Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരുമുളകു സ്‌പ്രേ ചെയ്തു നാലു ലക്ഷം കവർച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധികരിച്ച ശേഷവും പൾസർ സുനി മുകേഷിനൊപ്പം സജീവം; സിനിമക്കാർ വിശ്വസ്തനായി കൊണ്ടു നടന്നത് കഞ്ചാവ് കേസിൽ ജയിൽവാസം കഴിഞ്ഞ സുനിയെ

കുരുമുളകു സ്‌പ്രേ ചെയ്തു നാലു ലക്ഷം കവർച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധികരിച്ച ശേഷവും പൾസർ സുനി മുകേഷിനൊപ്പം സജീവം; സിനിമക്കാർ വിശ്വസ്തനായി കൊണ്ടു നടന്നത് കഞ്ചാവ് കേസിൽ ജയിൽവാസം കഴിഞ്ഞ സുനിയെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പൾസർ സുനി മുകേഷിന്റെ ഡ്രൈവറായത് കിടങ്ങൂർ കവർച്ച കേസിൽ ഒളിവിൽ കഴിയുമ്പോഴെന്ന് വിലയിരുത്തൽ. സിനിമാലോകം ഒപ്പം കൂട്ടിയത് കഞ്ചാവ് കേസിലെ ജയിൽ വാസത്തിനുശേഷമെന്നും പൊലീസ് രേഖകളിൽനിന്നു വ്യക്തം.

രണ്ടര മൂന്നു വർഷം മുമ്പ് സുനി തന്റെ ഡ്രൈവറായി ഒരു വർഷത്തോളം ഉണ്ടായിരുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മുകേഷ് മാധ്യമങ്ങളുമായി പങ്കുവച്ച വിവരം. ഇതുപ്രകാരം 2014 ആദ്യമോ പകുതി മുതലോ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നിരിക്കാനാണ് സാധ്യത. ഈ സമയം കിടങ്ങൂർ പൊലീസ് ചാർജ്ജ് ചെയ്ത കവർച്ച കേസിൽ സുനി ഒളിവിലായിരുന്നെന്നാണ് പൊലീസ് രേഖകളിൽ നിന്നും വ്യക്തമാവുന്നത്. 2014 മെയ് 6-നാണ് സുനി ഏഴാം പ്രതിയായുള്ള കവർച്ച് കേസ് കിടങ്ങൂർ പൊലീസ് ചാർജ്ജ് ചെയ്തിട്ടുള്ളത്. ഈ സമയം സുനി മുകേഷിന്റെ ഡ്രൈവർ ജോലിയിലായിരുന്നോ എന്നുതന്നെ സംശയിക്കേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ഡ്രൈവറായി ചുമതലയേറ്റ് മുന്നാം ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ ഒഴിവുള്ള ദിവസങ്ങളിൽ ബസ്സ് ഓടിക്കാൻ പൊക്കോട്ടെയെന്ന് സുനി ചോദിച്ചെന്നും വിളിക്കുമ്പോൾ എത്തിക്കോളാമെന്ന വ്യവസ്ഥയിൽ ഇയാളെ ഇതിന് അനുവദിച്ചെന്നും മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം ഇടവേളകളിലാണോ കിടങ്ങൂരിൽ സുനി കൂട്ടുകാരുമൊത്ത് ആഡംമ്പര ബൈക്കിൽ കവർച്ചക്കെത്തിയതെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന പ്രധാന സംശയം.

ജൂവലറികളിൽ സ്വർണ്ണാഭരണം പണിത് എത്തിച്ചുനൽകിയിരുന്ന കൊച്ചി സ്വദേശി അനിൽ ജയന്റെ കളക്ഷൻ ഏജന്റ്ായിരുന്ന എസ്പാലിന്റെ കൈവശമുണ്ടായിരുന്ന നാലു ലക്ഷം രൂപ കെ എസ് ആർ ടി ബസിൽ യാത്ര ചെയ്യവേ മുഖത്ത് കുരുമുളക് പൊടികലക്കിയ ദ്രാവകം സ്‌പ്രേ ചെയ്ത ശേഷം കവർച്ച ചെയ്‌തെന്നാണ് കേസ് . ഒരുവർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ 2015 മെയ്‌ ഒമ്പതിനു സുനിയുടെ ചിത്രം ഉൾക്കൊള്ളിച്ച് പൊലീസ് ലുക്കൗട്ട്് നോട്ടീസ് പുറത്തിറക്കുകയും പ്രധാനപ്പെട്ട മാധ്യമങ്ങൾ വഴി വിവരം പൊതുജനത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷവും പൾസർ സുനി മുകേഷിനൊപ്പവും സിനിമാ മേഖലയിലും കൂളായി പ്രവർത്തിച്ചുവന്നു. തങ്ങൾക്കൊപ്പമുള്ള വിശ്വസ്ത ഡ്രൈവർ പ്രമാദമായ കുറ്റകൃത്യം നടത്തി പിടികിട്ടാപ്പുള്ളിയായി മാറിയയാളാണെന്നും പത്രങ്ങളിൽ 'കണ്ടവരുണ്ടോ' -യെന്നന്വേഷിച്ചു പരസ്യം ചെയ്തിട്ടുള്ളയാളാണെന്നും ആരും ശ്രദ്ധിച്ചില്ല. ഇതു സംബന്ധിച്ച് സുനി യാതൊരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും കേസിൽ പുനരന്വേഷണം പുരോഗമിക്കുകയാണെന്നും കിടങ്ങൂർ സി ഐ ടോമി സെബാസ്റ്റ്യൻ മറുനാടനോട് വ്യക്തമാക്കി.

കൊച്ചി അമ്പലമേട് പൊലീസ് ചാർജ്ജ് ചെയ്ത കഞ്ചാവ് കേസിൽ കക്കനാട് സബ്ജയിലിൽ കഴിയവെ 2015 ജൂലൈ 24-നാണ് കിടങ്ങൂർ പൊലീസ് കവർച്ചകേസിൽ സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിൽ മുപ്പതിനായിരം രൂപയും മൈക്രോമാക്‌സ് മൊബൈൽ ഫോണും കണ്ടെടുത്തതായും രേഖകളിലുണ്ട്. കേസ് ഫയൽ വിശദമായി പഠിച്ച പാലാ ഡിവൈ എസ്‌പി കേസിൽ പുനരന്വേഷണം നടത്താൻ തീരുമാനിക്കുകയും ചുമതല കിടങ്ങൂർ സി ഐ ക്ക് കൈമാറുകയുമായിരുന്നു. ഈ വർഷം മാർച്ച് മൂന്നിനാണ് കവർച്ച കേസിൽ പുനരന്വേഷണം ആരംഭിക്കുന്നത്.

താമസിയാതെ കവർച്ചക്കായി സുനി എത്തിയ കരീഷ്മ ബൈക്ക് കൊച്ചിയിലെ വർക്ക്‌ഷോപ്പിൽ നിന്നും സി ഐ ടോമി സെബാസ്റ്റ്യൻ കസ്റ്റഡിയിൽ എടുത്തു. ഇനി കേസിൽ ഒരു പ്രതിയെക്കൂടി അറസ്റ്റുചെയ്യാനുണ്ടെന്നും തുടർന്ന് നൽകുന്ന കുറ്റപത്രത്തിൽ സുനിയെ രണ്ടാം പ്രതിയായി ചേർക്കുമെന്നും സി ഐ അറിയിച്ചു. ഒരു തോട്ടക്കാരനെ തിരഞ്ഞെടുക്കുമ്പോൾ പോലും ജാതിയും കുലവും ഭൂതകാലത്തിന്റെ അങ്ങയറ്റം വരെയും ചികയുന്ന സിനിമാക്കാർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞില്ല എന്നു പറയുന്നതിൽ കഴമ്പുണ്ടോ എന്നാണ് ഒട്ടുമിക്കവരും ഉയർത്തുന്ന സംശയം.

സുനിയുടെ ഭൂതകാലം അറിഞ്ഞിട്ടും പുറത്തറിയിക്കാതെ സിനിമാ പ്രവർത്തകർ തങ്ങളുടെ ഇംഗിതങ്ങൾക്കായി ഇയാളെ ഉപയോഗിക്കുകയായിരുന്നെന്ന് കരുതുന്നവരും കുറവല്ല. അങ്ങനെയെങ്കിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ദിലീപിനൊപ്പമോ അതിലപ്പുറമോ ഉള്ള നിയമനടപടികൾ ഇക്കൂട്ടർക്കെതിരെയും വേണമെന്ന ആവശ്യവും പരക്കെ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP