Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുംക്രിമിനലുകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും മാപ്പുസാക്ഷികളായി; വ്യവസായ ലോകത്തെ കുടിപ്പകയിലേക്ക് അന്വേഷണം നീണ്ടില്ല; മോളിവുഡ് സുന്ദരിയെ കുറിച്ച് കേട്ടില്ലെന്നും നടിച്ചു; പോൾ മുത്തൂറ്റ് കൊലക്കേസ് അന്വേഷണത്തിൽ നിറയുന്നത് ദുരൂഹത

കൊടുംക്രിമിനലുകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും മാപ്പുസാക്ഷികളായി; വ്യവസായ ലോകത്തെ കുടിപ്പകയിലേക്ക് അന്വേഷണം നീണ്ടില്ല; മോളിവുഡ് സുന്ദരിയെ കുറിച്ച് കേട്ടില്ലെന്നും നടിച്ചു; പോൾ മുത്തൂറ്റ് കൊലക്കേസ് അന്വേഷണത്തിൽ നിറയുന്നത് ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്കുള്ള ഉന്നത ബന്ധം തുറന്ന് കാട്ടുന്നതായിരുന്നു പോൾ എം ജോർജ്ജിന്റെ കൊലപാതകം. രാഷ്ട്രീയക്കാർക്ക് അപ്പുറം ബന്ധങ്ങൾ ഗുണ്ടാ സംഘത്തലവന്മാർക്കുണ്ടെന്ന് ഇതോടെ വ്യക്തമായി. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിലെ പ്രധാന കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓപ്രകാശും പുത്തൻപാലം രാജേഷുമാണ്. അതുകൊണ്ട് തന്നെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു പോൾ എം ജോർജിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ. പോളിനൊപ്പമുണ്ടായിരുന്ന ഗുണ്ടാനേതാക്കളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസ് പ്രതികളാക്കിയെങ്കിലും, സിബിഐ ഇവരെ മാപ്പുസാക്ഷികളാക്കി മാറ്റി. ഇതിനൊപ്പം കൊലപാതകം നടക്കുമ്പോൾ പോൾ മുത്തൂറ്റിനൊപ്പം സിനിമാ നടിയായ ലക്ഷ്മി റായി ഉണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങളും പൊലീസോ സിബിഐയോ പരിശോധിച്ചില്ല.

കേരളത്തിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടകൾ അങ്ങനെ ഒരു കൊലക്കേസിൽ മാപ്പു സാക്ഷികളായി. കാരി സതീഷ് പോളിനെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയെ വേണമായിരുന്നു. അത് ഓപ്രകാശും രാജേഷും കുറ്റം ഏറ്റുപറഞ്ഞപ്പോൾ സംഭവിച്ചു. സാധാരണ അറിയാതെ കുറ്റം ചെയ്യുന്നവരാണ് മാപ്പുസാക്ഷികൾ. തെറ്റിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് തെറ്റു ചെയ്യുന്ന ക്രിമിനലുകളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ആരും മാപ്പു സാക്ഷി ആക്കാറില്ല. ഉന്നത സ്വാധീനമാണ് ഇതിന് പിന്നിലെന്ന് തുടക്കം മുതലേ ആക്ഷേപം ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് കേസിലെ ഈ രണ്ട് മാപ്പ് സാക്ഷികളും ഇപ്പോൾ ജയിലിലാണെന്നതാണ് മറ്റൊരു വസ്തുത. ഓപ്രകാശ് മറ്റൊരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടും പുത്തൻപാലം രാജേഷ് ഗുണ്ടാ നിയമപ്രകാരവുമാണ് ജയിലിലുള്ളത്. ഇത്തരം ഗുണ്ടകളെയാണ് നിർണ്ണായക കേസിൽ മാപ്പുസാക്ഷിയായത്. ഈ കേസിൽ അവർ പറയുന്നത് അതേ പോലെ പൊലീസും സിബിഐയും മുഖവിലയ്‌ക്കെടുത്തു. ്മറിച്ചൊന്നും അന്വേഷിച്ചതുമില്ല. അതുണ്ടായെങ്കിൽ പോൾ മുത്തൂറ്റിന്റെ മരണത്തിൽ കുടുതൽ രഹസ്യങ്ങൾ മറനീക്കി പുറത്തുവരുമായിരുന്നു. അതിനുള്ള പഴുതുകളാണ് അടച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകി കേസ് അവസാനിപ്പിക്കുന്നത്.

രാത്രി പന്ത്രണ്ടുമണിയോടെയാണ് ഈ റോഡരുകിൽവച്ച് യുവ വ്യവസായി പോൾ എം ജോർജിന് കുത്തേൽക്കുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്ന യുവാവിനും കുത്തേറ്റു. ദുരൂഹതകൾ ഏറെയുണ്ടെങ്കിലും പൊലീസ് കണ്ടെത്തി പറഞ്ഞുവച്ച കഥ ഇങ്ങനെ. പോളും മനുവും മറ്റു രണ്ടുപേരും കൊച്ചിയിൽ നിന്ന് രണ്ടുകാറുകളിലായി ആലപ്പുഴയ്ക്കു തിരിച്ചു. തന്റെ സ്‌കോർപിയോ വാനിൽ പിന്നാലെ വരാൻ ഡ്രൈവർ ഷിബുവിനോടു നിർദ്ദേശിച്ചിട്ടാണ് പോൾ കാറോടിച്ച് പോയത്. രാത്രി പതിനൊന്നരയോടെ പോളിന്റെ കാർ ആലപ്പുഴ ചങ്ങനാശേരി റോഡിൽ കയറി. വഴിയിൽ ഒരു ബൈക്കിൽ എൻഡവർ ഇടിച്ചു. അവിടെയുണ്ടായിരുന്ന ഒരു സംഘം കൊട്ടേഷൻ ടീം അംഗങ്ങൾ ഈ അപകടം നേരിട്ടുകണ്ടു. മദ്യ ലഹകരിയിലായിരുന്ന അവർ കാറിനെ പിന്തുടരുകയും പൊങ്ങ ജംഗ്ഷനിൽവച്ച് തടങ്ങുനിർത്തുകയും ചെയ്തു. തുടർന്ന് വാക്കേറ്റം കയ്യാങ്കളി. ആദ്യം മനുവിന് കുത്തേറ്റു. പേടിച്ച മനു ഓടി രക്ഷപെടുകയും ചെയ്തു. പിന്നെ സംഘം പോളിനെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. ഡ്രൈവർ ഷിബു എത്തുമ്പോൾ കണ്ടത് കുത്തേറ്റുകിടക്കുന്ന പോളിനെയും ടെംബോ ട്രാവലറിൽ കയറി മടങ്ങുന്ന പന്ത്രണ്ടോളം വരുന്ന സംഘത്തെയുമാണ്. ഇരുവരെയും ഷിബു ആശുപത്രിയിലെത്തിച്ചെങ്കിലും പോൾ മരിച്ചു. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തേടിയുള്ള അന്വേഷണം ഓംപ്രകാശ് , പുത്തൻപാലം രാജേഷ് എന്നീ തിരുവനന്തപുരത്തെ ക്രിമിനലുകളിലാണ് എത്തിനിന്നത്.

നിരവധി കൊലക്കേസുകളിൽ പ്രതികളാണ് ഓംപ്രകാശും പുത്തൻപാലം രാജേഷും. നേരിട്ട് നിരവധി ഓപ്പറേഷനുകൾ ചെയ്തിട്ടുള്ള വ്യക്തി. സംസ്ഥാനത്തുടനീളം ശത്രുക്കളുമുണ്ട്. അതുകൊണ്ട് തന്നെ ആയുധം കൈയിൽ കരുതാതെ ഇരുവരും സഞ്ചരിക്കാറില്ല. അപൂർവ്വമായി മാത്രമേ സംഘാംഗങ്ങളില്ലാതെ ഇവർ യാത്ര ചെയ്യൂ. പെട്ടെന്നൊരു ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കുണം എന്ന് നന്നായി അറിയാവുന്നവർ. എന്നിട്ടും കാരി സതീഷും കൂട്ടുരും ഇവരുടെ മുന്നിലിട്ട് പോളിനെ കൊന്നു. അത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയവരുമുണ്ട്. പോളിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇവർ കടന്നതും ശ്രദ്ധേയമാണ്. ഇതിലെ ദുരൂഹത പോലും അഴിക്കാതെ കാരി സതീഷിലും സംഘത്തിലും എല്ലാം ചുമത്തി കേസ് അവസാനിക്കുകയായിരുന്ന പൊലീസ്. അപ്പോഴും തെളിവ് നശിപ്പിക്കുന്ന കുറ്റം ഓപ്രകാശിനും പുത്തൻപാലം രാജേഷിലും ചുമത്തി. സിബിഐ വന്നപ്പോൾ അതും ഇല്ലാതായി.

കൊല്ലപ്പെട്ട പോൾ മുത്തൂറ്റ് ജോർജ്ജുമായി സൗഹൃദം മാത്രമേയുള്ളുവെന്നായിരുന്നു ഓംപ്രകാശും രാജേഷും പൊലീസിന് നൽകിയ മൊഴി. ഒരു വർഷം മുമ്പാണ് പോളിനെ പരിചയപ്പെട്ടതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. പോളുമായി റിയൽ എസ്‌റ്റേറ്റ്, ബിസിനസ് ബന്ധങ്ങളില്ലെന്നാണ് ഓം പ്രകാശ് പറയുന്നത്. പലിശക്ക് പണം കൊടുക്കലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഏജന്റ് പണിയുമാണ് തന്റെ വരുമാനമാർഗ്ഗമെന്നും ഓംപ്രകാശ് വ്യക്തമാക്കി. ഒരു വർഷം ഏതാണ്ട് ഒരുലക്ഷം രൂപയോളം വരുമാനമുണ്ടാകും. പോളുമായി സൗഹൃദം മാത്രമേയുള്ളു യാതൊരുവിധ ബിസിനസ് ബന്ധങ്ങളും ഇല്ല ഓംപ്രകാശ് പറഞ്ഞു. ഈ മൊഴിയിൽ തന്നെ വൈരുദ്ധ്യമുണ്ട്. ഓപ്രകാശിന്റെ ക്രിമിനൽ ബന്ധങ്ങൾ ഏതൊരു പൊലീസിനും അറിയാവുന്നതായിരുന്നു.

മറ്റേതോ ക്വട്ടേഷൻ സംഘം തങ്ങളെ ആക്രമിക്കാനായി പിന്തുടരുന്നുണ്ടെന്ന് കരുതിയാണ് പോളിനെ രക്ഷിക്കാൻ നിൽക്കാതെ രക്ഷപ്പെട്ടതെന്ന് ഓംപ്രകാശും രാജേഷും പറഞ്ഞിരുന്നു. പോളും മനുവുമാണ് എൻഡവറിൽ മുന്നേ പോയത്. തങ്ങളെത്തുമ്പോൾ സംഭവസ്ഥലത്ത് പോളും മനുവും കുത്തേറ്റുകിടക്കുകയായിരുന്നു. ഞങ്ങൾകൂടി ചേർന്നാണ് ഇരുവരെയും സ്‌കോർപിയോയിൽ കയറ്റിയത്. പോളിനെയും മനുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പിന്നാലെ പോവുകയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ വണ്ടിക്കു പിന്നാലെ മറ്റു രണ്ടുവണ്ടികൾ കൂടി വരുന്നുണ്ടായിരുന്നു. ഈ മൊഴികൾ പൊലീസിനെ പോലെ സിബിഐയും വിശ്വാസത്തിലെടുത്തു. ഇതോടെ പ്രതികൾ മാപ്പുസാക്ഷിയായി. കാരി സതീഷിനേയും മറ്റും കുടുക്കാൻ അത് അനിവാര്യവുമായിരുന്നു. അങ്ങനെ ഒരു കൊലക്കേസിൽ നിന്നും കുപ്രസിദ്ധ ഗുണ്ടകൾ രക്ഷപ്പെട്ടു.

അധോലോക സംഘത്തിന്റെ സാന്നിധ്യമായിരുന്നു പോൾ മുത്തൂറ്റ് കൊലക്കേസിനെ വാർത്തകളിൽ എത്തിച്ചത്. അത് തെളിയിക്കാൻ പൊലീസിന് ആയിരുന്നില്ല. ഒപ്പം എസ് കത്തി പോലുള്ള വിവാദവുമുണ്ടായി. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനായി മുറവിളി ഉയർന്നത്. എന്നാൽ സിബിഐ വന്നപ്പോൾ അധോലോകം പൂർണ്ണമായും ഒഴിവായി. ഇവർ പക്ഷേ പിന്നീട് കേസിൽ സാക്ഷികളായി. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് കാരി സതീശ് എന്ന ക്വട്ടേഷൻസംഘ നേതാവാണ് കുത്തിയതെന്നും അപ്രതീക്ഷിതമായി സംഭവിച്ച കൊലയാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. പിന്നീടാണ് കേസ് സിബിഐക്ക് വിട്ടത്. ഈ വാദമെല്ലാം അവരും അംഗീകരിച്ചു. ഇതോടെ ചെറുമീനുകൾക്ക് അപ്പുറത്തേക്ക് അന്വേഷണമെത്തിയില്ല. ബിസിനസ്സിലെ കുടിപ്പകയാണ് പോളിന്റെ കൊലപാതകത്തിന് കാരണമെന്നും വധ ഭീഷണയുള്ളതിനാലാണ് ഓംപ്രകാശിനേയും രാജേഷിനേയും ഒപ്പം കൊണ്ടു പോയിരുന്നതെന്നുമുള്ള വാദങ്ങളും പൊലീസും സിബിഐയും കണ്ടില്ലെന്ന് നടിക്കുകയും അന്വേഷിക്കാൻ മെനക്കെടാതിരിക്കുകയും ചെയ്തു.

ഈ കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഓംപ്രകാശ് ഇപ്പോഴും ജയിലിൽ തന്നെയാണ്. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ഓംപ്രകാശ് അടക്കം ആറുപ്രതികൾക്കും ജീവപര്യന്തം ശിക്ഷ നേരത്തെ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. ഇന്ദിര വിധിച്ചിരുന്നു. ഈ കേസിൽ പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, ആയുധങ്ങളും സ്‌പോടകവസ്തുക്കളും ഉപയോഗിക്കൽ , കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിത്. ഒരു കേസിന്റെ വിചാരണകഴിഞ്ഞ് വഞ്ചിയൂർ കോടതിയിൽ നിന്ന് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പ്രതികൾ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അമ്പതോളം വെട്ടുകളേൽപ്പിച്ചാണ് കൊല നടത്തിയത്. അങ്ങനെ സ്ഥിരം കുറ്റവാളിയായ ഓംപ്രകാശ് പോൾ മുത്തൂറ്റ് കേസിൽ മാപ്പുസാക്ഷിയായി.

ഓംപ്രകാശിനൊപ്പം പോൾ മുത്തൂറ്റിനൊപ്പമുണ്ടായിരുന്ന കണ്ണമ്മൂല രാജേഷ് എന്നും പുത്തൻപാലം രാജേഷ് എന്നും വിളിക്കുന്ന കണ്ണമ്മൂല പുത്തൻപാലത്തിന് സമീപം തോട്ടുവരമ്പിൽ വീട്ടിൽ രാജേഷിനെ തിരുവനന്തപുരം സിറ്റി പൊലീസ് ഓപറേഷൻ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലടച്ചിരിക്കുകയാണ് ഇപ്പോൾ. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, കവർച്ച, ഭവനകൈയേറ്റം, ആക്രമിച്ച് പരിക്കേൽപിക്കൽ, മാനഭംഗം, ഭീഷണിപ്പെടുത്തൽ, കൊള്ളപ്പലിശക്ക് പണം കടം കൊടുക്കൽ, മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ 1994 മുതൽ 45ഓളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡിക്കൽ കോളജ്, കൻേറാൺമെന്റ്, ശ്രീകാര്യം, വട്ടിയൂർക്കാവ് കൊല്ലം ജില്ലയിലെ കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ചുരുക്കം ചില കേസുകളിൽ മാത്രമേ രാജേഷ് ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. കൂട്ടാളികളായ ക്രിമിനലുകളെ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തിയും മറ്റും തനിക്ക് അനുകൂലമായി മൊഴി പറയിച്ച് കേസുകളിൽനിന്ന് കുറ്റമുക്തനാക്കപ്പെടുകയാണ് പതിവ്. പലപ്പോഴും ഇയാളുടെ കേസുകൾ പൊലീസിന്റെ അന്വേഷണത്തിലായിരിക്കുമ്പോൾ തന്നെ പരാതി പിൻവലിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.മുമ്പ് രണ്ടുപ്രാവശ്യം ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ രാജേഷ് ജയിൽ മോചിതനായ ശേഷം കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്ന ബിസിനസിലേക്ക് തിരിയുകയും മറ്റ് ക്രിമിനൽ സംഘങ്ങളിലെ യുവാക്കളെ തന്റെ സംഘത്തിലേക്ക് ചേർക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിരുന്നു. സംഘത്തിൽ ചേരാൻ വിസമ്മതിച്ച യുവാക്കളെ രാജേഷും സംഘവും ആക്രമിച്ച് പരിക്കേൽപിക്കുകയും യുവാക്കൾ സംഘം ചേർന്ന് പകരം വീട്ടാൻ ശ്രമിക്കുകയും ചെയ്തത് പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്.

അതായത് പോൾ മുത്തൂറ്റിന്റെ മരണത്തിന് മുമ്പും പിമ്പും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ഗുണ്ടായാണ് പുത്തൻപാലം രാജേഷ്. ഇയാളേയും പോൾമുത്തൂറ്റ് കേസിൽ മാപ്പുസാക്ഷിയാക്കി സിബിഐ കള്ളക്കളിക്ക് കൂട്ടുനിന്നുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP