Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും; കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും; പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ആദ്യം ലഭിച്ചതിനാൽ പൊലീസ് നീങ്ങുന്നത് കരുതലോടെ; കത്തോലിക്കാ സഭയ്ക്ക് നാണക്കേടായി പീഡനക്കേസ് അന്വേഷണവുമായി വൈക്കം ഡിവൈഎസ് പി മുന്നോട്ട്

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും; കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും; പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തുന്നു എന്ന പരാതി ആദ്യം ലഭിച്ചതിനാൽ പൊലീസ് നീങ്ങുന്നത് കരുതലോടെ; കത്തോലിക്കാ സഭയ്ക്ക് നാണക്കേടായി പീഡനക്കേസ് അന്വേഷണവുമായി വൈക്കം ഡിവൈഎസ് പി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയിൽ കരുതലോടെയുള്ള അന്വേഷണത്തിന് പൊലീസ്. അതിനിടെ കേസ് ഒതുക്കി തീർക്കാനും നീക്കം സജീവമാണ്. പീഡനം സ്ഥിരീകരിക്കുന്നതിനു കന്യാസ്ത്രീയെ വിശദ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് പറഞ്ഞു. ഇതിലൂടെ കന്യാസ്ത്രീയുടെ കന്യകാത്വം നഷ്ടമായോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. വൈദ്യ പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ പീഡനക്കേസിൽ ബിഷപ്പിനെ പ്രതിയാക്കൂ. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്നെടുക്കും. വൈക്കം ഡിവൈഎസ്‌പി എം.കെ.സുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഭൂമി ക്രമക്കേട് വിവാദം കെട്ടടങ്ങും മുമ്പ് കത്തോലിക്കാസഭയെ പിടിച്ചുലച്ച വിവാദമായി ഇതും മാറുകയാണ്. ബിഷപ്പിനെതിരേ സ്ത്രീപീഡനക്കേസ് സഭയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. നാൽപ്പത്താറുകാരിയായ കന്യാസ്ത്രീയെ മൂന്നുവർഷത്തിനിടെ 13 തവണ ലൈംഗിക/പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണു പരാതി സഭയിലെ മോശം പ്രവണതകൾ കൂടുതൽ ചർച്ചയാക്കും. കന്യാസ്ത്രീയുടെ പരാതിപ്രകാരം ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ സഭ കൂടുതൽ പ്രതിരോധത്തിലാകും. ബിഷപ് 2014 മുതൽ 2016 വരെ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ മാനസികമായി തകർക്കാൻ ശ്രമിച്ചെന്നുമാണു പരാതി. കത്തോലിക്കാ സഭയെ ആകെ നാണക്കേടിന്റെ പുറത്തിരുത്തുന്നതാണ് ഇത്. കന്യാസ്ത്രീയുടെ സ്വഭാവ ഹത്യതന്നെയാണ് ബിഷപ്പും മറു ആരോപണത്തിന് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ഈ വിവാദം കത്തോലിക്കാ സഭയ്ക്ക് തീരാ നാണക്കേടാണ്.

കന്യാസ്ത്രീയുടെ പരാതിയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണു പൊലീസിന്റെ നീക്കം. പരാതിയിൽ പറയുന്ന വസ്തുതകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തുടർനടപടികളിലേക്കു കടക്കാനാണ് ഉദ്ദേശ്യമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. 2014 മുതൽ 2016 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് ഇംഗ്ലിഷിൽ എഴുതിയ മൂന്നു പേജുള്ള പരാതിയിൽ പറഞ്ഞിട്ടുള്ളത്. സഭാ നേതൃത്വത്തിനു പരാതി നൽകിയതോടെ മാനസിക പീഡനമായി. സഹിക്കാൻ കഴിയാതെ വന്നപ്പോഴാണു പൊലീസിൽ പരാതി നൽകിയതെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് പരാതിയിൽ കഴമ്പുണ്ടെങ്കിൽ കത്തോലിക്കാ സഭയിലെ പല പ്രമുഖരും കേസിൽ കുടുങ്ങും. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് പൊലീസ് കരുതലുകളെടുക്കുന്നത്.

കഴിഞ്ഞയാഴ്ച ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നൽകുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികർ പരാതി നൽകി. തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ നേരിൽകണ്ടും പരാതി നൽകി. അതിന് ശേഷമാണ് പീഡന പരാതി കിട്ടുന്നത്. അതുകൊണ്ട് മാത്രമാണ് കന്യാസ്ത്രീയുടെ ആരോപണങ്ങളിൽ ബിഷപ്പിനെ പ്രതിയാക്കി എഫ് ഐ ആർ ഇടാത്തത്. കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി.

അച്ചടക്ക നടപടിയുടെ പേരിൽ മഠത്തിലെ നാലു കന്യാസ്ത്രീകളെ സഭയുടെ മറ്റു സ്ഥാപനങ്ങളിലേക്കു സ്ഥലംമാറ്റി. കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെയാണു തനിക്കെതിരെ നീക്കം നടന്നതെന്നും ബിഷപ് പരാതിയിൽ പറയുന്നു. ബിഷപ്പിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നൽകിയത്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് ഒരു വർഷം മുൻപ് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ ഒത്തുതീർപ്പു യോഗത്തിൽ സഭയുടെ പ്രതിനിധികളും ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കന്യാസ്ത്രീയുടെ ബന്ധുക്കളും പങ്കെടുത്തു. യോഗത്തിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് മാനസിക പീഡനം ആരംഭിച്ചതെന്ന് കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റം ആരോപിച്ചുള്ള കന്യാസ്ത്രീയുടെ പരാതി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു ലഭിച്ചോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണെന്നും റിപ്പോർട്ടുണ്ട്. കർദിനാൾ റോമിലായതിനാലാണ് ഇതു സ്ഥിരീകരിക്കാൻ കഴിയാത്തത്. അതിനിടെ ലത്തീൻ മിഷൻ രൂപതയായ ജലന്ധറിൽ ബിഷപ് സ്ഥാനത്തുനിന്ന് അന്വേഷണം പൂർത്തിയാകും വരെ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടു കേരളത്തിലെ ലത്തീൻ അൽമായ നേതൃത്വം ന്യൂഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോയ്ക്കു കത്തയച്ചു.

എറണാകുളത്ത് 2014 മെയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ ആദ്യപീഡനം എന്നാണ് കന്യാസ്ത്രീയുടെ പരാതി. രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്കു നയിച്ചു. തിരിച്ചുപോരാൻ തുടങ്ങിയപ്പോൾ ളോഹ ഇസ്തിരിയിട്ടു തരാൻ ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട ളോഹയുമായി തിരികെയെത്തിയപ്പോൾ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാൻ നിർബന്ധിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. പിന്നീടു 2016 വരെ, 13 തവണ മഠത്തിലെത്തിയ ബിഷപ് ഇതേ ഉപദ്രവം ആവർത്തിച്ചു. ചെറുത്തുനിന്നതോടെ മാനസികമായി പീഡിപ്പിച്ചു. ദൈനംദിനജോലികൾ വരെ തടസപ്പെടുത്തുന്ന സ്ഥിതിയായതോടെ സഭയ്ക്ക് കന്യാസ്ത്രീ പരാതി നൽകി. വീണ്ടും മാനസികപീഡനം തുടർന്നപ്പോഴാണു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

പരാതി നൽകിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചേക്കും. ഇത്തരമൊരു പരാതി കിട്ടിയിട്ടും എന്തുകൊണ്ട് പൊലീസിന് കൈമാറിയില്ലെന്ന ചോദ്യം സഭയേയും കുടുക്കും. അതിനിടെ സഭയിലെ ഭിന്നതയുടെ ഭാഗമായാണോ ഈ വിവാദം ഉയരുന്നതെന്ന സംശയവും വ്യാപകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP