Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വ്യാജമായി ഉണ്ടാക്കിയത് 21,049 അക്കൗണ്ടുകൾ; ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും അനുബന്ധ കമ്പനികൾക്കുമായി 44 വായ്പകൾ നൽകിയതോടെ നഷ്ടമുണ്ടായത് 4,335 കോടി രൂപ; മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ 17 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കുറ്റവാളികൾ രാജ്യം വിടാതിരിക്കാൻ

നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വ്യാജമായി ഉണ്ടാക്കിയത് 21,049 അക്കൗണ്ടുകൾ; ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും അനുബന്ധ കമ്പനികൾക്കുമായി 44 വായ്പകൾ നൽകിയതോടെ നഷ്ടമുണ്ടായത് 4,335 കോടി രൂപ; മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ 17 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കുറ്റവാളികൾ രാജ്യം വിടാതിരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ)മായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് 21,049 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയതായി എഫ്‌ഐആർ. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് വായ്പ അനുവദിച്ചതിലൂടെ 4,335 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായും പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നു.

വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബാങ്കിന്റെ ചെയർമാൻ വാര്യം സിങ്ങിനും മാനേജിങ് ഡയറക്ടർ ജോയ് തോമസിനും എതിരേ ചുമത്തിയിരിക്കുന്നത്. എച്ച്.ഡി.ഐ.എല്ലിൽ പ്രൊമോട്ടർമാരായ രാകേഷ് കുമാർ വാധാവൻ, സാരംഗ് വാധാവൻ എന്നിവർക്കെതിരെയാണ് കേസ്. മുൻകരുതലെന്നനിലയിൽ 17 പേർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലും മുന്നറിയിപ്പു നൽകി. രണ്ടുമാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എച്ച്.ഡി.ഐ.എല്ലിനും ഇതിലെ ഉപകമ്പനികൾക്കുമായി പി.എം.സി. 44 വായ്പകളാണ് നൽകിയിട്ടുള്ളത്. ഇവയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഉയർന്ന മൂല്യമുള്ള ഈ വായ്പകൾ 21,049 ചെറു അക്കൗണ്ടുകളിലാക്കി. ഈ അക്കൗണ്ടുകളുടെ വിവരമാണ് ആർ.ബി.ഐ.യിൽ ഉൾപ്പെടെ ഓഡിറ്റിങ്ങിനായി നൽകിയത്. അതേസമയം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ കോർ ബാങ്കിങ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

പിഎംസി ബാങ്കിന്റെ നടത്തിപ്പിനായി റിസർവ് ബാങ്ക് നിയോഗിച്ച അഡ്‌മിനിസ്ട്രേറ്റർ മുൻ മാനേജ്മെന്റിന്റെ സാമ്പത്തികക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ധനകാര്യ സ്ഥാപനമായ എച്ച്.ഡി.ഐ.എല്ലിന് മാനദണ്ഡങ്ങൾ മറികടന്ന് പി.എം.സി. ബാങ്ക് 4,300 കോടി രൂപ വായ്പ നൽകിയെന്നും ഇക്കാര്യം മറച്ചുവെക്കാൻ വ്യാജരേഖകൾ ചമച്ചെന്നുമാണ് പരാതി. കിട്ടാക്കടങ്ങൾ മറച്ചുവെച്ച് ഒരു പതിറ്റാണ്ടായി പിഎംസി. ബാങ്ക് റിസർവ് ബാങ്കിനെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

എമറാൾഡ് റിയാൽറ്റേഴ്സ്, സഫയർ ലാൻഡ്, സോമർസെറ്റ് കൺസ്ട്രക്ഷൻ, ആവാസ് ഡെവലപ്പേഴ്സ് ആൻഡ് കൺസ്ട്രക്ഷൻസ്, സത്യം റിയാൽറ്റേഴ്സ്, പൃഥ്വി റിയാൽറ്റേഴ്സ് തുടങ്ങിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും വായ്പനൽകിയതായി രേഖകളിലുണ്ട്. ഇതിൽ മിക്കതിനും ബാന്ദ്രയിൽ എച്ച്.ഡി.ഐ.എൽ. ഗ്രൂപ്പ് ഒരുക്കിയ ചേരി പുനരധിവാസ അഥോറിറ്റിയുടെ കെട്ടിടത്തിലെ വിലാസമാണ് നൽകിയിരിക്കുന്നത്. ഡയറക്ടർമാരും ഒരേ പാനലിൽനിന്നുള്ളവർതന്നെ. അതേസമയം, എച്ച്.ഡി.ഐ.എൽ. തന്നെയാണ് ഈ ഓഫീസുകൾ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് എച്ച്ഡിഐഎൽ ആസ്ഥാനത്തും പിഎംസിയുടെ ഭാണ്ഡൂപ് ശാഖയിലും പരിശോധന നടത്തി. വായ്പയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. വിവിധ യോഗങ്ങളിലെ ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും അഞ്ചുവർഷത്തെ ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടുമെല്ലാം പിടിച്ചെടുത്തവയിൽപ്പെടുന്നു. അതിനിടെ, പിഎംസി സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എച്ച്ഡിഐഎല്ലിനെതിരേ കോർപ്പറേറ്റ്കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. ബിസിനസ് പരാജയമാണോ അതോ മറ്റെന്തെങ്കിലും പ്രശ്‌നമാണോ ഉള്ളതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

നിലവിൽ രാജ്യത്തെ ഇരുപത്തഞ്ചോളം സഹകരണബാങ്കുകൾ ആർബിഐ അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിൻകീഴിലായുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള ബാങ്കാണ് പിഎംസി. മഹാരാഷ്ട്രക്ക് പുറമേ ഡൽഹി, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പിഎംബിക്ക് ശാഖകളുണ്ട്. ബാങ്കിന്റെ പ്രവർത്തനം ആറ് മാസത്തേക്ക് റിസർവ് ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP