Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാൽ കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കും; മലിന ജലം മോട്ടോർ ഉപയോഗിച്ച് തോട്ടിലേക്ക് ഒഴുക്കുന്നതും പതിവ്; മാലിന്യം സമീപത്തെ വീടുകളിലും 'നിഷി'ലും ഒഴുകി ഇറങ്ങിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി; പരാതി നൽകിയിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതരുടെ ഒത്തുകളി; കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബിന്റെ ആക്കുളത്തെ ജി.ഐ.ഇ മജസ്റ്റിക് ഫ്ളാറ്റ് നാട്ടുകാർ താഴിട്ടു പൂട്ടി

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞാൽ കക്കൂസ് മാലിന്യം റോഡിലേക്കൊഴുക്കും; മലിന ജലം മോട്ടോർ ഉപയോഗിച്ച് തോട്ടിലേക്ക് ഒഴുക്കുന്നതും പതിവ്; മാലിന്യം സമീപത്തെ വീടുകളിലും 'നിഷി'ലും ഒഴുകി ഇറങ്ങിയപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി; പരാതി നൽകിയിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതരുടെ ഒത്തുകളി; കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബിന്റെ ആക്കുളത്തെ ജി.ഐ.ഇ മജസ്റ്റിക് ഫ്ളാറ്റ് നാട്ടുകാർ താഴിട്ടു പൂട്ടി

ആർ പീയൂഷ്

തിരുവനന്തപുരം: കക്കൂസ് മാലിന്യവും മലിന ജലവും റോഡിലേക്ക് തള്ളുന്നത് പതിവായതോടെ ആക്കുളത്തെ ജി.ഐ.ഇ ഹോംസ് എന്ന ഫ്ളാറ്റ് നാട്ടുകാർ താഴിട്ടു പൂട്ടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്ഥിരമായി ഇത്തരത്തിൽ ചെയ്യുന്നതു മൂലം ഗത്യന്തരമില്ലാതെയാണ് നാട്ടുകാർ സംഘടിച്ചെത്തിയതും ഫ്ളാറ്റിന്റെ ഇരു ഗേറ്റുകളും താഴിട്ട് പൂട്ടുകയും ചെയ്തത്. പത്ത് വർഷമായി നാട്ടുകാർക്ക് ഏറെ ദുരിതം സമ്മാനിക്കുന്ന ഫ്ളാറ്റ് അധികൃതർക്കെതിരെ ഇതുവരെ നടപടി എടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല എന്നതാണ് ഏറെ വിചിത്രം. തലസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ കിംസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബിന്റെതാണ് ജി.ഐ.ഇ ഹോംസ്. അതിനാലാണ് നടപടി എടുക്കാത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഇന്നലെ വൈകുന്നേരം ഗേറ്റുകൾ താഴിട്ടു പൂട്ടിയതോടെ പൊലീസെത്തി ചർച്ച നടത്തിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. 16 ന് ഇതിന് പരിഹാരം കാണുമെന്നാണ് ഫ്ളാറ്റ് അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ ഈ സംഭവത്തിന് ശേഷം രാത്രിയിലും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി. പിന്നീട് ഇന്ന് രാവിലെ പ്രത്യേകം ആളുകളെ ഉപയോഗിച്ച് ഫ്ളാറ്റുകാർ വൃത്തിയാക്കുകയും ചെയ്തു.

സമീപ വാസികൾ ഫ്ളാറ്റുകാരുടെ ഇത്തരം പ്രവർത്തി മൂലം ഏറെ ബുദ്ധിമുട്ടിലാണ്. പലർക്കും ജലജന്യ രോഗങ്ങൾ പിടിപെടുന്നത് പതിവാണ്. കുട്ടികളും വാർദ്ധക്യം ചെന്നവരും റോഡിലൂടെ ഒഴുകുന്ന കക്കൂസ് മാലിന്യങ്ങളിലൂടെയാണ് നടക്കുന്നത്. ഇത് മൂലം പകർച്ച വ്യാധി ഭീഷണിയിലുമാണ്. രാത്രി കാലങ്ങലിലാണ് മാലിന്യം റോഡിലേക്ക് തള്ളുന്നത്. റോഡിന് എതിർ വശമുള്ള ഓടയിലേക്കൊഴുക്കുന്ന മാലിന്യമാണ് റോഡിലേക്ക് പരന്ന് ഒഴുകുന്നത്. ഒഴുകി എത്തുന്ന മാലിന്യം ഓടയിൽ കെട്ടികിടന്ന് കൊതുക് ശല്യം ഇവിടെ രൂക്ഷമാണ്. കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്തവർക്കായുള്ള പരിശീലന കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) സെന്ററിലേക്കും ഈ മലിന ജലം കടന്നു ചെല്ലുന്നുണ്ട്. അത് കൂടാതെ സമീപത്തെ ഗുഡ്ഷെപ്പേർഡ് സ്‌ക്കൂളിലെ കുട്ടികൾക്കും ഇത് വഴി നടന്നു പോകുന്നതിനാൽ പകർച്ച വ്യാധികൾ പിടിപെടുന്നു. വഴുവഴപ്പുള്ള റോഡിലൂടെ കടന്നു പോകുന്ന ടൂവീലറുകൾ ഇവിടെ തെന്നി വീണ് അപകടങ്ങളും പതിവാണ്.

പൊലീസിലും ആരോഗ്യ വിഭാഗത്തിലും പരാതി കൊടുത്തിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് സമീപവാസിയായ വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. രാത്രി പത്തര മണിക്ക് ശേഷമാണ് ഇവർ മാലിന്യം തുറന്നു വിടുന്നതെന്നാണ് അവർ പറയുന്നത്. മാലിന്യം ഒഴുക്കുന്നത് മൂലം കിടന്നുറങ്ങാൻ പോലും കഴിയുന്നില്ല, അത്രക്ക് നാറ്റമാണ്. പലവട്ടം പ്രതിഷേധം നടത്തിയിട്ടുണ്ടെങ്കിലും ഇനിയുണ്ടാവില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് അവർ ചെയ്യുന്നത്. ഇങ്ങനെയായാൽ ഞങ്ങൾ എന്ത് ചെയ്യും.? ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങൾ മനുഷ്യരല്ലേ, കൊച്ചു പിള്ളേർക്ക് കിടക്കാൻ നിവൃത്തിയില്ല. എല്ലാവരും വന്ന് കണ്ടിട്ടു പോകുമെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അവർ പറയുന്നു.

വമ്പൻ ആശുപത്രി കെട്ടിയിട്ടിട്ട് നാട്ടുകാരെ രോഗിയാക്കി അവിടെ ചികിത്സ നടത്താനാണ് നജീബിന്റെ ശ്രമമെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും കൊടു ക്രൂരത ഞങ്ങളോട് കാട്ടുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP