Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ വിൽപ്പന ചരക്കാക്കിയത് ഭർത്താവ്; ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കമന്റുകളിട്ടതും പശുപാലൻ; ഓൺലൈൻ പെൺവാണിഭക്കേസിൽ രാഹുലിനെതിരെ മൊഴി നൽകി രശ്മി ആർ നായർ; ഓൺലൈൻ വാണിഭക്കേസ് സിബിഐയ്ക്ക് വിട്ടേക്കും

തന്നെ വിൽപ്പന ചരക്കാക്കിയത് ഭർത്താവ്; ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കമന്റുകളിട്ടതും പശുപാലൻ; ഓൺലൈൻ പെൺവാണിഭക്കേസിൽ രാഹുലിനെതിരെ മൊഴി നൽകി രശ്മി ആർ നായർ; ഓൺലൈൻ വാണിഭക്കേസ് സിബിഐയ്ക്ക് വിട്ടേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ പശുപാലൻ തന്നെ നിർബന്ധപൂർവം പല പ്രമുഖർക്കും കാഴ്ചവച്ചിരുന്നതായി ഭാര്യയും മോഡലുമായ രശ്മി ആർ നായർ. രാഹുൽ തന്നെ വില്പന ചരക്കാക്കുകയായിരുന്നു. തന്റെ നഗ്‌ന ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതും രാഹുലാണെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് രശ്മി വെളിപ്പെടുത്തി. രശ്മിയുടേതെന്ന പേരിൽ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് രാഹുൽ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തി.

തന്റെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അർധനഗ്‌ന ചിത്രങ്ങളും അപ് ലോഡ് ചെയ്തതും രാഹുലാണെന്നും രശ്മി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. രശ്മിയുടേതെന്ന പേരിൽ ഫേസ് ബുക്കിൽ പേജുണ്ടാക്കി മോഡലിങ് സമയത്ത് എടുത്ത ബിക്കിനി ചിത്രങ്ങൾ പ്രചരിപ്പിച്ചത് രാഹുൽ പശുപാലനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പേജിലും ചാറ്റിലും കമന്റിട്ടവർക്കെതിരെ രശ്മിയാണെന്ന രീതിയിൽ കമന്റുകൾ ഇട്ടതും രാഹുലാണെന്ന് പൊലീസ് പറഞ്ഞു. രശ്മിയാണ് രാഹുലിനെ വഴിതെറ്റിച്ചതെന്ന് അച്ഛൻ പശുപാലൻ തുറന്നടിച്ചിരുന്നു. അതിന് പിന്നാലെയാണ് എല്ലാം രാഹുലിന്റെ തലയിൽ വച്ചുള്ള കുറ്റസമ്മതം.

ഓൺലൈൻസെക്‌സ് റാക്കറ്റ് സംഘത്തിന് രാജ്യാന്തര മനുഷ്യക്കടത്തുൾപ്പെടെ കൂടുതൽ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് കൈമാറാൻ സാദ്ധ്യത. പെൺവാണിഭക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അക്‌ബറിനെയും ഇടനിലക്കാരൻ ജോഷിയെയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ഗൾഫിലേക്ക് മനുഷ്യക്കടത്ത് ഉൾപ്പെടെ നടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഞ്ച് സ്ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി ദുബായ്, ബഹറിൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് കടത്തിയതായുള്ള ഇവരുടെ തുറന്നുപറച്ചിലാണ് മനുഷ്യക്കടത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രഅന്വേഷണം ആവശ്യമാണെന്ന നിഗമനത്തിൽപൊലീസ് എത്തിച്ചേരാനിടയായത്. മുംബയ്, ബംഗലുരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൊച്ചുകുട്ടികളുൾപ്പെടെയുള്ളവരെ വശീകരിച്ച് പെൺവാണിഭത്തിന് ഇരയാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളിലും സംസ്ഥാനാന്തര അന്വേഷണം ആവശ്യമാണ്.

ഓൺലൈൻ ലൈംഗികവ്യാപാരത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്ന് ഡിജിപി ടി.പി സെൻകുമാറും പ്രതികരിച്ചു. അതേ സമയം കേസിൽ ഉന്നതർ ഇടപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് ഡിജിപി പ്രതികരിച്ചില്ല. ഓൺലൈൻ ലൈംഗിക വ്യാപാരത്തിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കാൻ പൊലീസിന് മേൽ സമ്മർദമുണ്ടെന്ന ആക്ഷേപങ്ങൾ ഡിജിപി നിഷേധിച്ചു. അതേസമയം രാഹുൽ പശുപാലന്റെ കൊച്ചിയിലെ ഇടപാടുകൾക്ക് ഇടനിലക്കാരനായിരുന്ന ജോഷി ജോസഫിന്റെ ഉന്നത ബന്ധങ്ങളെകുറിച്ച് സൈബർ ക്രൈം പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷക്കാലമായി എസ്‌കോർട്ട് ബിസിനസ് രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു തങ്ങളെന്ന് രശ്മി വെളിപ്പെടുത്തി. അക്‌ബറും രാഹുലുമാണ് പല ഇടപാടുകളും തനിക്ക് വേണ്ടി നടത്തിയിരുന്നത്. പണമിടപാടുകൾ എല്ലാം അവർ വഴിയാണ് നടന്നത്. മകന്റെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നുണെ്ടന്നും രശ്മി ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞു. ഒരിക്കലും തങ്ങൾ പൊലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും രശ്മിയുടെ മൊഴിയിൽ പറയുന്നു. പണക്കാരായ ആളുകൾക്ക് സമൂഹത്തിന്റെ മുന്നിൽ ലഭിക്കുന്ന മാന്യതയും ആഡംബരഭ്രമവും തങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും രശ്മി പൊലീസിനോട് പറഞ്ഞു. സൈബർ പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണ സംഘം രശ്മിയെ ചോദ്യം ചെയ്തത്. ഭരണകക്ഷിയിലെ പ്രമുഖരുമായുള്ള ബന്ധവും ചോദ്യം ചെയ്യലിനിടെ രശ്മി വെളിപ്പെടുത്തി.

രശ്മി രാഹുലിന്റെ മേലിൽ കുറ്റങ്ങൾ കെട്ടിവച്ച് രക്ഷപ്പെടാനുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. രശ്മി ജാമ്യത്തിലിറങ്ങിയാൽ രാഹുലിനെ പുറത്തിറക്കാനും കേസ് ഒതുക്കാനും വേണ്ടി രാഹുലും രശ്മിയും നടത്തുന്ന ഒത്തുകളിയാണോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി രാഹുലിനെയും രശ്മിയേയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതികളിലൊരാളായ അച്ചായൻ എന്ന് വിളിക്കുന്ന ജോഷി ജോസഫിനെ കൂടി അന്വേഷണ സംഘം രശ്മിയുടെയും രാഹുലിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യും. ജോഷി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജോഷിയെ വിട്ട് കിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

പത്തനാപുരം കരിനല്ലൂർ സ്വദേശിയാണ് രശ്മി നായർ. അച്ഛൻ മിലിട്ടറി സർവീസിൽ നിന്നു വിരമിച്ചു. അമ്മ അദ്ധ്യാപിക. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. രശ്മി +2വരെ പഠിച്ചത് ക്രൈസ്തവ സഭക്ക് കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളിലാണ് . പഠനത്തോടൊപ്പം കരിക്കുലത്തിന് പുറത്തുള്ള കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ആ പെൺകുട്ടി. എൻജിനീയറിംഗിന് പഠിക്കാൻ തമിഴ്‌നാട്ടിൽ പോകുന്നതുവരെ നാട്ടിൻ പുറത്തെ പെൺകുട്ടിയെപ്പോലെ ജീവിച്ച രശ്മി പക്ഷെ തിരിച്ചുവന്നപ്പോൾ ആളാകെ മാറിപ്പോയിരുന്നു. മധുരയിലെ ബി.ടെക് പഠനമാണ് രശ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടെ വച്ചാണ് രാഹുലും രശ്മിയും ആദ്യമായി കണ്ടുമുട്ടുന്നത്.

രാഹുൽ മധുരയിലെത്തി രണ്ട് വർഷമാവുമ്പോഴാണ് ജൂനിയറായി രശ്മി അവിടെയത്തുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. ഇതാണ് വിവാഹത്തിലേക്ക് എത്തിയത്. ഗർഭിണിയായ ശേഷമായിരുന്ന കല്ല്യാണവും. പിന്നീട് കാശിന് വേണ്ടിയായി രാഹുലിന്റെ യാത്രകൾ. ഇതോടെ രശ്മിയെ മോഡലാക്കിയുള്ള പരീക്ഷണങ്ങൾ തുടങ്ങി. കിസ് ഓഫ് ലൗവെന്ന സമരമാർഗ്ഗത്തേയും ശരിയായി വിനിയോഗിച്ചു. ആഡംബര ജീവിതത്തിനായി രശ്മിയും എല്ലാത്തിനും കൂട്ടുനിൽക്കുകയായിരുന്നു.

കേരളത്തിലെ ആദ്യ ബിക്കിനി മോഡൽ എന്ന വിശേഷണം സ്വയം ചാർത്തിയാണ് സോഷ്യൽ മാദ്ധ്യമങ്ങളിൽ രശ്മി നായരുടെ പേജിൽ പോസ്റ്റുകളെത്തിയത്. ഫേയ്‌സ്ബുക്കിൽ രശ്മി ആർ നായർ എന്ന പേരിലും രശ്മി രാധാ രാമചന്ദ്രൻ എന്ന പേരിലും ഇവർക്ക് പേജുകൾ ഉണ്ടായിരുന്നു. ചുംബന സമര ശേഷം മാദ്ധ്യമങ്ങളിലും ചാനലുകളിലും നിറസാന്നിധ്യമായ രശ്മി തന്റെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്ന് പറഞ്ഞ് വിവാദമായി. ആദ്യം സ്വന്തം നഗ്‌നചിത്രങ്ങൾ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ആരാധകരുടെ എണ്ണം കൂട്ടിയത്. സോഷ്യൽ മീഡിയയിൽ നഗ്‌ന ചിത്രങ്ങൾ പ്രചരിച്ചതോടെ മോഡലിംഗിൽ അവസരവും വർധിച്ചു. ഇതെല്ലാം രാഹുലിന്റെ കാശുണ്ടാക്കാനുള്ള തന്ത്രമാണെന്നാണ് രശ്മി തന്നെ പറയുന്നത്.

ഓൺലൈൻ പെൺവാണിഭ കേസിലെ ഒന്നാം പ്രതി അക്‌ബർ, ഉപഭോക്താക്കളായി വേഷം കെട്ടിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്ത ആദ്യത്തെ ചിത്രം രശ്മിയുടെതായിരുന്നു. ആദ്യം മനസിലായില്ലെങ്കിലും പിന്നീട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുകയായിരുന്നു. രശ്മി വാട്ട്‌സ് ആപ്പിലൂടെ അയച്ചു കൊടുത്ത പെൺകുട്ടികളുടെ ചിത്രമാണ് അക്‌ബർ ഇടപാടുകാരായെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത്. ഇടപാടുകാർക്കിടയിൽ 'ആർ പ്ലസ്' എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ചാറ്റിങ്. ഇതെല്ലാം പശുപാലൻ ചെയ്തതാണെന്നാണ് വെളിപ്പെടുത്തൽ.

ബിടെക് എൻജിനീയറിങ് വിദഗ്ധനായ രാഹുൽ പശുപാലൻ ഒരേ സമയം നിരവധി വ്യാജ പ്രൊഫൈലുകളുടെ ഉടമയായിരുന്നു. ബാർ കോഴകേസിൽ ഇടതുപക്ഷം കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ സമയത്ത് 'എന്റെ വക അഞ്ഞൂറ്' എന്ന പേരിൽ രാഹുൽ ഫേയ്‌സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. മാണിക്കെതിരായ ഓൺലൈൻ ക്യാമ്പയിനിൽ മികച്ച പ്രതികരണമാണ് ഈ പേജിന് ലഭിച്ചത്. ഇതുകൂടാതെ കള്ളപ്പേരുകളിലും രാഹുൽ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്ന രശ്മിയുടേ പല ഫോട്ടോകളിലും വ്യാജ പേരിൽ വന്ന് കമന്റിട്ട് മറ്റുള്ളവരെ കമന്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും രാഹുൽ തന്നെയാണ്. വിവാദം സൃഷ്ടിച്ച് ശ്രദ്ധ നേടുകയായിരുന്നു ലക്ഷ്യം.

കള്ളൻ ശങ്കുരു, ബാബാ ശങ്കുരു തുടങ്ങിയ പേരിലും രാഹുൽ പശുപാലൻ ഫേസ്‌ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. എറണാകുളം സ്വദേശിയായ വനിതയുടെ പേരിൽ വ്യാജ പേജ് നിർമ്മിച്ച് അപകീർത്തികരമായ പോസ്റ്റുകളിട്ടതും രാഹുലാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് രശ്മിയുടെ വെളിപ്പെടുത്തലും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP