Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയവിവാഹമയാതിനാൽ സ്ത്രീധനം കിട്ടിയില്ല; സന്ധ്യയുടെ സഹോദരിക്ക് സത്രീധനം നൽകുമെന്ന് അറിഞ്ഞപ്പോൾ കലഹം മൂത്തു; വസ്തുവിറ്റ് പണം തരാമെന്ന വാഗ്ദാനം നടക്കാതെ വന്നപ്പോൾ പെന്തകോസ്ത് പാസ്റ്റർ കൊലയാളിയായി; പിറവത്തെ നടുക്കിയ ദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ

പ്രണയവിവാഹമയാതിനാൽ സ്ത്രീധനം കിട്ടിയില്ല; സന്ധ്യയുടെ സഹോദരിക്ക് സത്രീധനം നൽകുമെന്ന് അറിഞ്ഞപ്പോൾ കലഹം മൂത്തു; വസ്തുവിറ്റ് പണം തരാമെന്ന വാഗ്ദാനം നടക്കാതെ വന്നപ്പോൾ പെന്തകോസ്ത് പാസ്റ്റർ കൊലയാളിയായി; പിറവത്തെ നടുക്കിയ ദുരന്തത്തിന്റെ ചുരുളഴിയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

പിറവം: മക്കൾ ഉറങ്ങാൻ കാത്തിരുന്നു. പിന്നെ ഓരോരുത്തരെയായി ശബ്ദമുണ്ടാക്കാതെ ഉണർത്തി അടുത്ത മുറിയിൽ കൊണ്ടുപോയി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. മക്കളാരും മരണവെപ്രാളത്തിന്റെ ശബ്ദമുയർത്തിയില്ല. മകളുടെ ജഡം ജനൽക്കമ്പിയിൽ കെട്ടിത്തൂക്കി. പിന്നെ പിതാവ് സ്വയം ജീവനൊടുക്കി. അടുത്തമുറിയിൽ ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയായിരുന്നു.

നാടിനെ നടുക്കിയ പിറവം പാലച്ചുവടിലെ ഗൃഹനാഥന്റെ ആത്മഹത്യയെക്കുറിച്ചും മക്കളുടെ കൊലപാതകത്തെ സംബന്ധിച്ചും പൊലീസിന്റെ പ്രാഥമീക വിലയിരുത്തൽ ഇങ്ങനെയാണ്. മുളക്കുളം നോർത്തിൽ ബിപിസി കോളേജിന് സമീപം താമസിക്കുന്ന വെള്ളാങ്കൽ വീട്ടിൽ റെജിമോൻ (38), മക്കളായ അഭിനോവ് (15), ആൽവിയ (12) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ റെജിയുടെ ഭാര്യ സന്ധ്യയെ അയൽവാസികൾ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ട ഇവർക്ക് ഭർത്താവും മക്കളും നഷ്ടപ്പെട്ടതിന്റെ മാനസികാഘാതമൊഴിച്ചാൽ് മറ്റസുഖങ്ങളൊന്നുമില്ലെന്നാണ്് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഹാളിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിമോന്റെ ജഡം കാണപ്പെട്ടത്. മകൾ ആൽവിയയുടെ ജഡം കിടപ്പുമുറിയിലെ ജനലിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂക്കിയ നിലയിയും മകൻ അഭിനോവിന്റെ ജഡം ഇതേ മുറിയിലെ കട്ടിലിലുമാണ് കാണപ്പെട്ടത്. സംഭവ ദിവസം രാത്രി പതിനൊന്നോടെ മക്കൾ കട്ടിലിലും താൻ ഇവരുടെ കാൽഭാഗത്തായി തറയിലുമാണ് ഉറങ്ങാൻ കിടന്നതെന്നാണ് സന്ധ്യ പൊലീസിനെ അറിയിച്ചിട്ടുള്ളത്. പനി ഉണ്ടായിരുന്നതിനാൽ ഡോളോ ഗുളിക കഴിച്ചിരുന്നെന്നും അതിനാൽ കിടന്ന പാടെ താൻ ഉറങ്ങിപ്പോയെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പൊലീസ് സംഘത്തോട് സന്ധ്യ വെളിപ്പെടുത്തിയിട്ടുണ്ട്.

മകൻ അഭിനോവാണ് ആദ്യം കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും ലഭിക്കുന്ന സൂചന. കഴുത്തിൽ കയർകൊണ്ട് കുരുക്കിട്ടു മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിട്ടുള്ളത്. പിന്നീട് ഇതേ കയർ ഉപയോഗിച്ചാണ് ആൽവിയയെ കെട്ടിത്തൂക്കിയിരിക്കുന്നത്. മൃതദേഹങ്ങൾ കാണപ്പെട്ട മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണാനില്ല. ഇതുകൊണ്ടാണ് ഓരോരുത്തരെയായി ഉറക്കമുണർത്തി വിളിച്ചുകൊണ്ടുവന്ന് റെജിമോൻ കൊല നടത്തുകയായിരുന്നെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിട്ടുള്ളത്. കുട്ടികളുടെ ഉറക്കച്ചടവ് ആയസമില്ലാതെ കൃത്യം നടത്താൻ റെജിക്ക് സഹായകമായിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു.

ഇടുക്കി നാരകത്താനത്ത് പാസ്റ്ററായി ജോലിനോക്കുന്ന റെജിമോൻ സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയതുമുതൽ രാത്രി പതിനൊന്നോടെ ഉറങ്ങാൻ കിടക്കുന്നതുവരെയുള്ള സംഭവങ്ങളുടെ ഏകദേശ വിവരണം ഭാര്യ സന്ധ്യ ഇന്നലെ പൊലീസിന് നൽകിയിരുന്നു. ഇതും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടും കണക്കിലെടുത്താണ് കുട്ടികളുടെ കൊലപാതകവും അനുബന്ധമായി നടന്ന റെജിയുടെ ആത്മഹത്യയും സംബന്ധിച്ച് പൊലീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്.

സംഭവത്തിന്റെ മൂലകാരണം, സന്ധ്യയുടെ പിതാവ് റെജിമോന് നൽകാമെന്നേറ്റ പണം നൽകാത്തതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുടുംബസ്വത്തിൽ നിന്നും പത്ത ്‌സെന്റ് സ്ഥലം സന്ധ്യക്ക് നൽകാമെന്ന് പിതാവ് നേരത്തെ സമ്മതിച്ചിരുന്നു. സ്ഥലം വേണ്ടെന്നും ഇതിനുള്ള തുക കണക്കാക്കി നൽകിയാൽ മതിയെന്നുമായിരുന്നു ഇക്കാര്യത്തിൽ റെജിമോന്റെ നിലപാട്. ഒരുഘട്ടത്തിൽ ഇത് സന്ധ്യയുടെ പിതാവ് സമ്മതിക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായില്ല. ഇതിനെച്ചൊല്ലി കുടുംബകലഹം പതാവായിരുന്നെന്നും ബന്ധുക്കൾ പൊലീസിൽ വിവരം നൽകിയിട്ടുണ്ട്. ഇരുവരും സ്‌നേഹിച്ച് വിവാഹിതരായതിനാൽ റെജിക്ക് സ്ത്രീധനമൊന്നും ലഭിച്ചിരുന്നില്ല. സന്ധ്യയുടെ സഹോദരിയെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിച്ചയയ്ക്കാൻ ഭാര്യവീട്ടുകാർ നീക്കം നടത്തുന്നത് അറിഞ്ഞതു മുതൽ റെജി വീട്ടിൽ വഴക്കായിരുന്നുവെന്നും സംഭവദിവസം ചിരവ കൊണ്ട് അടിച്ചതായും സന്ധ്യ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പത്തിന് പാലക്കാട്ടെ കുടുംബവീട്ടിൽ നടക്കുന്ന സഹോദരിയുടെ മനസമ്മതത്തിന് പോകണമെന്ന് സന്ധ്യ ആവശ്യപ്പെടുകയും ഇതേത്തുടർന്നുണ്ടായ വാക്കേറ്റവുമാണ് ഈ ദാരുണസംഭവത്തിന് വഴിതെളിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടപ്പോൾ പിതാവ് നൽകാനുള്ള പണം നൽകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഭർത്താവിന്റെ നിലപാടെന്നും ഇതിനെച്ചൊല്ലി വാക്കുതർക്കം മൂത്ത് തന്നെ മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കിവിടുകയും ചെയ്‌തെന്നും സന്ധ്യപറയുന്നു. ഇക്കാര്യം വിളിച്ചറിയിച്ചപ്പോൾ നാളെ വീട്ടിലേക്ക് വരാമെന്ന് പിതാവ് അറിയിച്ചെന്നും ഭർത്താവിന്റെ മുന്നിൽ ചെല്ലാൻ ഭയമായതിനാൽ മക്കളുടെ മുറിയിലെത്തി ഉറങ്ങാൻ കിടന്നെന്നും പുലർച്ചെ എഴുന്നേറ്റപ്പോൾ കട്ടിലിൽ മക്കളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഭർത്താവും മക്കളും മരിച്ച വിവരം അറിയുന്നതെന്നുമാണ് സന്ധ്യ പൊലീസിൽ നൽകിയിട്ടുള്ള വിവരം. ഇന്നു വൈകുന്നേരത്തോടെയോ നാളയോ സന്ധ്യയുടെ മൊഴിയെടുക്കാനാണ് ലക്ഷ്യമിട്ടുള്ളതെന്നും ഇതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നും പൊലീസ് അറിയിച്ചു.

സന്ധ്യയെ കൊലപ്പെടുത്താൻ റെജി തയാറാകാത്തത് മക്കളുടേയും തന്റേയും മരണത്തിലൂടെ സന്ധ്യക്ക് മനോവിഷമുണ്ടാക്കാനാണെന്നാണ് വിലയിരുത്തൽ. പെയിന്റിങ് തൊഴിലാളിയായ റെജി, ഹോട്ടൽ ജോലിയടക്കം പലതും ചെയ്തിട്ടുണ്ട്. മകൻ അഭനോവ് പഠനത്തിൽ മിടുക്കനായിരുന്നു. കുട്ടിക്ക് ഹൃദയവാൽവിന് തകരാറുള്ളതിനാൽ റോട്ടറി ക്ലബിന്റെ സഹായത്തോടെ ഡൽഹിയിൽ ഓപ്പറേഷൻ നടത്തിയാണ് സുഖപ്പെടുത്തിയത്. പുലർച്ചെ 4.45-ഓടെ സന്ധ്യയുടെ നിലവിളി കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. രാത്രി വീട്ടിൽ ബഹളമുണ്ടായതായി സമീപവാസികൾ പറയുന്നുണ്ട്. പിറവം സിഐ ബി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടികൾ പിറവം എം കെ എം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. അഭിനോവ് പത്താം ക്ലാസിലും, ആൽവിയ ഏഴാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP