Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈംഗിക അതിക്രമം ചെറുത്ത പെൺകുട്ടികളുടെ സർട്ടിഫിക്കറ്റ് തരില്ലെന്നും പുറത്താക്കുമെന്നും ഭീഷണി; സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കി കഴിഞ്ഞാൽ കക്കൂസും കുളിമുറിയും ശുചിയാക്കണം; പുറമേ പാചകവും അടുക്കളപ്പണിയും കൂടി ചെയ്യണം; കോഴിക്കോട്ടെ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ നടക്കുന്നതുകൊടിയ പീഡനം; വിലയില്ലാത്ത സർട്ടിഫിക്കറ്റ് നൽകി പിആർടിസി സ്ഥാപന ഉടമകളായ ദമ്പതികൾ തട്ടുന്നത് കോടികൾ

ലൈംഗിക അതിക്രമം ചെറുത്ത പെൺകുട്ടികളുടെ സർട്ടിഫിക്കറ്റ് തരില്ലെന്നും പുറത്താക്കുമെന്നും ഭീഷണി; സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കി കഴിഞ്ഞാൽ കക്കൂസും കുളിമുറിയും ശുചിയാക്കണം; പുറമേ പാചകവും അടുക്കളപ്പണിയും കൂടി ചെയ്യണം; കോഴിക്കോട്ടെ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിൽ നടക്കുന്നതുകൊടിയ പീഡനം; വിലയില്ലാത്ത സർട്ടിഫിക്കറ്റ് നൽകി പിആർടിസി സ്ഥാപന ഉടമകളായ ദമ്പതികൾ തട്ടുന്നത് കോടികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന പ്രീ -റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റർ (പി ആർ ടി സി) എന്ന സ്ഥാപനം അഴിമതിയുടെയും ക്രമക്കേടുകളുടെയും ലൈംഗിക പീഡനങ്ങളുടെയും കേന്ദമായി മാറിയെന്ന് വെളിപ്പെടുത്തൽ. സ്ഥാപനത്തിൽ പഠിച്ച പെൺകുട്ടികൾ ഉൾപ്പെടെ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി-പട്ടിക വർഗ വിദ്യാർത്ഥികളെ പട്ടാളത്തിലും നേവിയിലും മറ്റ് സേനകളിലും ജോലി ലഭിക്കുവാൻ പ്രാപ്തമാക്കുന്ന മികച്ച പരിശീലനം നൽകുന്ന സർക്കാർ അംഗീകൃത സ്ഥാപനമെന്ന പ്രചരണവും പരസ്യവും നൽകിയാണ് സ്ഥാപനം യുവതീയുവാക്കളെ ആകർഷിക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച നവാസ്ജാൻ, സെറീനാ നവാസ് എന്നീ ദമ്പതികളാണ് സ്ഥാപന നടത്തിപ്പുകാർ.

രണ്ടു മാസമാണ് പരിശീലന കാലാവധി. ഒരു ബാച്ചിൽ നൂറ് മുതൽ ഇരുന്നൂറ് പേരെ വരെയാണ് പ്രവേശിപ്പിക്കുക. ഇരുപത്തയ്യായിരം രൂപയാണ് ഒരാൾക്കുള്ള ഫീസ്. ഇത്തരത്തിൽ ഒരു വർഷം ആറ് ബാച്ചുകൾക്ക് പരിശീലനം നൽകും. ത്രിതല പഞ്ചായത്തുകൾ വഴി പട്ടികവിഭാഗങ്ങളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്ന തുകയിൽ നിന്നാണ് പ്രതിവർഷം കോടിക്കണക്കിന് രൂപ ഇതിന് വേണ്ടി വിനിയോഗിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ത്രിതല പഞ്ചായത്തുകളെ സ്വാധീനിച്ചുകൊണ്ടാണ് ഭീമമായ തുക സ്ഥാപനം ഓരോ വർഷവും തട്ടിയെടുക്കുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

നല്ല ഭക്ഷണമോ താമസ സൗകര്യമോ വിദഗ്ധ പരിശീലനമോ സ്ഥാപനത്തിൽ നിന്ന് ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികൾ പഠിതാക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കോഴ്‌സ് ദൈർഘ്യം വെറും രണ്ടു മാസം മാത്രമായതിനാൽ വിവിധ ജില്ലകളിൽ നിന്ന് വന്ന് ഇവിടെ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്‌സ് കഴിയുന്നതോടെ പരാതി സംബന്ധിച്ച തുടർ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയാത്തത് സ്ഥാപനമുടമകൾക്ക് സൗകര്യമാവുകയാണ്. സ്ഥാപനമുടമയുടെ വീടും പരിസരവും ഹോസ്റ്റലും വൃത്തിയാക്കുക, കക്കൂസും കുളിമുറിയും ശുചിയാക്കുക, പാചകവും അടുക്കളപ്പണിയും ചെയ്യുക തുടങ്ങിയ ജോലികളെല്ലാം പഠിതാക്കളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയും കോഴ്‌സ് സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയും ചെയ്യാറുണ്ടെന്നും ആക്ഷേപമുണ്ട്.

നിരവധി ദലിത് പെൺകുട്ടികൾ ഇവിടെ ലൈംഗിക അതിക്രമത്തിനും വിധേയരായിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പുറത്ത് പറയുവാൻ മടിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ രണ്ടു പെൺകുട്ടികൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒടുവിൽ നീതിക്ക് വേണ്ടി രണ്ട് പെൺകുട്ടികളും കോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് പാലക്കാട് സ്വദേശിനികളായ പെൺകുട്ടികളുടെ പരാതി. പീഡനം എതിർത്തപ്പോൾ സർട്ടിഫിക്കറ്റ് തരില്ലെന്നും സ്ഥാപനത്തിൽ നിന്നും പുറത്താക്കുമെന്നുമെല്ലാമായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.

സ്ഥാപനത്തിലെ മാനസിക പീഡനത്തെക്കുറിച്ച് പാലക്കാട് സ്വദേശിയായ അയ്യപ്പൻ, കക്കോടി സ്വദേശി സനൂപ് തുടങ്ങിയവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്ഥാപന നടത്തിപ്പുകാരുടെ സ്വാധീനത്താൽ നടപടിയൊന്നും ഉണ്ടാവുന്നില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.
നേരത്തെ പട്ടിക വർഗ വികസന ഫണ്ടിൽ നിന്നും ഈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നു. കിർത്താഡ്‌സിന്റെ ഇടപെടൽ മൂലം പിന്നീട് ഫണ്ട് അനുവദിക്കുന്നത് നിർത്തിവെച്ചു. ഇപ്പോൾ പട്ടികജാതി വികസന ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. പഠനം പൂർത്തിയാക്കിയവർ ഇവിടെ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റിനെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും സമീപിച്ചപ്പോൾ ഈ സർട്ടിഫിക്കറ്റിന് യാതൊരു മൂല്യവും ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. നിലമ്പൂരിലെ ഒരു പെൺകുട്ടി കുറച്ചു കുട്ടികളെ ഇവിടെ ചേർക്കാൻ കൊണ്ടുവന്നിരുന്നു. എന്നാൽ പട്ടിക വർഗ ഫണ്ട് ഇപ്പോൾ ലഭിക്കാത്തതുകൊണ്ട് കുട്ടികളെ ചേർക്കാൻ പറ്റില്ലെന്ന് സ്ഥാപനമുടമ അറിയിക്കുകയായിരുന്നു. ഇതേ സമയം കുട്ടികളെയും കൊണ്ടുവന്ന പെൺകുട്ടിയെ സ്വന്തം നിലയിൽ വേണമെങ്കിൽ പ്രവേശിപ്പിക്കാം എന്നും ഇദ്ദേഹം പറഞ്ഞു. ഇതിൽ സംശയം തോന്നിയ ഈ പെൺകുട്ടി നടത്തിയ അന്വേഷണത്തിലാണ് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്ത് വന്നത്.

പഠിതാക്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും കോടിക്കണക്കിന് രൂപയുടെ ദുർവിനിയോഗം നടത്തുകയും ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും അവിടെ നടന്ന ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചും സമഗ്രമായ ഉന്നത തല അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്ഥാപനമുടകളുടെ പേരിലും ഇതിന് കൂട്ടു നിന്നവരുടെ പേരിലും ശിക്ഷാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതികൾ നൽകാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP