Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീനിയേഴ്‌സ് പറഞ്ഞതുപോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല; കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കന്ററിയിലെ പ്‌ളസ് വൺ കാരനെ പ്‌ളസ് ടുക്കാർ വളഞ്ഞിട്ടു തല്ലി; ആക്രമണം പെൺകുട്ടികൾ ഉൾപ്പെടെ സഹവിദ്യാർത്ഥികളുടെ മുന്നിൽവച്ച്; മുളകുപൊടി മുഖത്തെറിഞ്ഞും മുഖത്തെറിഞ്ഞും താഴെയിട്ട് ചവിട്ടിക്കൂട്ടി അക്രമം; ആറ് വിദ്യാർത്ഥികൾക്ക് എതിരെ കേസ്

സീനിയേഴ്‌സ് പറഞ്ഞതുപോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല; കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കന്ററിയിലെ പ്‌ളസ് വൺ കാരനെ പ്‌ളസ് ടുക്കാർ വളഞ്ഞിട്ടു തല്ലി; ആക്രമണം പെൺകുട്ടികൾ ഉൾപ്പെടെ സഹവിദ്യാർത്ഥികളുടെ മുന്നിൽവച്ച്; മുളകുപൊടി മുഖത്തെറിഞ്ഞും മുഖത്തെറിഞ്ഞും താഴെയിട്ട് ചവിട്ടിക്കൂട്ടി അക്രമം; ആറ് വിദ്യാർത്ഥികൾക്ക് എതിരെ കേസ്

ആർ പീയൂഷ്

കാസർഗോഡ്: പ്ലസ്ടു വിദ്യാർത്ഥികൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിക്കാതിരുന്നതിനും ഷൂ ധരിച്ചു വന്നതിനും പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചവശനാക്കിയത്. കയ്യിൽ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം.

കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാർത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയോട് തങ്ങൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ചു പ്ലസ് ടു വിദ്യാർത്ഥി വാക്കേറ്റമുണ്ടാക്കി.

ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടി വന്ന പ്ലസ് വൺ വിദ്യാർത്ഥിയെ പിൻതുടർന്നെത്തിയ സീനിയർ വിദ്യാർത്ഥികൾ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. മുളക് പൊടി വിദ്യാർത്ഥിയുടെ മുഖത്തേക്ക് എറിയുകയും മുഖത്തടിച്ച് താഴെയിട്ട് ചവിട്ടുകയും ക്ലാസ്സിലുണ്ടായിരുന്ന മേശ എടുത്തുയർത്തി ദേഹത്തേക്ക് ഇടുകയുമായിരുന്നു. പിന്നാലെ കസേര എടുത്തടിക്കുകയും ചെയ്തു.

ഈ സമയം പത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥിയെ താഴെയിട്ട് ചവിട്ടിയത്. ഉച്ചത്തിൽ കരഞ്ഞു വിളിച്ചിട്ടും വിദ്യാർത്ഥിയെ അവർ വെറുതെ വിട്ടില്ല. താഴെ നിന്നും എഴുന്നേറ്റ വിദ്യാർത്ഥിയെ വീണ്ടും കമ്പിവടിയും കോമ്പസും ഉപയോഗിച്ച് ആക്രമിച്ചു. ക്ലാസ്സിലുണ്ടായിരുന്ന മറ്റ് ആൺകുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണം കണ്ട് ഭയന്ന പെൺകുട്ടികൾ നിലവിളിച്ചതോടെ അദ്ധ്യാപകർ എത്തിയപ്പോഴാണ് വിദ്യാർത്ഥികൾ അക്രമം നിർത്തിയത്.

അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ്സ് മുറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളടക്കം വിദ്യാർത്ഥികൾക്കെതിരെ സ്‌ക്കൂൾ അധികൃതർ പരാതി നൽകി. കൂടാതെ മർദ്ദനമേറ്റ വിദ്യാർത്ഥിയും പരാതി നൽകി. ഇതോടെ ഹൊസ്സ്ദുർഗ് പൊലീസ് ആറു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.

റാഗിങ്ങ് നടത്തി ആക്രമണം നടത്തിയ വിദ്യാർത്ഥികളെ അന്നു തന്നെ സ്‌ക്കൂൾ അധികൃതർ പുറത്താക്കി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകുകയും വിദ്യാഭ്യാസ വകുപ്പിന് കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നും അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾക്കെതിരെ റാഗിങ്ങ് ആക്ട് പ്രകാരവും 143,147,323,324 തുടങ്ങിയ വകുപ്പ് പ്രകാരവും കേസെടുത്തു എന്ന് ഹൊസ്ദുർഗ്ഗ് എസ്‌ഐ സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP