Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലപാതകം ആസൂത്രണം ചെയ്തത് പുറംലോകം അറിയാത്ത നേതാക്കൾ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ഡിഫൻസ് ടീം; വിവരങ്ങൾ ടോപ് സീക്രട്ടായി വയ്ക്കുന്ന ടീമംഗങ്ങളെ മാളത്തിൽ നിന്ന് തുരത്താൻ കിണഞ്ഞ് ശ്രമിച്ച് അന്വേഷണസംഘം; കൈവെട്ട് കേസിലെ പ്രതികൾ ഉൾപ്പെട്ട നെട്ടൂർ സംഘം കർണ്ണാടകയിലോ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രത്തിലോ ഒളിവിലെന്നും അനുമാനം; അഭിമന്യുവധക്കേസിൽ മുഖ്യപ്രതികൾ ഇപ്പോഴും കാണാമറയത്ത്

കൊലപാതകം ആസൂത്രണം ചെയ്തത് പുറംലോകം അറിയാത്ത നേതാക്കൾ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ഡിഫൻസ് ടീം; വിവരങ്ങൾ ടോപ് സീക്രട്ടായി വയ്ക്കുന്ന ടീമംഗങ്ങളെ മാളത്തിൽ നിന്ന് തുരത്താൻ കിണഞ്ഞ് ശ്രമിച്ച് അന്വേഷണസംഘം; കൈവെട്ട് കേസിലെ പ്രതികൾ ഉൾപ്പെട്ട നെട്ടൂർ സംഘം കർണ്ണാടകയിലോ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രത്തിലോ ഒളിവിലെന്നും അനുമാനം; അഭിമന്യുവധക്കേസിൽ മുഖ്യപ്രതികൾ ഇപ്പോഴും കാണാമറയത്ത്

അർജുൻ സി വനജ്

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും കൊലപാതകികളുടെ പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കാനാവാതെ അന്വേഷണ സംഘം കുഴയുകയാണ്. കൈവെട്ട് കേസിലെ പ്രതികൾ ഉൾപ്പെട്ട നെട്ടൂർ സംഘത്തിലെ നാല് പേരടക്കം എട്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾക്കൂടി, മാത്രമെ പൊലീസിന്റെ പക്കലുള്ളുവെന്നാണ് പൊലീസ് സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിൽ കുത്തിയത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

എസ്.എഫ്.ഐ പ്രവർത്തകർ പിടിച്ച് നൽകിയ പ്രതികളിൽ നിന്നാണ് നെട്ടൂർ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. പുറം ലോകം അറിയാത്ത നേതാക്കൾ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ ഡിഫെൻസ് ടീമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഡിഫെൻസ് ടീമും സംഘടന ചുമതലകളിൽ ഉള്ള നേതാക്കളും തമ്മിൽ നേരിട്ട് ബന്ധപ്പെടാറില്ലയെന്നതാണ്, നേതൃത്വത്തിനെ ചോദ്യംചെയ്തതിൽ നിന്ന് പൊലീസിന് വിവരങ്ങൾ ലഭിക്കാതിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ മാത്രമാണ് ഇതുവരെ പൊലീസിന് അറസ്റ്റു ചെയ്യാനായത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ശേ്ഷം ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതിനിടെ, വലിച്ചിട്ട് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുവെന്ന് പറഞ്ഞാണ് തങ്ങളെ വിളിച്ച് വരുത്തിയതെന്നാണ് അറസ്റ്റിലായ മട്ടാഞ്ചേരി സ്വദേശി റിയാസ് പൊലീസിന് കൊടുത്ത മൊഴി. എന്ത് വന്നാലും ചുവരെഴുത്ത് നടത്തണം. തടഞ്ഞാൽ, ഒന്ന് രണ്ടെണ്ണത്തിന്റെ കയ്യോ കാലോ തല്ലി ഒടിച്ചിട്ടായാലും ചുവരെഴുത്ത് നടത്തണം. ഇത്രമാത്രമാണ് അവിടെ എത്തുമ്പോഴുള്ള ചിന്ത. പക്ഷെ ആൾക്കൂട്ടത്തിൽ നിന്ന് ആരാണ് അർജുനേയും അഭിമന്യുവിനേയും കുത്തിയതെന്ന് കണ്ടില്ല. അഭിമന്യു വീണ് കിടക്കുമ്പോഴാണ് കുത്തേറ്റിട്ടുണ്ടെന്ന് അറിയുന്നതെന്നുമാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായവരുടെ മൊഴി.

ആരേയും കൊലപ്പെടുത്താൻ താൻ പറഞ്ഞിട്ടില്ല. ഇങ്ങോട്ട് കിട്ടിയ അടി തിരിച്ച് കൊടുക്കണമെന്ന് മാത്രമേ, മറ്റുള്ളവരെ വിളിച്ച് വരുത്തുമ്പോൾ കരുതിയിട്ടുള്ളുവെന്നാണ് മുഖ്യപ്രതി മുഹമ്മദ് പൊലീസിൽ കൊടുത്ത മൊഴി. ആരാണ് കുത്തിയതെന്ന് അറിയില്ല. കുത്തിന്റെ ശൈലി അനുസരിച്ച് കുത്തിയ ആൾക്ക് പൊക്കം കുറവായിരിക്കാം എന്നാണ് ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം. മാത്രമല്ല, ഈ നിലയിൽ കുത്തിയ ക്രിമിനൽ പ്രൊഫഷണൽ കില്ലർ ആയിരിക്കാം. ആദ്യമായിട്ടായിരിക്കില്ല, ഇയാൾ ഇത്തരം ഒരു കൊലപാതകം ചെയ്യുന്നത് തുടങ്ങിയ, സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 23 ദിവസത്തിനിടെ ആയിരം പേരിൽ അധികം അന്വേഷണ സംഘം ചോദ്യം ചെയ്ത് കഴിഞ്ഞു. ചില ദിവസങ്ങളിൽ അമ്പത് പേരെ വരെയാണ് വിവര ശേഖരണത്തിനായി അന്വേഷണ സംഘം വിളിച്ച് വരുത്തുന്നതെന്നാണ് വിവരം.

എന്നിട്ടും പ്രധാന പ്രതികളിലേക്ക് എത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. മുഹമ്മദിന്റെ അറസ്റ്റോടെ എല്ലാവരേയും വരും മണിക്കൂറുകളിൽ പിടികൂടാനാകുമെന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാൽ അധികം ദൂരം സഞ്ചരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. മുഹമ്മദ് വിളിച്ച് വരാൻ പറഞ്ഞ ഏതാനം പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അവരിൽ ചിലർ സ്ഥലത്ത് എത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുഹമ്മദ് വിളിച്ചവരിൽ ചിലർ ഒളിവിലാണ്. ഇവർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നത് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. നെട്ടൂർ സ്വദേശികളെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവർ കർണ്ണാടകയിലോ, കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രത്തിലോ ഉണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഒരു സംഘത്തിന് അടുത്ത സംഘത്തെ അറിയാത്ത തരത്തിലുള്ള മോഡ് ഓഫ് ഓപ്പറേഷനാണ് അഭിമന്യു വധത്തിന് പിന്നിൽ ഉപയോഗിച്ചിരിക്കുന്നതെന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 17 അംഗ സംഘത്തിലെ അഞ്ച് പേരെയാണ് പൊലീസ് ഇരുവരെ അറസ്റ്റ് ചെയ്തത്. ഫാറൂഖ്, ബിലാൽ, റിയാസ് എന്നിവരെ കൃത്യം നടന്ന മഹാരാജാസ് കോളേജിന് പരിസരത്ത് നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ പിടിച്ച് നൽകിയതാണ്. തുടർന്നാണ് ആലുവ സ്വദേശിയും പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗവുമായ ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യുണിറ്റ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിനാണ് സൈഫുദ്ധീൻ, നവാസ്, ജഫ്‌റി ,നിസാർ, അനൂപ് എന്നിവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്ത അനസ് കൃത്യത്തിലേക്ക് പ്രതികളെ എത്താൻ എത്താൻ സഹായിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ആദ്യ ഘട്ടം മുതൽക്കെ പൊലീസ് വളരെ, കൃത്യതയോടെയാണ് പ്രവർത്തിച്ചത്. മതതീവ്രവാദികൾ നടപ്പാക്കിയ കൊലപാതകം ആയതിനാൽ, എല്ലാ പ്രതികളെയും ഒന്നിച്ച് അറസ്റ്റ് ചെയ്യണമെന്ന് എസ്.എഫ്.ഐയ്ക്ക് വാശി പിടിക്കാനാവില്ല. സർക്കാരും പൊലീസും വരും ദിവസങ്ങളിൽ മുഴുവൻ പ്രതികളെയും പിടിക്കുമെന്നും എസ്.എഫ്.ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എം വിജിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP