Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും കടുത്ത ഭ്രമം; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് സുഖവാസം; വിവാഹിതയായ സ്ത്രീകളെ വളച്ചെടുത്ത് അവിഹിത ബന്ധം സ്ഥാപിക്കും; നുണകൾക്ക് മേൽ നുണകൾ മെനഞ്ഞ് സാമ്പത്തിക തട്ടിപ്പ് പതിവാക്കിയ രഞ്ജിത്ത് രവീന്ദ്രൻ ബണ്ടി ചോറിനെയും കടത്തിവെട്ടുന്ന പെരുംകള്ളൻ

ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും കടുത്ത ഭ്രമം; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് സുഖവാസം; വിവാഹിതയായ സ്ത്രീകളെ വളച്ചെടുത്ത് അവിഹിത ബന്ധം സ്ഥാപിക്കും; നുണകൾക്ക് മേൽ നുണകൾ മെനഞ്ഞ് സാമ്പത്തിക തട്ടിപ്പ് പതിവാക്കിയ രഞ്ജിത്ത് രവീന്ദ്രൻ ബണ്ടി ചോറിനെയും കടത്തിവെട്ടുന്ന പെരുംകള്ളൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാർ തട്ടിപ്പു കേസിൽ കഴിഞ്ഞ ദിവസം മരടിൽ അറസ്റ്റിലായ കണ്ണൂർ കാപ്പാട് കൃഷ്ണപുരം വീട്ടിൽ രഞ്ജിത്ത് രവീന്ദ്രൻ കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകാർക്കിടയിലെ വ്യത്യസ്ത കഥാപാത്രം. ജീവിത ശൈലി കൊണ്ട് വിഖ്യാദ മോഷ്ടാവ് ബണ്ടി ചോറിനോട് അടുത്തു നിൽക്കുന്ന അദ്ദേഹം നുണകൾക്ക് മേൽ നുണകൾ പറഞ്ഞാണ് തട്ടിപ്പുകൾ പതിവാക്കിയത്. സ്വന്തം നിലനിൽപ്പിന് വേണ്ടി നുണക്കഥകൾ സ്ഥിരമായി നെയ്യുന്ന വ്യക്തിത്വമാണ് രഞ്ജിത്തിന്റേത്.

കൊച്ചിയിൽകാർ തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ ഇയാളുടെ പേരിൽ പരാതികളുടെ പ്രവാഹം തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ തന്നെ ഇതിനുമുമ്പ് രണ്ട് തവണ തട്ടിപ്പ് കേസുകളിൽ കുടുങ്ങി ജയിലിലായെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ചും പണം വാരിയെറിഞ്ഞും സിംപിളായി പുറത്തിറങ്ങി വിലസുകയായിരുന്നു രഞ്ജിത്ത്. ഒരിടത്തു തന്നെ കേന്ദ്രീകരിക്കാതെ രാജ്യം മുഴുവൻ കറങ്ങി നടന്ന് തട്ടിപ്പു നടത്തുകയാണ് ഇയാളുടെ ശൈലി. നൂറ് കണക്കിന് പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ദിവസ വേതനക്കാരായ കൂലിപ്പണിക്കാർ , ഐ.ടി ജീവനക്കാർ, കോടീശ്വരന്മാരായ ബിസിനസുകാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ തുടങ്ങി തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ല. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ വൻനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു രഞ്ജിത്ത് പല തട്ടിപ്പുകളും ആസൂത്രണം ചെയ്തത്. ആന്ധ്ര, കർണ്ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വരെ വ്യാപകമായി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.

ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചതിനെ തുടർന്ന് നിരവധിപേർ ഈ തട്ടിപ്പു വീരനെതിരെ തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാം പൊലീസ് കേരളത്തിൽ വന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. യു.കെ, മലേഷ്യ എന്നീ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ലക്ഷങ്ങളുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കംപ്യൂട്ടർ തട്ടിപ്പ്, വാഹനത്തട്ടിപ്പ്, റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങി വിവിധ മേഖലകളിൽ ഒരേ സമയം വിഹരിക്കുന്നതിൽ വിരുതനായിരുന്നു രഞ്ജിത്ത്. മരട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച അവസ്ഥയിൽ പോലും മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു നൂറുകണക്കിന് പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.

ബണ്ടി ചോറിന്റെ ജീവിതശൈലികൾക്ക് സമാനമാണ് രഞ്ജിത്തിന്റെ ജീവിതം. കണ്ണൂർ കാപ്പാട് എന്ന പ്രദേശത്ത് ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രഞ്ജിത്തിന് ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും വസ്ത്രങ്ങളോടും എല്ലാ കാലത്തും വലിയ ഭ്രമമായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനായിരുന്നു ഏറെയും താത്പര്യം. സ്ത്രീലമ്പടനായിരുന്ന ഇയാൾക്ക് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പരിചയപ്പെടാനും അവരുമായി അവിഹിത ബന്ധം പുലർത്താനുമായിരുന്നു ഏറെ താൽപര്യം. നാൽപ്പത് പിന്നിട്ട ഇയാൾ വിവാഹിതനാണോയെന്ന് അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയില്ല. സുഹൃത്തുക്കൾ പോലും ഇയാളൊരു തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ചെന്നൈയിലായിരുന്നു തന്റെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസമെന്നും കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് എം.ബി.എയിൽ ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ടെന്നുമൊക്കെ രഞ്ജിത്ത് സുഹൃത്തുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മലയാളവും തമിഴും പച്ചവെള്ളം പോലെ സംസാരിക്കുമായിരുന്ന രഞ്ജിത്തിന് പക്ഷെ ഇംഗ്ലീഷും ഹിന്ദിയും അത്ര വഴങ്ങിയിരുന്നില്ല.

പതിനെട്ടാമത്തെ വയസ്സിൽ വ്യാജ പാസ്‌പോർട്ട് എടുക്കാനുള്ള ശ്രമത്തിനിടെയാണ് രഞ്ജിത്ത് ആദ്യമായി ഒരു പൊലീസ് കേസിൽ കുടുങ്ങിയത്. തുടർന്നിങ്ങോട്ട് ഇരുപത് വർഷം നീണ്ട തസ്‌ക്കരജീവിതത്തിൽ പലതവണ പൊലീസ് പിടിയിലായെങ്കിലും രക്ഷിതാക്കളുടെ പിന്തുണയോടെ പലവട്ടം കേസുകളിൽ നിന്നൂരിപ്പോന്നു. നുണ പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കാനുള്ള അപാരമായ സിദ്ധിയായിരുന്നു അദ്ദേഹത്തിന്. മകൻ പൊലീസിന്റെ പിടിയിലായപ്പോഴൊക്കെ രഞ്ജിത്തിന്റെ മാതാവ് മകന്റെ തെറ്റുകളെ ന്യായീകരിക്കുകയും ആൾ ജാമ്യത്തിൽ മകനെ സ്റ്റേഷനിൽ നിന്നിറക്കുകയും ചെയ്തു. ഏക സഹോദരിയും ജ്യേഷ്ഠന്റെ തട്ടിപ്പുകൾക്ക് പിന്തുണ നൽകിയിരുന്നുവെന്നാണ് നാട്ടിലെ സംസാരം. പാവപ്പെട്ട അച്ഛനെ കുറിച്ച് മാത്രമെ നാട്ടുകാർക്ക് നല്ല അഭിപ്രായം ഉണ്ടായിരുന്നുള്ളൂ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും മുതിർന്ന അഭിഭാഷകർക്കിടയിൽ വരെ രഞ്ജിത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. തട്ടിപ്പിലൂടെ വാരിക്കൂട്ടിയ നോട്ട്‌കെട്ടുകൾ ഉപയോഗിച്ചു അധികാരികളുടെ വായടപ്പിക്കാൻ രഞ്ജിത്തിന് കഴിഞ്ഞു.

വെറുമൊരു സാധാരണക്കാരനായ തട്ടിപ്പുകാരനായിരുന്നില്ല രഞ്ജിത്ത്. ഇതിനായി പ്രമുഖ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇയാൾ സ്ഥിരം സന്ദർശകനായിരുന്നു. നിലവിലെ സൗഹൃദങ്ങൾ പ്രയോജനപ്പെടുത്തി കോടീശ്വരന്മാരായ ബിസിനസുകാരെ കണ്ടെത്താനും പിന്നീട് അവരുമായി സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രഞ്ജിത്ത് അതീവ ശ്രദ്ധാലുവായിരുന്നു. കോടീശ്വരന്മാർക്കിടയിൽ മറ്റൊരു കോടീശ്വരനെ പോലെ ഇയാളും കറങ്ങി നടന്നു. ഇതിനായി കണ്ടെത്തിയ സൂത്രപ്പണിയായിരുന്നു സുഹൃത്തുക്കളുടെ ആഡംബര കാറുകൾ കടം വാങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകൾ സന്ദർശിക്കുക എന്നത്.

അല്ലറ ചില്ലറ കളവുകൾ പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നും അടുപ്പക്കാരിൽ നിന്നും ആഡംബര കാറുകൾ വാങ്ങിക്കുകയും ഉടമകളറിയാതെ മറ്റു പലർക്കും മറിച്ച് വിൽക്കുകയുമായിരുന്നു പരിപാടികൾ. സ്‌കോഡയും ഫോർച്യൂണറും ഇന്നോവയും ഉൾപ്പെടെയുള്ള ഒമ്പത് ആഡംബര കാറുകൾ ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തിരുന്നു. ഇതിൽ ഒമ്പതാമത്തേതായ വെള്ള സ്വിഫ്റ്റ് കാർ മരട് സ്വദേശിയായ എബിൻ അലക്‌സിന്റേതായിരുന്നു. രണ്ട് വർഷം മുമ്പ് തട്ടിയെടുത്ത ഈ വെള്ള സ്വിഫ്റ്റ് കാറാണ് രഞ്ജിത്തിന്റെ ഇപ്പോഴത്തെ അറസ്റ്റിലേക്കുള്ള വഴിയൊരുക്കിയത്. ഒരു വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് രണ്ട് വർഷം മുമ്പ് എബിൻ അലക്‌സിന്റെ സ്വിഫ്റ്റ് കാർ രഞ്ജിത്ത് വാങ്ങിച്ചെടുത്തത്. പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിക്കാതായതോടെയാണ് മരട് സ്റ്റേഷനിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP