Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് സർജൻ പോലും കണ്ടില്ല; സംഭവം നടന്ന് പത്ത് മിനിറ്റിനുള്ളിൽ പീതാംബരനെ ഫോണിൽ വിളിച്ച ആൾ പ്രതിപട്ടികയിൽ ഇല്ലേ? എട്ടാം പ്രതി സുബീഷിനെ ബംഗളൂരുവിലും അബുദാബിയിലും കൊണ്ട് പോയതിന് പിന്നിൽ ആര്? കൃപേഷിനേയും ശരത് ലാലിനേയും വെട്ടിനുറുക്കിയ പ്രതികളെ സഹായിക്കാൻ കുറ്റപത്രം മുഴുവൻ പൊലീസിന്റെ തോന്ന്യവാസങ്ങളെന്ന് ആരോപണവുമായി മുൻ എ.ജി ആസഫലി

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് സർജൻ പോലും കണ്ടില്ല; സംഭവം നടന്ന് പത്ത് മിനിറ്റിനുള്ളിൽ പീതാംബരനെ ഫോണിൽ വിളിച്ച ആൾ പ്രതിപട്ടികയിൽ ഇല്ലേ? എട്ടാം പ്രതി സുബീഷിനെ ബംഗളൂരുവിലും അബുദാബിയിലും കൊണ്ട് പോയതിന് പിന്നിൽ ആര്? കൃപേഷിനേയും ശരത് ലാലിനേയും വെട്ടിനുറുക്കിയ പ്രതികളെ സഹായിക്കാൻ കുറ്റപത്രം മുഴുവൻ പൊലീസിന്റെ തോന്ന്യവാസങ്ങളെന്ന് ആരോപണവുമായി മുൻ എ.ജി ആസഫലി

രഞ്ജിത്ത് ബാബു

കണ്ണൂർ: ആയിരത്തി എണ്ണൂറ് പേജുവരുന്ന പെരിയ ഇരട്ട കൊല കേസിന്റെ കുറ്റപത്രത്തിൽ പ്രതികളെ സഹായിക്കാൻ പൊലീസ് ചെയ്ത തോന്ന്യാസങ്ങളാണ് നിറഞ്ഞിരിക്കുന്നതെന്ന് അഡ്വ.ടി. ആസഫലി. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടർക്കു പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് ആസഫലി മറുനാടൻ മലയാളിയോട് പറഞ്ഞു. കുറ്റ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. നാല് ജി.ഐ. പൈപ്പും രണ്ട് എർത്ത് പൈപ്പും ഒരു സ്‌ക്വയർ പൈപ്പും മൂന്ന് വാളും എന്നിവയാണ് കുറ്റ കൃത്യത്തിന് ഉപയോഗിച്ചതെന്ന് പറഞ്ഞ് പൊലീസ് കണ്ടെടുത്തത്. എന്നാൽ ഈ ആയുധങ്ങൾ കൊണ്ടല്ല കുറ്റകൃത്യങ്ങൾ നടത്തിയത്. കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് സർജൻ പോലും കണ്ടിരുന്നില്ല.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷും ശരത്ലാലും അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും മൃതദേഹ പരിശോധന നടത്തിയ ഫോറൻസി സർജനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി പോലുമെടുത്തില്ല. പൊലീസ് കണ്ടെടുത്തതുപോലെ മൂർച്ചയില്ലാത്ത ആയുധങ്ങൾ കൊണ്ടല്ല രണ്ട് കൊലപാതകങ്ങളും നടന്നതെന്ന നിഗമനങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു. യഥാർത്ഥത്തിൽ കൊലചെയ്യാനുപയോഗിച്ച ആയുധങ്ങൾ എവിടെയാണുള്ളത്? ഇനിയും അത് കണ്ടെത്താൻ പൊലീസിനായിട്ടില്ല. കൊലക്കുപയോഗിച്ച ആയുധങ്ങൾ എവിടെ നിന്നാണ് കണ്ടെടുത്തത്.? ആരാണ് അത് ഉണ്ടാക്കിയത് ? ഇതിനൊന്നും കുറ്റപത്രത്തിൽ ഉത്തരമില്ല. എട്ടാം പ്രതി സുബീഷ് ചുമട്ടു തൊഴിലാളിയാണ്. എന്നാൽ പൊലീസ് രേഖപ്പെടുത്തിയത് പെയിന്റർ എന്നാണ്.

കുറ്റം നടത്തിയ ശേഷം സുബീഷിനെ ബംഗളൂരുവിൽ കൊണ്ടു പോയി താമസിപ്പിച്ചു. പിന്നീട് വിസയെടുത്ത് അബുദാബിയിലും കൊണ്ടു പോയി. ഇതിന്റെയെല്ലാം പിറകിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.പെരിയ കൊല നടക്കുന്നതിന് തൊട്ടു മുമ്പ് ഒന്നാം പ്രതി എ. പീതാംബരൻ യോഗം വിളിച്ചു ചേർത്തിരുന്നു. കേസിലെ ഒന്നു മുതൽ എട്ട് വരെ പ്രതികളും മറ്റ് ചിലരും ഈ യോഗത്തിനുണ്ടായിരുന്നു. അവർ ആരെല്ലാം ? കൊല നടന്ന് പത്ത് മിനുട്ടിന് ശേഷം പീതാംബരനെ ഫോണിൽ വിളിച്ചയാൾ കേസിൽ പ്രതിയല്ല. അതാരാണ് ? കോൺവോയ് ആയാണ് കില്ലർ ഗ്യാങ് കൊലപാതക ദിവസം കാറുകളിലും ബൈക്കുകളിലുമായി സഞ്ചരിച്ചത്. ഇതിൽ നാല് പേർ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. മറ്റുള്ളവർ എവിടെ ? ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികളെ സിപിഎം. നേതാക്കളായ ബാലകൃഷ്ണൻ, മണികണ്ഠൻ, എന്നിവർ പാർട്ടി ഓഫീസിലേക്ക് കുറ്റകൃത്യത്തിന് ശേഷം വിളിച്ച് സ്വീകരിക്കുകയായിരുന്നു. ഇതൊന്നും കുറ്റകൃത്യത്തിൽ വ്യക്തമാക്കിയിരുന്നില്ല. കേസ് അട്ടിമറിക്കാനുള്ള സർവ്വ ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നുവെന്ന് ആസഫലി ആരോപിക്കുന്നു.

കുറ്റവാളികളെ വിചാരണ കൂടാതെ രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും കുറ്റപത്രത്തിൽ ഒളിഞ്ഞു കിടന്നിരുന്നു. കേസിലെ രണ്ടാം പ്രതിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസിനെ ഭീഷണിപ്പെടുത്തി കാർ തിരിച്ച് നൽകിയതിന് പിന്നിൽ മുൻ എംഎൽഎ കെ. കുഞ്ഞിരാമനായിരുന്നു. സിപിഎം. നേതാവായ വി. പി. മുസ്തഫ കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റേയും പേര് പറഞ്ഞ് അവരെ ഇല്ലാതാക്കുമെന്ന് പൊതുയോഗത്തിൽ പ്രസംഗിക്കുകയാണ്ടായി. എന്നാൽ ഇതൊന്നും കുറ്റപത്രത്തിൽ പരാമർശിക്കുക പോലുമുണ്ടായില്ല.തെളിവുകളോ സാക്ഷികളോ ഈ കൊലപാതകത്തിലുണ്ടാവരുതെന്ന കണക്കു കൂട്ടൽ അക്രമികൾ കൃത്യമായി നടപ്പാക്കി. ഇരുട്ടിന്റെ മറവിൽ ഒരു സിപിഎം. പ്രവർത്തകന്റെ വീട്ടിന് മുന്നിൽ വച്ചാണ് കൃത്യം നടത്തിയത്. ശരത്ത് ലാലിന്റെ തലക്കേറ്റ വെട്ട് തന്നെ മരണ കാരണമായി.

സഞ്ചരിച്ച ബൈക്കിൽ തന്നെ ചാരി നിർത്തിയ നിലയിലാണ് ശരത്ത് ലാലിന്റെ ശരീരം കാണപ്പെട്ടത്. തൊട്ടു താഴെ കൃപേഷും നിലത്ത് ഗുരുതരാവസ്ഥയിൽ കാണപ്പെട്ടു. ജീപ്പിലെത്തിയാണ് അക്രമികൾ കൊല നടത്തിയതെന്നാണ് വിവരം. തെളിവുകളോ സാക്ഷികളോ ഈ പാതകത്തിന് ഉണ്ടാവരുതെന്ന ഉന്നതതല ഗൂഢാലോചന ഇതിന് പിറകിലുണ്ടെന്ന് കരുതുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ കൃപേഷിന് തലക്കാണ് വെട്ടേറ്റത്. മരണം ഉറപ്പാക്കി തന്നെയാണ് ഈ അക്രമം നടന്നത്. എന്നാൽ ശരത്ത് ലാലിന് ദേഹമാസകലം വെട്ടേറ്റു. ഒരു പക്ഷേ അക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തിയിരിക്കാം. എന്നാൽ എന്ത് വന്നാലും മരണം ഉറപ്പാക്കി തന്നെയാണ് അക്രമികൾ കൃത്യം നിർവ്വഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP