Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് നേതാവിന്റെ വധത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി; കൊലപാതകത്തെ തള്ളിപ്പറയുന്നവർ തന്നെ പ്രതികൾക്കു നിയമസഹായവുമായി രംഗത്ത്; അറസ്റ്റിലായ റിനീഷിനും ജ്യോതിഷിനും വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷക സംഘടനയുടെ വൈസ് പ്രസിഡന്റ്; കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നു കോടിയേരി പറഞ്ഞതും ഇന്ന്

ആർഎസ്എസ് നേതാവിന്റെ വധത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി; കൊലപാതകത്തെ തള്ളിപ്പറയുന്നവർ തന്നെ പ്രതികൾക്കു നിയമസഹായവുമായി രംഗത്ത്; അറസ്റ്റിലായ റിനീഷിനും ജ്യോതിഷിനും വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷക സംഘടനയുടെ വൈസ് പ്രസിഡന്റ്; കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നു കോടിയേരി പറഞ്ഞതും ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാമന്തളിയിലെ ആർഎസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് വേണ്ടി കോടതിയിൽ ഹാജരായത് സി.പി.എം അഭിഭാഷകൻ. സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാറാണ് ചൊവ്വാഴ്ച കോടതിയിൽ ഹാജരായത്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഏതെങ്കിലും സി.പി.എം പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും ഇന്നുതന്നെയാണ്.

കൊലപാതകത്തെ സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും ഇവർക്ക് വേണ്ട എല്ലാ നിയമസഹായവും പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ നൽകുന്നുവെന്നാണ് ഇതോടെ വ്യക്തമാവുന്നത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമായിരുന്നുവെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ധൻരാജ് വധക്കേസിന്റെ വിരോധം തീർക്കാൻ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വന്നതോടെ കൊലയ്ക്ക് പിന്നിൽ തങ്ങളല്ലെന്ന സിപിഎമ്മിന്റെ വാദം അപ്രസക്തവുമായി.

രാമന്തളി മണ്ഡലം ആർഎസ്എസ് കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊല ചെയ്ത കേസിൽ രണ്ട് സി.പി.എം പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. രാമന്തളി കക്കംപാറയിലെ നടുവിലെപുരയിൽ റിനേഷ് (28), രാമന്തളി പരത്തിക്കാട് കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ പി.കെ.സുധാകരൻ പയ്യന്നൂർ സർക്കിൾ ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കവേയാണ് സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാർ ഹാജരായത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻഡ് ചെയ്തു.

പയ്യന്നൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏതെങ്കിലും സി.പി.എം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അവരെ സംരക്ഷിക്കില്ലെന്നുമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു വ്യക്തമാക്കിയത്. നേരത്തെ പയ്യന്നൂർ ഏരിയ കമ്മിറ്റിയും ഇക്കാര്യം അറിയിച്ചു. ഇത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ഇത് വെറും പറച്ചിലല്ലെന്നും പ്രായോഗികമായി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. പൊലീസ് രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ അക്രമങ്ങളിലെ പ്രതികളെ തള്ളിപ്പറയാൻ ബിജെപി തയ്യാറാണോയെന്നും കേടിയേരി ചോദിക്കുകയുണ്ടായി.

കണ്ണൂരിൽ രാഷ്ട്രീയപരമായും ഭരണപരമായുമുള്ള ഇടപെടൽ ആവശ്യമാണ്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു ചേർത്തത്. സിപിഎമ്മിനെ തകർക്കാനാണ് ബിജെപിയുടെ ശ്രമം. ഛത്തീസ്‌ഗഡിൽ പോലും നടപ്പാക്കിയിട്ടില്ലാത്ത അഫ്സ്പ കണ്ണൂരിൽ നടപ്പാക്കണമെന്ന് പറയുന്നത് സിപിഎമ്മിനെ കുടുക്കാനാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും എരിതീയിൽ എണ്ണയൊഴിക്കലാണെന്നും കോടിയേരി കുറ്റപ്പെടുത്തുകയുണ്ടായി.

വെള്ളിയാഴ്ചയായിരുന്നു പയ്യന്നൂർ രാമന്തളിയിൽ ബിജു വെട്ടേറ്റ് മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 12-ാം പ്രതിയാണ് മരിച്ച ബിജു. കൊലപാതകത്തിന് പുന്നിൽ സിപിഎമ്മാണെന്ന് ആരോപണം ഉയർന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സി.പി.എം നേതാക്കളും അന്നുതന്നെ നിഷേധിച്ചു രംഗത്തുവന്നിരുന്നു.

ബിജുവിനെ കൊന്നത് ധനരാജിനോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണെന്നാണ് പ്രതികളിലൊരാളായ റിനീഷ് പൊലീസിന് നല്കിയ മൊഴി. ധനരാജ് ആർഎസ്എസിനോട് കൊല്ലപ്പെടുന്നത് വരെ ഏറ്റുമുട്ടിയിട്ടില്ല. എന്നിട്ടും അവർ അത് ചെയ്തു. അതിനുള്ള പ്രതികാരമായിട്ടാണ് ഞങ്ങൾ തന്നെ കൊലപാതകം പ്ലാൻ ചെയ്തതെന്ന് റിനീഷ് പറഞ്ഞു. ചോദ്യംചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് റിനീഷ് ഒന്നിലധികം തവണ അലറികരഞ്ഞു. ഞാൻ തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് സമ്മതിച്ചു. ധനരാജിനെ ഇല്ലായ്മ ചെയ്തവരെ കൊന്നതിന് ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും, പിടിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് പറഞ്ഞതായും വിവരമുണ്ട്.

ബിജുവിനെ ആയിരുന്നില്ല, ധനരാജ് കേസിലെ ഒന്നാം പ്രതിയെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും റിനീഷിന്റെ വെളിപ്പെടുത്തലുണ്ട്. കൊലപാതകം ആരുടെയെങ്കിലും പ്രേരണ കൊണ്ട് ചെയ്തതല്ലെന്നാണ് റിനീഷ് ചോദ്യം ചെയ്യലിൽ ഉടനീളം പറഞ്ഞത്. ഇത് ധനരാജിന്റെ സുഹൃത്തുക്കൾ മാത്രം ചെയ്തതാണ്. ഇതേസമയം, പാർട്ടി പ്രദേശിക നേതാക്കൾക്ക് പ്രദേശത്ത് ഒരു കൊലപാതകം നടക്കുമെന്ന വിവരം അറിയാമായിരുന്നുവെന്നും റിനീഷ് വെളിപ്പെടുത്തിയതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.

കേസിൽ രാമന്തളി സ്വദേശി അനൂപാണ് ഒന്നാം പ്രതി. സത്യൻ, രജീഷ്, പ്രജീഷ്, നിതിൻ ജ്യോതിഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെല്ലാം മുമ്പ് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ധനരാജിന്റെ അടുത്ത സുഹൃത്തുക്കളാണ്. അനൂപും റിനീഷും ചേർന്നാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സത്യൻ, രജീഷ്, പ്രജീഷ് എന്നിവരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കിൽ പിന്തുടരുകയായിരുന്നു. ധനരാജിന്റെ അടുത്ത സുഹൃത്തും പണയിലെ ലോറി ഡ്രൈവറുമായിരുന്നു റിനീഷ്. ബിജുവിനെ കൊലപ്പെടുത്താൻ മുമ്പും ശ്രമം നടത്തിയിരുന്നു. പക്ഷെ അതൊന്നും ഫലപ്രദമായില്ല. രണ്ടാഴ്ചയോളം ബിജുവിനെ പിന്തുടർന്ന് കാര്യങ്ങൾ പഠിച്ചശേഷമായിരുന്നു കൊലപാതകം. റിനീഷ് പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP