Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

വേണ്ടാ.. വേണ്ടായെന്ന് ലഡാക്കിൽ നിന്ന് വിളിച്ചു പറഞ്ഞത് സൈനിക കമാന്റന്റ്; മിലിറ്ററി സന്ദേശം അവഗണിച്ചത് റൂറൽ എസ് പിയുടെ പച്ചക്കൊടിയുടെ ബലത്തിൽ; ചെന്നൈയിലേക്ക് പൂവാറുകാരിയെ കടത്തിയ കൊല്ലത്തുകാരനെ തേടി അലഞ്ഞപ്പോൾ തുണയായത് ഫോൺ അന്വേഷണം; സത്യം തെളിഞ്ഞത് കാട്ടാക്കടയിലെ മുൻ കെ എസ് ആർ ടി സി ഡ്രൈവറിലൂടെ; പ്രതിയെ പൊക്കാൻ സഹായിച്ചത് ആദർശിന്റെ മുതുകിലെ മുഴയും; അമ്പൂരിയിലെ രാഖി കൊലയിൽ സത്യം തെളിഞ്ഞു വന്നത് മൊബൈൽ ഫോണിൽ

വേണ്ടാ.. വേണ്ടായെന്ന് ലഡാക്കിൽ നിന്ന് വിളിച്ചു പറഞ്ഞത് സൈനിക കമാന്റന്റ്; മിലിറ്ററി സന്ദേശം അവഗണിച്ചത് റൂറൽ എസ് പിയുടെ പച്ചക്കൊടിയുടെ ബലത്തിൽ; ചെന്നൈയിലേക്ക് പൂവാറുകാരിയെ കടത്തിയ കൊല്ലത്തുകാരനെ തേടി അലഞ്ഞപ്പോൾ തുണയായത് ഫോൺ അന്വേഷണം; സത്യം തെളിഞ്ഞത് കാട്ടാക്കടയിലെ മുൻ കെ എസ് ആർ ടി സി ഡ്രൈവറിലൂടെ; പ്രതിയെ പൊക്കാൻ സഹായിച്ചത് ആദർശിന്റെ മുതുകിലെ മുഴയും; അമ്പൂരിയിലെ രാഖി കൊലയിൽ സത്യം തെളിഞ്ഞു വന്നത് മൊബൈൽ ഫോണിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. അമ്പൂരി കൊലക്കേസിൽ തലനാരിഴ കീറിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ മാതാപിതാക്കൾ റൂറൽ എസ് പി കണ്ട് പരാതി നല്കിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിൽ വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഇത് നിയന്ത്രിക്കണമെന്നുമായിരുന്നു ആവിശ്യം. ഇതിനിടെ ലഡാക്കിൽ നിന്നും മിലിട്ടിറി കമാന്റന്റും റൂറൽ എസ് പി യെ വിളിച്ചു വെറും സംശയത്തിന്റെ പേരിൽ അഖിലിന്റെ കുടുംബത്തെ വേട്ടയാടരുതെന്നായിരുന്നു ആവിശ്യം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സജീവ് നെല്ലിക്കാടിനെ നേരിട്ടു വിളിച്ച എസ് പി അന്വേഷണം തുടരണമെന്നും എത്രയും പെട്ടന്ന് കേസിൽ തുമ്പുണ്ടാക്കണമെന്നും നിർദ്ദേശിച്ചു. അതായത് മിലിറ്ററി കമാന്റന്റ് വിളിച്ചിട്ടും എസ് പിയുടെ മുട്ടിടിച്ചില്ല. ഇതാണ് രാഖി കൊലക്കേസിൽ അതിനിർണ്ണായകമായത്.

അന്വേഷണത്തിന്റെ ഭാഗമായി അഖിലിന്റെ വീട്ടിൽ പോകുന്നതിൽ തടസങ്ങൾ ഇല്ലന്നും വ്യക്തമാക്കി. പെരുമ്പാവൂർ ജിഷ വധക്കേസിൽ യാഥാർത്ഥ പ്രതി അമറുൾ ഇസ്ലാമിനെ അറസ്റ്റു ചെയ്തത് അന്ന് ക്രൈംബ്രാഞ്ച് എസ് പി യായിരുന്ന ഇപ്പോഴത്തെ റൂറൽ എസ് പി പി കെ മധുവായിരുന്നു. റൂറൽ എസ് പി യായി തിരുവനന്തപുരത്ത് എത്തിയപ്പോഴും കേസ് അന്വേഷണത്തിലെ മികവ് അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ദൃശ്യമായിരുന്നു.മികച്ച സർവ്വീസ് റെക്കോർഡ് ഉള്ള റൂറൽ എസ് പി പി കെ മധുവിന്റെ മോണിട്ടറിങ് രാഖിയെ കാണാതായത് മുതൽ ഈ കേസിൽ ഉണ്ടായിരുന്നു. കൊല്ലം കമ്മീഷണർ ആയിരിക്കെ അപ്രതീക്ഷിതമായാണ് ഒന്നര മാസം മുൻപ് പി കെ മധു തിരുവനന്തപുരം റൂറൽ എസ് പി യായി ചുമതലയേറ്റത്. തൃശൂർകമ്മീഷണർ ആയി സ്ഥലം മാറ്റം ലഭിച്ചുവെങ്കിലും നിലവിലെ കമ്മീഷണർ യതീഷ് ചന്ദ്ര സ്ഥാനം ഒഴിയാൻ തയ്യാറാവാത്തതിനെ തുടർന്നാണ് മധുവിനെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

അന്വേഷണ പുരോഗതി ഓരോ ദിവസവും പുവ്വാർ എസ് ഐ സജീവ് നെല്ലിക്കാട് എസ് പി യെ അറിയിക്കുന്നുണ്ടായിരുന്നു. ജൂൺ 21 ന് കാണാതായ രാഖി 24ന് അഖിലിന് മെസേജ് അയച്ചതിനെ കുറിച്ചായി അന്വേഷണ സംഘത്തിന്റെ ചിന്ത.കൊല്ലത്തെ സുധീഷിനൊപ്പം ഞാൻ പോണു.എന്നെ സഹായിച്ചതിന് നന്ദി.നിന്നെ ഞാൻ വിളിക്കാം.നിന്നോടു കാര്യങ്ങൾ മറച്ചുവെച്ചതിൽ പൊറുക്കണം. എന്നെ ഇനി അന്വേഷിക്കണ്ട....ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്നു. ഇതായിരുന്നു മെസേജിന്റെ ഉള്ളടക്കം. രാഖിയുടെ നമ്പരിൽ നിന്നും ഇങ്ങനെയൊരു മെസേജ് അയച്ചിട്ടുള്ളതായി സൈബർ പൊലീസിന്റെ പരിശോധനയിലും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർ ആകെ കുഴങ്ങി. ഇതേ ദിവസം തന്നെ രാഖിയുടെ നമ്പരിൽ നിന്നും വെള്ളറടയിലെ ബന്ധുവിനെയും അഖിലിനെയും വിളിച്ചതായും മനസിലായി.

ഫോൺ അന്വേഷണം നിർണ്ണായകമായി

വെള്ളറടയിലെ ബന്ധുവീട്ടിൽ എത്തിയ അന്വേഷണ സംഘത്തിന് മുന്നിൽ 13 സെക്കന്റുള്ള ഒരു കോൾ വന്നതായി ബന്ധു സ്ഥിരീകരിച്ചു. എന്നാൽ മറുതലയ്ക്കൽ നിന്നും ആരും സംസാരിച്ചില്ലന്നും രാഖിയുടെ ബന്ധു പറഞ്ഞു. സാധാരണ യായി രാഖി കൊച്ചിയിൽ പോകുമ്പോൾ വീട്ടിൽ വിളിച്ചില്ലങ്കിൽ പിന്നെ വിളിക്കുന്നത് ഈ ബന്ധു വീട്ടിലാണ്. വീട്ടുകാർ തിരികെ വിളിച്ചെങ്കിലും സ്വിച്ച ഓഫ് പറയുകയായിരുന്നു. ഇതേ ദിവസം തന്നെ അഖിലിന്റെ ഫോണിലേക്കും കോൾ വന്നിരുന്നു. ഇക്കാര്യം അഖിൽ സമ്മതിച്ചു. സുധീഷാണ് സംസാരിച്ചതെന്നാണ് അഖിൽ പൊലീസിനോടു വെളിപ്പെടുത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ രാഖിയുടെ കോൾ ലിസ്റ്റ് വീണ്ടു ശേഖരിച്ച അന്വേഷണ സംഘത്തിന് ഒന്ന് മനസിലായി രാഖി നേരത്തെ ഉപയോഗിച്ച ഫോണിൽ നിന്നല്ല കാണാതായതിന് ശേഷം വിളിച്ചിരിക്കുന്നത് ഐ എം ഇ നമ്പരുകൾ വ്യത്യാസം.

ഐ എം ഇ നമ്പർ പരിശോധിച്ചപ്പോൾ ഈ ഫോണിൽ നിന്നും രണ്ടാഴ്ച മുൻപ് ആറു നമ്പരുകളിലേക്ക് കോൾ പോയിട്ടുണ്ട് അതിൽ നേരത്തെ ഉപയോഗിച്ച നമ്പരിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ഇറങ്ങി തിരിച്ച അന്വേഷണ സംഘം ചെന്നെത്തിയത് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ മുൻ ഡ്രൈവറുടെ അടുത്ത്. ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി കൊച്ചിയിൽ നിന്നും ഡീസൽ കൊണ്ടു വരുന്ന ടാങ്കറിന്റെ ഡ്രൈവർ. പൊലീസിന്റെ ആദ്യവട്ട ചോദ്യം ചെയ്യലിൽ തന്നെ ഡ്രൈവർ എല്ലാം പറഞ്ഞു.തന്റെ മൊബൈൽ കോടായി നന്നാക്കാൻ കൊടുത്ത കടയിൽ നിന്നും താൽക്കാലികമായി ഒരു ഫോൺ തന്നിരുന്നു. അത് ഞാൻ രണ്ട് ദിവസമേ ഉപയോഗിച്ചുള്ളു. അങ്ങനെ കാട്ടക്കട ജംഗ്ഷ്നിലെ പപ്പൂസ് മൊബൈൽ ഷോപ്പിൽ അന്വേഷണം സംഘം എത്തി ആദ്യം ഘട്ടത്തിൽ സഹകരിക്കാത്ത കടയുടമ കേസിന്റെ ഗൗരവവ്വം ബോധ്യപ്പെടുത്തിയപ്പോൾ വഴങ്ങി.

രാഖിയുടെ സിം ഇട്ട വിളിച്ച മൊബൈൽ ഫോൺ ഇവിടെന്ന് 600 രൂപയ്ക്ക് രണ്ടു യുവാക്കൾ വന്ന് വാങ്ങിയതായി കടയിലെ രജിസ്റ്റർ പരിശോധിച്ച ശേഷം ജീവനക്കാർ പറഞ്ഞു. മൊബൈൽ ഷോപ്പിലെ സി സി ടി വി പരിശോധിച്ചുവെങ്കിലും ഒരാഴ്ചയ്ക്കപ്പുറം ഉള്ള ദൃശ്യങ്ങൾ അതിൽ ഉണ്ടായിരുന്നില്ല. ആര് വാങ്ങി കൊല്ലത്തെ സുധീഷ് വാങ്ങിയതാണോ അതോ ഇനി മറ്റാരെങ്കിലും ആണോ അന്വേഷണ സംഘം വല്ലാത്ത വിഷമ ഘട്ടത്തിലായി. തൊട്ടടുത്ത കടകളിലെയും എതിർ വശത്തെ ഷോപ്പുകളിലെയും സിസിടിവി പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല ഇതിനിടെ അഖിലിന്റെ സുഹൃത്ത് ആദർശിനെ ചോദ്യം ചെയ്തത് കേസിൽ കച്ചി തുരുമ്പായി.

തുണച്ചത് മുതുകിലെ മുഴ

രാഖിയെ ധനുവച്ചപുരത്ത് ഇറക്കി വിടുമ്പോൾ താൻ ആദർശുമായി ഫോണിൽ സംസാരിക്കുകയായിരുന്നു എന്ന അഖിലിന്റെ മൊഴിയാണ് എസ് ഐ സജീവ് നെല്ലിക്കാടിനെയും സംഘത്തെയും ആദർശത്തിന്റെ അടുത്ത് എത്തിച്ചത്. ആദർശിനെ പൊലീസ് കാണുമ്പോൾ മുതുകിലെ മുഴയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു . ആദ്യം പര്സ്പര വിരുദ്ധമായി സംസാരിച്ച ആദർശിന്റെ ഫോട്ടോ പൊലീസ് എടുത്തു. അഖിലിന്റെ അനുജൻ രാഹുലിന്റെ ഫോട്ടോയും അന്വേഷണ സംഘം ശേഖരിച്ചു.

രണ്ടു ഫോട്ടോകളുമായി വെറുതെ കാട്ടക്കടയിലെ മൊബൈൽ ഷോപ്പിൽ എത്തി കാണിച്ചു. ഷോപ്പിലെ ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞു , മൊബൈൽ വാങ്ങിയത് ഇവരാണന്ന് ഉറപ്പിച്ചതോടെ ആദർശിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി തെളിവുകൾ കാട്ടി ചോദ്യം ചെയ്തു. അപ്പോഴാണ് മൂവരും ചേർന്ന് കൃത്യം നടത്തിയെന്ന് ആദർശ് വ്യക്തമാക്കിയത്. തെളിവു നശിപ്പിക്കാനും പൊലീസിന്റെ ശ്രദ്ധ തിരിക്കാനുമാണ് രാഖിയുടെ സിം ഉപയോഗിച്ച് ഫോൺ വിളിച്ചതെന്ന് ആദർശ് പറഞ്ഞു. ഇതിനായി തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് പോയി ഈ സമയം തന്റെയും രാഹുലിന്റെയും മൊബൈലുകൾ സ്വിച്ച് ഓഫ് ആക്കിയിരുന്നതായും ആദർശ് പറഞ്ഞു.

ഒന്നാം പ്രതി അഖിലിന്റെയും അനുജൻ രാഹുലിന്റെയും ബുദ്ധി അനുസരിച്ച് താനും പ്രവർത്തിക്കുകയായിരുന്നു വെന്നും ആദർശ് മൊഴി നല്കി. രാഖി കൊലക്കേസിൽ അറസ്റ്റിലായ് മൂന്ന് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി കഴിഞ്ഞ ദിവസമാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP