Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഖിലും രാഹുലും 'കഞ്ചാവ് മണിയന്റെ' മക്കൾ; കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പൻ നായർ അതുപേക്ഷിച്ചത് മകൻ പട്ടാളക്കാരനായപ്പോൾ; ആർമിയിൽ ജോലി കിട്ടിയത് കോഴ കൊടുത്തിട്ടെന്നും സംശയം; അച്ഛന് അറിയാതെ മക്കൾക്ക് രാഖിയെ കൊന്ന് പുരയിടത്തിൽ കുഴിച്ചു മൂടാനാകില്ലെന്നും നാട്ടുകാർ; രാഖിയെ വകവരുത്താൻ മക്കൾക്ക് അച്ഛന്റേയും സഹായം കിട്ടിയെന്ന് ഉറച്ച് വിശ്വസിച്ച് അമ്പൂരിക്കാർ; ഒന്നും അറിയില്ലെന്ന രാജപ്പൻ നായരുടെ വാക്ക് അവിശ്വസനീയമെന്ന് പൊലീസും

അഖിലും രാഹുലും 'കഞ്ചാവ് മണിയന്റെ' മക്കൾ; കഞ്ചാവ് കച്ചവടവുമായി നടന്ന രാജപ്പൻ നായർ അതുപേക്ഷിച്ചത് മകൻ പട്ടാളക്കാരനായപ്പോൾ; ആർമിയിൽ ജോലി കിട്ടിയത് കോഴ കൊടുത്തിട്ടെന്നും സംശയം; അച്ഛന് അറിയാതെ മക്കൾക്ക് രാഖിയെ കൊന്ന് പുരയിടത്തിൽ കുഴിച്ചു മൂടാനാകില്ലെന്നും നാട്ടുകാർ; രാഖിയെ വകവരുത്താൻ മക്കൾക്ക് അച്ഛന്റേയും സഹായം കിട്ടിയെന്ന് ഉറച്ച് വിശ്വസിച്ച് അമ്പൂരിക്കാർ; ഒന്നും അറിയില്ലെന്ന രാജപ്പൻ നായരുടെ വാക്ക് അവിശ്വസനീയമെന്ന് പൊലീസും

പ്രവീൺ സുകുമാരൻ

വെള്ളറട: മക്കൾ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടൈയന്നും അഖിലിന്റേയും രാഹുലിന്റേയും അച്ഛൻ. രാഖിയെ കൊന്ന കേസിൽ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ അച്ഛൻ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ചർച്ചകളിൽ സജീവമാകുകയാണ്. രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകൻ അഖിൽ ഫോൺ വിളിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരനാണെങ്കിൽ മക്കളോട് പൊലീസിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചതായി അച്ഛൻ രാജപ്പൻ നായർ (മണിയൻ) പറയുന്നു. എന്നാൽ നാട്ടുകാരുടെ മുമ്പിൽ ഈ അച്ഛനാണ് കുറ്റക്കാരൻ. അച്ഛൻ അറിയാതെ അഖിലും രാഹുലും ഇത്തരത്തിലൊരു പ്രവർത്തി ചെയ്യില്ലെന്ന് ഏവരും പറയുന്നു. മണിയനെ പൊലീസിനും സംശയമുണ്ട്. എങ്കിലും മക്കളെ പിടികൂടിയ ശേഷമേ അച്ഛനിലേക്ക് അന്വേഷണമെത്തൂ.

ഏഷ്യാനെറ്റ് കേബിൾ കോൾ സെന്ററിലെ ജീവനക്കാരിയായിരുന്നു രാഖി. രാഖിയെ അഖിൽ പ്രണയിച്ചത് മിസ്ഡ കോളിലൂടെയായിരുന്നു. ഇത് കുടുംബത്തിനും അറിയാമായിരുന്നു. അമ്പൂരിയിലെ അറിയപ്പെടുന്ന കഞ്ചാവ് കച്ചവടക്കാരനായിരുന്നു ഒരുകാലത്ത് രാജപ്പൻ നായർ എന്ന മണിയൻ. കഞ്ചാവ് മണിയൻ എന്നാണ് അറിയപ്പെടുന്നത്. കേസുകളിൽ ഒ്ന്നും കുടുങ്ങിയില്ലെങ്കിലും കഞ്ചാവ് വിൽപ്പനയുടെ വിശദാംശങ്ങൾ നാട്ടുകാർക്കെല്ലാം അറിയാം. കുറച്ചു നാളായി ഒരു പണിയും ചെയ്യാതെ ജീവിക്കുന്നു. അമ്പൂരി തട്ടാന്മുക്ക് അശ്വതി ഭവൻ എന്ന വീട്ടിലിരുന്ന് മക്കളുടെ ദുർവിധിയോർത്ത് സങ്കടപ്പെടുകയാണ് അച്ഛന് അതുകൊണ്ട് തന്നെ രാഖിയുടെ കൊലയിൽ പങ്കുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം. കൊലപാതകക്കേസിൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന അഖിൽ, രാഹുൽ എന്നിവർ ഒളിവിലായതോടെ വീട്ടിൽ അച്ഛൻ രാജപ്പൻനായരും അമ്മയും മാത്രമാണുള്ളത്. കൊലപാതകത്തിൽ മക്കളെ മാത്രം കുടുക്കാനുള്ള ശ്രമമാണ് മണിയൻ ചെയ്യുന്നത്.

ഇളയവനായ അഖിൽ വാവോട് സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി.യും അമ്പൂരി സ്‌കൂളിൽനിന്ന് പ്‌ളസ്ടുവും പൂർത്തിയാക്കി ഒന്നാംവർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാലുവർഷം മുൻപ് ആർമിയിൽ ജോലി കിട്ടിയത്. ഇതോടെയാണ് രാജപ്പൻ എന്ന മണിയൻ കഞ്ചാവ് കച്ചവടവും മറ്റും അവസാനിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതമാണ് മണിയന്റേത്. രാഹുൽ ഡിഗ്രി പഠനം പൂർത്തിയാക്കാതെ സൗണ്ട് എൻജിനീയറിങ് കോഴ്സ് കഴിഞ്ഞ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയാണ്. കഞ്ചാവ് കച്ചവടത്തിലൂടെ തന്നെ രാജപ്പൻ അത്യാവശ്യം സാമ്പത്തിക ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് മകനെ പട്ടാളക്കാരനാക്കിയെന്നും സംശയം നാട്ടുകാർക്കുണ്ട്. ഇതോടെ മകന്റെ വരുമാനത്തിൽ ജീവിക്കാൻ തുടങ്ങി.

അഖിലും തിരുപുറം പുത്തൻകട സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവർ തമ്മിൽ നല്ല സുഹൃത്തുകളായി മാറിയെന്നും മകനിൽനിന്ന് അറിയാൻ കഴിഞ്ഞതായി അഖിലിന്റെ അമ്മ പറഞ്ഞു. സ്ഥിരമായി രാഖിയും അഖിലും തമ്മിൽ ഫോണിൽ സംസാരിക്കുമായിരുന്നു. പിന്നീട് അഖിൽ അന്തിയൂർകോണം സ്വദേശിനിയുമായി പരിചയപ്പെടുകയും മാസങ്ങൾക്കു മുൻപ് ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതെന്നും രാജപ്പൻനായർ പറഞ്ഞു. രാഖി നാടാർ ക്രിസ്ത്യാനിയായിരുന്നു. അതുകൊണ്ട് തന്നെ ഈ കുട്ടിയെ കെട്ടാനാകില്ലെന്ന് മണിയൻ മകനെ താക്കീത് ചെയ്തതായും സൂചനയുണ്ട്.

വിവാഹംചെയ്യണമെന്നാവശ്യപ്പെട്ട് മകനെ രാഖി വിളിച്ചിരുന്നു. കൂടാതെ അഖിലിന്റെ പ്രതിശ്രുതവധുവിനെ അവർ തമ്മിൽ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. ജൂൺ 21-ന് ബാങ്കിൽപ്പോയി വന്നശേഷം കളിയലിലെ സുഹൃത്തിന്റെ കാറിൽ രാഖിയെ കയറ്റിക്കൊണ്ടു വന്നതായും പിന്നീട് അമരവിളയ്ക്കുസമീപം ഇറക്കി വിട്ടെന്നും പറയുന്നു. പിന്നീട് മറ്റൊരു ബൈക്കിൽ കയറി രാഖി അഖിലിന്റെ വീട്ടിൽ വന്നതായും പിന്നീട് അവരുമായി വാക്കേറ്റം നടന്നുവെന്നും അറിയാൻ കഴിഞ്ഞതായി രാജപ്പൻ നായർ പറഞ്ഞു. മക്കൾ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടൈയന്നും അദ്ദേഹം പറഞ്ഞു.

തട്ടാന്മുക്കിൽ ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം മറ്റൊരു വീട് അഖിൽ നിർമ്മിക്കുന്നുണ്ട്. അതിലേക്ക് എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായി ഒരുമാസത്തെ ലീവെടുത്ത് മെയ്‌ 30-ന് അഖിൽ നാട്ടിലെത്തിയിരുന്നു. ഈ വീട്ടിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മണിയൻ അറിയാതെ ഇവിടെ മക്കൾക്ക് രാഖിയെ വകവരുത്തി കുഴിച്ചു മൂടാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിനു സഹായിച്ച അഖിലിന്റെ സുഹൃത്ത് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദർശിനെ ചോദ്യം ചെയ്തതിൽനിന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദർശാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാട്ടിക്കൊടുത്തത്. അഖിലിന്റെ അമ്പൂരി തട്ടാന്മുക്കിലെ പുതുതായി പണികഴിപ്പിച്ച വീടിനു പിന്നിൽ കുഴിച്ചുമൂടിയ നിലയിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞമാസം 21ന് തന്റെ പുതിയ വീടു കാണിക്കാനെന്ന വ്യാജേനെ രാഖിയെ കാറിൽ അമ്പൂരിയിലേക്ക് വിളിച്ചുകൊണ്ടുവന്ന അഖിൽ പ്രണയത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. രാഖി വിസമ്മതിച്ചതോടെ കാറിനുള്ളിൽവച്ചുതന്നെ അഖിൽ രാഖിയുടെ കഴുത്ത് ഞെരിച്ചു കൊന്നു. തുടർന്ന് മൂവരും ചേർന്ന് രാഖിയുടെ വസ്ത്രങ്ങൾ ഊരിമാറ്റി മൃതദേഹത്തിൽ ഉപ്പ് വിതറി നേരത്തെ തയാറാക്കിയിട്ടിരുന്ന കുഴിയിൽ മൂടുകയായിരുന്നുവെന്നും ആദർശ് പൊലീസിനോട് പറഞ്ഞു. രാഖിവധത്തിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ നെയ്യാറ്റിൻകര ഡിവൈ.എസ്‌പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം. പൂവാർ സിഐ: രാജീവ്, എസ്‌ഐ: സജീവ് എന്നിവരുടെ നേതൃത്വത്തിൽ ആറ് പൊലീസുകാരടങ്ങുന്നതാണ് അന്വേഷണസംഘം. കേസിൽ പിടിയിലായ ആദർശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈമാസം അഞ്ചിനു ശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലായിരുന്നആദർശിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിനായിട്ടില്ല. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി അഖിൽ നായർ ജമ്മു കശ്മീരിലെ ലഡാക്കിലുള്ളതായണ് സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച രാഖിമോളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP