Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയയിൽ അന്വേഷണം തുടങ്ങും മുമ്പ് മാറ്റിമറിച്ച സംഘത്തിലെ മിക്ക ഓഫീസർമാരും പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്നവർ; പേരിന് മാത്രം ചില കോൺഗ്രസ് അനുഭാവികളേയും നിയമിച്ചു; കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയതിന് പിന്നിലെ കറുത്ത കരങ്ങൾ പുറം ലോകം അറിയരുതെന്ന് ശഠിച്ച് സർക്കാർ; സിബിഐ അന്വേഷണം എന്ന ആവശ്യത്തിന് പുതിയ നീക്കം ശക്തി പകരുമെന്ന് കരുതി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

പെരിയയിൽ അന്വേഷണം തുടങ്ങും മുമ്പ് മാറ്റിമറിച്ച സംഘത്തിലെ മിക്ക ഓഫീസർമാരും പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്നവർ; പേരിന് മാത്രം ചില കോൺഗ്രസ് അനുഭാവികളേയും നിയമിച്ചു; കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയതിന് പിന്നിലെ കറുത്ത കരങ്ങൾ പുറം ലോകം അറിയരുതെന്ന് ശഠിച്ച് സർക്കാർ; സിബിഐ അന്വേഷണം എന്ന ആവശ്യത്തിന് പുതിയ നീക്കം ശക്തി പകരുമെന്ന് കരുതി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: പെരിയയിലെ ഇരട്ട കൊലപാതകത്തിന്റെ പേരിൽ കണ്ണൂരിലെ ഒരു സഖാവിനേയും പൊലീസ് അറസ്റ്റ് ചെയ്യില്ല. അന്വേഷണം കാസർഗോഡ് തന്നെ ഒതുക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് സർക്കാർ ഇടപെട്ട് അന്വേഷണ സംഘത്തെ മുഴുവൻ അഴിച്ചു പണിയിലൂടെ മാറ്റിയത്. ലോക്കൽ കമ്മറ്റി അംഗം പീതാംബരനെ തന്നെ മുഖ്യപ്രതിയാക്കി നിർത്തണമെന്നാണ് സിപിഎം നിലപാട്. ഇതിന് അനുസരിച്ചുള്ള അന്വേഷണവും പ്രതിചേർക്കലും മാത്രമേ ഇനി നടക്കൂ. പ്രതികൾ കുറ്റം സമ്മതിച്ച സ്ഥിതിക്ക് അവിടെ അന്വേഷണം നിർത്തനാണ് നീക്കം. ഇതോടെ ശരത് ലാലിന്റേയും കൃപേഷിന്റേയും യഥാർത്ഥ കൊലയാളികൾ നിയമത്തിന് മുമ്പിൽ എത്തുമോ എന്നത് സംശയമാകുകയാണ്.

22 അംഗ സംഘത്തിൽ കൂടുതലും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി വി എം.മുഹമ്മദ് റഫീഖ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാണ് പുതിയ അംഗങ്ങളെ ചേർത്തത് അന്വേഷണം സംഘത്തിന് രൂപമാറ്റം നൽകിയത്. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി. പാർട്ടിയുടെ യുവജന, വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും അന്വേഷണ സംഘത്തിലുണ്ട്. പരാതി ഒഴിവാക്കാൻ യുഡിഎഫ് അനുഭാവമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി. എന്നാൽ അവർക്ക് റോളൊന്നും ഉണ്ടാകില്ല. ഇതെല്ലാം ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം തിരിച്ചറിയുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി വാദത്തിൽ ഇതെല്ലാം അവർ ഉയർത്തിക്കാട്ടും. പ്രാഥമിക തെളിവുകൾ പോലും പരിശോധിക്കാതെ പൊലീസ് മുന്നോട്ട് പോകുന്നത് കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെ രക്ഷിക്കാനാണെന്നാണ് ഉയരുന്ന വാദം.

ഡിഐജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്‌പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സിഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവിൽ പൊലീസ് ഓഫിസർമാരുമായിരുന്നു ആദ്യ സംഘത്തിൽ. എന്നാൽ അന്വേഷണം കണ്ണൂരിലേക്ക് എത്തുമെന്നായപ്പോൾ ഇതെല്ലാം മാറ്റി മറിക്കപ്പെട്ടു. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവൻ. മുൻ തലവൻ, എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി വി എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാൽ പിന്മാറിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എസ്‌പി മാറിയതിനു പിന്നാലെ ഡിവൈഎസ്‌പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തിൽ ഡിവൈഎസ്‌പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പൻ, നീലേശ്വരം സിഐ പി.നാരായണൻ എന്നിവർ പുതുതായി വന്നു. എസ്‌ഐമാരായ ജയചന്ദ്രൻ, ഫിലിപ് തോമസ്, പുരുഷോത്തമൻ, കൃഷ്ണകുമാർ തുടങ്ങിയവരുമുണ്ട്.

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പീതാംബരനും സംഘവുമല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് സത്യനാരായണൻ രംഗത്ത് വന്നിട്ടുണ്ട് . ആസൂത്രണം നടത്തിയത് പീതാംബരനും നേതാക്കളും ചേർന്നാണ്. അരുംകൊല നടത്തിയത് പരിശീലനം നേടിയ മറ്റ് സംഘമാണെന്നും പീതാംബരൻ പറഞ്ഞു. ഇവരെ പിടികൂടാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും കൊല്ലപ്പെട്ട ശരത്തിന്റേയും കൃപേഷിന്റേയും രക്ഷിതാക്കൾ പറഞ്ഞു. ഇതിന്റെ സൂചനകൾ പൊലീസിനും കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെയാണ് സംശയം. എന്നാൽ ഇത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലെ അന്വേഷണം സർക്കാരും ആഗ്രഹിക്കുന്നില്ല. ഇതുകൊണ്ടാണ് അന്വേഷണ സംഘത്തെ മാറ്റിമറിച്ചത്. സർക്കാർ പറഞ്ഞാൽ കേൾക്കുന്നവർ മാത്രമേ ഇപ്പോൾ അന്വേഷണ സംഘത്തിലുള്ളൂ. ഇതെല്ലാം ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള തന്ത്രമാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളും വാഹനവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പിടിയിലായവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്ന് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് പറഞ്ഞു കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സർക്കാരിന് കത്ത് നല്കിയിട്ടുണ്ട്. ഇരുവരുടേയും കൊലപാതകം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കുടുംബവും സുഹൃത്തുക്കളും മോചിതരായിട്ടില്ല. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രദേശത്തെ സിപിഎം നേതാക്കൾ തന്നെയാണെന്ന് സുഹൃത്തുക്കളും വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ മുന്നൊരുക്കത്തിന് ശേഷം കൃപേഷും ശരത്തും ബൈക്കിലാണ് വീട്ടിലേക്ക് പുറപ്പെട്ടത്. സുഹൃത്തിന്റെ കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രത്തിന്റെ അഡ്വാൻസ് പണം എടുക്കാനായിരുന്നു യാത്ര. ഇതാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.

സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തിൽ സിപിഎം നേരിട്ട് ഇടപെടുന്നതിന്റെ തെളിവാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നാല് ദിവസം മുൻപ് അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്‌പി വി എം മുഹമ്മദ് റഫീഖിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ മാറ്റിയത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് നാല് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘത്തലവന്റെ മാറ്റം. കേസിലെ മുഖ്യപ്രതികളെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ക്രൈംബ്രാഞ്ച് എസ്‌പി മുഹമ്മദ് റഫീഖിനെ മാറ്റുന്നത്. ഇതോടെയാണ് ആരോപണങ്ങളും ഉയർന്നത്. സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സർക്കാർ തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കേസന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴിയെടുത്തിരുന്നു. മൊഴിപ്രകാരം കേസുമായി ബന്ധപ്പെട്ട് പ്രാദേശിക - ജില്ലാതലത്തിലെ കൂടുതൽ സിപിഎം പ്രവർത്തകരെയും നേതാക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് അന്വേഷണ സംഘത്തലവനെ മാറ്റുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബവും കോൺഗ്രസ് നേതൃത്വവും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ നിൽക്കുകയാണ്.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പെരിയ -കല്യോട്ടെ ശരത്ത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ക്വട്ടേഷൻ നൽകിയത് പത്ത് ലക്ഷത്തിലേറെ രൂപയെന്ന് സൂചനയും പുറത്തു വന്നിട്ടുണ്ട്. സിപിഎം. കാരും സമ്പന്നരുമായ ശാസ്താ ഗംഗാധരനും മലഞ്ചരക്കു വ്യാപാരി വത്സരാജുമാണ് ക്വട്ടേഷൻ നൽകാൻ പണം ചിലവഴിച്ചതെന്നാണ് ആരോപണം. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് സൂചിപ്പിച്ചേയില്ല. ശാസ്താ ഗംഗാധരന്റെ സഹോദരന്മാരായ മധു, പത്മനാഭൻ എന്നിവരും ബന്ധുവായ മുരളിയും ഈ കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശാസ്താ ഗംഗാധരനും സുഹൃത്തായ മലഞ്ചരക്കു വ്യാപാരി യുമാണ് ഇരട്ട കൊലക്കേസിലെ പ്രധാന കണ്ണികൾ. ഇവർക്ക് മുകളിൽ നിന്നും ഏത് തലം വരെ സംരക്ഷണം ഉറപ്പിച്ചെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏരിയാ തലം വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥരെ തുരുതുരാ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട ശരത്തലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കൾ ആദ്യം മുതൽ തന്നെ ഈ രണ്ടു പേർക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ലോക്കൽ പൊലീസ് അത് അവഗണിക്കുകയായിരുന്നു. കൊലക്ക് മുമ്പ് തന്നെ ഗംഗാധരനും വത്സരാജും രക്ഷപ്പെടാനുള്ള പഴുതുകൾ തേടിയതായി തെളിവുകൾ സൂചിപ്പിക്കുന്നു. തന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ഇരുപതോളം വാഹനങ്ങൾ എല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വത്സരാജും തന്റെ കടയിലെ റബ്ബറടക്കമുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങൾ കടത്തിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചു.

മാത്രമല്ല 50 ലക്ഷം രൂപക്ക് കട ഇൻഷൂർ ചെയ്യുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ലോക്കൽ കമ്മിറ്റി അംഗവും മുഖ്യപ്രതിയുമായ എ. പീതാംബരനുമായി ചേർന്ന് ഗംഗാധരന്റെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറിൽ തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും കൊണ്ടിട്ടു. ഇതാണ് കൊല നടത്താൻ ഉപയോഗിച്ചതെന്ന് പൊലീസിന്റെ തെളിവെടുപ്പിൽ എ. പീതാംബരനും മൊഴി നൽകി. കേസ് അട്ടിമറിക്കാനാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP