Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വിമ്മിങ് പൂളും പാർക്കും ക്ലബ്ബ് ഹാളും അടക്കം ആരും വീണുപോകുന്ന ലക്ഷ്വറി വില്ലകൾ; പണി തുടങ്ങി ഏഴുവർഷം പിന്നിട്ടും 68 ലക്ഷം രൂപ കൈയിൽ നിന്ന് മുടക്കിയിട്ടും വില്ല വെറും വാചകമടി മാത്രം! കൊച്ചിയിൽ പൃഥ്വി ഹൗസിങ് പ്രോജക്റ്റിന്റെ കലേഡിയം ലക്ഷ്വറി വില്ല തട്ടിപ്പിൽ പെട്ടുപോയത് പ്രവാസി മലയാളികൾ; കേസ് കൊടുത്തപ്പോൾ പ്രോജക്റ്റിന്റെ പേര് ബ്രൈറ്റ് ഹൗസിങ്ങ് എന്നാക്കി തടിയൂരാൻ ശ്രമം: മാനേജിങ് പാർട്ണർ സുരേഷ് അയ്യപ്പന്റെയും കൂട്ടാളികളുടെയും തട്ടിപ്പിന് ഒത്താശ ചെയ്ത് ആക്‌സിസ് ബാങ്കും

സ്വിമ്മിങ് പൂളും പാർക്കും ക്ലബ്ബ് ഹാളും അടക്കം ആരും വീണുപോകുന്ന ലക്ഷ്വറി വില്ലകൾ; പണി തുടങ്ങി ഏഴുവർഷം പിന്നിട്ടും 68 ലക്ഷം രൂപ കൈയിൽ നിന്ന് മുടക്കിയിട്ടും വില്ല വെറും വാചകമടി മാത്രം! കൊച്ചിയിൽ പൃഥ്വി ഹൗസിങ് പ്രോജക്റ്റിന്റെ കലേഡിയം ലക്ഷ്വറി വില്ല തട്ടിപ്പിൽ പെട്ടുപോയത് പ്രവാസി മലയാളികൾ; കേസ് കൊടുത്തപ്പോൾ പ്രോജക്റ്റിന്റെ പേര് ബ്രൈറ്റ് ഹൗസിങ്ങ് എന്നാക്കി തടിയൂരാൻ ശ്രമം: മാനേജിങ് പാർട്ണർ സുരേഷ് അയ്യപ്പന്റെയും കൂട്ടാളികളുടെയും തട്ടിപ്പിന് ഒത്താശ ചെയ്ത് ആക്‌സിസ് ബാങ്കും

എം മനോജ് കുമാർ

തിരുവനന്തപുരം: അനുദിനം എന്നോണമാണ് കേരളത്തിൽ ഫ്‌ളാറ്റ്-വില്ല തട്ടിപ്പിന്റെ കഥകൾ ഉയരുന്നത്. ഗൾഫ് നാടുകളിൽ അടക്കം ചോര നീരാക്കിയ സമ്പാദ്യങ്ങൾ തന്നെയാണ് വില്ലയുടെയും ഫ്ളാറ്റിന്റെയും പേരിൽ കേരളീയർക്ക് നഷ്ടമാകുന്നത്. ഇപ്പോൾ പരാതി ഉയരുന്നത് പൃഥ്വി ഹൗസിങ് പ്രോജക്ടിന്റെ കൊച്ചി തൃപ്പൂണിത്തുറ തിരുവാണിയൂർ കലേഡിയം ലക്ഷ്വറി വില്ലയുടെ പേരിലാണ്. വില്ല ബുക്ക് ചെയ്ത സമയത്ത് കരാറിൽ പറയുന്ന തുക ഏതാണ്ട് പൂർണമായി നൽകി കഴിഞ്ഞിട്ടുണ്ട്. 65 ലക്ഷത്തിന്റെ വില്ലയ്ക്ക് 50 ലക്ഷം രൂപ ആക്‌സിസ് ബാങ്ക് കൊച്ചി ശാഖ വഴിയും 14 ലക്ഷം രൂപ സ്വന്തം കയ്യിൽ നിന്നും മുടക്കികഴിഞ്ഞിട്ടുണ്ട്. എല്ലാം കൂടി 68 ലക്ഷം രൂപ കയ്യിൽ നിന്ന് ചെലവായിട്ടും വില്ല അസ്ഥിപഞ്ജരമായി തന്നെ നിലകൊള്ളുന്നു.

65 ലക്ഷം രൂപയ്ക്ക് രണ്ടു വർഷത്തിനുള്ളിൽ വില്ല പൂർത്തിയാക്കാം എന്ന് പറഞ്ഞു 2012-ൽ കാശും വാങ്ങി എഗ്രിമെന്റ് നടത്തിയ വില്ല പ്രോജെക്ട് ആണിത്. ഹീരയ്ക്കും എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെയാണ് പൃഥ്വി ഹൗസിങ് പ്രോജക്ടിനു എതിരെയും പരാതി ഉയരുന്നത്. ഹീരയും എസ്‌ഐ ഹോംസും ന്യൂക്ലിയർ ഹോംസും കമ്പനികൾ ആയി നിലനിൽക്കുന്നുണ്ടെങ്കിലും പൃഥ്വി ഹൗസിങ് എന്ന കമ്പനി നിലനിൽക്കുന്നുപോലുമില്ല. നിക്ഷേപകരെ വഞ്ചിച്ച കമ്പനി ഇപ്പോൾ ബ്രൈറ്റ് ഹോംസ് എന്നാണ് അറിയപ്പെടുന്നത്. പക്ഷെ തൃപ്പൂണിത്തുറ തിരുവാണിയൂർ വില്ല പ്രോജക്ട് ഇവർ പ്രഖ്യാപിക്കുമ്പോൾ സംഗതി പൃഥ്വി ഹൗസിങ് ആയിരുന്നു. ഈ പൃഥ്വി ഹൗസിംഗിന്റെ കലേഡിയം ലക്ഷ്വറി വില്ലയിൽ വില്ല ബുക്ക് ചെയ്ത തോമസ് സ്റ്റീഫൻ ആണ് പരാതിക്കാരൻ.

ഇപ്പോൾ പൃഥ്വി ഹൗസിങ് നിലനിൽക്കുന്നില്ല എന്ന് മാത്രമല്ല വില്ലാ പ്രോജക്ടും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. തോമസ് സ്റ്റിഫന് ഒപ്പം ലെസ്ലി എന്ന വില്ല ഉടമയും പരാതിയുമായി ഒപ്പമുണ്ട്. ഇപ്പോൾ എങ്ങിനെ മുടക്കിയ മുതൽ തിരികെ ലഭിക്കാൻ പൊലീസ് സ്റ്റേഷനും കോടതികളും കയറിയിറങ്ങേണ്ട അവസ്ഥയാണ് ഇവർക്ക് മുന്നിലുള്ളത്. വില്ല സംബന്ധമായി തൃപ്പൂണിത്തുറ സിഐ ഓഫിസ്, പുത്തൻ കുരിശ് പൊലീസ് സ്റ്റേഷൻ, കളമശേരി ക്രൈംബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ കേസ് ഉണ്ട്. കോലഞ്ചേരി കോടതിയിലും കേസ് ഉണ്ട്. അതിപ്പോൾ ഹൈക്കോടതി മുൻപാകെ വരുകയും ചെയ്യും. തിരുവനന്തപുരം കൺസ്യൂമർ കോടതിയിലും ഇത് സംബന്ധമായി കേസ് നിലനിൽക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

പൃഥ്വി ഹൗസിങ് പ്രോജക്ടിന്റെ തട്ടിപ്പ് ഇങ്ങിനെ

ആരും വീണുപോകുന്ന വില്ലാ പ്രോജക്ട് ആയിരുന്നു പൃഥ്വി ഹൗസിങ് പ്രോജക്ടിന്റെ മാനേജിങ് പാർട്ണർ സുരേഷ് അയ്യപ്പൻ അനൗൺസ് ചെയ്തത്. കൊച്ചി തൃപ്പൂണിത്തുറ തിരുവാണിയൂരിൽ രണ്ടേകാൽ ഏക്കറിൽ 23 ഓളം വില്ലകൾ. ഇതിൽ 18 സെന്റ് പബ്ലിക് ഉപയോഗത്തിന്. സ്വിമ്മിങ് പൂൾ, പാർക്ക്, ക്‌ളബ് ഹാൾ, ഷട്ടിൽ കോർട്ട്. എന്നിവയെല്ലാം സമുച്ചയത്തിൽ സ്ഥാപിക്കും. പൃഥ്വി ഹൗസിങ് തിരുവാണിയൂർ കലേഡിയം ലക്ഷ്വറി വില്ലാ പ്രോജക്ട്. ഈ തട്ടിപ്പിൽ കുരുങ്ങിയ തോമസ് സ്റ്റിഫന് ഈ വില്ലാ സമുച്ചയത്തിലാണ് 1915 സ്‌ക്വയർ ഫീറ്റ് വില്ല 6500000 രൂപയ്ക്ക് ഓഫർ ചെയ്തത്. 2012 ൽ മികച്ച ബ്രൗഷറുകൾ ഉണ്ടാക്കിയുള്ള ഈ പരസ്യത്തിൽ തന്നെയാണ് തോമസ് സ്റ്റിഫൻ അടക്കം മിക്കവരും പെട്ടത്. സ്ഥലത്തെ റബർ മരങ്ങൾ വെട്ടിയാണ് പ്രോജക്ട് ഡിസൈൻ ചെയ്തത്. പരസ്യം കൂടുതൽ നൽകിയുള്ള പ്രഖ്യാപനത്തിൽ പിന്നെ കൂടുതൽ പേർ വീണു.

വില്ല ബുക്ക് ചെയ്ത തോമസ് സ്റ്റീഫൻ വില്ല വിവിധ തവണകളിലായി 4999794 ലോൺ വഴി പൃഥ്വി ഹൗസിംഗിന് നൽകി. അത് കൂടാതെ 1415456 ലക്ഷം രൂപ വേറെയും. എന്നിട്ടും വില്ല വെറും അസ്ഥികൂടമായി തന്നെ നിലനിന്നു. ഇത് കണ്ടപ്പോഴാണ് പിതാവ് സ്റ്റിഫൻ തോമസ് വില്ലയുടെ കാര്യം അന്വേഷിച്ച് ഇറങ്ങുന്നത്. വില്ല ബുക്ക് ചെയ്ത തോമസ് സ്റ്റീഫൻ കുവൈത്ത് എൻആർഐ ആയതിനാൽ കാര്യങ്ങൾ യഥാവിധി അന്വേഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥയാണ് പൃഥ്വി ഹൗസിങ് പ്രോജക്ടിന്റെ മാനേജിങ് പാർട്ണർ ആയ സുരേഷ് അയ്യപ്പൻ മുതലെടുത്തത്. ഇവരിൽ നിന്നും ഗഡുക്കൾ ആയി പണം വാങ്ങുമ്പോൾ തന്നെ ഈ പ്രോജക്ട് അവർ അവസാനിപ്പിക്കുകയായിരുന്നു. സ്ഥലം ഉടമകളുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയതിനാൽ സ്ഥലം ഉടമകൾ അന്വേഷിച്ച് വന്നപ്പോൾ സ്ഥലത്തിന്റെ നിർമ്മാണം പൃഥ്വി ഹൗസിങ് അവരെ തന്നെ ഏൽപ്പിക്കുകയായിരുന്നു.

മറുനാടൻ അന്വേഷിച്ചപ്പോൾ പൃഥ്വി ഹൗസിങ് മാനേജിങ് പാർട്ണർ സുരേഷ് അയ്യപ്പൻ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. പ്രോജക്ട് ഞങ്ങൾ ഒഴിവാക്കി. കമ്പനി ഞങ്ങൾ ഒഴിവാക്കി. പകരം ഞങ്ങൾ വാഗ്ദാനം ചെയ്ത സ്വിമ്മിങ് പൂൾ, പാർക്ക്, സുരക്ഷ, ക്‌ളബ് ഹാൾ, ഷട്ടിൽ കോർട്ട്. എല്ലാം അടങ്ങുന്ന പദ്ധതി ഈ വില്ലാ സമുച്ചയത്തിൽ ഒരുക്കും. പക്ഷെ അത് എല്ലാ വില്ലകളും വന്ന ശേഷം. സുരേഷ് അയ്യപ്പന്റേത് വിദ്ഗധമായ കൈകകഴുകൽ ആയിരുന്നു. തോമസ് സ്റ്റീഫന്റെ വില്ലയിൽ വന്ന കാര്യം സത്യമാണെന്നു സുരേഷ് അയ്യപ്പൻ സമ്മതിക്കുന്നുമുണ്ട്. പക്ഷെ പരിഹാരം സുരേഷ് അയ്യപ്പന്റെ കയ്യിലില്ല. കലേഡിയം ലക്ഷ്വറി വില്ല പ്രോജക്ട് ഒഴിവാക്കുന്ന കാര്യം സുരേഷ് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഈ രഹസ്യം അറിയാതെയാണ് തോമസ് സ്റ്റിഫനും ലെസ്ലിയും പെട്ട് പോയത്. ക്ലബ് ഹൗസ് വന്നില്ല. ഷട്ടിൽ കോർട്ട് വന്നില്ല. സ്വിമ്മിങ് പൂൾ വന്നില്ല. 15 ലക്ഷം നൽകാൻ പറയുന്നത്. 15 ലക്ഷം കൂടി നൽകിയാൽ വില്ല പൂർത്തിയാക്കി പുറത്ത് വിറ്റ് പണം നൽകാം. വില്ല പ്രോജക്ട് അവർ ഒഴിവാക്കി. ബാങ്കും പൃഥ്വിയും കൂടി ഒത്തുകളിച്ചു. ഇപ്പോൾ പറയുന്നത് ബാങ്ക് പലിശ നൽകാൻ കഴിയില്ല. വാങ്ങിയ പണം തിരികെ നൽകാം എന്നാണ്.

തട്ടിപ്പിന് കൈകോർത്തത് ആക്‌സിസ് ബാങ്ക് കൊച്ചി ശാഖയും പൃഥ്വി ഹൗസിങ് പ്രോജക്ടും

പൃഥ്വി ഹൗസിങ് പ്രോജക്ടിനു തോമസ് സ്റ്റിഫൻ വിലയ്ക്കായി ഇതുവരെ ബാങ്ക് വഴി നൽകിയത് 4999794 ലക്ഷം രൂപ. സ്വന്തം കയ്യിൽ നിന്നും 15 ലക്ഷത്തോളം രൂപ വേറെയും. ഫ്ളാറ്റിന്റെ മുഴുവൻ തുകയും എഗ്രിമെന്റ് അനുസരിച്ച് ഇവർ നൽകി കഴിഞ്ഞിരുന്നു. പക്ഷെ വില്ല അസ്ഥികൂടമായി നിന്നു. ബാങ്ക് ലോൺ ആക്‌സിസ് ലോൺ അനുവദിച്ചപ്പോൾ ഘട്ടം ഘട്ടമായുള്ള തുകകൾ ബാങ്ക് ആണ് അനുവദിച്ചത്. വില്ലയുടെ ഓരോ ഘട്ടവും പൂർത്തിയായി എന്ന് പറഞ്ഞശേഷം മാത്രമാണ് ആക്‌സിസ് ബാങ്ക് ലോൺ അനുവദിക്കേണ്ടീയിരുന്നത്. ബാങ്കിൽ പൃഥ്വി ഹൗസിങ് സമ്മർദ്ദം ചെലുത്തിയപ്പോൾ അവർ അത് ശരിയായി രീതിയിൽ വിലയിരുത്താതെ ലോൺ അനുവദിച്ചു. ഇതറിയാതെ മാസം വീതം 42000 രൂപ വീതം ആക്‌സിസ് ബാങ്കിൽ ലോൺ ആയി തോമസ് സ്റ്റിഫൻ അടച്ചുകൊണ്ടിരുന്നു.

65 ലക്ഷം മുടക്കിയിട്ടും വില്ല ഒന്നുമായില്ല എന്ന് മനസിലാക്കിയപ്പോൾ തോമസ് സ്റ്റിഫൻ ബാങ്കിന് സ്റ്റോപ്പ് മെമോ നൽകി. ഇതറിഞ്ഞതോടെ പൃഥ്വി ഹൗസിങ് പ്രോജക്ട് ഈ വില്ലയുടെ പണി പൂർണമായും നിർത്തിവെച്ചു. ഇനി പണി പൂർത്തിയാക്കണമെങ്കിൽ ഒന്നുകിൽ ബാങ്ക് അല്ലെങ്കിൽ തോമസ് സ്റ്റിഫൻ പണം നൽകണം എന്നാണ് പൃഥ്വി ഹൗസിങ് പ്രോജക്റ്റിന്റെ സുരേഷ് അയ്യപ്പൻ മറുനാടനോട് പറഞ്ഞത്. പണി പൂർത്തിയാക്കണമെങ്കിൽ പണം നല്കണം. പണം നൽകിയാൽ ഞങ്ങൾ നിർമ്മാണം പൂർത്തിയാക്കും. അഥവാ ഇവർക്ക് ഈ വില്ല വേണ്ട എന്നുണ്ടെങ്കിൽ ഞങ്ങൾ അത് വേറെ ആളുകൾക്ക് വില്ല നൽകി ഇവരുടെ പണം തിരികെ നൽകാം. പക്ഷെ ഇനിയും ഇവർക്ക് പണം നൽകാൻ തോമസ് സ്റ്റിഫൻ തയ്യാറുമല്ല. നൽകിയ പണത്തിന്റെ നിർമ്മാണ ജോലി പൂർത്തിയാക്കാൻ ആണ് തോമസ് സ്റ്റിഫൻ ആവശ്യപ്പെടുന്നത്. പക്ഷെ ബാങ്ക് വെരിഫൈ ചെയ്ത കാര്യമാണ്. ബാങ്ക് നൽകിയ തുകയ്ക്കുള്ള നിർമ്മാണം ഈ തുകയിൽ പൂർത്തിയായിട്ടുണ്ട് എന്ന നിലപാടിൽ സുരേഷ് അയ്യപ്പൻ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.

വഞ്ചനയ്ക്ക് എതിരെ പുത്തൻകുരിശ് പൊലീസിൽ പരാതി ഒപ്പം മുഖ്യമന്ത്രിക്കും പരാതി

വഞ്ചിക്കപ്പെട്ടതായി മനസിലായപ്പോൾ തോമസ് സ്റ്റിഫന് വേണ്ടി പിതാവ് സ്റ്റിഫൻ തോമസ് പുത്തൻ കുരിശ് പൊലീസിൽ പരാതി നൽകി. 2015 സെപ്റ്റംബർ മാസം പുത്തൻകുരിശ് പൊലീസിൽ നൽകിയ പരാതിയിൽ എഫ്‌ഐആർ ആയെങ്കിലും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ല. പൊലീസ് സുരേഷ് അയ്യപ്പനെ വിളിച്ച് വരുത്തിയെങ്കിലും സുരേഷ് അയ്യപ്പൻ എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. പക്ഷെ സുരേഷ് അയ്യപ്പനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിച്ചു നിൽക്കുകയാണ്. പൊലീസിനെ സുരേഷ് അയ്യപ്പൻ സ്വാധീനിച്ചതിനാലാണ് അറസ്റ്റ് വൈകാൻ കാരണമായി തോമസ് സ്റ്റിഫന്റെ പിതാവ് അടക്കമുള്ളവർ കരുതുന്നത്. അതിനിടയിൽ സുരേഷ് അയ്യപ്പൻ ഒത്തുതീർപ്പ് ആയി തോമസ് സ്റ്റിഫനെ സമീപിച്ചിരുന്നു. ഇതുവരെ കൈപ്പറ്റിയ 45 ലക്ഷത്തോളം രൂപ തിരികെ നൽകാം എന്നാണ് പറഞ്ഞത്. പക്ഷെ ബാങ്ക് പലിശ നൽകില്ല. പക്ഷെ ഇത് തോമസ് സ്റ്റിഫനു സ്വീകാര്യമല്ല. കാരണം ഇപ്പോൾ തന്നെ അറുപത്തിയഞ്ച് ലക്ഷത്തോളം രൂപ നൽകിക്കഴിഞ്ഞു. ആ ഘട്ടത്തിലാണ് വെറും 45 ലക്ഷം രൂപ നൽകിയിട്ടുള്ള ഒത്തുതീർപ്പിനു സുരേഷ് അയ്യപ്പൻ എത്തുന്നത്. പക്ഷെ ഇത് സ്വീകാര്യമല്ലാത്തതിനാൽ ഇപ്പോഴും കേസ് കേസ് ആയി തന്നെ നിലനിൽക്കുന്നു. നിലവിലെ റിയൽ എസ്റ്റേറ്റ് നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് നിയമമനുസരിച്ച് പ്രോജക്ട് നിലച്ചാൽ ബാങ്ക് ലോണിന്റെ പലിശ അടക്കം ഫ്‌ളാറ്റ്-വില്ല നിർമ്മാതാക്കൾ മടക്കി നല്കണം.

തട്ടിപ്പിന് മറയിടാൻ പേര് മാറ്റി പൃഥ്വി ഹൗസിങ്; പുതിയ പേര് ബ്രൈറ്റ് ഹൗസിങ്

പൃഥ്വി ഹൗസിങ് പേര് മാറ്റിയത് തങ്ങളുടെ തട്ടിപ്പ് വെളിയിൽ വരാതിരിക്കാൻ. പൃഥ്വി ഹൗസിങ് എന്ന കമ്പനി നിലവിൽ ഇല്ലെന്നാണ് പൃഥ്വി ഹൗസിങ് ഓഫീസിൽ നിന്നും പറയുന്നത്. ഓഫീസ് കൊച്ചിയിൽ അങ്ങിനെ തന്നെയുണ്ട്. പക്ഷെ പേരിൽ മാത്രം മാറ്റം. കലേഡിയം ലക്ഷ്വറി വില്ല അടക്കമുള്ള പ്രശ്‌നങ്ങൾ മറച്ചുവെയ്ക്കാൻ വേണ്ടിയാണ് ഈ പെരുമാറ്റം എന്നാണ് സൂചന. പൃഥ്വി ഹൗസിങ് കമ്പനി വിസ്മൃതിയിൽ മറയുമ്പോൾ തങ്ങളുടെ തട്ടിപ്പ് കൂടി വിസ്മൃതിയിൽ മറയും എന്ന് കരുതിയാകും പേര് മാറ്റം. പക്ഷെ പെരുമാറ്റത്തിന് പിന്നിൽ നോട്ടുനിരോധനമാണെന്നാണ് മറുനാടനോട് പൃഥ്വി ഹൗസിങ് മാനേജിങ് പാർട്ടണർ ആയ സുരേഷ് അയ്യപ്പൻ പറയുന്നത്. നോട്ടു നിരോധനം തങ്ങളെ തകർത്തു. അതിനൊപ്പം പൃഥ്വി ഹൗസിങ് പ്രോജക്ടും തകർന്നു. അതിനാൽ ഇനി ബ്രൈറ്റ് ഹോംസ്. അയ്യപ്പൻ സുരേഷ് പറയുന്നു. പേര് മാതമേ മാറിയിട്ടുള്ളൂ. പഴയ കുപ്പിയിലെ വീഞ്ഞ് പുതിയ കുപ്പിയിൽ. തട്ടിപ്പിന്റെ സാധ്യതകൾ പൃഥ്വി ഹൗസിങ് ഇങ്ങിനെ വിപുലമാക്കുകയാണ്. പഴയ കമ്പനി പ്രൊജെക്ടുകൾക്ക് കമ്പനി ഇല്ലാതെ എങ്ങിനെ പണം ഈടാക്കാൻ കഴിയും എന്നതാണ് ചോദ്യം ഉയരുന്നത്. എല്ലാ കാര്യങ്ങളും ബാങ്ക് വഴിയും രേഖകൾ കയ്യിൽ ഉണ്ടെന്നതും കൊണ്ട് മാത്രമാണ് തോമസ് സ്റ്റീഫന് വാദങ്ങളിൽ ഉറച്ചു നിൽക്കാൻ കഴിയുന്നത്..

പൃഥ്വി ഹൗസിംഗിന്റെ സുരേഷ് അയ്യപ്പൻ പറയുന്നത്

ഞങ്ങൾക്ക് ഇപ്പോൾ പൃഥ്വി ഹൗസിങ് പ്രോജക്ട് ഇല്ല. അത് പഴയ പ്രോജക്ട് ആണ്. കൊച്ചിയിലെ കലേഡിയം ലക്ഷ്വറി വില്ല പ്രൊജക്ടിൽ പ്ലോട്ട് ആയാണ് സെയിൽ നടന്നിരിക്കുന്നത്. രണ്ടു വീടുകൾ മാത്രമേ ഇപ്പോൾ അവിടെ ഉള്ളൂ. രണ്ടേകാൽ ഏക്കറിൽ ഉള്ള സ്ഥലത്താണ് പ്രോജക്ട്. . ഓരോരുത്തർ അവരുടെ സ്ഥലത്ത് വീട് എടുക്കും. 45 ലക്ഷം രൂപ മാത്രമേ തോമസ് സ്റ്റിഫന്റെ വില്ലയുടെ കാര്യത്തിൽ പ്രൊജക്ടിൽ വന്നിട്ടുള്ളൂ. . എല്ലാം ചെക്ക് വഴിയാണ് വന്നത്. ആറു ലക്ഷത്തിന്റെ ചെക്ക് കയ്യിൽ ഉണ്ട്. ഇത് പ്രസന്റ് ചെയ്തിട്ടില്ല. അത് തോമസ് സ്റ്റിഫന്റെ ആവശ്യപ്രകാരമാണിത്. ഹൗസിങ് ലോൺ എടുത്ത് പെൻഡിങ് ആയ കേസ് ആണിത്. ബാങ്ക് ലോൺ സ്റ്റോപ്പ് ചെയ്തിട്ടുണ്ട്. കാശ് കിട്ടാതെ വർക്ക് പൂർത്തിയാക്കാൻ കഴിയില്ല.

തോമസ് സ്റ്റിഫൻ പകുതി പണിയായപ്പോൾ ഇനി പണിയേണ്ട എന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. 18 സെന്റ് കോമൺ ആവശ്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഒന്നുകിൽ കാശ് നൽകി പണി പൂർത്തിയാക്കി അവർ താമസിക്കുക. അല്ലെങ്കിൽ അവർ ഇനി കാശ് നല്കണം. ഞങ്ങൾ പണി പൂർത്തിയാക്കി അത് പുറത്തുള്ള ആൾക്ക് വിട്ടശേഷം കാശ് നൽകാം. ഈ രണ്ടു ഓപ്ഷൻ മാത്രമേ അവരുടെ മുന്നിലുള്ളൂ. ലെസ്ലിയുമായി ഒരു കൺസ്ട്രക്ഷൻ എഗ്രിമെന്റ് മാത്രം. അല്ലാതെ കാശിന്റെ ഇടപാടുകൾ ഇല്ല. പേയ്‌മെന്റ് ഡിലേ വന്നാൽ നിർമ്മാണം വൈകും. ബാങ്ക് ലോൺ അവർ തടഞ്ഞു വെച്ചിരിക്കുന്നു. പണിതിടം വരെ ലോൺ വാങ്ങി. പണി പൂർത്തിയാക്കി. ഇനി കാശ് വേണം. കൺസ്യൂമർ കോടതി, തൃപ്പൂണിത്തുറ സിഐ ഓഫിസ്, പുത്തൻ കുരിശ് പൊലീസ് സ്റ്റേഷൻ, കളമശേരി ക്രൈംബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ ഈ കാര്യത്തിൽ വിവിധ കേസുകൾ ഉണ്ട്. ഡോക്യുമെന്റുകൾ എല്ലാം ഹാജരാക്കിയിട്ടുണ്ട്. കോലഞ്ചേരി കോടതി കേസ് ഹൈക്കോടതിയിലേക്ക് വരുന്നുണ്ട്. രണ്ടാമത്തെപരാതിക്കാരനായ ലെസ്ലിയുമായി ബന്ധമില്ല. വേറെ ക്ലയന്റിന്റെ കയ്യിൽ നിന്നും ഈ പ്ലോട്ട് ലെസ്ലി വാങ്ങിയതാണ്.

സ്ഥലം അവരുടെ പേരിലാണ്. ഓരോ ഘട്ടവും പൂർത്തിയാക്കിയാണ് ലോൺ ബാങ്ക് അനുവദിച്ച് നൽകിയത്. ബാങ്ക് എഞ്ചിനീയർ കണ്ടതാണ്. അതിനു ശേഷമാണ് അവർ തുക പാസാക്കി നൽകിയത്. . അതിനു വില്ല ഉടമയ്ക്ക് ബാങ്കിനെ സമീപിക്കാം. അത് അവർ കേസ് നൽകിയിട്ടുള്ളത്. ഞാൻ ഒരു കോൺട്രാക്ടർ മാത്രം. എനിക്ക് പൈസ വേണം. പൂർത്തിയാക്കാൻ അത് അവർ നൽകിയാൽ പൂർത്തിയാക്കി നൽകാം. ലേബർ ചാർജ് കൂടി. നിർമ്മാണ ചെലവ് കൂടി. ഇതെല്ലാം പരിഗണിക്കണം. എനിക്ക് പൂർത്തിയാക്കാൻ ഉള്ളത് ഷട്ടിൽ കോർട്ട്, ക്‌ളബ് ഹൗസ്, സ്വിമ്മിങ് പൂൾ. അത് മറ്റു വില്ലകൾ പൂർത്തിയായാൽ നൽകും. ഇപ്പോൾ അത് ചെയ്താൽ ആളില്ല. കാട് പിടിച്ചു കിടക്കും. മതിൽ കെട്ടി, കിണർ കുത്തി. ഇലക്ട്രിസിറ്റി കണക്ഷൻ എടുത്ത് നൽകിയിട്ടുണ്ട്-സുരേഷ് അയ്യപ്പൻ പറയുന്നു. തൊടുന്യായങ്ങൾ പറഞ്ഞു കാശ് തിരികെ നൽകാതിരിക്കൽ ആണ് പൃഥ്വി ഹൗസിംഗിന്റെ സുരേഷ് അയ്യപ്പൻ ചെയ്യുന്നത്. നിയമസംവിധാനങ്ങൾ എങ്ങിനെ വളച്ചൊടിക്കാം എന്നും ഇവർ ആരായുന്നു. തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചപ്പോൾ ഇവർ നിയമത്തിലെ ലൂപ്പ് ഹോളുകൾ ആണ് ആയുധമാക്കിയതും. കമ്പനിയുടെ പേര് മാറ്റി. അതേ കെട്ടിടത്തിൽ പുതിയ പേരിൽ ബ്രൈറ്റ് ഹോംസ് ആക്കി. പഴയ പ്രോജക്ടുകൾ എല്ലാം കൈവിട്ടു പുതിയ പ്രോജക്ട്. പുതിയ തട്ടിപ്പ്. പക്ഷെ വില്ലകളിലും ഫ്ളാറ്റുകളിലും പണം മുടക്കിയവർക്ക് നീതി വൈകുകയാണ്. ഒപ്പം അവർക്ക് ചോര നീരാക്കിയ സ്വന്തം കാശുകൂടി നഷ്ടമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP