്തേക്ക് അവയവങ്ങൾ കടത്തുന്നതിന് നിയമവിരുദ്ധമായ കാര്യമാണ്. എന്നാൽ, അത്തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് കോടി രൂപയോടുളം മനുഷ്യശരീരത്തിന് ലഭിക്കുമെന്ന് വിധത്തിലാണ് ഇതൊരു വിപണിയായി വളരുന്നത്. എന്തും വിലയ്ക്കു വാങ്ങാൻ തയ്യാറായി ഒരു വിഭാഗം സമ്പന്നരും ഉണ്ടെന്നതാണ് അവയവ കൈമാറ്റ മാഫിയക്കാർക്ക് വളമിടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP