Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുണ്ടാനേതാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് 30 ലക്ഷം രൂപക്ക്; അഡ്വാൻസായി നൽകിയത് മൂന്ന് ലക്ഷം രൂപയും; വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘത്തിന് വഴികാട്ടിയായി നൽകിയത് പറവൂർ സ്വദേശിയേയും; എൽജെപി യുവജന വിഭാഗം ജനറൽ സെക്രട്ടറിയും കുപ്രസിദ്ധ ഗുണ്ടയുമായ അനസിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് ആലുവ സ്വദേശിയായ ലിയാഖത്ത്

ഗുണ്ടാനേതാവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് 30 ലക്ഷം രൂപക്ക്; അഡ്വാൻസായി നൽകിയത് മൂന്ന് ലക്ഷം രൂപയും; വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘത്തിന് വഴികാട്ടിയായി നൽകിയത് പറവൂർ സ്വദേശിയേയും; എൽജെപി യുവജന വിഭാഗം ജനറൽ സെക്രട്ടറിയും കുപ്രസിദ്ധ ഗുണ്ടയുമായ അനസിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് ആലുവ സ്വദേശിയായ ലിയാഖത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ ഗുണ്ടാ നേതാവും എൽജെപി യുവജന വിഭാഗം ജനറൽ സെക്രട്ടറിയുമായ അനസിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് ആലുവ സ്വദേശിയായ ലിയാഖത്ത്. മുപ്പത് ലക്ഷം രൂപ പറഞ്ഞുറപ്പിച്ച ക്വട്ടേഷന് മൂന്ന് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയതായും പിടിയിലായ തമിഴ് ഗുണ്ടാസംഘം പൊലീസിനോട് വെളിപ്പെടുത്തി. 30 ലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളത്തിൽ തങ്ങുകയായിരുന്നു. ഇതിനിടെ ആലുവ റൂറൽ എസ്‌പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സംഘത്തെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് എട്ടംഗ സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

30ലക്ഷം രൂപ പറഞ്ഞുറപ്പിച്ച ഇടപാടിൽ മൂന്നുലക്ഷം രൂപ അഡ്വാൻസും സംഘത്തിന് നൽകിയിരുന്നു. കൊലപാതകത്തിനായി കേരളത്തിലെത്തിയ എട്ടംഗം സംഘം കഴിഞ്ഞ ഒരാഴ്ചയായി മുനമ്പത്തെ ഹോംസ്റ്റേയിൽ കഴിയുകയായിരുന്നു. ഇവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ പിടിയിലായത് ഇന്നലെയാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.തമിഴ് സ്‌റ്റൈലിലുള്ള വാളുകളുമായി ഹോം സ്റ്റേയിൽ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.കന്യാകുമാരി, കുളച്ചൽ മേഖലയിലെ ഏഴു പേരും ഇവർക്ക് വഴികാട്ടിയായി പറവൂർ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഒരു ഗ്യാംഗ് വാർ ടീമാണെന്നാണ് പൊലീസ് കരുതുന്നത്. പലരും തമിഴ്‌നാട്ടിൽ ഒന്നിലേറെ കൊലപാതകളിൽ പ്രതികളാണെന്ന് പൊലീസിനു അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.

സംഘത്തിലുള്ളവർക്ക് പരസ്പരം അറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്വട്ടേഷൻ സംഘം ലക്ഷ്യമിട്ട ഗുണ്ടാ നേതാവായ അനസ് അടുത്തകാലത്താണ് രാഷ്ട്രീയത്തിലേക്ക കാലൂന്നിയത്. കൊച്ചി പൊലീസിന്റെ നോട്ടപ്പുള്ളിയായ ഗൂണ്ടാത്തലവൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ എൽജെപി യുവജനവിഭാഗം ജനറൽ സെക്രട്ടറിയായത് ഏറെ ചർച്ചയായിരുന്നു പെരുമ്പാവൂർ പി.കെ.അനസിന്റെ സ്ഥാനക്കയറ്റം അറിഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. ഈ എൽജിപി നേതാവിനെ കൊലപ്പെടുത്താനാണ് ക്വട്ടേഷൻ സംഘം എത്തിയത്. കുറച്ച് ദിവസം മുമ്പ് മാത്രമാണ് അനസ് എൽജെപി നേതാവായത്. അതിന് ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അസിന് കിട്ടിയ സ്വീകരണം ഗംഭീരമായിരുന്നു. ധീരാ വീരാ നേതാവേ..ധീരതയോടെ നയിച്ചോളൂ വിളികളുമായി അൻസീറിന് പ്രവർത്തകർ വാദ്യമേളങ്ങളോടെ നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

അനധികൃതമായി തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിട്ടുള്ള അനസ്, കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ആരോപണത്തിന്റെ നിഴലിലായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരി ആസൂത്രണം ചെയ്ത വെടിവയ്പ് നടപ്പാക്കിയത് അനസാണെന്ന് ആരോപണം ഉയർന്നിരുന്നു. പൊലീസിനെ വെല്ലുവിളിക്കും വിധമാണ് ഇയാൾക്ക് നെടുമ്പാശേരിയിൽ സ്വീകരണമൊരുക്കിയത്. കാപ്പ നിയമപ്രകാരമുള്ള നാലുമാസത്തെ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ നവംബറിലാണ് അൻസീർ എന്ന പി.കെ.അനസ് കണ്ണൂർ ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഗുണ്ടാ നിയമപ്രകാരമുള്ള കേസുകളിൽ ജാമ്യത്തിലുമാണ്. ഇത്തരം പശ്ചാത്തലമുള്ള നേതാവിനെ ലക്ഷ്യമിട്ടാണ് ഗുണ്ടാ സംഘം എത്തിയത്.

അനുയായിയായ ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും അനസ് പ്രതിയാണ്. പൂക്കടശേരി വധശ്രമക്കേസ്, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് പിടികൂടിയകേസും എൻ.ഐ.എ കേസുമുൾപെടെ നിരവധി കേസിൽ പ്രതിയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള തോക്ക് കൈവശം വയ്ക്കൽ അങ്ങനെ കേസുകളുടെ ഒരുനീണ്ട നിര തന്നെയുണ്ട് അനസിന്റെ പേരിൽ. പലതിലും വിചാരണ നേരിടുന്നു. കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിനിടിയൊണ് അനസിന്റെ പങ്കും സംശയിച്ചത്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണോ എന്ന സംശയമാണ് ഉണ്ടായത്.

മംഗളൂരുവിൽ ഗുണ്ടാ നേതാവ് സി എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് അനസ്. കളമശ്ശേരി ബസ് കത്തിക്കൽ, വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനസെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അനുയായിയായിരുന്നു ഗൂണ്ടാ നേതാവ് സി.എസ്. ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിനൊപ്പെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെ ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. എൽജെപി സംസ്ഥാന അധ്യക്ഷൻ എം. മെഹബൂബിന്റെ ശുപാർശപ്രകാരമാണ് പി.കെ.അനസ് എന്ന അൻസീറിനെ ദേശീയ അധ്യക്ഷൻ രാം വിലാസ് പാസ്വാൻ പാർട്ടിയിലേക്ക് വരവേറ്റത്. അൻസീറിന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുവച്ചുകൊണ്ടാണ് നിയമനം നേടിയതെന്നാണ് എൽ.ജെ.പിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

കൊച്ചിയിലെ ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങളിൽ കുപ്രസിദ്ധനാണ് അനസ്. ഭായി നസീർ, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളിൽ നിന്ന് ഭിന്നമാണ് അനസിന്റെ രീതികൾ. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ കൊച്ചിയിലൂടെ നടക്കും. കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത യുഎപിഎ കേസിലും പ്രതിയാണ് അനസ്. സ്വർണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴിൽ.എന്തിനും പോന്ന യുവാക്കളെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ പ്രവർത്തനം. വലിയ സെറ്റിൽമെന്റ് കേസുകളാണ് നിലവിൽ അനസിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാൽ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാൽ നടക്കും.

എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആൾക്കാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട് .അങ്ങനെ തീർത്തും കുപ്രസിദ്ധനായ രാഷ്ട്രീയക്കാരൻ ഗുണ്ടയാണ് അനസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP