Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ തട്ടിക്കൊണ്ടുപോയതിൽ ഗൂഢാലോചനയില്ല; തനിക്കാരും ക്വട്ടേഷൻ തന്നിട്ടില്ല; കോയമ്പത്തൂരിൽനിന്ന് കേരളത്തിലെത്തിയത് ബൈക്കിലെന്നും പൾസർ സുനിയുടെ മൊഴി; ആലുവ പൊലീസ് ക്ലബിൽ പൾസറിനെയും വിജേഷിനെയും ചോദ്യംചെയ്യുന്നതു തുടരുന്നു

നടിയെ തട്ടിക്കൊണ്ടുപോയതിൽ ഗൂഢാലോചനയില്ല; തനിക്കാരും ക്വട്ടേഷൻ തന്നിട്ടില്ല; കോയമ്പത്തൂരിൽനിന്ന് കേരളത്തിലെത്തിയത് ബൈക്കിലെന്നും പൾസർ സുനിയുടെ മൊഴി; ആലുവ പൊലീസ് ക്ലബിൽ പൾസറിനെയും വിജേഷിനെയും ചോദ്യംചെയ്യുന്നതു തുടരുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോവാൻ തനിക്ക് ആരും ക്വട്ടേഷൻ തന്നിട്ടില്ലന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും അറസ്റ്റിലായ പൾസർ സുനിയുടെ മൊഴി നല്കിയതായി റിപ്പോർട്ട്. എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ്(എസിജെഎം) കോടതിയിൽനിന്ന് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൾസർ സുനിയെയും കൂട്ടാളി വിജേഷിനെയും ആലുവ പൊലീസ് ക്ലബിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷനോ ഗൂഢാലോചനയോ ഇല്ലെന്ന് പൾസർ സുനി പൊലീസിനോട് പറഞ്ഞതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടിയെ അക്രമിച്ചിതിന് പിന്നിൽ സിനിമാ മേഖലയിലെ ആരെങ്കിലുമുണ്ടോയെന്ന് കേസിന്റെ ആദ്യ ഘട്ടം മുതൽ സംശയമുണ്ടായിരുന്നു. ഒരു പ്രമുഖ നടന് കേസിൽ പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ക്വട്ടേഷൻ നൽകിയത് സിനിമാ മേഖലയിലെ ഒരു സ്ത്രീയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം ശരിയാണോ തുടങ്ങിയകാര്യങ്ങളും സുനിയോട് ചോദിച്ചറിയേണ്ടതുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോകാനായി ഒരു മാസമായി അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് സുനി പൊലീസിനോടു പറഞ്ഞതായാണു ലഭിക്കുന്ന വിവരം. കോയമ്പത്തൂരിൽനിന്ന് തങ്ങൾ കേരളത്തിലെത്തിയത് ബൈക്കിലാണെന്നും ഇവർ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ട്.

അക്രമം ക്വട്ടേഷനല്ല എന്ന തരത്തിലാണു പൾസർ സുനി ആദ്യ ഘട്ടത്തിൽ മൊഴി നൽകിയിരിക്കുന്നതെങ്കിലും ഇതു പൂർണമായി വിശ്വസിക്കാൻ പൊലീസ് തയാറായിട്ടില്ല. വിജീഷിനെ പ്രത്യേകം ചോദ്യം ചെയ്യാനാണു പൊലീസിന്റെ നീക്കം. ഇരുവരുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം. ക്വട്ടേഷനല്ലെന്ന പൾസർ സുനിയുടെ വാദം അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുക്കുന്നത് ഇതിനുശേഷമായിരിക്കും.

സംഭവം നടന്ന് ആറാംദിവസമാണ് പൾസർ സുനിയെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിരിക്കുന്നത്. ഈ ദിവസങ്ങളിൽ പൾസർ സുനി ആരുമായെല്ലാം ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഫോൺ വിളികളുടെ വിശദമായ ലിസ്റ്റ് എടുത്താണ് ചോദ്യം ചെയ്യൽ.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആലുവ പൊലീസ് ക്ലബിൽ പ്രതികളെ ചോദ്യം ചെയ്യുന്നത്. ഐജി വിജയൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ക്ലബിലെത്തിയിരുന്നു. ക്വട്ടേഷനോ ഗൂഡാലോചയോ ഇല്ലെങ്കിൽ നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണ് അക്രമം എന്ന തരത്തിലേക്കാവും പൊലീസ് എത്തുക.

ഇന്ന് ഉച്ചയ്ക്ക് നാടകീയമായാണ് പൾസർ സുനിയെയും വിജീഷിനെയും പൊലീസ് പിടികൂടിയത്. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതികളെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിഭാഷകരുടെ വേഷത്തിൽ ബൈക്കിലെത്തി മതിൽ ചാടിക്കടന്ന് കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു പ്രതികൾ. പൊലീസ് ഓടിയെത്തി ഇവരെ ബലമായി വലിച്ചിഴച്ച് പുറത്തിറക്കുകയായിരുന്നു. ഈ സമയം കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞിരിക്കുകയായിരുന്നു.

കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനെതിരേ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അവരുടെ അഭിഭാഷകൻ പരാതി നല്കുകയും ചെയ്തു. എന്നാൽ ഈ കോടതിയിയിൽ ഇവരുമായി ബന്ധപ്പെട്ട ഹർജികളോ കേസുകളോ ഇല്ലെന്നു കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത എറണാകുളം പൊലീസിനോട് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്ന നെടുമ്പാശേരി സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP