Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ബാലുചേട്ടനുമായി ഉണ്ടായിരുന്നത് സഹോദരനുമായുള്ള ആത്മബന്ധം`; ബാലഭാസ്‌കറും മകളും മരിച്ചത് അപകടത്തിൽ തന്നെ; ഇപ്പോഴുണ്ടാകുന്നത് മുഴുവൻ അനാവശ്യ വിവാദമെന്ന് പ്രകാശ് തമ്പി; അപകടമുണ്ടായപ്പോൾ മുഴുവൻ സമയം ഒപ്പം നിന്നതാണോ ചെയ്ത തെറ്റെന്നും ചോദിച്ച് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി; സ്വർണക്കടത്ത് കേസും മരണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുൻ പ്രോഗ്രാം കോർഡിനേറ്റർ; വയലിനിസ്റ്റിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

`ബാലുചേട്ടനുമായി ഉണ്ടായിരുന്നത് സഹോദരനുമായുള്ള ആത്മബന്ധം`; ബാലഭാസ്‌കറും മകളും മരിച്ചത് അപകടത്തിൽ തന്നെ; ഇപ്പോഴുണ്ടാകുന്നത് മുഴുവൻ അനാവശ്യ വിവാദമെന്ന് പ്രകാശ് തമ്പി; അപകടമുണ്ടായപ്പോൾ മുഴുവൻ സമയം ഒപ്പം നിന്നതാണോ ചെയ്ത തെറ്റെന്നും ചോദിച്ച് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി; സ്വർണക്കടത്ത് കേസും മരണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുൻ പ്രോഗ്രാം കോർഡിനേറ്റർ; വയലിനിസ്റ്റിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിൽ ഇപ്പോഴുണ്ടാകുന്നത് മുഴുവൻ അനാവശ്യ വിവാദമെന്ന് പ്രകാശ് തമ്പി. സ്വർണകടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്നും മരണത്തിന് കാരണം അപകടം തന്നെയാണ് എന്നും പ്രകാശ് പറയുന്നു. ബാലഭാസ്‌കറുമായി തനിക്ക് ഉണ്ടായിരുന്നത് ഒരു സഹോദരനുമായുള്ള ആത്മബന്ധമാണ് എന്നും പ്രകാശ് പറയുന്നു. പകടം ഉണ്ടായപ്പോൾ ഒരു സഹോദരനെ പോലെ കൂടെ നിന്നു. അതാണോ താൻ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തിൽ പെട്ട കാർ ഓടിച്ചത് അർജുൻ എന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മുൻ പ്രോഗ്രാം കോർഡിനേറ്റർ ആണ് പ്രകാശ് തമ്പി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 24 നുണ്ടായ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ ബാലഭാസ്‌കർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരുഹതയുണ്ടെന്ന പിതാവ് ഉണ്ണിയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതാണ് കേസിൽ നിർണായക വഴിത്തിരിവായത്.ഇന്നലെ അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതിൽ പരസ്പര വിരുദ്ധമായ മൊഴികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. അതേസമയം ബാലഭാസ്‌കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി .

കാറപകടത്തിൽ കൊല്ലപ്പെട്ട വൈലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് മിമിക്രി കലാകാരനായ കലാഭവൻ സോബി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രകാശിനെതിരെ പ്രതികരണവുമായി ബാലഭാസ്‌കറിന്റെ പിതാവ് രംഗത്ത് വന്നിരുന്നു. പിതാവിന് പിന്നാലെ പ്രകാശ് തമ്പിക്കെതിരെ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ എന്ന യുവതിയും രംഗത്ത് വന്നിരുന്നു. അന്വേഷണം മന്ദഗതിയിലാക്കാൻ ഇയാൾ ശ്രമിച്ചുവെന്നും മരണ ശേഷം കാര്യങ്ങൾ മുഴുവൻ നിയന്ത്രിച്ചത് പ്രകാശ് ആയിരുന്നുവെന്നും പ്രിയ ആരോപിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം എല്ലാകാര്യങ്ങളും നിയന്ത്രിച്ച ഇയാൾ ബാലുവിന്റെ ഭാര്യ ലക്ഷമിയെ കാണാൻ പോലും ബന്ധുക്കളെ അനുവദിച്ചില്ലെന്നും ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കാര്യം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് പ്രകാശിനെതിരെ വെളിപ്പെടുത്തൽ വന്നത്. ബാലഭാസ്‌കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്ന ആളാണ് തമ്പി. പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഏകോപനവും തമ്പിയായിരുന്നു ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇയാൾ സ്വർണക്കടത്ത് കേസിൽ പെട്ടതാണ് ഇയാൾക്കെതിരെ അന്വേഷണം വന്നതും.

ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കർ പിന്നീട് ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാൾ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ബാലുവിന്റെയും മകളുടെയും അപകട മരണത്തിൽ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തിൽ രംഗത്തുവന്നത്.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്നായിരുന്നു അർജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്.

ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട വെള്ള സ്വിഫ്റ്റ് കാറിൽ ദുരൂഹത വേണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം. അതിനിടെ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണ് എന്നതും ഏതാണ് വ്യക്തമായി. കൊല്ലം പള്ളിമുക്കിൽ ജ്യൂസ് കുടിക്കാൻ വാഹനം നിർത്തുമ്പോൾ ബാലഭാസ്‌കർ ഇരുന്നിരുന്നത് പിൻസീറ്റിൽ ആയിരുന്നെന്ന് സാക്ഷികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കൊല്ലം സ്വദേശികളായ ലാൽകൃഷ്ണ, അഖിൽ, വിനു എന്നിവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഡ്രെവിങ് സീറ്റിൽ അർജുനെ കണ്ടതായും മൊഴി നൽകി. ജ്യൂസ് കടയിൽ നിന്ന് മടങ്ങുമ്പോഴും അർജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നും ഇവർ പറയുന്നു. സാഹചര്യ തെളിവുകളും അർജുനാണ് ഡ്രൈവറെന്നത് ഉറപ്പിക്കുകയാണ്.

അതിനിടെ ബാലഭാസ്‌കർ അപകടത്തിൽപ്പെട്ടതു ഡ്രൈവർ ഉറങ്ങിപ്പോയതിനാലാകാമെന്നു ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റിൽ കണ്ടതു ബാലഭാസ്‌കറിനെയാണെന്ന് ആവർത്തിച്ചെങ്കിലും ബാലഭാസ്‌കറിനെ മുൻപ് അറിയില്ലായിരുന്നുവെന്നും മൊഴി നൽകി. ആറ്റിങ്ങലിൽ വച്ചു ബാലഭാസ്‌കറിന്റെ കാർ അജിയുടെ ബസിനു മുന്നിൽ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റർ മുൻപ് ഒരു കണ്ടെയ്നർ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു. അതിനു ശേഷം വെള്ള കാർ മുന്നോട്ടു പോയെങ്കിലും ബാലഭാസ്‌കറിന്റെ കാർ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ആറ്റിങ്ങൽ മുതൽ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നാണ് ഈ മൊഴി പറയാതെ പറയുന്നത്.

വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവർ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം മുഖവിലയ്ക്കെടുക്കുന്നു. അപ്പോഴും അർജുൻ മൊഴി മാറ്റിയതാണ് അസ്വാഭാവികമായി തുടരുന്നത്. ഇതിന്റെ കാരണം ഇനിയും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ ഫോറൻസിക് പരിശോധനയും മറ്റും നിർണ്ണായകമാണ്. ബാലുവിന്റെ അച്ഛൻ ഇപ്പോഴും മരണത്തിൽ ദുരൂഹത ആരോപിക്കുന്നതും ക്രൈംബ്രാഞ്ച് ഗൗരവത്തോടെ എടുക്കുന്നുണ്ട്. സ്വർണ്ണക്കടത്തിലെ അന്വേഷണവും നീളുകയാണ്. ഈ കേസിൽ ബാലുവിന്റെ കോ ഓർഡിനേറ്ററായ പ്രകാശ് തമ്പി അറസ്റ്റിലാണ്. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണവും പുതുവഴിയിലെത്തിയത്. ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണുവാണ് സ്വർണ്ണക്കടത്തിലെ സൂത്രധാരൻ. അർജുനും ഇതിന്റെ ഭാഗമായിരുന്നു.

അതീവ നിർണ്ണായകമാണ് കൊല്ലത്തുകാരുടെ മൊഴി. ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ജ്യൂസ് കുടിക്കാൻ പള്ളിമുക്കിൽ ഇറങ്ങിയത്. ആ സമയമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന അർജുൻ കടയിലേക്ക് വന്നു. അകത്തുള്ളത് ആരെന്ന് നോക്കിയപ്പോഴാണ് ബാലഭാസ്‌കറിനെ കണ്ടത്. പിൻസീറ്റിൽ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട് പരിചിതമുഖമായതിനാൽ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വളരെ വേഗം ജ്യൂസ് കുടിച്ച് ബാലഭാസ്‌കറും കുടുംബവും മടങ്ങി. പള്ളിമുക്കിൽ നിന്ന് തിരിക്കുമ്പോഴും വാഹനം ഓടിച്ചത് ബാലഭാസ്‌കർ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അർജുൻ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.

മൂന്നുപേരെയും ഒരുമിച്ചും അല്ലാതെയും മൊഴി എടുത്തു. ഒരേ മൊഴി തന്നെയാണ് ലഭിച്ചത്. അർജുന്റെ ചിത്രം മൂന്നുപേരും തിരിച്ചറിഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാക്കുകൾ സാധൂകരിക്കുന്നതാണ് ഈ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്‌കർ അല്ലെന്നും അർജുനാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചവേളയിൽ താൻ തന്നെയാണ് ഓടിച്ചിരുന്നതെന്ന് പറഞ്ഞ അർജുൻ പിന്നീടിത് മാറ്റി പറയുകയായിരുന്നു. ഇതാണ് അപകട മരണത്തെ ദുരൂഹമായി നിർത്തുന്നത്. എന്തിനാണ് അർജുൻ കള്ളം പറഞ്ഞതെന്നതാണ് സംശയത്തിന് ഇടനൽകുന്നത്. അതിനിടെ അർജുൻ ഒളിവിലാണ്. അതുകൊണ്ട് തന്നെ അർജുനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. ഈ സാഹചര്യത്തിൽ അന്വേഷണം താത്കാലികമായി അവസാനിപ്പിക്കാനും സാധ്യതയുണ്ട്. അർജുൻ, വിഷ്ണു എന്നിവരെ ചോദ്യം ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ആദ്യം രക്ഷാപ്രവർത്തനം നടത്തിയ നന്ദു അടക്കമുള്ളവർ വാഹനം ഓടിച്ചത് അർജുനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, പള്ളിമുക്കിൽനിന്ന് തിരിച്ചശേഷം എവിടെയെങ്കിലുംവച്ച് ബാലഭാസ്‌കർ വാഹനം ഓടിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്‌കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകൾക്കും കലക്ടർമാർക്കും ക്രൈംബ്രാഞ്ച് കത്തു നൽകും. റിസർവ് ബാങ്കിന്റെ സഹായവും തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP