Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൽ ആൻഡ് ടിയിൽ എൻജിനീയറായിരുന്ന കുപ്പുദേവരാജ് നക്‌സൽ ആയതെങ്ങനെ? നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് ബാങ്ക് കവർച്ചക്കേസിലും മൂന്നു കൊലക്കേസിലും പ്രതി; ആന്ധ്രസർക്കാർ തലയ്ക്ക് 12 ലക്ഷം വിലയിട്ട കുറ്റവാളി; വീഡിയോയ്ക്ക് പിന്നാലെ ജീവിതരേഖയും പുറത്തുവിട്ട് പൊലീസ്

എൽ ആൻഡ് ടിയിൽ എൻജിനീയറായിരുന്ന കുപ്പുദേവരാജ് നക്‌സൽ ആയതെങ്ങനെ? നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് ബാങ്ക് കവർച്ചക്കേസിലും മൂന്നു കൊലക്കേസിലും പ്രതി; ആന്ധ്രസർക്കാർ തലയ്ക്ക് 12 ലക്ഷം വിലയിട്ട കുറ്റവാളി; വീഡിയോയ്ക്ക് പിന്നാലെ ജീവിതരേഖയും പുറത്തുവിട്ട് പൊലീസ്

മലപ്പുറം: നിലമ്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് ബാങ്കു കവർച്ച കേസിലും മൂന്നു കൊലക്കേസിലും പ്രതിയായിരുന്നെന്നും പിടികൂടുന്നവർക്ക് ആന്ധ്രസർക്കാർ 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും വെളിപ്പെടുത്തി പൊലീസ്. നിലമ്പൂരിലെ മാവോവേട്ടയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസ് കുപ്പുരാജിന്റെ ജീവിതരേഖ തയ്യാറാക്കി കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. 

കുപ്പുദേവരാജ് സായുധ വിപ്ലവത്തിന് ആഹ്വാനം നൽകിയിരുന്നതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങളും വെളിപ്പെടുത്തുന്നത്. കോടതിയിലും മറ്റ് അന്വേഷണ ഏജൻസികൾക്കും സമർപ്പിക്കുന്നതിനാണ് ഇയാളുടെ ജീവിതരേഖ തയ്യാറാക്കിയത്. തമിഴ്‌നാട്ടിൽ ഒരു സൈനികന്റെ മകനായാണ് കുപ്പുസ്വാമി മൂർത്തി എന്ന കുപ്പു ദേവരാജ് ജനിച്ചതെന്ന് ജീവിതരേഖയിൽ പറയുന്നു. ദേവരാജൻ എന്ന പേര് കൂടാതെ പന്ത്രണ്ടോളം പേരുകളിൽ ഇയാൾ അറിയപ്പെട്ടിരുന്നു.

ആറടി ഉയരക്കാരനായ കുപ്പു ദേവരാജ് എഞ്ചിനീയറിങ് ബിരുദധാരിയാണ്. എഞ്ചിനീയറിങ് പഠനത്തിന് ശേഷം ബംഗളുരു എൽ ആൻഡ് ടിയിൽ ജോലിയിൽ പ്രവേശിച്ച കുപ്പു ദേവരാജിനെ പിന്നീട് മാനേജ്‌മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് 1982ൽ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. 1984ൽ ഇയാൾ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായി. മാവോയിസ്റ്റുകളായ ഗംഗാധർ കുപ്പുസ്വാമി, ഉജ്ജിനി ഗൗഡ എന്നിവരുടെ കൂടെയാണ് കുപ്പു ദേവരാജ് മാവോയിസ്റ്റ് പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടനാകുന്നത്. ഗംഗാധർ കുപ്പുസ്വാമി, ഉജ്ജിനി ഗൗഡ എന്നിവർ ഇപ്പോൾ ബെല്ലാരി ജയിലിലാണ്.

മരിക്കുമ്പോൾ സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ കേന്ദ്ര സായുധ കമ്മീഷനിൽ നിർണ്ണായക പങ്കാളിത്തവുമുള്ള നേതാവായിരുന്നു. മൂന്ന് കൊലപാതകങ്ങളും എട്ട് കൊലപാതക ശ്രമങ്ങളും അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 1984 മുതൽ ഒളിവിലായിരുന്നു. 2001ൽ തോപ്ചാഞ്ചി പൊലീസ് ക്യാമ്പ് ആക്രമിച്ച കേസിലും ബീഹാറിലെ ഖൈറ പൊലീസ് സ്‌റ്റേഷൻ ആക്രമണിച്ച കേസിലും ദേവരാജ് പ്രതിയാണ്. ഇതിൽ തോപ്ചാഞ്ചി ആക്രമണത്തിൽ 13 പൊലീസുകാരും ഖൈറ ആക്രമണത്തിൽ നാല് പൊലീസുകാരും കൊല്ലപ്പെട്ടു.

1988ൽ ബാങ്ക് ഓഫ് മധുരയുടെ മധുരയിലെ അണ്ണാനഗർ ബ്രാഞ്ച് ആക്രമിച്ച് 63 ലക്ഷം രൂപ കവർന്ന കേസിലും കുപ്പു ദേവരാജ് പ്രതിയാണ്. കുപ്പു ദേവരാജിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് ആന്ധ്രപ്രദേശ് സർക്കാർ 12 ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. തമിഴ്‌നാട്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് സർക്കാരുകളും ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. എൺപതുകളുടെ അവസാനം എൽ.ടി.ടി.യിൽ നിന്നാണ് കുപ്പു ദേവരാജ് ആയുധപരിശീലനം നേടിയത്. പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്ട്‌മെന്റിൽ ജീവനക്കാരിയായിരുന്ന ഗഞ്ചേന്ദ്രിയാണ് ഭാര്യ. രണ്ട് പെൺമക്കളും ഒരു മകനുമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നതിന് കുപ്പുദേവരാജ് ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. തമിഴിലായിരുന്നു പ്രസംഗം. മാവോവാദികൾ വെടിയേറ്റ് മരിച്ചതിന് സമീപത്തുനിന്നാണ് പെൻഡ്രൈവുകളിൽ ദൃശ്യങ്ങളും ലഭിച്ചത്. മാവോവാദി നേതാവ് വിക്രംഗൗഡ മുദ്രാവാക്യം വിളിക്കുന്നതും തുടർന്ന് കുപ്പു ദേവരാജ് കഌസെടുക്കുന്നതുമായുള്ള ദൃശ്യങ്ങളായിരുന്നു ഇവ.

സംഘത്തിലേക്ക് ചേർന്ന മൂന്ന് ആദിവാസികളെ സ്വാഗതം ചെയ്യുന്ന ദേവരാജ് കാട്ടിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ 15 പേരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതിയ പദ്ധതികൾ ഉണ്ടെന്നും ദേവരാജ് പറയുന്നുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP