Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാതായ ലിസി പ്രത്യക്ഷപ്പെടാൻ വൈകിയിരുന്നെങ്കിൽ പെരുവന്താനം പൊലീസിന്റെ തൊപ്പി തെറിച്ചേനെ; രക്ഷിച്ചതു കുറുപ്പംപടി പൊലീസ് പെരിയാറിൽ കണ്ടെത്തിയ യുവതിയുടെ ജഡം ലിസിയുടേതല്ലെന്നു തെളിഞ്ഞതോടെ കേസ് വഴിമാറി; ആരുടേതാണ് ആ മൃതദേഹം?

കാണാതായ ലിസി പ്രത്യക്ഷപ്പെടാൻ വൈകിയിരുന്നെങ്കിൽ പെരുവന്താനം പൊലീസിന്റെ തൊപ്പി തെറിച്ചേനെ; രക്ഷിച്ചതു കുറുപ്പംപടി പൊലീസ് പെരിയാറിൽ കണ്ടെത്തിയ യുവതിയുടെ ജഡം ലിസിയുടേതല്ലെന്നു തെളിഞ്ഞതോടെ കേസ് വഴിമാറി; ആരുടേതാണ് ആ മൃതദേഹം?

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പെരുവന്താനം എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാരുടെ തൊപ്പി തെറിക്കുന്നതിനു തൊട്ടു മുമ്പാണ് ഏബ്രാഹമിന്റെ കാണാതായ ഭാര്യ ലിസിയുടെ പ്രത്യക്ഷപ്പെടൽ. പെരിയാറിൽ കണ്ടെത്തിയ അജ്ഞാതയുവതിയുടെ ജഡം തിരിച്ചറിയുന്നതിനുള്ള നീക്കത്തിനിടെ, നാടുവിട്ട 75 കാരന്റെ നാല്പതുകാരിയായ ഭാര്യയെ കണ്ടെത്താൻ കഴിഞ്ഞതിനാലാണ് പെരുവന്താനം പൊലീസിനു പണി കിട്ടാതിരുന്നത്.

ഈ കേസിൽ അടിമുടി നടന്ന കൃത്യവിലോപത്തിന്റെ പേരിൽ നടപടി കാത്തിരുന്ന ഇവിടത്തെ എസ് ഐ അടക്കമുള്ളവരുടെ തൊപ്പി സംരക്ഷിച്ചത് ലിസിയെ കണ്ടെത്തിയെത്തിച്ച കുറുപ്പംപടി പൊലീസിന്റെ ഇടപെടലായിരുന്നു. കഴിഞ്ഞമാസം 27 ന് കാണാതായ പെരുവന്താനം കൊടികുത്തി അബ്രാഹമിന്റെ ഭാര്യ ലിസിയെയാണ് കുറുപ്പം പടി പൊലീസ് കണ്ടെത്തി പെരുവന്താനം പൊലീസിനു കൈമാറിയത്. ലിസിയെ കാണാതായതായി പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടും അനങ്ങാപ്പാറനയം സ്വീകരിച്ചിരുന്ന പെരുവന്താനം പൊലീസിന് ഇക്കാര്യത്തിൽ കുറുപ്പംപടി പൊലീസിന്റെ നീക്കം അനുഗ്രഹമായി. ജഡം ലിസിയുടേതാണെന്നുള്ള ഏബ്രഹാമിന്റെ വെളിപ്പെടുത്തലോടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ വകുപ്പുതല ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ട സാഹചര്യമായിരുന്നു.

ഏബ്രാഹം മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട ലഭിച്ചതോടെ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം ഉണ്ടായതായി രഹസ്യന്വേഷണ വിഭാഗവും ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലിസിയെ കണ്ടെത്തിയതോടെയാണ് പെരുവന്താനം എസ് ഐ അടക്കമുള്ളവർക്കെതിരെയുള്ള വകുപ്പുതല ശിക്ഷാനടപടികൾ താൽകാലികമായി ഒഴിവായത്.

ഭാര്യയെ കാണാനില്ലെന്ന് വെളിപ്പെടുത്തി എബ്രാഹം പെരുവന്താനം പൊലീസിനെ സമീപിക്കുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരോധാനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തെങ്കിലും ഇക്കാര്യത്തിൽ ഇവർ പേരിന് പോലും അന്വേഷണം നടത്തിയിരുന്നില്ല. കാമുകന്റെയും ലിസ്സിയുടേയും മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മണിക്കൂറുകൾക്കകം തന്നെ ഇവരെ കണ്ടെത്താമായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ 31-ന് പെരിയാറിൽ വേട്ടാമ്പാറ അയിനിച്ചാൽ ഭാഗത്ത് കൈ നഷ്ടപ്പെട്ട്, മുഖം വികൃതമാക്കിയ നിലയിൽകണ്ടെത്തിയ യുവതിയുടെ ജഡം തിരിച്ചറിയുന്നതിനുള്ള ശ്രമത്തിനിടെ നെല്ലിക്കുഴിയിലെ കാമുകന്റെ വീട്ടിൽ നിന്നും കുറുപ്പംപടി പൊലീസാണ് ലിസ്സിയെ കണ്ടെത്തിയത്. പെരുവന്താനം പൊലീസ് അറിയിച്ചത് പ്രകാരം ഏബ്രാഹം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം കാണുകയും ജഡം കാണാതായ തന്റെ ഭാര്യയുടേതാണാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

പിൻകഴുത്തിലെ മുഴയും മുഖത്തെ പൊള്ളിയ പാടും ഉൾപ്പെടെ ഇയാൾ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഏതാണ്ട് ഒത്തുവന്നതോടെ പൊലീസിനും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും ഒന്നുകൂടെ ഉറപ്പുവരുത്തുന്നതിനായി വയോധികൻ പറഞ്ഞ വിവരങ്ങൾ പ്രകാരം അന്വേഷണം തുടരാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഭാര്യക്ക് കാമുകനുണ്ടെന്നും ഇവർ തമ്മിൽ പണവും സ്വർണ്ണാഭരണങ്ങളും കൊടുക്കൽ വാങ്ങൽ ഉണ്ടെന്നും എബ്രാഹം പെരുവന്താനം പൊലീസിനെ ധരിപ്പിച്ചിരുന്നു.

ഒരുമാസം മുമ്പ് തന്റെ കൈയിൽ നിന്നും കാമുകൻ പണവും ആഭരണവും തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതിയുമായി എത്തുകയും വിഷയം പറഞ്ഞുതീർത്തായി വെളിപ്പെടുത്തി പിന്നീട് പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.ഈ പരാതിയിൽ നൽകിയിരുന്ന സൂചനകളും ഏബ്രാഹമിന്റെ വെളിപ്പെടുത്തലുകളും പ്രകാരം ഇയാളുടെ ഭാര്യയുടെ കാമുകനെ തിരിച്ചറിയാനായത് അന്വേഷണ വഴിയിൽ പൊലീസിന് നേട്ടമായി.

തുടർന്ന് പൊലീസ് നെല്ലിക്കുഴി സ്വദേശിയായ കാമുകനെ പൊക്കിയതോടെ കാര്യങ്ങളുടെ കിടപ്പു കൂടുതൽ വ്യക്തമായി.പീരീമേട് ഭാഗത്ത് പാതയോരത്ത് പെട്ടിക്കട നടത്തിവന്നിരുന്ന സ്ത്രീയുമായി ഇയാൾ പ്രണയത്തിലായിട്ട് മാസങ്ങളായിരുന്നു. വിവാഹം കഴിച്ചോളാമെന്ന ഉറപ്പിലാണ് യുവതി നെല്ലിക്കുഴി സ്വദേശിയായ പ്രദീപിനൊപ്പം നാടുവിട്ടത്. കോടതിയിൽ ഹാജരാക്കിയ യുവതി എബ്രാഹമിനൊപ്പം പോകാൻ സന്നദ്ധത അറിയിക്കുകയും മജിസ്‌ട്രേറ്റ് ഇതിന് അനുമതി നൽകുകയുമായിരുന്നു.

വേറെ ഭർത്താവും മക്കളുമുള്ള ലിസി നേരത്തെ കോട്ടയത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി പെരുവന്താനം പൊലീസ് സ്‌റ്റേഷനടുത്ത് പെട്ടിക്കട നടത്തിവരികയായിരുന്നു. ആദ്യവിവാഹത്തിൽ മക്കളുള്ള യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കൊപ്പം താമസമാരംഭിക്കുകയായിരുന്നെന്നാണ് എബ്രാഹം പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ലിസ്സിയെ കണ്ടുകിട്ടിയതോടെ സമീപജില്ലകളിൽ നിന്നും കാണാതായതായി പരാതിയുള്ള യുവതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് പൊലീസ്. ഇതുവഴി അജ്ഞാത ജഡം തിരിച്ചറിയുന്നതിനുള്ള തുമ്പെന്തെങ്കിലും ലഭിക്കുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ.ശാസ്ത്രീയ മാർഗങ്ങളിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP