Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊട്ട കിണറ്റിലെ തുരുമ്പിച്ച വടിവാളും നാല് ഇരുമ്പ് ദണ്ഡുകളും ആണോ കൃപേഷിന്റേയും ശരത് ലാലിന്റേയും ജീവൻ എടുത്തത്? പൊലീസ് പറയും മുമ്പ് പീതാംബരനാണ് പ്രതിയെന്ന് കോടിയേരി പ്രഖ്യാപിച്ചത് എന്തിന്? കണ്ണൂരിലെ പാർട്ടി ഗുണ്ടാ സംഘത്തെ മറച്ചു വയ്ക്കാൻ പീതാംബരനെ ബലിയാടാക്കി തടി തപ്പുകയാണോ? രക്ഷപ്പെടുത്താം എന്ന ഉറപ്പിലാണോ എല്ലാത്തിനും പീതാംബരനും നിന്ന് കൊടുക്കുന്നത്? രണ്ട് ചെറുപ്പക്കാരുടെ ജീവൻ എടുത്ത സിപിഎം ഭീകരതയിലെ യഥാർത്ഥ പ്രതികളെ മറച്ചു വയ്ക്കാൻ ധൃതിപിടിച്ച നീക്കങ്ങൾ തുടരുമ്പോൾ

പൊട്ട കിണറ്റിലെ തുരുമ്പിച്ച വടിവാളും നാല് ഇരുമ്പ് ദണ്ഡുകളും ആണോ കൃപേഷിന്റേയും ശരത് ലാലിന്റേയും ജീവൻ എടുത്തത്? പൊലീസ് പറയും മുമ്പ് പീതാംബരനാണ് പ്രതിയെന്ന് കോടിയേരി പ്രഖ്യാപിച്ചത് എന്തിന്? കണ്ണൂരിലെ പാർട്ടി ഗുണ്ടാ സംഘത്തെ മറച്ചു വയ്ക്കാൻ പീതാംബരനെ ബലിയാടാക്കി തടി തപ്പുകയാണോ? രക്ഷപ്പെടുത്താം എന്ന ഉറപ്പിലാണോ എല്ലാത്തിനും പീതാംബരനും നിന്ന് കൊടുക്കുന്നത്? രണ്ട് ചെറുപ്പക്കാരുടെ ജീവൻ എടുത്ത സിപിഎം ഭീകരതയിലെ യഥാർത്ഥ പ്രതികളെ മറച്ചു വയ്ക്കാൻ ധൃതിപിടിച്ച നീക്കങ്ങൾ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ; മലയാളി ഏറെ ചർച്ച ചെയ്ത സിനിമയാണ് മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ. എങ്ങനെ പ്രതികളെ ഉണ്ടാക്കാൻ കേരളാ പൊലീസ് പെടാപാട് നടത്തുന്നുവെന്നതിന്റെ നേർചിത്രം. കോഴിക്കോട്ട് സംഭവിച്ച കൊലപാതകത്തിന്റെ ചലച്ചിത്രാവിഷ്‌കാരം. ഈ സിനിമയിൽ കണ്ടതെല്ലാം വീണ്ടും പൊലീസ് ആവർത്തിക്കുകയാണ് പെരിയയിൽ. അറസ്റ്റിലായ പ്രതിയെ കൊണ്ടു വന്ന് ആയുധങ്ങൾ കണ്ടെത്തൽ. അത് കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന പ്രതിയുമെല്ലാം ഓർമിപ്പിക്കുന്നത് സിനിമയിലെ സീനുകളെയാണ്. എല്ലാം നാടകമാണെന്ന് വ്യക്തമാക്കുന്ന തെളിവെടുക്കലുകൾ. ആരെയോ സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമം. സിപിഎം എഴുതുന്ന തിരക്കഥയ്‌ക്കൊപ്പമാണ് പെരിയയിലെ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതക കേസ് അന്വേഷണം നീളുന്നതെന്ന് വ്യക്തം. പീതാംബരന്റെ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പ്രേരണയായതെന്ന് ഉറപ്പാണ്. എന്നാൽ കൊല നടത്താൻ കണ്ണൂരിൽ നിന്ന് പ്രൊഫഷണലുകളെത്തിയെന്നാണ് സൂചന. ഇവരെ രക്ഷിച്ചെടുക്കാൻ എല്ലാം പീതാംബരനെ ഏൽപ്പിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് പ്രതിയുടെ കുറ്റസമ്മതവും തെളിവെടുക്കലുമെല്ലാം അതിവേഗം നടക്കുന്നത്.

ഇപ്പോൾ നടക്കുന്ന നാടകങ്ങൾക്കൊടുവിലെ വിചാരണയിൽ പീതാംബരന് പുഷ്പം പോലെ ഊരിപോകാനാകുമെന്നാണ് വിലയിരുത്തൽ. തുരുമ്പിച്ച വടിവാളും 4 ഇരുമ്പുദണ്ഡുകളും. കൊല നടന്ന സ്ഥലത്തുനിന്നു 400 മീറ്ററോളം അകലെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, വെള്ളമില്ലാത്ത കിണറ്റിൽ കിടന്നിരുന്ന, പൂർണമായും തുരുമ്പിച്ച വടിവാൾ കൊലയ്ക്ക് ഉപയോഗിച്ചതാണോയെന്നു സംശയം ഉയർന്നിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ കുളത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തുന്നത്. അതിന് സമാനമായി ഇവിടെ പൊട്ട കിണറ്റിൽ നിന്നം. പൊലീസ് തന്നെ ആയുധങ്ങൾ തന്ത്രപരമായി ഉപേക്ഷിച്ച് പ്രതിയെ കൊണ്ടു വന്നെടുക്കുന്ന വിദ്യ പെരിയയിലും നടന്നിട്ടുണ്ടോ എന്ന സംശയം ഉയർത്തുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകൾ ആഴത്തിലുള്ളതാണ്. കൃപേഷിന്റെ തലച്ചോറ് പിളർന്നിരുന്നു. ശരത്‌ലാലിന്റെ കാൽമുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടർന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ കണ്ടെടുത്ത തുരുമ്പെടുത്ത വാൾ കൊണ്ട് ഇത്രത്തോളം വലിയ മുറിവുകളേൽപിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. ഇതോടെ അന്വേഷണത്തിൽ സംശയവും ഏറുകയാണ്.

പൊലീസ് അന്വേഷണം തുടങ്ങും മുമ്പ് തന്നെ പ്രതികളെ സിപിഎം പ്രഖ്യാപിച്ചിരുന്നു. പീതാംബരനാണ് എല്ലാത്തിനും കാരണമെന്ന് കാട്ടി സിപിഎമ്മിൽ നിന്ന് പീതാംബരനെ പുറത്താക്കുകയും ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ വൈര്യമാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ് ഐ ആർ വന്നതോടെയായിരുന്നു ഇത്. നേരത്തെ പാർട്ടിക്ക് കൊലയിൽ പങ്കില്ലെന്നായിരുന്നു കാസർകോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇത് പൊളിക്കുന്നതായിരുന്നു എഫ് ഐ ആർ. ഇതോടെയാണ് പീതാംബരനെ മുഖ്യപ്രതിയാക്കി മാറ്റി കോടിയേരി പുറത്താക്കൽ പ്രഖ്യാപിച്ചത്. അന്വേഷണം പീതാംരനിൽ ഒതുക്കണമെന്ന സൂചനയായിരുന്നു കോടിയേരി നൽകിയത്. ഇത് പൊലീസും അനുസരിച്ചു. അതോടെ എല്ലാം പീതാംബരനിലും അറസ്റ്റിലായ മറ്റ് ആറു പേരിലും ഒതുങ്ങി. കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെ തേടി പൊലീസ് അലയേണ്ടിയും വരുന്നില്ല. എന്നാൽ കൈയ്ക്ക് സ്വാധീനക്കുറവുള്ള പീതാംബരന് ഒറ്റവെട്ടിന് കൃപേഷിനെ കൊല്ലാനാകുമെന്ന് ആരും കരുതുന്നില്ല. ശരത് ലാലിനെ തുരുതുരാ വെട്ടാനുള്ള കരുത്തുമില്ല.

ആഴത്തിലുള്ള മുറിവു സംഭവിക്കണമെങ്കിൽ മൂർച്ചയേറിയതും കനമുള്ളതുമായ ആയുധം വേണമെന്നു ഫൊറൻസിക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശരത്‌ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റർ നീളത്തിലുള്ളതാണ്. ചെവി മുതൽ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകൾ ഉപയോഗിച്ചുള്ള മർദനപ്പാടുകളൊന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ തെളിവുകളെ കുറിച്ച് സംശയങ്ങൾ ഉയരുന്നത്. ഒന്നിലേറെ വാളുകളുണ്ടെന്നു സൂചനയുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വിവരം ലഭിച്ചിട്ടില്ല. മൂർച്ചയേറിയ കത്തിപോലെയുള്ള ആയുധങ്ങളും ഉപയോഗിച്ചെന്നാണു മുറിവുകളുടെ ആഴം പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിനു മനസ്സിലായത്. കിണറ്റിൽനിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറൻസിക് ലാബിലേക്ക് അയച്ചു.

''പീതാംബരൻ ആദ്യം ഇരുമ്പുദണ്ഡ് കൊണ്ടു ശരത്‌ലാലിന്റെ തലയ്ക്കടിച്ചു. തുടർന്നു മറ്റുള്ളവർ വാളുകൾ കൊണ്ടും ഇരുമ്പു പൈപ്പുകൾ കൊണ്ടും വെട്ടിയും അടിച്ചും കൊലപ്പെടുത്തി. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു ആക്രമണം. രാഷ്ട്രീയ വിരോധമായിരുന്നു കാരണം.''-അന്വേഷണത്തിൽ പൊലീസിന് പറയാനുള്ളത് ഇത്രമാത്രം.

കണ്ണൂരിലേക്ക് അന്വേഷണം എത്തില്ല

പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാവിലെ അറിയിച്ചത്. പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. അപ്പോഴൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദ്ദേശം നൽകിയത് ദുരൂഹമാണ്. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്. പെരിയ കേസിൽ എല്ലാം അതിവേഗം സംഭവിച്ചു. അതായത് പ്രതി പീതാംബരനാണെന്ന് പൊലീസിനോട് കോടിയേരിയും സിപിഎമ്മും പറഞ്ഞു കൊടുക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.

ഏതായാലും പ്രതികളെക്കുറിച്ചുള്ള അന്വേഷണം പിടിയിലായവരിൽ മാത്രമായി ഒതുക്കാൻ നീക്കം നടക്കുന്നതായാണു സൂചന. സിപിഎമ്മിലെ ഉന്നതരുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം വഴിമാറുന്നതെന്നാണു സൂചന. ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം നീണ്ടാൽ സംഘം വന്ന വഴികളെക്കുറിച്ചു കൂടി അന്വേഷിക്കേണ്ടി വരും. ഇത് ഗൂഡാലോചയുടെ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതോടെ കാസർകോട്ടേയും കണ്ണൂരിലേയും ജില്ലാ നേതൃത്വങ്ങളും സംശയ നിഴലിലാകും. കാസർകോട്ടെ ലോക്കൽ കമ്മിറ്റി അംഗത്തിനു ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടായത് എങ്ങനെയെന്ന വിശദ അന്വേഷണം സിപിഎം ആഗ്രഹിക്കുന്നില്ല. കണ്ണൂരിലെ ചില നേതാക്കൾ വഴിയാണു ക്വട്ടേഷൻ സംഘത്തെ പീതാംബരൻ ഉപയോഗപ്പെടുത്തിയതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ കണ്ണൂരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് മുൻകരുതൽ.

കൊലപാതകം നടത്തിയ രീതി നോക്കുമ്പോൾ കണ്ണൂരിലെ പ്രഫഷനൽ സംഘമാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമാണ്. കല്ല്യോട്ട് ക്ഷേത്ര ചടങ്ങ് നടക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ അപരിചിരുമായി എത്തിയ വാഹനവും നാട്ടുകാരിൽ സംശയമായി അവശേഷിക്കുന്നു. കേസിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന സിപിഎം പറയുമ്പോഴും അന്വേഷണത്തിൽ നിരവധി വഴിമുടക്കികൾ സജീവമായി ഇടെപുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി ശക്തി കേന്ദ്രമായ പാക്കം വെളുത്തോളിചാൽ ചെറൂട്ടയിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാഹന ഉടമയെ കസ്റ്റഡിയിലെടുത്തു. എന്നാൽ അവിടെയെത്തിയ ഉന്നത സിപിഎം നേതാവ് പൊലീസിനോടു കയർത്തു പ്രതിയെ മോചിപ്പിച്ചു. പിന്നീടു പുലർച്ചെയാണ് ഇയാളെ പൊലീസിൽ ഹാജരാക്കിയത്. ഇത്തരത്തിലെ ഇടപെടലുകൾ സിപിഎം നേതൃത്വം നടത്തുന്നത് കേസ് കണ്ണൂരിലേക്ക് എത്താതിരിക്കാനാണെന്നാണ് വിലയിരുത്തൽ.

ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കെ.കുഞ്ഞിരാമൻ എംഎൽഎ തെളിവു നശിപ്പിക്കാൻ കൂട്ടു നിന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. 19ന് രാത്രി ഒൻപതോടെ എംഎൽഎയുടെ വീടിനു 200 മീറ്റർ അകലെ വെളുത്തോളി ചെറൂട്ടവളപ്പിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം പൊലീസ് കണ്ടെടുത്തത്. എന്നാൽ ഇന്നലെ രാവിലെ 9 വരെ വാഹനം കസ്റ്റഡിയിലെടുത്തില്ല. ഫൊറൻസിക് പരിശോധന നടത്തണമെന്ന കാരണം പറഞ്ഞാണിത്. സംഭവ ദിവസം രാത്രി ചെറൂട്ടവളപ്പിലെത്തിയ എംഎൽഎ പൊലീസിനോടു നിന്റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥർ പറയുന്ന രീതിയിൽ അന്വേഷിച്ചാൽ മതിയെന്നു പറഞ്ഞു. കല്ല്യോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി യോഗത്തിനു വരേണ്ടിയിരുന്ന എംഎൽഎ സ്ഥലത്തുണ്ടായിട്ടും വരാത്തതു സംശയാസ്പദമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എംഎൽഎ പറയുന്നു.

വെളുത്തോളിയിലെ തന്റെ വീടിനടുത്തു പ്രതികൾ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിലുണ്ടെന്ന വിവരം അറിയില്ലായിരുന്നു. അവിടെയെത്തി പൊലീസിനോടു കയർത്തു സംസാരിച്ചെന്നതു പച്ചക്കള്ളമാണ്. പ്രതികളെ പിടികൂടുന്നതിനായി പൊലീസിനു സഹായം നൽകും. കേരള സംരക്ഷണ യാത്രയുടെ സ്വീകരണത്തിനു ചട്ടംഞ്ചാലിൽ എത്തേണ്ടതിനാലാണു കളിയാട്ട സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതന്നെും കെ.കുഞ്ഞിരാമൻ എംഎൽഎ വിശദീകരിക്കുന്നു.

സഹായവാഗ്ദാനവും വിവാദത്തിൽ

അതിനിടെ എ.പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നുണ്ട്. പാർട്ടി അറിയാതെ പീതാംബരൻ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കൾ വീട്ടിലെത്തി. പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാർ ആദ്യം പറഞ്ഞതിങ്ങനെ''ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.'' പാർട്ടിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ലെന്നും മാധ്യമങ്ങളോടു കൂടുതൽ കാര്യങ്ങൾ സംസാരിക്കരുതെന്നു വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവർ, പിന്നീടാണു സഹായവാഗ്ദാനം ഉൾപ്പെടെയുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്.

ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കൾ ഉറപ്പുനൽകി. പാർട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാങ്ങിയില്ല. പുറമേ നിന്നുവന്ന ആരൊക്കെയോ ചേർന്നാണു കൊലപാതകം നടത്തിയതെന്നും പാർട്ടിക്കു വേണ്ടി പീതാംബരൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്. ചാനൽ പ്രവർത്തകർ മടങ്ങിയ ശേഷമാണു പാർട്ടിയുടെ സഹായവാഗ്ദാനം വെളിപ്പെടുത്തിയത്.

കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്നു പൊലീസിനു പീതാംബരന്റെ മൊഴി. കസ്റ്റഡിയിലുള്ള ഓട്ടോ ഡ്രൈവറാണ് ശരത്ലാലിനെയും കൃപേഷിനെയും കൂടുതൽ വെട്ടിയതെന്നും മൊഴിയിലുണ്ട്. എന്നാൽ, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവുലഹരിയിൽ കൊല്ലുമെന്നു കരുതുന്നില്ലെന്നു വീട്ടുകാർ പ്രതികരിച്ചു. അതിനിടെ ശരത്ലാലിനെയും കൃപേഷിനെയും ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി അംഗം സജി ജോർജിനെയും (40) അറസ്റ്റ് ചെയ്തു.ഇന്റർലോക്ക് സ്ഥാപന ഉടമയായ ഇയാൾ വേറെയും കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞദിവസം പൊലീസ് സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ സിപിഎം നേതാക്കൾ തടയുകയും സജിയെ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. പിന്നീടാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള ആറു പേരും മുൻകൂട്ടി ആസൂത്രണം ചെയ്തതു പോലെ ഒരേ മൊഴി ആവർത്തിക്കുകയാണ്. പീതാംബരനെ ഹൊസ്ദുർഗ് മജിസ്‌ട്രേട്ട് കോടതി 7 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പീതാംബരനെതിരെ കൈയേറ്റ ശ്രമം.

കൂടുതൽ പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. .അതിനിടെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ പീതാംബരനു നേരെ ജനരോഷം ഉയർന്നു. 'ഇനി നാട്ടിൽ സമാധാനം വേണ്ട. ഇത്രയും നാൾ കോൺഗ്രസുകാർ സമാധാനത്തിനു വേണ്ടി വാദിച്ചതു കൊണ്ടാണു നമുക്ക് രണ്ടു പൊന്നോമനകളെ നഷ്ടപ്പെട്ടത്. ഇനി അവനെ ഞങ്ങൾക്കു വിട്ടു താ സാറേ...'. കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു തമ്പായിയുടെ രോഷപ്രകടനംഇങ്ങനെയായിരുന്നു. പീതാംബരനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞു കല്യോട്ട് നട്ടുച്ചനേരത്തും നൂറുകണക്കിനാളുകൾ കാത്തുനിന്നു. ഇവർ പീതാംബരന് നേരെ പാഞ്ഞടുത്തു. പൊലീസ് ഒരു വിധത്തിലാണ് എല്ലാം നിയന്ത്രണത്തിലാക്കിയത്.

പീതാംബരനെ വാഹനത്തിൽ നിന്നു പുറത്തിറക്കുന്നതിനു മുൻപു പൊലീസ് സംഘം കിണറിനു ചുറ്റും സുരക്ഷാവലയം തീർത്തു. ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസുകാരൻ കയറേണിയുപയോഗിച്ചു കിണറ്റിലിറങ്ങുമ്പോൾ പീതാംബരൻ പൊലീസുകാർക്കിടയിൽ നിസ്സംഗതയോടെ തൊഴുകൈകളുമായി നിൽക്കുകയായിരുന്നു. ആയുധമെടുക്കാനായി താഴ്‌ത്തിയ കയറിൽ അവനെയും കെട്ടിത്താഴ്‌ത്തണമെന്ന് ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആയുധങ്ങൾ കണ്ടെടുത്തശേഷം കനത്ത പൊലീസ് വലയത്തിൽ വാഹനത്തിൽ തിരിച്ചു കയറ്റുന്നതിനിടെ കൂടിനിന്ന യുവാക്കളിൽ ചിലർ പീതാംബരനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP