Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രഞ്ച് ഫ്രൈയ്‌സ് എന്ന വിഭ്രാന്തി മയക്കുമരുന്ന്; മദ്യവും കഞ്ചാവും സുലഭം; അടിച്ചു പൊളിയിൽ വഴി തെറ്റി കൊച്ചിയിലെ യുവത്വം; റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ എത്തുന്നവരിൽ സിനിമാ താരങ്ങളും സീരിയയിലെ പ്രമുഖരും; സ്വകാര്യ റിസോർട്ടുകളിൽ വിതരണം ചെയ്യുന്നത് കൺട്രി ഡ്രഗുകളെ കടത്തി വെട്ടുന്ന ലഹരി; ആലുവക്കാരൻ അബ്ദുൾ റഷീദിനെ കുടുക്കിയതും 'ഓപ്പറേഷൻ മൺസൂൺ'; മിന്നും താരങ്ങളെ തൊടാൻ മടിയും; മെട്രോ സിറ്റിയിൽ പെണ്ണും മദ്യവും ഒഴുകുന്ന പാർട്ടികൾ സജീവമാകുമ്പോൾ

ഫ്രഞ്ച് ഫ്രൈയ്‌സ് എന്ന വിഭ്രാന്തി മയക്കുമരുന്ന്; മദ്യവും കഞ്ചാവും സുലഭം; അടിച്ചു പൊളിയിൽ വഴി തെറ്റി കൊച്ചിയിലെ യുവത്വം; റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ എത്തുന്നവരിൽ സിനിമാ താരങ്ങളും സീരിയയിലെ പ്രമുഖരും; സ്വകാര്യ റിസോർട്ടുകളിൽ വിതരണം ചെയ്യുന്നത് കൺട്രി ഡ്രഗുകളെ കടത്തി വെട്ടുന്ന ലഹരി; ആലുവക്കാരൻ അബ്ദുൾ റഷീദിനെ കുടുക്കിയതും 'ഓപ്പറേഷൻ മൺസൂൺ'; മിന്നും താരങ്ങളെ തൊടാൻ മടിയും; മെട്രോ സിറ്റിയിൽ പെണ്ണും മദ്യവും ഒഴുകുന്ന പാർട്ടികൾ സജീവമാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ് പാർട്ടികൾ സജീവമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. റേവ് പാർട്ടികൾക്ക് വേണ്ടി മയക്ക് മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായി. ആലുവ ചുണങ്ങംവേലി സ്വദേശി, ഒസാരി ഹൗസിൽ, അബ്ദുൾ റഷീദ് (34) നെയാണ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. സിനിമാക്കാരും സിരീയലുകാരും അടക്കമുള്ളവർ ഈ റേവ് പാർട്ടിക്ക് എത്താറുണ്ടെന്നാണ് സൂചന.

ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈയ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന 105 ഡയസെപാം ഐ പി മയക്കുമരുന്ന് ഗുളികകളാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. കേരളത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്രയും ഏറെ ഡയസെപാം മയക്ക് മരുന്ന് പിടിച്ചെടക്കുന്നത്.
മെഡിക്കൽ നടപടിക്രമങ്ങൾക്ക് മുൻപ് മയക്കം നൽകുന്നതിനും, അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസ്സിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായും നൽകുന്നവയാണ് ഇവ. ആലുവയിൽ തമ്പടിച്ചിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്യേശത്തോടെ ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ രൂപപ്പെടുത്തിയ 'ഓപ്പറേഷൻ മൺസൂൺ ' ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നത്.

അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്. ഇയാളുടെ സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതായാണ് എക്‌സൈസിന് ലഭിച്ച സൂചന. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു.

റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന ന്യൂജൻ തലമുറയ്ക്ക് ബെൻസോഡിയാസൈപൈൻ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്ക് മരുന്നാണ് ഏറെ പ്രിയം എന്നും, കഞ്ചാവ് പോലുള്ള കൺട്രി ഡ്രഗ്ഗുകൾ ഇത്തരം പാർട്ടികളിൽ ആരും തന്നെ ഉപയോഗിക്കാറില്ലയെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി അധികൃതർ അറിയിച്ചു. യുവതലമുറ മയക്ക് മരുന്നുകളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണെന്ന് അധികൃതർ അറിയിച്ചു. ഈ മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും, മറ്റ് വകുപ്പുകളുടെ സഹകരണകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജന്റിന് മയക്ക് മരുന്ന് കൈമാറുവാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുമ്പോഴാണ് ഇയാൾ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ വലയിലാകുന്നത്. കഴിഞ്ഞ ദിവസം ഏഴ് ബ്യൂപ്രിനോർഫിൻ ആംപ്യൂളുമായി നെടുമ്പാശ്ശേരി സ്വദേശിയായ യുവാവിനെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആ അറസ്റ്റും. അതിനിടെ സിനിമാക്കാരിലേക്ക് അന്വേഷണം കടക്കാതിരിക്കാൻ ചില ഇടെപടലുകൾ സജീവമാണ്. കഞ്ചാവും പെണ്ണും മദ്യവും ഒഴുക്കുന്ന റേവ് പാർട്ടികളുടെ വിശദാംശങ്ങൾ പൊലീസിനും അറിയാം. എന്നാൽ ഉന്നതരാണ് ഇവിടെ എത്തുന്നത് എന്നതിനാൽ റേവ് പാർട്ടികളിൽ നേരിട്ട് കൈവയ്ക്കാൻ പൊലീസിന് കഴിയുന്നുമില്ല.

ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസ മാരായ സിയാദ്, നീതു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ലഹരി മാഫിയക്കെതിരെ ആലുവ എക്‌സൈസ് ഷാഡോ സംഘത്തിന്റെ ശക്തമായ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും അധികൃതർ അറിയിച്ചു. ഒരുകാലത്ത് ഇത്തരം പാർട്ടികൾ കൊച്ചിയിൽ സജീവമായിരുന്നു. ഇതിനിടെയാണ് ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതോടെ പൊലീസ് ഇടപെടൽ സജീവമായി. തുടർന്ന് കുറച്ചു കാലം കൊച്ചി ശാന്തമായി. എന്നാൽ പതിയെ എല്ലാം തിരിച്ചു വരികയാണ്.

എറണാകുളം നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ഷാഡോ പൊലീസ് ഇടപെടൽ നടത്തുന്നത്. ബാംഗ്ലൂർ ബൊമ്മനഹള്ളിയിൽ നിന്നും അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്ത ഹാഷിഷ് അടങ്ങിയ നിരവധി ബോട്ടിലുകളുമായി നേരത്തെയും ആളുകളെ പിടികൂടിയിരുന്നു. റേവ് പാർട്ടി നടത്തിപ്പ്കാർക്ക് അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപയ്ക്കായിരുന്നു ഇവർ നൽകിയിരുന്നത്. ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും കൊച്ചിയിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് നേരത്തെ പിടിയിലായവർ .

സ്വകാര്യ റിസോർട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ സ്പെഷൽ ബ്രാഞ്ച് എ സി പി എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോട് കൂടി ഒരാഴ്‌ച്ചയായി നടത്തിയ രഹസ്യ നീക്കത്തിൽ ആണ് പ്രതികൾ പിടിയിലായത്. എന്നാൽ ഈ റേവ് പാർട്ടികളിൽ പങ്കെടുക്കുന്നവരെ പൊലീസ് പിടികൂടുന്നുമില്ല. നേരത്തെ പൊള്ളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡിൽ റേവ് പാർട്ടിക്കിടെ മദ്യവും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളായിരുന്നു അന്ന് പിടികൂടിയവരിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP