Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ സജി ചെറിയാനെ പിന്തുണയ്ക്കാൻ തോന്നിയ സമയത്തെ ഓർത്ത് ഓർത്തഡോക്‌സ് സഭാ പുരോഹിതർ ദൈവത്തിന് നന്ദി പറയുന്നു; സാമൂഹിക പ്രത്യാഘാതം പരിശോധിക്കാതെ ഓർത്തഡോക്‌സ് അച്ചന്മാരെ അറസ്റ്റ് ചെയ്യില്ലെന്ന് ഡിജിപി; ചെങ്ങന്നൂർ എംഎൽഎ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ കോടതി അറസ്റ്റ് തടയണമെന്ന ആവശ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച് പൊലീസ്

ചെങ്ങന്നൂരിൽ സജി ചെറിയാനെ പിന്തുണയ്ക്കാൻ തോന്നിയ സമയത്തെ ഓർത്ത് ഓർത്തഡോക്‌സ് സഭാ പുരോഹിതർ ദൈവത്തിന് നന്ദി പറയുന്നു; സാമൂഹിക പ്രത്യാഘാതം പരിശോധിക്കാതെ ഓർത്തഡോക്‌സ് അച്ചന്മാരെ അറസ്റ്റ് ചെയ്യില്ലെന്ന് ഡിജിപി; ചെങ്ങന്നൂർ എംഎൽഎ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ കോടതി അറസ്റ്റ് തടയണമെന്ന ആവശ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ ഇടതു പക്ഷത്തിന് വിട്ടു കൊടുത്തതും സജി ചെറിയാനെ വിജയിപ്പിക്കാൻ പരസ്യമായി രംഗത്ത് വന്നവരുമാണ് ഓർത്തഡോക്‌സുകാർ. സജി ചെറിയാൻ വലയി ഭൂരിപക്ഷത്തിൽ ജയിക്കാനുമായി. ഇതിന് സഭയുടെ പിന്തുണ വലിയ പങ്ക് വഹിക്കുകയും ചെയ്തു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതിരുന്നിട്ടും നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അത്. എക്കാലത്തും യുഡിഎഫിനൊപ്പം നിന്ന സഭയുടെ മലക്കം മറിയൽ. അതുകൊണ്ട് മാത്രം ഇപ്പോൾ രക്ഷപ്പെടുകയാണ് സഭയിലെ ഒരു കൂട്ടം വൈദികർ. പീഡനക്കേസിൽ കുടുങ്ങിയ ഓർത്തഡോക്‌സ് വൈദികരെ തൽകാലം പൊലീസ് അറസ്റ്റ് ചെയ്യില്ല. ചെങ്ങന്നൂരിലെ എംഎൽഎ സജി ചെറിയാൻ നേരിട്ടാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് ഡിജിപിയും. ഓർത്തഡോക്‌സ് വൈദികർ ഉൾപ്പെട്ട മാനഭംഗക്കേസിൽ അറസ്റ്റ് വൈകുമെന്നു സൂചന നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പരസ്യമായി രംഗത്തു വന്നു. സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയൂ എന്ന് ഡിജിപി പറഞ്ഞു. കേസിന്റെ പേരിൽ നിലവിൽ ക്രമസമാധാന പ്രശ്‌നമൊന്നുമില്ല. യുവതിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നും പരിശോധിച്ചു തെളിവുകൾ ശേഖരിക്കുകയാണ്. മതിയായ തെളിവു ലഭിച്ചാൽ മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും ബെഹ്‌റ പറഞ്ഞു. കേസ് ഒതുക്കി തീർക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞാൽ അറസ്റ്റെല്ലാം ഒഴിവാക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഐജി സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഓർത്തഡോക്‌സ് സഭാ പ്രശ്‌നത്തിൽ പ്രതിപക്ഷവും മൗനം തുടരുകയാണ്. അതുകൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കിയാലും രാഷ്ട്രീയ വിവാദം ആകില്ല. അതിനാൽ വൈദികരെ അറസ്റ്റ് ചെയ്യാതിരിക്കാൻ എല്ലാ സാധ്യതയും പൊലീസ് തേടും. വൈദികരെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിന് ഓർത്തഡോക്‌സ് സഭയുടെ രാഷ്ട്രീയ പിന്തുണ നഷ്ടമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് ദോഷം ചെയ്യും. അതുകൊണ്ട് പത്തനംതിട്ടയിലും കോട്ടയത്തും ഇടത് സ്ഥാനാർത്ഥിക്ക് ലോക്‌സഭയിൽ ജയിക്കാൻ ഓർത്തഡോക്‌സിനെ ഒപ്പം നിർത്താനാണ് സിപിഎം സർക്കാരിന്റെ തീരുമാനം. അതുകൊണ്ടാണ് കേസിൽ അറസ്റ്റുടൻ ഉണ്ടാകില്ലെന്ന് പരസ്യമായി തന്നെ ഡിജിപി പറയുന്നത്.

അന്വേഷണത്തിനു സഹായകരമാകുമെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ലെന്നതാണ് ഡിജിപിയുടെ വിശദീകരണം. അതുകൊണ്ട് പ്രതികൾക്കു കോടതിയിൽ പോകാൻ അവസരം നൽകുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്താലും ഇവർക്കു കോടതിയിൽ പോകാം. അപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കേണ്ടി വരും. ഒൻപതു വർഷം മുൻപുണ്ടായ കേസാണ്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്നും ബെഹ്‌റ വിശദീകരിക്കുന്നു. അതായത് തെളിവ് കിട്ടിയാൽ മാത്രമേ നടപടിയുണ്ടാകൂവെന്നാണ് ബെഹ്‌റ വാക്കുകളിൽ ഒളിപ്പിക്കുന്ന സൂചന.

അന്വേഷണത്തിൽ ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതലേ. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. കേസെടുത്ത് രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റുചെയ്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് വൈദികർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. ഇതോടെ വൈദികർ ഒളിവിൽ പോയി. തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളിയതു കൊണ്ട് തന്നെ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. അതാണ് രാഷ്ട്രീയ സമ്മർദ്ദമുള്ളതിനാൽ വേണ്ടെന്ന് വയ്ക്കുന്നത്.

കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ജനക്പുരി ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥർ സഭാ ആസ്ഥാനത്ത് കയറി ഇറങ്ങുകയാണ്. സഭയെ പിണക്കാതെയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ചെങ്ങന്നൂരിൽ സഹായിച്ചവരെ അത്ര പെട്ടെന്ന് കൈവിടാൻ ഇടത് മുന്നണി തയ്യാറല്ല. അതുകൊണ്ട് തന്നെ എങ്ങനേയും വൈദികരുടെ അറസ്റ്റ് ഒഴിവാക്കി സഭയുമായി നല്ലബന്ധം തുടരാനാണ് ഇടതുപക്ഷത്തിന് താൽപ്പര്യം. അത് മനസ്സിലാക്കിയാണ് വൈദികരെ പൊലീസ് വെറുതെ വിടുന്നതും.

അതിനിടെ ഒത്തുകളി പരാതിക്കാരും മനസ്സിലാക്കുന്നുണ്ട്. അർഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സഭാ നേതൃത്തെ സമീപിച്ചത്. എന്നാൽ, ചതിക്കപ്പെട്ടുവെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. നീതി തേടി സഭയ്ക്ക് നൽകിയ പരാതിയും ഭാര്യയുടെ സത്യപ്രസ്താവനയും തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ സഭാ നേതൃത്വത്തിലും അന്വേഷണക്കമ്മിഷനിലും വിശ്വാസം നഷ്ടമായി. കുടുംബത്തെ സമൂഹത്തിൽ നാണംകെടുത്തി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാക്കി. ഭീഷണിയും പ്രലോഭനങ്ങളുമുണ്ട്.

ഒരു സമ്മർദത്തിനും വഴങ്ങില്ല. നീതി ലഭിക്കുന്നതുവരെ പോരാടും. നടന്നതെല്ലാം ഏറ്റുപറഞ്ഞ് താൻ ആവശ്യപ്പെട്ട പ്രകാരം സത്യപ്രസ്താവനയിൽ എല്ലാം രേഖാമൂലം എഴുതി തരികയും ചെയ്ത ഭാര്യയെ ഉപേക്ഷിക്കില്ല. തുടർന്നും ഒരുമിച്ച് ജീവിക്കുമെന്നും യുവാവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP