Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠിച്ച് പരീക്ഷയെഴുതി; മിക്കതും എളുപ്പമുള്ള ചോദ്യങ്ങൾ; അറിയാത്ത ഉത്തരങ്ങൾ കറക്കിക്കുത്തി; ഭാഗ്യത്തിന് അതൊക്കെ ശരിയായി എന്ന് മറുപടി; അതേ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നും അറിയില്ല; പരീക്ഷ എഴുതുമ്പോൾ 96 എസ്എംഎസ് അയച്ചത് ആരെന്ന ചോദ്യത്തിന് അത് കൂട്ടുകാരെന്ന് വിശദീകരണം; എസ് എം എസ് ഉത്തരത്തിന്റെ പ്രിന്റ് ഔട്ട് കാട്ടിയപ്പോൾ വിയർത്തു കുളിച്ച് എസ് എഫ് ഐ നേതാക്കൾ; ജയിലിൽ പ്രതികൾക്ക് 'പി എസ് സി പരീക്ഷ' മാർക്ക് പൂജ്യവും; ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ

പഠിച്ച് പരീക്ഷയെഴുതി; മിക്കതും എളുപ്പമുള്ള ചോദ്യങ്ങൾ; അറിയാത്ത ഉത്തരങ്ങൾ കറക്കിക്കുത്തി; ഭാഗ്യത്തിന് അതൊക്കെ ശരിയായി എന്ന് മറുപടി; അതേ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നും അറിയില്ല; പരീക്ഷ എഴുതുമ്പോൾ 96 എസ്എംഎസ് അയച്ചത് ആരെന്ന ചോദ്യത്തിന് അത് കൂട്ടുകാരെന്ന് വിശദീകരണം; എസ് എം എസ് ഉത്തരത്തിന്റെ പ്രിന്റ് ഔട്ട് കാട്ടിയപ്പോൾ വിയർത്തു കുളിച്ച് എസ് എഫ് ഐ നേതാക്കൾ; ജയിലിൽ പ്രതികൾക്ക് 'പി എസ് സി പരീക്ഷ' മാർക്ക് പൂജ്യവും; ശിവരഞ്ജിത്തും നസീമും പെട്ടുപോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പിഎസ് സി കോൺസ്റ്റബിൾ പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ ആർ. ശിവരഞ്ജിത്തും 28-ാം റാങ്കുകാരൻ എ.എൻ.നസീമും മിടുമിടുക്കന്മാരാണെന്നായിരുന്നു ആദ്യം എല്ലാവരും പറഞ്ഞത്. കേസിൽ പ്രതിയായതു കൊണ്ട് പി എസ് സി പരീക്ഷ എഴുതി ജയിക്കാനാകില്ലേ എന്ന ചോദ്യവും സജീവമായി. പി എസ് സിയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പരീക്ഷയിൽ ക്രമക്കേടൊന്നുമില്ലെന്നായിരുന്നു എസ് എഫ് ഐയുടേയും ഡിവൈഎഫ്‌ഐയുടേയും നിലപാട്. ഇതിനിടെയാണ് പി എസ് സിയുടെ അന്വേഷണ റിപ്പോർട്ട് എത്തിയത്. ഇതോടെ നസീും ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരൻ പ്രണവും പ്രതിസ്ഥാനത്തായി. കോപ്പിയടിയുടെ രഹസ്യം പി എസ് സി തന്നെ കണ്ടെത്തി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി.

കത്തികുത്ത് കേസിൽ ജയിലിലുള്ള ഒന്നാം റാങ്കുകാരൻ ആർ. ശിവരഞ്ജിത്തും 28-ാം റാങ്കുകാരൻ എ.എൻ.നസീമും ഇന്നലെ അതേ പരീക്ഷ നേരിട്ടു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ എഴുതിയ ചോദ്യങ്ങളുടെ ഉത്തരം വീണ്ടും അവർ പറഞ്ഞു. ജയിലിൽ പരീക്ഷാ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാർക്കായിരുന്നു. ക്രൈംബ്രാഞ്ചാണ് ജയിലിലെത്തി അതേ ചോദ്യങ്ങൾ വീണ്ടും ശിവരഞ്ജിത്തിനോട് ചോദിച്ചത്. അപ്പോൾ ഒന്നും ഉത്തരമില്ല. ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി. അതായത് പി എസ് സി പരീക്ഷയിൽ കൃത്യമായി ഉത്തരമെഴുതിയ ചോദ്യങ്ങൾക്കൊന്നും ഇപ്പോൾ കൃത്യമായ ഉത്തരം രണ്ട് പേർക്കും അറിയില്ല. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കമാണ് കേസിൽ പ്രതികളെ കൊണ്ട് കുറ്റം സമ്മതിക്കുന്നത്.

അങ്ങനെ ഒന്നാം റാങ്കുകാരൻ ആർ. ശിവരഞ്ജിത്തും 28-ാം റാങ്കുകാരൻ എ.എൻ.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിൽ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. പഠിച്ചാണ് ജയിച്ചതെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാൽ, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂർണമായി സമ്മതിക്കാൻ ഇരുവരും തയാറായില്ല. പരീക്ഷ എഴുതിയ ഒന്നേകാൽ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രതികൾ ഈ സന്ദേശങ്ങൾ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവിൽ തെളിവുകൾ മുഴുവൻ മുന്നിൽ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലിൽ പരീക്ഷാ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ കുറ്റം സമ്മതിക്കേണ്ടി വന്നു. നിങ്ങൾ എങ്ങനെയാണ് റാങ്ക് പട്ടികയിൽ മുന്നിലെത്തിയത് എന്നതായിരുന്നു ക്രൈംബ്രാഞ്ച് പ്രതികളോട് ചോദിച്ച ആദ്യ ചോദ്യം. പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങൾ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായെന്ന് മറുപടി നൽകി.

അങ്ങനെയെങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ-ക്രൈംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നൽകാനാകാതെ പ്രതികൾ കുഴഞ്ഞു. സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയതെന്ന് ഒന്നാം റാങ്കുകാരൻ മറുപടി നൽകി. നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതിൽ ആരും റാങ്ക് പട്ടികയിൽ വന്നിട്ടില്ല. അപ്പോൾ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങൾ എങ്ങനെ ശരിയുത്തരം എഴുതി?-എന്നായി ചോദ്യം.

കൃത്യമായി ഉത്തരം നൽകാനാകാതെ തപ്പിത്തടഞ്ഞ് ശിവരഞ്ജിത്. കല്ലു പോലെ ഉറച്ച് നസീമും. അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാൻ എഴുതിയതെന്നു നസീം. പരീക്ഷ എഴുതുമ്പോൾ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്? എന്നതായി അടുത്ത ചോദ്യം. അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാർ അയച്ചതാണെന്ന് മറുപടിയും. എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോൾ ശിവരഞ്ജിത് വിയർത്തു. അതിന് ശേഷം മറുപടിയുമില്ല. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈൽ ഫോൺ വഴിയാണോ സ്മാർട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാൻ ഇരുവരും തയ്യാറായിട്ടുമില്ല.

ചോദ്യക്കടലാസ് ചോർന്നത് യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകൾ പിഎസ്‌സി വിജിലൻസ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരൻ ഉൾപ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവർക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങൾ ഫോണിലൂടെ നൽകിയ പേരൂർക്കട എസ്എപി ക്യാംപിലെ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരുമാണ് കേസിലെ പ്രതികൾ.

ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പ്രവർത്തന രഹിതമാണ്. യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ 11പേരെയും ഇനിയും പൊലീസിനു പിടികൂടാൻ കഴിഞ്ഞിട്ടില്ല. പിഎസ് സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി.പി. പ്രണവും നോട്ടിസിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP