Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിണ്ണമിടുക്കിന്റെ പേരിൽ പൊലീസുകാരെ നടുറോഡിൽ മർദ്ദിച്ചതിന് അറസ്റ്റിലായത് ഈ നാല് എസ് എഫ് ഐ പിള്ളേർ; സിസിടിവി ക്യാമറ മാച്ച് വരെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞതിന്റെ കലിപ്പ് തീർക്കാൻ സിസിടിവി ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിട്ടതിനെ കുറിച്ചും അന്വേഷണം; ശബരിമല കയറിയ സുരേന്ദ്രനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ ചാർജ് ചെയ്തതു ദേഹോപദ്രവം ഏൽപ്പിച്ചെന്ന കുറ്റം; പൊലീസ് ശ്രമിച്ചത് സിപിഎം എംഎൽഎയയുടെ പിഎയുടെ മകനെ രക്ഷിക്കാൻ

തിണ്ണമിടുക്കിന്റെ പേരിൽ പൊലീസുകാരെ നടുറോഡിൽ മർദ്ദിച്ചതിന് അറസ്റ്റിലായത് ഈ നാല് എസ് എഫ് ഐ പിള്ളേർ; സിസിടിവി ക്യാമറ മാച്ച് വരെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം പൊളിഞ്ഞതിന്റെ കലിപ്പ് തീർക്കാൻ സിസിടിവി ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിട്ടതിനെ കുറിച്ചും അന്വേഷണം; ശബരിമല കയറിയ സുരേന്ദ്രനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ ചാർജ് ചെയ്തതു ദേഹോപദ്രവം ഏൽപ്പിച്ചെന്ന കുറ്റം; പൊലീസ് ശ്രമിച്ചത് സിപിഎം എംഎൽഎയയുടെ പിഎയുടെ മകനെ രക്ഷിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുദ്ധസ്മാരകത്തിന് മുന്നിൽ പൊലീസുകാരെ മർദ്ദിച്ചതിൽ എസ് എഫ് ഐക്കാർക്ക് പങ്കില്ലെന്നാണ് ഇടത് വിദ്യാർത്ഥി സംഘടനയുടെ ആദ്യ വിശദീകരണം. സിസിടിവി ദൃശ്യങ്ങൾ മാച്ചും പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നു. മർദ്ദനമേറ്റ പൊലീസുകാരെ ആശുപത്രിയിൽ നിന്ന് അതിവേഗം ഡിസ്ചാർജ്ജ് ചെയ്യിച്ചതും കള്ളക്കളിയുടെ ഭാഗം. അതിനിടെ പൊലീസിനെ മർദിച്ച എസ്.എഫ്.ഐ. പ്രവർത്തരെ അറസ്റ്റു ചെയ്യുന്നതിൽ കന്റോൺമെന്റ് പൊലീസിനു വീഴ്ചപറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും എത്തി. ഇതോടെ എസ് എഫ് ഐക്കാരെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നാണ് വ്യക്തമാകുന്നത്. അക്രമികളുടെ സംഘത്തിൽ തലസ്ഥാനത്തെ ഒരു സിപിഎം. എംഎ‍ൽഎ.യുടെ പി.എ.യുടെ മകനും ഉള്ളതായി സൂചനയുണ്ട്. ഈ കുട്ടിയെ രക്ഷിക്കാനാണ് പൊലീസ് തന്ത്രപരമായി കള്ളക്കളി നടത്തിയത്.

പൊലീസുകാരെ ആക്രമിക്കുമ്പോൾ നിരീക്ഷണ ക്യാമറ നിയന്ത്രിക്കുന്നവർ രംഗങ്ങൾ സൂം ചെയ്തു നോക്കുന്നുണ്ട്. വിവരം അപ്പോൾത്തന്നെ കന്റോൺമെന്റ് പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാൽ, കന്റോൺമെന്റ് ഇവരെ പിടികൂടാതെ വീഴ്ചവരുത്തിയതായാണ് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവർത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മർദനം. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് കേസ് ഒതുക്കാൻ ശ്രമിച്ചത്. എന്നാൽ മറുനാടൻ അടക്കമുള്ളവർ സിസിടിവി പുറത്തു വിട്ടത് വിനയായി. ഇതോടെ പ്രതികളെ പിടിക്കാൻ നിർബന്ധിതരായി. സമ്മർദ്ദം ശക്തമായപ്പോൾ പ്രതികൾ പൊലീസിന് കീഴടങ്ങി. പൊലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ മർദിക്കുന്ന ദൃശ്യങ്ങൾ ചോർന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. കൺട്രോൾ റൂമിലെ ടി.വി.യിൽനിന്നാണ് ദൃശ്യങ്ങൾ പുറത്തുപോയത്. നിയമസഭാസമ്മേളനം നടക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യം പുറത്തുവിട്ടത് ഗൗരവമായാണ് കാണുന്നത്. യഥാർത്ഥത്തിൽ ഈ ദൃശ്യങ്ങളാണ് പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത.

ഇത്തരം തെളിവുകളൊന്നും പുറത്തു വരില്ലെന്ന വിശ്വാസത്തിലാണ് എസ് എഫ് ഐ നേതാക്കളൊന്നും കേസിൽ പെട്ടിട്ടില്ലെന്ന് നേതൃത്വം വിശദീകരിച്ചത്. എന്നാൽ വീഡിയോ പുറത്തു വന്നതോടെ എല്ലാം വ്യക്തമായി എസ് എഫ് ഐയുടെ യൂണിറ്റ് പ്രസിഡന്റായ നസീം ക്യാമ്പസിലെ രാജാവാണ്. യൂണിവേഴ്‌സിറ്റി കോളേജിനെ മുഴുവൻ നിയന്ത്രിക്കുന്നത് നസീമാണ്. നസീമിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത് എസ് എഫ് ഐയെ വെട്ടിലാക്കി. ഇതോടെ നേതൃത്വം മൗനത്തിലുമായി ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഒരു സിപിഎം. എംഎ‍ൽഎ.യുടെ പി.എ.യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടതായി വിവരം പുറത്തുവന്നത്. ഇതിനിടെ ആരോമൽ, അഖിൽ, ശ്രീജിത്, ഹൈദർ എന്നിവർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റുചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിസ്സാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി സംശയം തോന്നിയ സ്ത്രീയെ തടഞ്ഞ കേസിൽ ബിജെപിയുടെ ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പൊലീസ് വധ ശ്രമക്കേസ് ചുമത്തിയിരുന്നു. എന്നാൽ യൂണിഫോമിലുള്ള പൊലീസുകാരെ 20അംഗ സംഘം ആക്രമിക്കുമ്പോൾ പോലും ഗുരുതര വകുപ്പുകൾ ചുമത്തുന്നില്ല. കേസിൽ നിന്ന് എസ് എഫ് ഐ നേതാക്കൾക്ക് വേഗത്തിൽ തലയൂരാനാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. ഇതിനൊപ്പമാണ് പൊലീസുകാരുടെ വീഴ്ചയിലെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ചർച്ചയാകുന്നത്. അക്രമം നടക്കുന്ന സംഭവമറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്‌ഐ.മാർ ഉൾപ്പെടെ സ്ഥലത്തെത്തി. ഇവർ നോക്കിനിൽക്കെയാണ് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടത്. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിതിഗതികൾ കൺട്രോൾ റൂമിൽ ധരിപ്പിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയ്യാറായില്ല.

രാത്രി വൈകിയാണ് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്. ഇതിൽ കന്റോൺമെന്റ് എസ്‌ഐ.ക്ക് വീഴ്ചപറ്റി. ഡ്യൂട്ടിക്കിടെ പരിക്കേറ്റാൽ പൊലീസുകാർക്ക് ചികിത്സയ്ക്കായി വിശ്രമാവധി നൽകാറുണ്ട്. ശരത്തിന്റെയും വിനയചന്ദ്രന്റെയും അപേക്ഷ എസ്.എ.പി. കമാൻഡന്റ് തള്ളിയതായും പരാതിയുണ്ട്. ഇതിന് പിന്നിൽ പൊലീസ് അസോസിയേഷനിലെ ചിലരാണെന്ന വാദവും സജീവമാണ്. പൊലീസിനെ നടുറോഡിൽ മർദിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇത് പരിധി വിടാതിരിക്കാനാണ് പ്രതികളുടെ കീഴടങ്ങൽ. മർദിച്ചവരെ പിടികൂടാത്ത പൊലീസിന്റെ വീഴ്ച സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുചെയ്തിരുന്നു.

പാളയം യുദ്ധസ്മാരകത്തിന് മുന്നിൽ ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. നിയമം ലംഘിച്ച് യു ടേൺ എടുത്തത് പൊലീസ് ചോദ്യംചെയ്തപ്പോഴായിരുന്നു സംഘർഷമുണ്ടായത്. അറസ്റ്റിലായ ആരോമലാണ് ബൈക്ക് ഓടിച്ചിരുന്നത്. എസ്.എ.പി.യിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, അമൽ കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽനിന്നെത്തിയ വിദ്യാർത്ഥികളും പൊലീസുകാരെ മർദിച്ചു. ദൃശ്യങ്ങൾ കൺട്രോൾറൂമിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉണ്ടായിരുന്നെങ്കിലും എസ്.എഫ്.ഐ. പ്രവർത്തകരായതിനാൽ പൊലീസ് മൗനംപാലിക്കുകയായിരുന്നു. ഇത് മാച്ചു കളയാനും ശ്രമം നടന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ ചോർന്നത്. ഇത് പൊലീസിൽ തന്നെ വലിയ ചർച്ചയായി. കൺട്രോൾറൂമിലെ ഓഫീസ് ഗ്രൂപ്പിലും കന്റോൺമെന്റ് സിഐ.ക്കുമാണ് ദൃശ്യങ്ങൾ കൈമാറിയത്.

ഇതിൽനിന്നാകാം ചോർച്ചയെന്ന് സംശയിക്കുന്നു. കേസ് ഒതുക്കിത്തീർക്കാൻ പാർട്ടിഓഫീസിലും മറ്റും ഉദ്യോഗസ്ഥർ പോയതും പൊലീസിന് നാണക്കേടായിട്ടുണ്ട്. മർദിച്ചവരെ വിട്ടയക്കാൻ നിർദ്ദേശിച്ചത് ജനത്തിനുമുന്നിൽ പൊലീസിന്റെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP