Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസ്റ്റഡിയിൽ എടുത്ത രാജ്കുമാറിന്റെ കാൽവെള്ളയിൽ ചൂരൽ ഉപയോഗിച്ച് പലതവണ അടിച്ചത് നിയാസ്; കുമാർ കുമാർ സംസാരിക്കാതെ വന്നതോടെ മൂന്ന് കുപ്പി മുളകുസ്‌പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ അടിച്ചു; കാന്താരി മുളുകും അരച്ചു പുരട്ടി; പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും അരകല്ലും ക്രൈംബ്രാഞ്ച് കണ്ടെത്തി; മൊഴി പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും എഎസ്‌ഐ റെജിമോനും നിയാസും പയറ്റിയ തന്ത്രങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കി ക്രൈംബ്രാഞ്ച് സംഘം

കസ്റ്റഡിയിൽ എടുത്ത രാജ്കുമാറിന്റെ കാൽവെള്ളയിൽ ചൂരൽ ഉപയോഗിച്ച് പലതവണ അടിച്ചത് നിയാസ്; കുമാർ കുമാർ സംസാരിക്കാതെ വന്നതോടെ മൂന്ന് കുപ്പി മുളകുസ്‌പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ അടിച്ചു; കാന്താരി മുളുകും അരച്ചു പുരട്ടി; പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും അരകല്ലും ക്രൈംബ്രാഞ്ച് കണ്ടെത്തി; മൊഴി പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും എഎസ്‌ഐ റെജിമോനും നിയാസും പയറ്റിയ തന്ത്രങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കി ക്രൈംബ്രാഞ്ച് സംഘം

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസുകാരെ കൂടി ഇന്നലെ അറസറ്റു ചെയ്തിരുന്നു. രാജകുമാറിനെ ക്രൂരമായി മർദ്ദിച്ച ഉദ്യോഗസ്ഥരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. പൊലീസ് സ്റ്റേഷനിൽ നിന്നു മർദനത്തിന് ഉപയോഗിച്ച ലാത്തികളും, കുരുമുളക് സ്‌പ്രേയും കണ്ടെത്തിയതും കേസിൽ നിർണായക തെളിവായി മാറി. മർദനത്തിന് ഉപയോഗിച്ച രണ്ട് ലാത്തികളും, കുരുമുളക് സ്‌പ്രേയും നിയാസുമായി നടത്തിയ തെളിവെടുപ്പിലാണു കണ്ടെത്തിയത്. ലാത്തികളിലൊന്ന് ഒടിഞ്ഞതായിരുന്നു. അത്രയ്ക്ക് ക്രൂരമായി മർദ്ദനമാണ് രാജ്കുമാർ നേരിടേണ്ടി വന്നത്. മർദനം നടന്ന പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമമുറിയിൽ നിന്നുമാണു തെളിവുകൾ ശേഖരിച്ചത്.

എഎസ്‌ഐ സി.ബി. റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടം ക്രൈംബ്രാഞ്ച് ക്യാംപിൽ തിങ്കളാഴ്ച രാവിലെ മുതൽ 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എഎസ്‌ഐയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത്. വൈകുന്നേരം ആറുമണിക്കു പ്രതികളെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു. രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ച ജൂൺ 12 മുതൽ 15 വരെ ക്രൂരമായി മർദിച്ചെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

എഎസ്‌ഐയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു രാജ്കുമാറിനെ മർദിച്ചത്. കുരുമുളക് പ്രയോഗം ഉൾപ്പെടെ ക്രൂരമായ മൂന്നാംമുറ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് നിയാസാണെന്നു കണ്ടെത്തി. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഇതോടെ നാലായി. കെ.എ. സാബു, എഎസ്‌ഐ സി.ബി. റെജിമോൻ, പി.എ.നിയാസ്, സജീവ് ആന്റണി എന്നിവരാണ് കേസിലെ ഒന്നുമുതൽ നാല് വരെ പ്രതികൾ. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പീരുമേട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥുടെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ പരമാവധി ശ്രമങ്ങളാണ് എഎസ്‌ഐ സി.ബി.റെജിമോനും ഡ്രൈവർ നിയാസും നടത്തിയത്. പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും ചോദ്യങ്ങളെ പ്രതിരോധിച്ചും ഇവർ രംഗത്തുവന്നെങ്കിലും അന്വേഷണ സംഘം എല്ലാം പൊളിച്ചടുക്കി. തെളിവുകളെല്ലാം എതിരാണെന്നു കണ്ടതോടെ ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കസ്റ്റഡിമരണക്കേസിൽ ഇന്നലെ അറസ്റ്റിലായ റെജിമോനും നിയാസും 8 മണിക്കൂറാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളെ പ്രതിരോധിച്ചത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്‌ഐ കെ.എ. സാബുവും ഡ്രൈവർ സജീവ് ആന്റണിയും 2 മണിക്കൂറിനുള്ളിൽ കുറ്റം സമ്മതിച്ചെങ്കിലും റെജിയും നിയാസും ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നു.

രാജ്കുമാറിനെ മർർദിച്ചവശനാക്കിയത് റെജിയും നിയാസുമാണെന്നു എസ്‌ഐ സാബുവും സജീവും ക്രൈംബ്രാഞ്ചിനു നേരത്തേ മൊഴി നൽകിയിരുന്നു. ഇതിനെ ആസ്പദമാക്കി ചോദ്യങ്ങളുയർന്നപ്പോൾ ഇരുവരും നിഷേധിക്കുകയാണുണ്ടായത്. നന്മ ഹരിത ഫിനാൻസ് തട്ടിപ്പിലൂടെ കുമാർ സമാഹരിച്ച പണം എവിടെയെന്നു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പല തവണ ചോദിച്ചെങ്കിലും കുമാർ മിണ്ടിയില്ലെന്നും, ഇതേ തുടർന്നാണു ക്രൂര മർദനം ആരംഭിച്ചതെന്നും ക്രൈംബ്രാഞ്ച്. കഴിഞ്ഞ മാസം 12 ന് രാത്രിയിൽ അടിയും ഇടിയും തുടങ്ങി.

മുട്ടിനു താഴെ അടിച്ചാണ് ആദ്യം സത്യം പറയിപ്പിക്കാൻ ശ്രമിച്ചത്. ചൂരൽ ഉപയോഗിച്ച് കാൽവെള്ളയിൽ പലതവണ അടിച്ചു. കുമാർ സംസാരിക്കാതെ വന്നതോടെ 13, 14 തീയതികളിൽ 3 കുപ്പി മുളകുസ്‌പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ അടിച്ചു. നിയാസാണ് സ്‌പ്രേ എത്തിച്ചത്. ശേഷം കാന്താരി അരച്ചു പുരട്ടി. പൊലീസ് സ്റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയിൽ നിന്നു കാന്താരി മുളകും ചെറിയ അരകല്ലും ക്രൈംബ്രാഞ്ച് ഇന്നലെ കണ്ടെത്തി.

ഇവിടെയാണു കാന്താരി മുളക് അരച്ചതെന്നും ഇതിനു ശേഷം സ്റ്റേഷന്റെ 1ാം നിലയിലെ വിശ്രമമുറിയിൽ കൊണ്ടു പോയി കുമാറിന്റെ ശരീരത്തിൽ തേച്ചതെന്നും തെളിവെടുപ്പിനിടെ നിയാസ് ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. ക്രൂരമായി മർദിച്ചിട്ടും സത്യം പറയാതെ വന്നതോടെ കസേര എടുത്ത് കുമാറിന്റെ ശരീരത്തിനു മുകളിൽ ഇട്ട് നിയാസ് ഇരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. 12,13,14 തീയതികളിൽ കുമാറിനെ വിശ്രമ മുറിയിലെ തറയിൽ കിടത്തിയാണ് മർദിച്ചത്. ഇതോടെ കുമാറിന്റെ കാൽ മുട്ടിനു പരുക്കേറ്റു. ഇതിനു ശേഷമാണ് കാൽമുട്ടിനു ഉഴിച്ചിൽ നടത്താൻ തിരുമ്മുകാരനെ എത്തിച്ചത്. തിരുമ്മുകാരനു 300 രൂപ നൽകിയത് നിയാസായിരുന്നു. കുമാറിൽ നിന്നു പിടിച്ചെടുത്ത 72500 രൂപയിൽ നിന്നുമാണ് 300 രൂപ തിരുമ്മുകാരനെ നൽകിയതെന്നും കണ്ടെത്തലുണ്ട്. മർദന മുറകൾക്ക്, എസ്‌ഐ കെ.എ. സാബുവും കൂട്ടു നിന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കുമാറിനു മർദനമേറ്റ സമയത്ത് താൻ പൊലീസ് സ്റ്റേഷനിൽ ഇല്ലായിരുന്നു എന്നാണ് റെജിമോൻ ആദ്യം ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്. എന്നാൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ചിലതിൽ, കുമാർ കസ്റ്റഡിയിലുള്ള ദിവസങ്ങളിൽ രാത്രി സമയത്ത് റെജിമോൻ സ്റ്റേഷനിൽ ഉണ്ടെന്നു കണ്ടെത്തി. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിന്റെ ക്യാംപ് ഹൗസ് ആണു നെടുങ്കണ്ടം റെസ്റ്റ് ഹൗസാണ്. രാഷ്ട്രീയമായി കോളിളക്കം സൃഷ്ടിച്ച കേസിൽ കാര്യമായി അന്വേഷണം തന്നെയാണ് നടക്കുന്നത്.

വിഐപി മുറി ഉൾപ്പെടെ 4 മുറികൾ ഇവിടെ ഉണ്ട്. വിഐപി മുറിയിലാണു ചോദ്യം ചെയ്യൽ. മൊഴികൾ രേഖപ്പെടുത്തുന്നതും വൈരുധ്യങ്ങൾ കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥർ സമീപ മുറികളിൽ. അറസ്റ്റ് രേഖപ്പെടുത്തിയാൽ തുടർനടപടികൾ സ്വീകരിക്കുന്നതും റിമാൻഡ് റിപ്പോർട്ട് തയാറാക്കുന്നതിനും വേറെ ഉദ്യോഗസ്ഥരുണ്ട്. കഴിഞ്ഞ മാസം 12 മുതൽ 16 വരെയുള്ള തീയതികളിൽ നെടുങ്കണ്ടം സ്റ്റേഷനിൽ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചാണു ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. 12 മുതൽ 15 വരെയുള്ള ദിവസങ്ങളിലാണു നെടുങ്കണ്ടം സ്റ്റേഷനിൽ കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്നതും ക്രൂരമർദനത്തിന് ഇരയായതും. 21നാണു കുമാർ മരിച്ചത്. 28നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

കുമാറിന്റെ മരണത്തോടൊപ്പം ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പും അന്വേഷിക്കുന്നത് ഇതേ സംഘമാണ്. ക്രൈംബ്രാഞ്ച് എസ്‌പി കെ.എം.സാബു മാത്യു, ഡിവൈഎസ്‌പി ജോൺസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഐജി, എഡിജിപി എന്നിവർ എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP