Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിന്റെ മരണശേഷം വസ്തുവിന്റെ കരമടയ്ക്കാൻ ഗ്രേസ് മാത്യു വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ അറിഞ്ഞു: കരമടയ്ക്കുന്നതൊക്കെ പി.വി.അൻവർ എംഎൽഎ; അൻവർ കരമടയ്ക്കുന്നത് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവും; കൊച്ചിയിൽ 200 കോടിയുടെ സെവൻ സ്റ്റാർ ഹോട്ടലിന്റെ എട്ടുനില കെട്ടിടവും 12 ഏക്കറും എംഎൽഎയുടെ കമ്പനി സ്വന്തമാക്കിയത് അനധികൃതമായി; ജോയ്മത് ഹോട്ടൽ ആൻഡ് റിസോർടിന്റെ ഉടമസ്ഥാവകാശം അടിച്ചുമാറ്റിയത് കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയും

ഭർത്താവിന്റെ മരണശേഷം വസ്തുവിന്റെ കരമടയ്ക്കാൻ ഗ്രേസ് മാത്യു വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ അറിഞ്ഞു: കരമടയ്ക്കുന്നതൊക്കെ പി.വി.അൻവർ എംഎൽഎ; അൻവർ കരമടയ്ക്കുന്നത് 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമിയും കെട്ടിടവും; കൊച്ചിയിൽ 200 കോടിയുടെ സെവൻ സ്റ്റാർ ഹോട്ടലിന്റെ എട്ടുനില കെട്ടിടവും 12 ഏക്കറും എംഎൽഎയുടെ കമ്പനി സ്വന്തമാക്കിയത് അനധികൃതമായി; ജോയ്മത് ഹോട്ടൽ ആൻഡ് റിസോർടിന്റെ ഉടമസ്ഥാവകാശം അടിച്ചുമാറ്റിയത് കേന്ദ്രസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയും

ജംഷാദ് മലപ്പുറം

മലപ്പുറം: 200 കോടി വിലമതിക്കുന്ന പാട്ടാവകാശമുള്ള എട്ടുനില കെട്ടിടവും 11.46 ഏക്കറും നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവറിന്റെ കമ്പനി നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയതായി പരാതി. സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കൊച്ചി ആലുവ എടത്തലയിലെ സപ്തനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലിനും റിസോർട്ടിനുമായി നിർമ്മിച്ച എട്ടുനില കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമിയാണ് പി.വി അൻവർ എംഎ‍ൽഎ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നികുതി അടച്ച് സ്വന്തമാക്കിയതെന്നാണ് പരാതി.

ആലുവ ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 36 ൽ 694/ 3 -ബി, 694/3 ഡി സർവേ നമ്പറുകളിലുള്ള ജോയ്മത് ഹോട്ടൽ ആൻഡ് റിസോർട്ടും ഉൾപ്പെടുന്ന 11.46 എക്കർ ഭൂമിയുടെ 99 വർഷത്തെ പാട്ടാവകാശം മാത്രമാണ് ന്യൂഡൽഹിയിലെ കടാശ്വാസ കമ്മീഷൻ 2006 സെപ്റ്റംബർ 18ന് നടത്തിയ ലേലത്തിൽ പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയത്. എടത്തലയിൽ നാവികസേന ആയുധസംഭരണശാലയോട് ചേർന്നുള്ള സ്ഥലം കാക്കനാട് സ്വദേശി ജോയ്മാത്യുവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഇന്റർനാഷണൽ ഹൗസിങ് കോംപ്ലക്സ് എന്ന സ്ഥാപനത്തിനായിരുന്നു.

1991ലാണ് 99 വർഷത്തേക്ക് ജോയ്മത്ത് ഹോട്ടൽ ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡിന് സ്ഥലം പാട്ടത്തിന് നൽകിയത്. ജോയ്മത്ത് ഹോട്ടൽസ് ആൻഡ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടൂറിസം ഫിനാൻസ് കോർപ്പറേഷനിലെ വായ്പാതിരിച്ചടവ് മുടങ്ങിയതോടെയാണ് 99 വർഷത്തെ പാട്ടാവകാശം ലേലത്തിനുവെച്ചത്്. പി.വി അൻവറിന്റെ കമ്പനി 5.54 കോടി രൂപക്ക് 99 വർഷത്തെ പാട്ട അവകാശം സ്വന്തമാക്കുകയായിരുന്നു.99 വർഷത്തെ പാട്ടത്തിനു ശേഷം ജോയ്മത്ത് ഹോട്ടൽ ആൻഡ് റിസോർട്സിന്റെ കെട്ടിടങ്ങളും സ്്ഥലവും യഥാർത്ഥ ഉടമസ്ഥനായ ജോയ്മാത്യുവിന്റെ കുടുംബത്തിനു ലഭിക്കേണ്ടതാണ്. എന്നാൽ പാട്ടഭൂമി ഇപ്പോൾ പി.വി അൻവർ നികുതിയടച്ച് സ്വന്തമാക്കിയിരിക്കുകയാണെന്നാണ് പരാതി.

ആലുവ ഈസ്റ്റ് വില്ലേജിൽ തണ്ടപ്പേർ നമ്പർ 12380 തിൽ 2006 മുതൽ 2019വരെ പി.വി അൻവർ മാനേജിങ്് ഡയറക്ടർ, പീവീസ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നികുതിയടച്ചിരിക്കുന്നത്. അതേസമയം ആലുവ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളിൽ ഇപ്പോഴും വസ്തുവിന്റെ ഉടമസ്ഥാവകാശം ജോയ് മാത്യുവിനും കുടുംബത്തിനുമാണ്. രജിസ്റ്റർ ചെയ്ത ആധാരം സഹിതം വേണം പോക്കുവരവിന് അപേക്ഷ നൽകാനും പോക്കുവരവ് നടത്തി തണ്ടപ്പേർ നമ്പറിട്ട് കരം സ്വീകരിക്കേണ്ടതും. എന്നാൽ പോക്കുവരവ് നടത്താനായി പി.വി അൻവറിന്റെയോ കമ്പനിയുടെയോ അപേക്ഷ പോലും വില്ലേജ് ഓഫീസിൽ ഇല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

അപേക്ഷയും ബന്ധപ്പെട്ട രേഖകളും നൽകാതെ പാട്ടാവകാശം മാത്രമുള്ള ഭൂമിക്ക് പിവി അൻവറിന്റെ പേരിൽ കരമടച്ചതാണ് ദുരൂഹത പടർത്തുന്നതെന്നും പരാതിക്കാർ പറയുന്നു. പാട്ടഭൂമി കരമടച്ച് സ്വന്തമാക്കിയ സംഭവത്തിൽ വില്ലേജ് ഓഫീസർക്കും പി.വി അൻവറിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യു എറണാകുളം ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ജോയ് മാത്യുവിന്റെ മരണശേഷം ഭൂമിക്ക് നികുതിയടക്കാനായി ഗ്രേസ് മാത്യുവും മകളും വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് ഭൂമിക്ക് പി.വി അൻവർ നികുതിയടക്കുന്നതായുള്ള വിവരം ലഭിച്ചത്. പരാതിയിൽ വിശദ അന്വേഷണം നടത്താനായി കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ എൽ.ആർ തഹസിൽദാർ മുമ്പാകെ ഹാജരായി ഗ്രേസ് മാത്യു തെളിവുകളും മൊഴിയും നൽകി.

പി.വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്സ പ്രൈവറ്റ് ലിമിറ്റഡ് 501 ഒപ്പനക്കര സ്ട്രീറ്റ്, കോയമ്പത്തൂർ നേരത്തെ കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയാണ്. മസ്‌ക്കറ്റ് ബാങ്ക് ഡയറക്ടറായിരുന്ന കെ.കെ. അബ്ദുൽ റസാഖ്, അൻവറിന്റെ സഹോദരൻ പുത്തൻവീട്ടിൽ അജ്മൽ, ചെറിയകത്ത് മുഹമ്മദ് നജീബ് അടക്കം എട്ട് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. എടത്തലയിൽ നാവികസേനയുടെ ആയുധസംഭരണ ശാലക്ക് സമീപം അതീവ സുരക്ഷാമേഖലയിലാണ് അൻവറിന്റെ കമ്പനി സ്വന്തമാക്കിയ ജോയ്മത് ഹോട്ടൽ ആൻഡ് റിസോർട്സുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP