Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനാവശ്യമായി ഒരുജീവനക്കാരനെ സ്ഥലംമാറ്റാൻ സിജിഎം നിർദ്ദേശിച്ചപ്പോൾ ചങ്കുറപ്പോടെ എതിർത്തു; തന്നിഷ്ടപ്രകാരം സ്ഥലം മാറ്റിയപ്പോൾ മറ്റുജീവനക്കാർക്കൊപ്പം ശബ്ദമുയർത്തി; ശാഖകൾ അടച്ച് ഇൻഹൗസ് പരിശീലനം നടത്തുന്നത് മൂലം ഇടപാടുകാർ വലയുന്നുവെന്ന ദേശാഭിമാനി വാർത്തയ്ക്ക് പിന്നിലെ സൂത്രധാരനെന്നും ആരോപിച്ചു; കൊച്ചി എസ്‌ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ജീവനക്കാരൻ ജയൻ ജീവനൊടുക്കിയതിന് പിന്നിൽ മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

അനാവശ്യമായി ഒരുജീവനക്കാരനെ സ്ഥലംമാറ്റാൻ സിജിഎം നിർദ്ദേശിച്ചപ്പോൾ ചങ്കുറപ്പോടെ എതിർത്തു; തന്നിഷ്ടപ്രകാരം സ്ഥലം മാറ്റിയപ്പോൾ  മറ്റുജീവനക്കാർക്കൊപ്പം ശബ്ദമുയർത്തി; ശാഖകൾ അടച്ച് ഇൻഹൗസ് പരിശീലനം നടത്തുന്നത് മൂലം ഇടപാടുകാർ വലയുന്നുവെന്ന ദേശാഭിമാനി വാർത്തയ്ക്ക് പിന്നിലെ സൂത്രധാരനെന്നും ആരോപിച്ചു; കൊച്ചി എസ്‌ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ചാടി ജീവനക്കാരൻ ജയൻ ജീവനൊടുക്കിയതിന് പിന്നിൽ മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

ആർ പീയൂഷ്

കൊച്ചി: പത്താം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയ എസ്.ബി.ഐ ജീവനക്കാരന്റെ മരണം മാനേജ്മെന്റിന്റെ മാനസിക പീഡനം കൊണ്ടാണെന്ന് ബന്ധുക്കൾ. അനാവശ്യമായി ഒരു ജീവനക്കാരനെ സിജിഎം സ്ഥലമാറ്റാൻ നിർദ്ദേശിച്ചപ്പോൾ അതിന് വിസമ്മതിച്ചതിനും, പ്രതിഷേധിച്ചതിനും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. പുത്തൻകുരിശ് ഞാറ്റിൽ ഹൗസിൽ എൻ.എസ്.ജയൻ (51) ആണ് കഴിഞ്ഞ നാലാം തീയതി എറണാകുളം മറൈൻ ഡ്രൈവ് ഷൺമുഖം റോഡിലെ എസ്‌ബിഐ റീജയണൽ ഓഫിസ് കെട്ടിടത്തിൽ നിന്നും വൈകിട്ടു 4.15ന് ചാടി ജീവനൊടുക്കിയത്. ഇതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ റീജണൽ ബിസിനസ് ഓഫിസിലെ (ആർബിഒ 3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു. വെറുമൊരു ആത്മഹത്യ അല്ല എന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടായിരുന്നു. ജയന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മാനേജ്മെന്റിന്റെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന് കാട്ടി എറണാകുളം റേഞ്ച് ഐജിക്ക് ഭാര്യ ബിജി പരാതി നൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപ്പള്ളി ശാഖയിലെ മഹേഷ് എന്ന ജീവനക്കാരനെ സിജിഎം എസ്.വെങ്കട്ടരാമൻ കാസർകോട്ടേക്ക് സ്ഥലം മാറ്റാൻ നിർദ്ദേശിച്ചിരുന്നു. കേവലം നിസ്സാര കാര്യത്തിനായിരുന്നു സ്ഥലംമാറ്റാൻ ഉത്തരവിട്ടത്. എന്നാൽ സ്ഥലം മാറ്റണമെങ്കിൽ എച്ച.ആർ വിഭാഗവും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ നേതാക്കളും കൂടിയാലോചിച്ച ശേഷമേ നടപടി കൈക്കൊള്ളൂ. സിജിഎമ്മിന്റെ ഉത്തരവ് അനാവശ്യമാണെന്ന് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ സെക്രട്ടറിയായിരുന്ന ജയന് മനസ്സിലാവുകയും പെട്ടെന്ന് സ്ഥലം മാറ്റാൻ ആവില്ല എന്ന് പറയുകയും ചെയ്തു. അഥവാ അങ്ങനെ ചെയ്യണമെങ്കിൽ നോട്ടീസ് കൊടുത്ത് വിശദീകരണം കേട്ടതിന് ശേഷം മാത്രമേ ചെയ്യാൻ കഴിയൂ എന്നും അറിയിച്ചു. എന്നാൽ സിജിഎമ്മും എറണാകുളം ഡിജിഎമ്മും ചേർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തു. ഇത് ജീവനക്കാർക്കിടയിലും അസോസിയേഷനും വലിയ അമർഷത്തിന് കാരണമായി. കാരണം അസോസിയേഷന്റെ തീരുമാനമില്ലാതെ സ്ഥലം മാറ്റില്ല എന്ന ചട്ടം ലംഘിച്ചായിരുന്നു ഇത്. അതിനാൽ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്നും മാനേജ്മെന്റ് തൊഴിൽ പീഡനം തുടരുമെന്നും അഭിപ്രായം ഉയർന്നിരുന്നു.

ജീവനക്കാരുടെ അഭിപ്രായം മാനിച്ച് സെക്രട്ടറി എന്ന നിലയിൽ ജയൻ മഹേഷിനെ അകാരണമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് പ്രതിഷേധം നടത്താൻ ജീവനക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ആഹ്വാനം ചെയ്തു. അഞ്ച് മണി കഴിഞ്ഞാൽ ആരും ജോലി ചെയ്യരുത് എന്നായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായുള്ള ആഹ്വാനം. നിലവിൽ ജീവനക്കാർ രാത്രി 11 മണി വരെ ജോലി ചെയ്യാറുണ്ട.. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം എല്ലാ ജീവനക്കാരും അഞ്ച് മണിയായപ്പോൾ തന്നെ പ്രതിഷേധ സൂചകമായി ഓഫീസുകളിൽ നിന്നും പുിറത്തിറങ്ങി. 'നയി ദിശ' എന്ന ജീവനക്കാരുടെ പരിശീലന പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നു പോലും ജീവനക്കാർ അഞ്ച് മണിയായപ്പോൾ പുറത്ത് പോയി. അന്നത്തെ ദിവസം പരിശീലന പരിപാടി നയിച്ചത് ആർ.എം ആയിരുന്നു. തന്റെ ക്ലാസ്സിൽ നിന്നും ജീവനക്കാർ ഇറങ്ങിപ്പോയതിൽ കടുത്ത അപമാനം നേരിട്ടു. ഇക്കാര്യം മാനേജ്മെന്റിനെ അറിയിക്കുകയും പ്രതിഷേധം ആഹ്വാനം ചെയ്ത ജയനെതിരെ നടപടി എടുക്കണമെന്ന് ശുപാർശ ചെയ്യുകയുമുണ്ടായി. പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുത്തതിൽ ജയൻ എറെ സന്തോഷവാനായിരുന്നു. വീട്ടിലെത്തി ഭാര്യയോട് ഈ വിവരങ്ങളൊക്കെ പറയുകയും ചെയ്തു.

എന്നാൽ ശനിയാഴ്ച ബാങ്കിൽ പോയി മടങ്ങിയെത്തിയ ജയന് പഴയ ആളല്ലായിരുന്നു. വലിയ മാനസിക പ്രയാസത്തോടെയായിരുന്നു വീട്ടിലെത്തിയത്. തനിക്കെതിരെ ആക്ഷൻ അടുക്കുമെന്ന് മേലധികാരികൾ പറഞ്ഞു എന്നും ജോലി പോകാൻ സാധ്യതയുണ്ടെന്നും ഭാര്യയോട് പറഞ്ഞു. അപ്പോൾ അവർ ആശ്വസിപ്പിക്കുകയും എല്ലാം ശരിയാകുമെന്ന് പറയുകയും ചെയ്തു. ഏറെ മാനസിക പിരിമുറക്കത്തിലായ ജയനോട് തിങ്കളാഴ്ച ജോലിക്ക് പോകേണ്ട എന്ന് ഭാര്യ പറഞ്ഞു. എന്നാൽ ഇത് വക വയ്ക്കാതെ പോവുകയായിരുന്നു.

എന്നാൽ അന്നത്തെ ദിവസം എസ്‌ബിഐയുടെ ഇൻഹൗസ് പരിശീലനപരിപാടിയായ 'നയി ദിശ'യ്ക്കെതിരെ ദേശാഭിമാനി പത്രത്തിൽ ഒരു വാർത്ത വന്നിരുന്നു. അതിങ്ങനെയായിരുന്നു. 'ഇടപാടുകാരെ വലച്ച് എസ്‌ബിഐയുടെ ഇൻഹൗസ് പരിശീലനപരിപാടി. ശാഖകൾ പൂർണമായി അടച്ചിട്ട് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന പരിശീലന പരിപാടിക്കെതിരെ വ്യാപക പ്രതിഷേധം. ജനകീയ ബാങ്കിങ്ങിൽ നിന്ന് പിന്തിരിയുന്നതെങ്ങിനെയെന്ന് പരീക്ഷണം നടത്തുന്ന ലബോറട്ടറിയായി എസ്‌ബിഐ മാറിയെന്ന് ജീവനക്കാരുടെ സംഘടനകൾ ആക്ഷേപിക്കുന്നു.

എസ്‌ബിഐയുടെ എറണാകുളം റീജിയന് കീഴിലുള്ള ചില ശാഖകളിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. 'നയി ദിശ' എന്ന പരിശീലനപരിപാടിക്കായി ശാഖകൾ അടച്ചിടുന്നത് ഇടപാടുകാരെ അറിയിക്കുന്നില്ല. തലേന്ന് വൈകിട്ട് ബാങ്ക് ശാഖയ്ക്കുമുന്നിൽ നോട്ടീസ് പതിപ്പിക്കും. ഉച്ചയ്ക്കുശേഷം ബാങ്കുണ്ടായിരിക്കില്ലെന്നുമാത്രം നോട്ടീസിലുണ്ടാകും. അറിയിപ്പു കിട്ടിയ ശാഖകൾ പരിശീലന ദിവസം പകൽ ഒന്നിന് ക്യാഷ് കൗണ്ടർ അടച്ച് പണമിടപാടുകൾ ക്ലോസ് ചെയ്യണമെന്നാണ് നിർദ്ദേശം. പകൽ രണ്ട് മുതലാണ് പരിശീലനം. പരിശീലനം കഴിഞ്ഞയാഴ്ച എറണാകുളത്താരംഭിച്ചു. പകൽ രണ്ടു മുതൽ രാത്രി പത്തുവരെ ആദ്യഘട്ടത്തിൽ പരിശീലനം നീണ്ടതോടെ വർക്ക്മെൻ സംഘടനകൾ പ്രതിഷേധമുയർത്തി. ബാങ്കിങ് ജോലി അവസാനിക്കുന്ന അഞ്ചിനുശേഷം പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്നറിയിച്ചതോടെ പത്തു വരെയുള്ള പരിശീലനം അവസാനിപ്പിച്ചു.

ആർബിഒ 2 എറണാകുളത്തിനു കീഴിലുള്ള ആറു മുതൽ 19 വരെ 47 ശാഖകളിലാണ് ഇൻഹൗസ് പരിശീലനം. 16നും 18നും നടക്കുന്ന പരിശീലനപരിപാടിക്ക് സ്ഥലം നിശ്ചയിച്ചിട്ടില്ല. മറ്റ് ദിവസങ്ങളിൽ തൃപ്പൂണിത്തുറ ക്ലാസിക് ഫോർട്ട് അവന്യൂവിലാണ് പരിശീലനം. എസ്‌ബിഐ സെപ്സ്, ചോറ്റാനിക്കര, തൃപ്പൂണിത്തുറ വടക്കേക്കോട്ട ശാഖകൾക്ക് ആറിനും കുണ്ടന്നൂർ ഹൈവേ, കാഞ്ഞിരമറ്റം, എൻപിഒഎൽ, തൃപ്പൂണിത്തുറ ശാഖകൾക്ക് ഏഴിനും മുളന്തുരുത്തി, തൃപ്പുണിത്തുറ പിബിബി, പേട്ട, ഉദയംപേരൂർ ശാഖകൾക്ക് എട്ടിനുമാണ് പരിശീലനം.11ന് എറണാകുളം സൗത്ത്, മുളന്തുരുത്തി, ഇരുമ്പനം, തിരുവാങ്കുളം ശാഖകൾക്കും 12ന് ചക്കരപ്പറമ്പ്, കൊച്ചുകടവന്ത്ര, പുതുവൈപ്പ്, കുമ്പളം, കുണ്ടന്നൂർ, മുളവുകാട്, തൈക്കൂടം ശാഖകൾക്കും 13ന് ബൈപാസ് എറണാകുളം, ചിലവന്നൂർ, കൊച്ചി വൈറ്റില, പനമ്പിള്ളി നഗർ സൗത്ത്, വല്ലാർപാടം ശാഖകൾക്കുമാണ് പരിശീലനം. എളംകുളം, വളഞ്ഞമ്പലം, കടവന്ത്ര, മരട്, പനമ്പിള്ളിനഗർ ശാഖകൾക്ക് 14നും എസ്എച്ച് കോളേജ് തേവര, എരൂർ, തൃപ്പൂണിത്തുറ ട്രഷറി, പെരുമാനൂർ, കതൃക്കടവ്, പ്രവാസി സേവ എറണാകുളം ശാഖകൾക്ക് 15നും പരിശീലനം നൽകും. 16ന് കൊച്ചിൻ പോർട് ട്രസ്റ്റ്, കൂവപ്പാടം, കൊച്ചി, കുമ്പളങ്ങി, തോപ്പുംപടി ശാഖകൾക്കും 18ന് കൊച്ചിൻ, മട്ടാഞ്ചേരി, പള്ളുരുത്തി, പനയപ്പിള്ളി, പഴങ്ങാട് ശാഖകൾക്കുമാണ് പരിശീലനം. 19ന് ആർബിഒ രണ്ടിനാണ് പരിശീലനം.' ഈ വാർത്ത നൽകിയത് ജയനാണ് എന്ന തരത്തിലും വിമർശ്ശനമുയർന്നു.

ഇതിന് ശേഷമാണ് ജയൻ ആത്മഹത്യ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. എറണാകുളം എസിപി സുരേഷിനെയാണ് ഐജി അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഇന്ന് ഭാര്യയുടെയും മകന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ മൂന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു ജയൻ. ജീവനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനുമായിരുന്നു. എയർ ഫോഴ്സിൽ നിന്നും വിരമിച്ച ശേഷമാണ് എസ്.ബി.ഐ യിൽ ജോലിക്ക് കയറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP