Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധാർഷ്ട്യം കാണിച്ച ചാലക്കുടി ഡിവൈഎസ്‌പി കുറ്റക്കാരൻ; ടോൾ പ്ലാസയുടെ സമാന്തര പാതയിൽ പഞ്ചായത്തിന് പുറത്തുള്ളവർ കയറേണ്ടെന്ന് ആക്രോശിച്ച പൊലീസ് ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്ന് എസ്‌പി; സോഷ്യൽ മീഡിയ ഉണർന്നപ്പോൾ അനീതിക്കെതിരെ നടപടി

ധാർഷ്ട്യം കാണിച്ച ചാലക്കുടി ഡിവൈഎസ്‌പി കുറ്റക്കാരൻ; ടോൾ പ്ലാസയുടെ സമാന്തര പാതയിൽ പഞ്ചായത്തിന് പുറത്തുള്ളവർ കയറേണ്ടെന്ന് ആക്രോശിച്ച പൊലീസ് ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്ന് എസ്‌പി; സോഷ്യൽ മീഡിയ ഉണർന്നപ്പോൾ അനീതിക്കെതിരെ നടപടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സോഷ്യൽ മീഡിയ ഉണർന്നപ്പോൾ അനീതിക്കെതിരെ അധികൃതരുടെ നടപടി. പാലിയേക്കര ടോൾ പ്ലാസയിൽ കയറാതെ സമാന്തര റോഡ് ഉപയോഗിക്കുന്നവരുടെ വാഹനരേഖകൾ കൈവശപ്പെടുത്തിയ ചാലക്കുടി ഡിവൈഎസ്‌പി കെ കെ രവീന്ദ്രനെതിരെയാണു നടപടി.

വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു പ്രചരിപ്പിച്ചതോടെയാണ് എസ്‌പി ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ടോൾ കൊടുക്കാൻ മടിച്ച് പാലിയേക്കര ടോൾ പ്‌ളാസയ്ക്ക് സമാന്തരമുള്ള പാതയിലൂടെ സഞ്ചരിച്ച കുടുംബത്തെ അപമാനിച്ച സംഭവത്തിൽ ഡിവൈഎസ്‌പിക്ക് വീഴ്ച വന്നുവെന്നാണ് എസ്‌പിയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നത്.

കൊച്ചി ഇൻഫോ പാർക്കിലെ ജീവനക്കാരും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ചാലക്കുടി ഡിവൈഎസ്‌പി കെ കെ രവീന്ദ്രനിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. തുടർന്ന് ഹരിറാം ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും ഇമെയിലൂടെ പരാതി നൽകുകയായിരുന്നു. കുടുംബത്തെ അപമാനിക്കുക മാത്രമല്ല, അവരോട് ടോൾ നൽകി യാത്ര ചെയ്യാൻ നിർദ്ദേശിച്ചത് തെറ്രാണെന്നും എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. രവീന്ദ്രനെതിരെ നടപടി ഉണ്ടായേക്കും.

വ്യാഴാഴ്ച രാത്രിയാണ് ഈ സംഭവം. അതിനിടെ സംഭവം ഒത്തുതീർപ്പാക്കാനുള്ള ഡിവൈഎസ്‌പിയുടെ ശ്രമങ്ങൾ മാദ്ധ്യമ ഇടപെടൽ കാരണം പൊളിയുകയും ചെയ്തിരുന്നു.

എറണാകുളംതൃശൂർ വഴി സഞ്ചരിക്കുന്നവർ ടോൾ നൽകി മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും പഞ്ചായത്തിന് പുറത്തുള്ളവർക്ക് സമാന്തര റോഡ് ഉപയോഗിക്കാൻ അവകാശമില്ലെന്നുമാണ് ഡിവൈഎസ്‌പിയുടെ വാദം. ഇക്കാര്യം സംബന്ധിച്ച് എതിർത്ത സംസാരിച്ച യാത്രക്കാരന്റെ വാഹനരേഖകൾ ഡിവൈഎസ്‌പി കൈവശപ്പെടുത്തിയിരുന്നു. പാലക്കാട് സ്വദേശി ഹരി റാമിനാണ് ഡിവൈഎസ്‌പിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്. ടോൾ ബ്രേക്കറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല എന്നിരിക്കെയാണ് ടോൾ പിരിക്കുന്ന കമ്പനിയെ സഹായിക്കാനുള്ള പൊലീസിന്റെ ആത്മാർത്ഥ സേവനം. അതുകൊണ്ട് കൂടിയാണ് സോഷ്യൽ മീഡിയ പ്രശ്‌നം ഏറ്റെടുത്തത്.

എറണാകുളം-തൃശൂർ റോഡിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമാന്തരമായ റോഡിലൂടെ യാത്ര ചെയ്യവെയാണ് ഹരിയെ ഔദ്യോഗിക വാഹനത്തിലെത്തിയ ഡിവൈഎസ്‌പിയും സംഘവും തടഞ്ഞത്. ഭാര്യയും കൈക്കുഞ്ഞും ഹരി റാമിനൊപ്പമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഒത്തു തീർപ്പിന് ചാലക്കുടി ഡിവൈഎസ്‌പിയും എത്തി. വാഹന രേഖകൾ തിരിച്ചു നൽകി പ്രശ്‌നം ഒത്തു തീർപ്പിലാക്കാനായിരുന്നു ശ്രമം. ഇന്നലെ രാത്രി തൃശൂരിലേക്കാണ് ഹരിറാമിനെ ക്ഷണിച്ചത്. എന്നാൽ മാദ്ധ്യമങ്ങൾ എത്തിയെന്ന് അറിഞ്ഞതോടെ ഡിവൈഎസ്‌പി ഇവിടേയ്ക്ക് എത്തിയതുമില്ല. ഇതോടെ ഒത്തുതീർപ്പ് പൊളിഞ്ഞു. ഡിവൈഎസ്‌പിക്ക് എതിരെ നടപടിയുണ്ടാകാതിരിക്കാൻ കള്ളക്കളികൾ സജീവമാണ്. സമാന്തര റോഡ് വഴി ആയുധങ്ങളുമായി സംഘം പോകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് ഡിവൈഎസ്‌പി വിവാദങ്ങളോട് പ്രതികരിക്കുന്നത്.

വ്യാഴാഴ്ച നടന്ന സംഭവത്തെ ഹരി റാം വിശദീകരിക്കുന്നത് ഇങ്ങനെ: ഇത് പഞ്ചായത്തിന്റെ വഴിയാണെന്നും പ്രദേശവാസികൾക്ക് മാത്രമേ ഇതുവഴി പോകാൻ നിയമമുള്ളുവെന്നും ഡിവൈഎസ്‌പി ഹരിയോട് പറഞ്ഞു. എന്നാൽ അങ്ങനെയൊരു നിയമത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഹരിയോട് പൊലീസ് വാഹനത്തിന്റെ ബുക്കും പേപ്പറും ചോദിച്ചു. തുടർന്ന് ലൈസൻസിന്റെ കോപ്പി എടുത്ത് നൽകിയെങ്കിലും ഒറിജിനൽ വേണമെന്ന് ഡിവൈഎസ്‌പി നിർബന്ധം പിടിക്കുകയായിരുന്നു. ഒറിജിനൽ രേഖകൾ വാഹനത്തിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ അത് എടുത്തില്ലെന്നായിരുന്നു ഹരിയുടെ മറുപടി. എന്നാൽ താൻ നിയമം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന പറഞ്ഞ് ഡിവൈഎസ്‌പി തന്നോട് കയർത്തു സംസാരിക്കുകയായിരുന്നെന്ന് ഹരി പറയുന്നു. ആർസി ബുക്ക് രാവിലെ ഓഫീസിൽ വന്ന് വാങ്ങാൻ പറഞ്ഞ ശേഷം ഡിവൈഎസ്‌പി മടങ്ങുകയായിരുന്നെന്ന് ഹരി പറഞ്ഞു.

രേഖകൾ കിട്ടാതെ പോകില്ലെന്ന പറഞ്ഞ ഹരിയോട് റോഡിലിരുന്ന് സമരം നടത്താനാണ് ഡിവൈഎസ്‌പി പറഞ്ഞത്. ഇതിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന ഹരിക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വൻപ്രതിഷേധമാണ് ഉയരുന്നത്. പരാതി ഇമെയിലിൽ ആഭ്യന്തരമന്ത്രിക്ക് നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP