Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഹീലെ പെമ്പിള്ളാരെ കണ്ട്ക്കാ... പാടിയ അസ്നിയ പൊട്ടുതൊട്ട ചിത്രം പുറത്തുവിട്ടതിലും സഹികെട്ട് മതമൗലികവാദികൾ; പൊട്ടുതൊട്ട് തീയന്മാർക്കൊപ്പം നിൽക്കുന്നുവെന്ന ഓഡിയോ പ്രചരിപ്പിച്ച് അധിക്ഷേപം; വധഭീഷണി തുടർക്കഥയായതോടെ പെൺകുട്ടിയുടെ പരാതിയിൽ എംഎസ്എഫ് നേതാവിനും 50 പേർക്കുമെതിരെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്

മാഹീലെ പെമ്പിള്ളാരെ കണ്ട്ക്കാ... പാടിയ അസ്നിയ പൊട്ടുതൊട്ട ചിത്രം പുറത്തുവിട്ടതിലും സഹികെട്ട് മതമൗലികവാദികൾ; പൊട്ടുതൊട്ട് തീയന്മാർക്കൊപ്പം നിൽക്കുന്നുവെന്ന ഓഡിയോ പ്രചരിപ്പിച്ച് അധിക്ഷേപം; വധഭീഷണി തുടർക്കഥയായതോടെ പെൺകുട്ടിയുടെ പരാതിയിൽ എംഎസ്എഫ് നേതാവിനും 50 പേർക്കുമെതിരെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്

എംപി റാഫി

കോഴിക്കോട്: നാദാപുരം സ്വദേശിയായ അസ്‌നിയ അഷ്മിൻ ബംഗളൂരിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ യുവതി വീടിനു പുറത്തിറങ്ങുന്നത് പോലും പേടിയോടെയാണ്. മകൾക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭയം വീട്ടുകാരെയും അലട്ടിക്കൊണ്ടിരിക്കുന്നു.

നെറ്റിയിൽ പൊട്ട് തൊട്ട് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫേസ്‌ബുക്കിൽ പോസ്റ്റുകയും ചെയ്തതിന്റെ പേരിലാണ് അസ്‌നിയക്ക് വിവിധ ഭാഗങ്ങളിൽ നിന്നും വധഭീഷണിയും തെറിയഭിഷേകവും ഉയർന്നിരിക്കുന്നത്.

ഇസ്ലാംമതത്തിനു വിരുദ്ധമായാണ് അസ്‌നിയ അഷ്മിൻ ഫോട്ടോക്ക് പോസ്‌ചെയതെന്നാണ് വ്യക്തിസ്വതന്ത്ര്യത്തിൽ കൈകടത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്ന വാദം. പൊട്ടുതൊട്ട ഫോട്ടോ പോസ്റ്റ് ചെയ്തതിനു താഴെ അസ്‌നിയയെ എതിർത്തും അനുകൂലിച്ചും നിരവധി കമന്റുകൾ നിറഞ്ഞു. ഭീഷണിയുടെ സ്വരത്തിലും വ്യക്തിഹത്യ നടത്തും വിധമായിരുന്നു അസ്‌നിയക്കെതിരെയുള്ള കമന്റുകൾ അധികവും.

സോഷ്യൽ മീഡിയകൾ വഴി സംഘടിതമായ പ്രചാരണവും ഭീഷണിയും ശക്തമായതോടെ അസ്‌നിയ അഷ്മിൻ നാദാപുരം പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകി. പരാതിയെ തുടർന്ന് എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അമ്പതുപേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്ന് നാദാപുരം പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

കഴിഞ്ഞ മാസം സുഹൃത്തുക്കൾക്കൊപ്പം പൊട്ടുതൊട്ട ഫോട്ടോ അസ്‌നിയ തന്റെ ഫേസ്‌ബുക്ക് വാളിൽ പോസ്റ്റുചെയ്തിരുന്നു. അന്ന് ഏറെ എതിർപ്പുകളും പരിഹാസ്യങ്ങളും ഉയരുകയുണ്ടായി. ഈ മാസം പൊട്ടുതൊട്ട മറ്റൊരു ഫോട്ടോ വീണ്ടും പോസ്റ്റ് ചെയ്്തതോടെയാണ് അസ്‌നിയക്കെതിരെയുള്ള ഭീഷണി വ്യാപകമായത്. ഭീഷണിയും പരിഹാസ്യവും അസഹ്യമായതോടെ യുവതി പൊലീസിൽ പരാതി നൽകുകകയായിരുന്നു.

മതാചാരങ്ങൾക്ക് വിരുദ്ധമായി ഫേസ്‌ബുക്കിൽ ഫോട്ടോ ഇടുന്നുവെന്നും യാത്ര ചെയ്യുന്നുവെന്നും ആരോപിച്ച് ചിലർ അസ്‌നിയക്കെതിരെ ഓഡിയോ തയ്യാറാക്കി നാദാപുരത്തെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. പൊട്ട്‌തൊട്ട് മാലയിട്ട് തട്ടമിടാതെ ഫോട്ടോയെടുത്തതാണത്രെ ഒരു കൂട്ടം മതസദാചാര വാദികളെ പ്രകോപിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നത്. പൊട്ട് തൊട്ട് തിയ്യന്മാരുടെ കൂടെ നിൽക്കുന്നുവെന്ന ഓഡീയോയാണ് അസ്‌നിയയുടെ ഫോട്ടോയോടൊപ്പം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും അസ്‌നിയക്കെതിരെയുള്ള അതിക്ഷേപം തുടരുകയാണ്.

അസ്‌നിയയുടെ പിതാവ് അമ്മദ് നാദാപുരം ടൗണിൽ ചുമട്ടുതൊഴിലാളിയാണ്. നെറ്റിയിൽ പൊട്ടുതൊട്ട് സഹപാഠികൾക്കൊപ്പം ഇരിക്കുന്ന ചിത്രവും മതാചാരങ്ങൾക്കെതിരെയുള്ള ചില പ്രതികരണവുമായാണ് അസ്‌നിയ പോസ്റ്റിട്ടത്. ഇതിനെതിരെ പ്രകോപനമായ രീതിയിൽ എതിർ പോസ്റ്റുകളും വന്നു. തട്ടമിടാതെ തിരുവാതിര കളിച്ചതിന് തന്നെ മദ്രസയിൽനിന്ന് പുറത്താക്കിയ ദിവസമാണ് താൻ ഏറ്റവും സന്തോഷിച്ചതെന്ന് അസ്‌നിയ പോസ്റ്റിൽ പറയുന്നു. അസ്‌നിയയുടെ സഹപാഠികളെ ജാതിവിളിച്ച് അവഹേളിച്ചതായും പരാതിയിൽ പറയുന്നു. അസ്‌നിയയെ അനുകൂലിച്ചും എതിർത്തും പോസ്റ്റുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്നത് പ്രദേശത്ത് ചേരിതിരിവിനിടയാക്കുമോ എന്നുള്ള ആശങ്കയുണ്ട്.

രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ ഹിറ്റായ 'മാഹിയിലെ പെൺപിള്ളേരെ കണ്ടിക്കാ..' എന്ന ഗാനം പാടിയത് അസ്‌നിയ അഷ്മിനായിരുന്നു. ഈ ഗാനം ഹിറ്റായപ്പോഴും അസ്‌നിയക്കെതിരെ മതയാഥാസ്തികരുടെ എതിർപ്പുകൾ ഉയർന്നിരുന്നു. മതത്തിന്റെ പുറത്ത് നിൽക്കുന്നവർക്ക് ജീവിക്കാൻ അവകാശമില്ലേയെന്ന് അസ്‌നിയ ചോദിക്കുന്നു. എനിക്കും ഇവിടെ ജീവിക്കണം, ആണോ പെണ്ണോ ആയിക്കോട്ടെ മതത്തിന്റെ ലേബലില്ലാതെയും മതത്തിന്റെ ചട്ടക്കൂടില്ലാതെയും ഇവിടെ ജീവിക്കാൻ പറ്റില്ലേയെന്ന് അസ്‌നിയ ചോദിക്കുന്നു. എതിർത്തവരെ ശക്തമായ മറുപടി നൽകി തന്നെ അസ്‌നിയ ഫേസ്‌ബുക്കിലൂടെ നേരിട്ടു. തനിക്കെതിരായ അധിക്ഷേപങ്ങൾ അടങ്ങിയ സന്ദേശങ്ങൾ പല ഗ്രൂപ്പുകൾ വഴി കൈമാറി പോകുകയാണ്.

ഇതിന് മുമ്പും സമാനമായ അധിക്ഷേപങ്ങൾ താൻ നേരിട്ടിട്ടുണ്ട്. തന്റെ +1 കാലഘട്ടത്തിൽ നോമ്പിന് വീട്ടിൽ വന്ന സുഹൃത്തുക്കളെ വാപ്പ നോക്കി നിൽക്കെ പിടിച്ചുകൊണ്ടു പോയി പള്ളിയിൽ കെട്ടിയിട്ടതടക്കമുള്ള അനുഭവങ്ങൾ ആസ്‌നിയ ഫേസ്‌ബുക്കിലൂടെ പങ്ക് വെക്കുന്നു. ചിത്രത്തിന്റെ പേരിൽ ദുബായിലുള്ള തന്റെ അനുജനെ വരെ ഇക്കൂട്ടർ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും തട്ടമിടാതെ നിൽക്കുന്ന തന്റെ ചിത്രങ്ങൾ അടക്കം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇക്കൂട്ടർ നിരന്തരം ചർച്ചാ വിഷയമാക്കുന്നൂവെന്നും അസ്‌നിയ പറയുന്നു.

ശാരീരികമായും സാമ്പത്തികമായും ഇവരോട് ഏറ്റുമുട്ടാൻ തന്റെ വീട്ടിലുള്ളവർക്ക് കഴിയില്ല. മതഭ്രാന്ത് പിടിച്ച മനുഷ്യരെയും മനുഷ്യക്കൂട്ടങ്ങളെയും ഭയക്കണമെന്നും അവരുടെ ആ അവസ്ഥയ്ക്ക് പിന്നിൽ അനവധി കാരണങ്ങൾ ഉണ്ടായെന്നിരിക്കാമെന്നും അസ്‌നിയ സൂചിപ്പിക്കുന്നു.

അസ്‌നിയക്കെതിരെയുള്ള ഭീഷണികൾ ശക്തമായതോടെ പിന്തുണച്ചും നിരവധി പേരെത്തി. അസ്‌നിയയുടെ പൊട്ടുംതട്ടവുമെല്ലാം പരസ്പര വാഗ്വാദങ്ങളായി ഇപ്പോഴും സോഷ്യൽ മീഡിയകളിൽ തുരുകയാണ്. സുഹൃത്തുക്കൾക്കു പുറമെ അസ്‌നിയക്കു പിന്തുണയുമായി പിന്തുണയും ഏറിവരികയാണ്. എന്നാലും വീട്ടുകാരുടെ ഉള്ളിൽ മകളെയോർത്ത് ആതിയാണ്. മതത്തിന്റെ ചട്ടക്കൂടില്ലാതെ ജീവിക്കുന്നതിൽ ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം നേരിടേണ്ടി വരുരുതെന്നും തനിക്കെതിരെ രംഗത്തുവന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനുമാണ് അസ്‌നിയയുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP