Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഷണം തുടങ്ങിയത് ഇരുപതാം വയസിൽ; പിടിവീഴുന്നത് 76ാം വയസിലും; മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും; തുടരൻ കവർച്ചകൾക്കിടെ സിസിടിവിയിൽ പതിഞ്ഞത് കുപ്രസിദ്ധ മോഷ്ടാവിന്റെ മുഖം; പഴനിയിൽ എത്തിയ പൊലീസ് കണ്ടത് പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മംപൂശി ശുദ്ധ സാത്വികനായ കള്ളനെ; രാത്രിയിൽ വീടിന്റെ കതകിൽ തട്ടിയ പൊലീസ് നൈസായി പൊക്കി; കുപ്രസിദ്ധ മോഷ്ടാവ് അരിമ്പൂർ നന്ദനൻ ചാലക്കുടി പൊലീസിന്റെ പിടിയിലായത് ഇങ്ങനെ

മോഷണം തുടങ്ങിയത് ഇരുപതാം വയസിൽ; പിടിവീഴുന്നത് 76ാം വയസിലും; മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും; തുടരൻ കവർച്ചകൾക്കിടെ സിസിടിവിയിൽ പതിഞ്ഞത് കുപ്രസിദ്ധ മോഷ്ടാവിന്റെ മുഖം; പഴനിയിൽ എത്തിയ പൊലീസ് കണ്ടത് പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മംപൂശി ശുദ്ധ സാത്വികനായ കള്ളനെ; രാത്രിയിൽ വീടിന്റെ കതകിൽ തട്ടിയ പൊലീസ് നൈസായി പൊക്കി; കുപ്രസിദ്ധ മോഷ്ടാവ് അരിമ്പൂർ നന്ദനൻ ചാലക്കുടി പൊലീസിന്റെ പിടിയിലായത് ഇങ്ങനെ

എം മനോജ് കുമാർ

ചാലക്കുടി: ചാലക്കുടിക്ക് തലവേദനയായ മോഷ്ടാവ് അരിമ്പൂർ നന്ദനനെ തേടി പഴനിയിൽ എത്തിയ ചാലക്കുടി പൊലീസിനെ അതിശയിപ്പിച്ചത് നന്ദനന്റെ അതിശയകരമായ രൂപ മാറ്റം. പഴനിയാണ്ടവന്റെ ഭക്തനായി മുഖത്തും ദേഹത്തും ഭസ്മം പൂശി ശുദ്ധ സാത്വികനായ മോഷ്ടാവിനെയാണ് ചാലക്കുടി പൊലീസ് പഴനിയിലെ താഴ്‌വാരത്തിൽ കണ്ടത്. ആളെ കണ്ടെങ്കിലും പകൽ അറസ്റ്റ് ചെയ്യാനൊന്നും പൊലീസ് മിനക്കെട്ടില്ല. രാത്രി പോയി മെല്ലെ കതകിൽ തട്ടി. പുറത്ത് വന്ന നന്ദനൻ പെട്ടെന്ന് തന്നെ അതിഥികളെ തിരിച്ചറിഞ്ഞു. എതിർക്കാൻ ഒന്നും മിനക്കെട്ടില്ല. ഉടൻ കൂടെപ്പോന്നു. വലിയ ഇടവേളയ്ക്ക് ശേഷം നന്ദനനെ കുടുക്കാൻ പറ്റിയ സന്തോഷത്തിലാണ് ചാലക്കുടി പൊലീസ്.

പൊലീസിന് തലവേദനയായ മോഷണങ്ങൾ ആണ് ചാലക്കുടിയിൽ ഈയിടെ നടന്നുകൊണ്ടിരുന്നത്. നിരന്തര മോഷണങ്ങൾ. അതിനു പിന്നിൽ നന്ദനൻ ആണെന്ന കാര്യത്തിൽ പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നുമില്ല. ചില മോഷണങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച പൊലീസ് അത് വിശദമായി പരിശോധിച്ചു. ഇതിലുള്ള മുഖം ആരെന്ന അന്വേഷണമായി. ഈ അന്വേഷണമാണ് അരിമ്പൂർ നന്ദനനിലേക്ക് എത്തിച്ചത്. ഇപ്പോൾ നടന്ന മോഷണങ്ങളിൽ ഏതൊക്കെ നന്ദനൻ നടത്തി എന്നറിയാനുള്ള ഒരുക്കത്തിലാണ് ചാലക്കുടി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നന്ദനനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ നന്ദനൻ അങ്ങിനെ പിടിയിലായിട്ടില്ല. പിടിയിലായ കേസുകളിൽ നിന്നും ഊരിപ്പോന്നിട്ടുമുണ്ട്. ആരോഗദൃഡഗാത്രനാണ് നന്ദനൻ. പ്രായം എഴുപത്തിയാറായി എന്ന് നന്ദനനെ കണ്ടാൽ പറയുകയുമില്ല. ഷട്ടർ ഒക്കെ കുത്തിപ്പൊളിക്കാനും മോഷണം നടത്താനും അതീവ പ്രാവീണ്യമാണ് ഇപ്പോഴും.
പെണ്ണും മദ്യവും ആർഭാട ജീവിതവുമാണ് രീതികൾ. മോഷണത്തിനു ശേഷം മോഷണ മുതലും പണവുമായി നന്ദനൻ നേരെ പഴനിക്ക് തിരിക്കും. പഴനിയിൽ എത്തിയാൽ സാത്വികനായ മനുഷ്യനായി മേലൊക്കെ ഭസ്മം അണിഞ്ഞു നന്ദനൻ പഴനിയിൽ കറങ്ങി നടക്കും. അത് നന്ദനന്റെ ഭാവമാറ്റത്തിൽ ഒന്ന് മാത്രം. പെണ്ണും മദ്യവുമുള്ള ധൂർത്തുള്ള ജീവിതമാണ് നന്ദനന്റെത്. മോഷണ മുതൽ വിറ്റ് കിട്ടുന്ന പണം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് നന്ദനന്റെ രീതി.

പകൽ മോഷണം നടത്താൻ ലക്ഷ്യമിട്ട സ്ഥലങ്ങളിൽ കറങ്ങി നടക്കും. പകൽ ലക്ഷ്യം വെച്ച സ്ഥലം വിട്ട് നന്ദനൻ പോവുകയുമില്ല. കടത്തിണ്ണയിൽ രാത്രി ഉറക്കം നടിച്ച് കിടക്കും. ഉറക്കം നടിച്ച് ശ്രദ്ധിക്കുന്നത് പൊലീസ് ജീപ്പിന്റെ വരവും പോക്കും. ഒപ്പം ആളനക്കവും. പാതിരാത്രിയായാൽ കടകളും വീടും ലക്ഷ്യം വെച്ച് നീങ്ങും. മോഷണം നടത്തിയ ശേഷം മുങ്ങും. ഇതാണ് നന്ദനന്റെ രീതി. നന്ദനൻ മോഷ്ടാവാണെന്ന് ഭാര്യയ്ക്കറിയാം. ഭാര്യയും ഒരു മകളുമാണ് നന്ദനനു ഉള്ളത്. ഇവർ നന്ദനനെ തിരുത്താൻ മുൻപ് ശ്രമിച്ചതാണ്. പക്ഷെ പഠിച്ചതേ പാടൂ എന്നുള്ള മട്ടിലായിരുന്നു നന്ദനൻ. മോഷണം നന്ദനൻ നിറുത്തിയതേയില്ല. നന്ദനനെ പിന്തിരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല. നന്ദനൻ ആണെങ്കിൽ മോഷണങ്ങൾ നടത്തിയും അതിവിദഗ്ദമായി പൊലീസിനെ കബളിപ്പിച്ച് മുന്നോട്ടു പോവുകയും ചെയ്തു. ഇപ്പോൾ ഇരുപതോളം വർഷങ്ങളുടെ ഇടവേളയിലാണ് മോഷ്ടാവ് കുടുങ്ങുന്നത്.

തുടരൻ മോഷണങ്ങൾക്ക് അറുതിവരുത്താനാകാതെ കുഴയുകയായിരുന്നു ഈയിടെ ചാലക്കുടി പൊലീസ്. പക്ഷെ മോഷണങ്ങൾക്ക് തുമ്പില്ല. മോഷണങ്ങൾ ആണെങ്കിൽ നടക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കടകളുടെ പൂട്ടുകൾ തകർത്ത് മോഷണങ്ങൾ അരങ്ങേറിയിരുന്നു. പോട്ടയിൽ ധന്യ ആശുപത്രിക്ക് സമീപത്തുള്ള സെലക്ട് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത് ഒന്നരലക്ഷം രൂപയും കവർന്നതും ഈയിടെ തന്നെ. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. രാത്രി കാലങ്ങളിൽ മഫ്തിയിൽ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലും പ്രത്യേക പട്രോളിങും പൊലീസ് നടത്തിയിരുന്നു. മോഷ്ടാവായ നന്ദനൻ പക്ഷെ മോഷണം കഴിഞ്ഞ ശേഷം നേരെ പഴനിക്ക് വിടുകയും ചെയ്യും. ഇതോടെയാണ് ചാലക്കുടി പൊലീസ് മോഷണം നടക്കുന്നയിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിലേക്ക് എത്താനുള്ള വഴി നോക്കിയത്. മോഷ്ടാവിനെ കണ്ടപ്പോൾ അത് നന്ദനൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നന്ദനൻ ചാലക്കുടിയും പരിസരങ്ങളിലും സജീവമാണെന്ന് പൊലീസിന് മനസിലാവുകയും ചെയ്തു. ഇതോടെയാണ് നന്ദനനെ പിടിക്കാൻ പൊലീസ് പഴനി താഴ്‌വാരത്തേക്ക് നീങ്ങിയത്.

കുപ്രസിദ്ധ മോഷ്ടാവാണ് നന്ദനൻ എന്നാണ് പൊലീസ് മറുനാടനോട് പറഞ്ഞത്. ഇരുപതാം വയസിൽ മോഷണം തുടങ്ങിയ ആൾ. ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങുന്നതിൽ വിദഗ്ദൻ. പക്ഷെ സിസിടിവി നന്ദനന് വിനയായി. അതുകൊണ്ട് തന്നെയാണ് ഇയാൾ പൊലീസ് വലയിൽ അകപ്പെട്ടതും. സ്വർണം ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ മോഷണമാണ് നന്ദനൻ കേരളത്തിൽ നടത്തിയിരിക്കുന്നത്. പക്ഷെ മോഷണം കഴിഞ്ഞാൽ നന്ദനൻ നേരെ പഴനിയിലെക്ക് മുങ്ങും. അതുകൊണ്ട് തന്നെ ഇയാളെക്കുറിച്ച് വിവരം ലഭിച്ചില്ല. മുണ്ടൊക്കെ തലയിൽ ഇട്ടാണ് മോഷണത്തിനു ഇറങ്ങുന്നത്. ആളുകൾ തിരിച്ചറിയാതിരിക്കാനാണ് ഇത്. പക്ഷെ ചില മോഷണങ്ങൾ നടത്തിയപ്പോൾ സിസിടിവിയിൽ നന്ദനന്റെ മുഖം പതിഞ്ഞു. ഇത് അറസ്റ്റിലേക്കും വഴി തെളിച്ചു. പിടി വീഴുമെന്നു ഇയാൾ പ്രതീക്ഷിച്ചില്ല. പക്ഷെ രാത്രി കതകിനു തട്ടി മുട്ടി വിളിച്ചപ്പോൾ വീട്ടിൽ നിന്നും നേരെ പൊലീസിന്റെ കയ്യിലേക്ക് ഇറങ്ങിവരുകയായിരുന്നു. ഒരു എതിർപ്പും കൂടാതെ- പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP