Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലുള്ളത് 14 മുറിവുകൾ; ഇൻക്വസ്റ്റിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവും; ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പീഡന കൊലപാതകമെല്ലാം ആത്മഹത്യയാകും; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ കൊലയിൽ പൊലീസ് പ്രതിക്കൊപ്പം തന്നെ

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലുള്ളത് 14 മുറിവുകൾ; ഇൻക്വസ്റ്റിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവും; ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പീഡന കൊലപാതകമെല്ലാം ആത്മഹത്യയാകും; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ കൊലയിൽ പൊലീസ് പ്രതിക്കൊപ്പം തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി പുല്ലൂപ്രം ബാലികാസദനത്തിൽ പുതുശേരിമല തട്ടേക്കാട് തേവരുപാറയിൽ വൽസലയുടെ മകൾ അമ്പിളി(18)യെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണം വീണ്ടും വഴിമുട്ടിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് വ്യക്തമായ സൂചന ഉണ്ടായിട്ടും ബന്ധുക്കളുടെയും എസ്എഫ്‌ഐയുടെയും പരാതി ഉണ്ടായിട്ടും ഈ കേസ് വീണ്ടും അന്വേഷിക്കുന്നതിൽ പൊലീസിന് അലംഭാവം.

പൊലീസും ബാലികാസദനം നടത്തിപ്പുകാരും ചേർന്ന സമർഥമായി മൂടിവച്ച കൊലപാതക കേസിൽ ബന്ധുക്കളുടെ ആദ്യ നിലപാടും സംശയം ജനിപ്പിക്കുന്നു. അമ്പിളിയുടെ മരണദിവസം പൊലീസ് തയാറാക്കിയ ഇൻക്വസ്റ്റിന്റെ പകർപ്പ് ഇതിനിടെ പുറത്തുവന്നു. യുവതിയുടെ ശരീരത്തുണ്ടായിരുന്ന പരുക്കുകളെ കുറിച്ച് അതിൽ ഒന്നും പറയുന്നില്ല. അമ്പിളിയുടെ മാതൃസഹോദരീപുത്രൻ അനു അന്ന് നൽകിയ മൊഴിയിലും കൊലപാതകമാണെന്ന് പറയുന്നില്ല.

അമ്പിളിയെ പ്രസവിച്ച് രണ്ടു വർഷം കഴിഞ്ഞതോടെ വൽസലയ്ക്ക് മാനസികരോഗം പിടിപെട്ടു. കുറേ നാൾ ഇവർ ഊളമ്പാറ മാനസിക രോഗാശുപത്രിയിൽ ചികിൽസയിലായിരുന്നു. അമ്പിളിയുടെ പിതാവ് ചെറുപ്പത്തിൽ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ചികിൽസ കഴിഞ്ഞ് മടങ്ങി വന്ന വൽസല അമ്പിളിയെ ഉപേക്ഷിച്ച് അട്ടച്ചാക്കലിലുള്ള ദാമോദരൻ എന്നയാൾക്കൊപ്പം താമസമാക്കി.

പിന്നെ അമ്പിളിയെ വളർത്തിയത് വൽസലയുടെ മൂത്തസഹോദരി ശാന്തയും ഭർത്താവ് കുഞ്ഞുശങ്കരനും മക്കളായ ഉപേന്ദ്രൻ, ഉത്തമൻ, അനു എന്നിവരും ചേർന്നാണ്. പഠിക്കാൻ മിടുക്കിയായിരുന്നു അമ്പിളി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവളുടെ പഠനം മുടങ്ങുമെന്ന് വന്നപ്പോഴാണ് പുല്ലൂപ്രത്തെ ബാലികാ സദനത്തിലാക്കിയത്. അവിടെ വച്ചാണ് 2015 ഫെബ്രുവരി അഞ്ചിന് ക്രൂരമായ രീതിയിൽ അമ്പിളി കൊലചെയ്യപ്പെട്ടിട്ടുള്ളത്.

കോട്ടയം മെഡിക്കൽ കോളജിൽ വച്ച് റാന്നി എസ്‌ഐ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഇൻക്വസ്റ്റിൽ ഒറ്റ നോട്ടത്തിൽ തന്നെ അട്ടിമറി വ്യക്തമാണ്. മൊഴി കൊടുത്തിരിക്കുന്ന ബന്ധുക്കളും അയൽവാസികളുമായ എല്ലാവരും പറഞ്ഞിരിക്കുന്നത് ഒരേ കാര്യമാണ്. അടിയിലെഴുതിയിരിക്കുന്ന പേരു മാത്രമാണ് വ്യത്യാസം. അമ്പിളിയുടെ മരണത്തിൽ തങ്ങൾക്ക് സംശയമില്ലെന്നാണ് എല്ലാവരുടെയും പേരിൽ മൊഴി തയാറാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ 14 മുറിവുകളാണ് പൊലീസ് സർജൻ ചൂണ്ടിക്കാട്ടിയത്. അതാകട്ടെ ആർക്കും കാണാവുന്നതും ആയിരുന്നു.

പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത് ഇടതു മാറിടത്തിന് മുകളിലായി ചെറിയ മുറിവു കണ്ടെന്ന പരാമർശം മാത്രമാണ്. രണ്ടു ചെവിയിലും ചെവിക്ക് പിന്നിലും ചോര ഒഴുകി ഉണങ്ങിപ്പിടിച്ചിരുന്നതും കാലുകളിലെ പൊള്ളലും ശരീരമാസകലം കുത്തിവയ്പ് എടുത്തതിന്റെ പാടുകളുമൊന്നും ഇൻക്വസ്റ്റ് തയാറാക്കിയ എസ്‌ഐ കണ്ടിട്ടില്ല. ഇൻക്വസ്റ്റിൽ നൽകിയിരിക്കുന്ന സാക്ഷികളുടെ എല്ലാം മൊഴി ഒരു പോലെയാണ്. അമ്പിളിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം ഒരേ പോലെ പറഞ്ഞിരിക്കുന്ന ഇവർ ഈ മരണത്തിൽ തങ്ങൾക്ക് ഒരു സംശയവുമില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

ബാലികാ സദനം നടത്തിപ്പുകാരനും പൊലീസും ചേർന്ന് നടത്തിയ കള്ളക്കളിയിൽ ബന്ധുക്കൾക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച അമ്പിളിക്ക് വേണ്ടി നിലപാട് എടുക്കാൻ മറ്റു ബന്ധുക്കൾ തയാറാകാതിരുന്നതും ദുരൂഹമാണ്. വൻ സാമ്പത്തിക സ്വാധീനവും ഇതിന്റെ പിന്നിലുണ്ടെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന എസ്‌ഐ ലാൽ സി ബേബിയുടെ ട്രാക്ക് റെക്കോഡും മോശമാണ്. ഇയാൾ റാന്നി എസ്‌ഐ ആയിരിക്കുന്ന സമയത്ത് ഇട്ടിയപ്പാറയിൽ രണ്ട് വയോധികദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. അന്ന് അത് ആത്മഹത്യയാക്കി മാറ്റുകയാണ് ഇയാൾ ചെയ്തത്. പിന്നീട് മക്കൾ വന്നപ്പോഴാണ് ഈ വാദം പൊളിഞ്ഞത്. കാരണം കൊല്ലപ്പെട്ട വയോധികന് കൈകൾക്ക് സ്വാധീനമില്ലാത്തയാളായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്‌തെങ്കിലും യഥാർഥ പ്രതി അവരല്ലെന്ന് നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. എസ്‌ഐ ലാൽ സി ബേബിക്ക് പുറമേ സിഐയായിരുന്ന രാജപ്പൻ റാവുത്തറും അന്ന് പ്രതിക്കൂട്ടിലായിരുന്നു.

അമ്പിളി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ബാലികാസദനം സെക്രട്ടറി പുല്ലൂപ്രം കോയിപ്പള്ളിൽ വീട്ടിൽ കെ. ഹരിപ്രസാദ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. പൊലീസ് ഇത് ഏറ്റുചൊല്ലുകയും ചെയ്തു. ശരീരമാസകലം മുറിവും ചതവുമുണ്ടായിരുന്ന അമ്പിളിയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് എസ്‌ഐ കേസുമെടുത്തു. ഹൃദയാഘാതം മൂലമാണ് അമ്പിളി മരിച്ചതെന്ന് ഹരിപ്രസാദ് പറയുമ്പോൾ തന്നെയാണ് ആത്മഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒരിടത്തും ഹൃദയാഘാത സാധ്യത പറയുന്നുമില്ല. ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് താനും.

ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും അത് അതിമനോഹരമായി പൊലീസ് ഒതുക്കിയിട്ടും രാഷ്ട്രീയക്കാർക്കും അനക്കമില്ല. കഴിഞ്ഞ ഒരാഴ്ചയായി മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തു കൊണ്ടുവരികയാണ്. എന്നിട്ടും പ്രതികരിക്കാനോ പൊലീസ് അന്വേഷണം എവിടെ വരെയായി എന്ന് ചോദിക്കാനോ ഒരു നേതാവും തയാറായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ബന്ധുക്കൾ പരാതി നൽകിയിട്ടും ജില്ലാ പൊലീസ് മേധാവി അതു വച്ചുരുട്ടുകയാണ്.

ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുന്ന അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പി തിരിച്ചു വന്നിട്ട് അന്വേഷണ സംഘം രൂപീകരിക്കുമെന്ന അഴകൊഴമ്പൻ നിലപാടാണ് ഇദ്ദേഹത്തിന്. എന്തായാലും പ്രമാദമായ ഒരു കൊലപാതകം ഒരു തവണ ഒത്തുകളിച്ച് അട്ടിമറിച്ചവർ, വീണ്ടും അതേ നിലപാടുമായി മുന്നോട്ടു പോവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP