Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്നത് ഇരുപത്തിയൊന്ന് മോഷണം; ഇരകളായത് കൗൺസിലർമാരും ജീവനക്കാരും സന്ദർശകരും; സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് മോഷ്ടിച്ചത് 38,000 രൂപയും; സിപിഎം വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങുന്നതും അതേ പാർട്ടിയിലെ കൗൺസിർ; കപ്പലിലെ കള്ളനെ തിരിച്ചറിഞ്ഞതോടെ പുതിയ മോഷണക്കേസുമായി ബിജെപി അംഗവും; ഒറ്റപ്പാലത്തെ കള്ളനെ കണ്ടെത്തിയ ആശ്വാസത്തിൽ പൊലീസ്; പ്രതിക്കൂട്ടിൽ സിപിഎം നേതാവെന്ന് സൂചന

ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്നത് ഇരുപത്തിയൊന്ന് മോഷണം; ഇരകളായത് കൗൺസിലർമാരും ജീവനക്കാരും സന്ദർശകരും; സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് മോഷ്ടിച്ചത് 38,000 രൂപയും; സിപിഎം വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങുന്നതും അതേ പാർട്ടിയിലെ കൗൺസിർ; കപ്പലിലെ കള്ളനെ തിരിച്ചറിഞ്ഞതോടെ പുതിയ മോഷണക്കേസുമായി ബിജെപി അംഗവും; ഒറ്റപ്പാലത്തെ കള്ളനെ കണ്ടെത്തിയ ആശ്വാസത്തിൽ പൊലീസ്; പ്രതിക്കൂട്ടിൽ സിപിഎം നേതാവെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസിൽ പ്രതി കപ്പലിലെ കള്ളൻ. പൊലീസ് പ്രതിസ്ഥാനത്തു നിർത്തുന്ന ജനപ്രതിനിധിയും മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും ഒരേ രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ടവരാണ്. അതിനിടെ നഗരസഭാ ഓഫിസിൽ നിന്നു മോഷണത്തിന് ഇരയായവരിൽ ചിലർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗൺസിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്.

നഗരസഭാ കൗൺസിലിൽ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്ന സിപിഎം വനിതാ അംഗത്തെ പ്രതിചേർത്തു പൊലീസ് ഒരാഴ്ചയ്ക്കകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചേക്കും. തൽക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം. വിരലടയാള പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. കടുത്ത രാഷ്ട്രീയ സമ്മർദം ഈ കേസിൽ പൊലീസിന് മേലുണ്ട്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗൺസിലർമാർ, ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വർണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്.

മോഷണത്തിൽ പരാതിക്കാരിയുടേതൊഴികെ മുഴുവൻ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. 36 അംഗ കൗൺസിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങൾ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരിൽ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കാൻ തീരുമാനിച്ചത്. മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങൾ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങൾ നൽകിയ ചില കൗൺസിലർമാർ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്.

ഒറ്റപ്പാലത്തെ പല കൗൺസിലർമാരും ഒന്നിലേറെ തവണ മോഷണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 20നു 38,000 രൂപ നഷ്ടപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ മോഷണത്തിനിരയായതു 4 തവണ. നഗരസഭയ്ക്കു നാണക്കേടാകുമെന്നു കരുതി പലരും പൊലീസിനെ സമീപിച്ചില്ല. ചിലർ പരാതി നൽകിയിരുന്നെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ല. സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയിൽ മോഷണം നടന്ന ദിവസം ഉച്ചയ്ക്കു പന്ത്രണ്ടര വരെ എത്തിയ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ മുഴുവൻ പേരുടെയും വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.സംഭവത്തിൽ 4 കൗൺസിലർമാരെ പൊലീസ് 5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വനിതാ കൗൺസിലർമാർ ഉൾപ്പെടെയാണു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു വിധേയരായത്. ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ അഞ്ചാമത്തെ സംഭവമാണിത്. ഒന്നര ലക്ഷത്തോളം രൂപയും സ്വർണ നാണയവും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനിരയായവരിൽ കൗൺസിലർമാരും ജീവനക്കാരും സന്ദർശകരും ഉൾപ്പെടും.

ഈ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ സജീവമായിരിക്കെ, നേരത്തെ പണം നഷ്ടപ്പെട്ട കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. സ്ഥിരം സമിതി അധ്യക്ഷയുടെ പരാതി പ്രകാരമുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തിയതോടെ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ നീക്കം തുടങ്ങിയപ്പോഴാണു മുൻപു പണം നഷ്ടമായ തോട്ടക്കര സ്വദേശിനിയുടെ സഹോദരൻ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 ഒക്ടോബർ 3നു യുവതിയുടെ ബാഗിൽ നിന്നു 10,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം വിവാഹം രജിസ്റ്റർ ചെയ്യാൻ നഗരസഭാ ഓഫിസിലെത്തിയ യുവതി ബാഗ് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴായിരുന്നു മോഷണം. അന്നുതന്നെ സഹോദരൻ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല.

ഇതിനു ശേഷം പലതവണ മോഷണങ്ങൾ ആവർത്തിക്കപ്പെട്ടപ്പോഴും പരാതികൾ അവഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ നിന്നു പണം മോഷ്ടിക്കപ്പെട്ടതോടെ അന്വേഷണത്തിനു ജീവൻവച്ചു. ശാസ്ത്രീയമായ പരിശോധനകളിലൂടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെ കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദവും സജീവമായി. ഇതോടെയാണ് കൂടുതൽ പരാതി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP