Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരിച്ചത് ന്യുമോണിയ മൂലമെങ്കിലും ന്യുമോണിയ ബാധിച്ചത് ക്രൂര മർദ്ദനം മൂലം; നെടുങ്കണ്ടത്തെ ഇരുട്ടുമുറിയിൽ നടന്നത് രാജ് കുമാറിന്റെ വാരിയെല്ല് വരെ ഒടിച്ച ക്രൂരത; ഇടിമുറിയിലെ ഇരുട്ടിൽ ക്രിമിനൽ പൊലീസുകാർ മർദ്ദിച്ചത് നാല് ദിവസം; എ എസ് ഐയും രണ്ട് ഡ്രൈവർമാരും മദ്യപിച്ചെത്തി പ്രതിയുടെ കാലിൽ കയറി നിന്ന് സിനിമാ സ്റ്റൈലിൽ മർദ്ദിച്ചു; ബന്ധുക്കളുടെ മുമ്പിൽ ഇട്ടും മർദ്ദനം; നെടുങ്കണ്ടത്തെ പൊലീസ് മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു വരുമ്പോൾ നിയമപാലകരുടെ മനസാക്ഷിയില്ലായ്മയെ ഓർത്ത് തേങ്ങി കേരളം

മരിച്ചത് ന്യുമോണിയ മൂലമെങ്കിലും ന്യുമോണിയ ബാധിച്ചത് ക്രൂര മർദ്ദനം മൂലം; നെടുങ്കണ്ടത്തെ ഇരുട്ടുമുറിയിൽ നടന്നത് രാജ് കുമാറിന്റെ വാരിയെല്ല് വരെ ഒടിച്ച ക്രൂരത; ഇടിമുറിയിലെ ഇരുട്ടിൽ ക്രിമിനൽ പൊലീസുകാർ മർദ്ദിച്ചത് നാല് ദിവസം; എ എസ് ഐയും രണ്ട് ഡ്രൈവർമാരും മദ്യപിച്ചെത്തി പ്രതിയുടെ കാലിൽ കയറി നിന്ന് സിനിമാ സ്റ്റൈലിൽ മർദ്ദിച്ചു; ബന്ധുക്കളുടെ മുമ്പിൽ ഇട്ടും മർദ്ദനം; നെടുങ്കണ്ടത്തെ പൊലീസ് മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു വരുമ്പോൾ നിയമപാലകരുടെ മനസാക്ഷിയില്ലായ്മയെ ഓർത്ത് തേങ്ങി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്കപ്പ് മർദ്ദനങ്ങളുടെ ക്രൂരത അറിയാവുന്നവരാണ് കേരളം ഭരിക്കുന്ന ഭരണാധിപന്മാർ. പൊലീസ് സ്‌റ്റേഷനിൽ ഇടിമുറിയുണ്ടാകില്ലെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ ഏറിയവർ. എന്നാൽ പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ കേരളാ പൊലീസിന്റെ മാനസികാവസ്ഥയിൽ മാറ്റമൊന്നുമില്ല. ഇപ്പോഴും ക്രിമിനലുകൾ പൊലീസുകാർക്കിടയിലുണ്ട്. ഇവർ ഇടിച്ച് ആളുകളെ കൊല്ലുന്നുമുണ്ട്. വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ പ്രതികളായവരെ തന്ത്രപരമായി വീണ്ടും പൊലീസുകാരാക്കിയത് പോലുള്ള തീരുമാനമാണ് ആഹങ്കാരം കാട്ടാൻ പൊലീസിലെ ക്രൂരന്മാർക്ക് തുണയാകുന്നത്. ശിക്ഷ ജയിലുകളിൽ നടപ്പാക്കുന്നതിലെ അവസാന രക്തസാക്ഷിയാണ് രാജ് കുമാർ. ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലിൽ റിമാൻഡ്പ്രതി രാജ്കുമാർ മരിച്ചത് ക്രൂരമർദനമേറ്റതിനെ തുടർന്നാണെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് പൊലീസും സർക്കാരുമാണ്. ലോക്കപ്പ് മർദ്ദനങ്ങളിൽ സമാനതകളൊന്നുമില്ലാത്ത ക്രൂരതയാണ് രാജ് കുമാറിന് നേരിടേണ്ടി വന്നത്.

മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റു. ന്യൂമോണിയ ബാധയെത്തുടർന്നാണ് മരിച്ചത്. എന്നാൽ, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ കസ്റ്റഡിമരണത്തിന്റെപേരിൽ നിയമസഭയിൽ മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ വരാപ്പുഴയിലും മറ്റും പൊലീസിനെ പിന്തുണച്ച സർക്കാർ തന്നെയാണ് ഈ കൊലയിലും പ്രതിസ്ഥാനത്ത്. ലോക്കപ്പിൽ മരണ ശിക്ഷ നടപ്പാക്കുന്നവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. വിചാരണയിൽ ശിക്ഷ ഉറപ്പാക്കുകയും വേണം. അത് നടപ്പിലാക്കാത്താണ് വീണ്ടും വീണ്ടും ലോക്കപ്പിൽ മലയാളികൾ മരിച്ചു വീഴാൻ കാരണവും.

നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. മർദിച്ചത് എഎസ്‌ഐയും 2 പൊലീസ് ഡ്രൈവർമാരും. മേൽനോട്ടം ഒരു ഉന്നത ഉദ്യോഗസ്ഥൻ. ലാത്തി കൊണ്ട് കാൽ മുട്ടിനു താഴെ ഉരുട്ടി. കാൽ വണ്ണയിൽ അടിച്ചു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നു. ഇവർ മദ്യപിച്ചിരുന്നതായും സൂചന. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് കണ്ടെത്തുന്നത്. അതായത് നെടുങ്കണ്ടം സ്‌റ്റേഷനിൽ ഇടിമുറിയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. നവോത്ഥാനത്തിന്റെ കാവൽക്കാർ കേരളം ഭരിക്കുമ്പോഴാണ് ഈ നിയമവിരുദ്ധ പ്രവർത്തനം. ഒരാളെ പിടികൂടിയാൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേട്ടിന് മുമ്പിലെത്തിക്കണമെന്ന നിയമവും പാലിക്കപ്പെട്ടില്ല. ഇങ്ങനെ ക്രൂരത കാട്ടിയ നരാധമന്മാർക്കെതിരെ അതിശക്തമായ നടപടിയൊന്നും വാക്കുകൾക്ക് അപ്പുറം പിണറായി വിജയൻ എടുത്തിട്ടുമില്ല.

രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. കഴിഞ്ഞദിവസം നടപടികളുടെ ഭാഗമായി എ.ആർ. ക്യാമ്പിലേക്ക് മാറ്റിയ മൂന്ന് പൊലീസുകാർ ഉൾപ്പടെ നാലുപേരെക്കൂടി സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. എഎസ്ഐ. സ്റ്റേഷൻ റൈറ്റർ റോയി പി. വർഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റർ ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം എട്ടായി. കുറച്ചു കാലം കഴിയുമ്പോൾ ഇവർ സർവ്വീസിൽ തിരിച്ചെത്തും. സസ്‌പെൻഷൻ കാലത്തെ ശമ്പളവും ഒന്നിച്ചു കിട്ടും. കേസെല്ലാം പൊലീസ് തന്നെ അട്ടിമറിക്കും. ഇത്തരത്തിലെ അന്വേഷണങ്ങളാണ് രാജ് കുമാറിനെ പോലെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നത്.

ശരീരത്തിലേറ്റ 32 മുറിവുകളിൽ ഏറെയും അരയ്ക്കു താഴെയായിരുന്നു ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥൻ അടിവയറ്റിൽ ആഞ്ഞു ചവിട്ടി. ഈ ചവിട്ടിലാണ് കുമാർ കുഴഞ്ഞു വീണതെന്നു പറയുന്നു. ഈ ദിവസങ്ങളിൽ സ്റ്റേഷനിൽ നിന്നു രാത്രി നിലവിളി കേട്ടതായി സമീപവാസികൾ പറയുന്നു. 12ന് കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലുണ്ട്. അപ്പോൾ ആരോഗ്യവാനായി നടന്നാണു വരുന്നത്. എന്നാൽ 16ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിനു മുന്നിലേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളില്ല. തെളിവു നശിപ്പിക്കാൻ ദൃശ്യങ്ങൾ മായ്ച്ചതെന്നു സംശയം. മർദനം നടക്കുമ്പോഴും സിസിടിവി ഓഫ് ചെയ്തു. 16 ന് പുലർച്ചെ ഇടുക്കി മജിസ്‌ട്രേട്ടിനു മുൻപാകെ ഹാജരാക്കിയപ്പോൾ, പ്രതി തീർത്തും അവശനായിരുന്നു. അതിനാൽ പൊലീസ് വാഹനത്തിന് അടുത്തെത്തിയാണു റിമാൻഡ് നടപടികൾ മജിസ്‌ട്രേട്ട് പൂർത്തിയാക്കിയത്.

എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു ജയിലിലെത്തിച്ചതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറും പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയത് പൊലീസ് പിടിച്ചുവാങ്ങി നശിപ്പിച്ചു. ഇതാണ് കേരളാ പൊലീസ്. പിണറായിയുടെ കാലത്തും ഇതിനൊന്നും മാറ്റമില്ല. നെടുങ്കണ്ടം തൂക്കുപാലത്തുള്ള 'ഹരിത ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെപേരിൽ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഒൻപതുദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാർ, പീരുമേട് സബ്ജയിലിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 21-നാണ് മരിച്ചത്.

12-ന് രാത്രി ഒരുമണിക്ക് രാജ്കുമാറിനെ തെളിവെടുപ്പിന് പൊലീസ് കോലാഹലമേട്ടിൽ അമ്മയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ബന്ധുക്കളുടെ മുന്നിലിട്ട് പൊലീസ് മർദിച്ചതായി പറയുന്നു. 15-ന് വൈകീട്ടുവരെ രാജ്കുമാർ പൊലീസ് കസ്റ്റഡിയിലായിരുന്നു. 15-ന് രാത്രി എട്ടിന് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഒമ്പതുമണിക്ക് മെഡിക്കൽ റിപ്പോർട്ടെടുക്കാൻ പൊലീസ് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഒരു പൊലീസുകാരന്റെ കാവലിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. 16-ന് രാജ്കുമാറിന്റെ അറസ്റ്റുരേഖപ്പെടുത്തി. ആശുപത്രിയിൽനിന്ന് സ്ട്രെച്ചറിലാണ് കോടതിയിലേക്ക് കൊണ്ടുപോയത്. പിന്നീട് പീരുമേട് സബ്ജയിലിലേക്കും കൊണ്ടുപോയി. അവിടെവച്ചാണ് മരിച്ചത്.

മെഡിക്കൽ എടുക്കാൻ പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി നടക്കാൻകഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാരും പറയുന്നു. ഹൃദ്രോഗത്തിന് മരുന്നു കഴിച്ചിരുന്നതായി രാജ്കുമാർ പറഞ്ഞിരുന്നു. ഓടിയപ്പോൾ കുഴിയിൽവീണ് പരിക്കുപറ്റിയതാണെന്നാണ് പൊലീസ് പറഞ്ഞത്. പരിശോധനയ്ക്ക് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പൊലീസ് പറഞ്ഞെങ്കിലും ഒരു പൊലീസുകാരന്റെ കാവലിൽ വാർഡിൽ നിരീക്ഷണത്തിൽ കിടത്തി. മറ്റു കുഴപ്പങ്ങളൊന്നും തോന്നാഞ്ഞതിനാൽ അഡ്‌മിറ്റ് ചെയ്യേണ്ടിവന്നില്ലെന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വിഷ്ണു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP