Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ റാപ്പിഡ് ടെസ്റ്റ് കിറ്റിനു വില 380 രൂപ; ഫലമറിയാൻ വേണ്ടത് പതിനഞ്ചു മിനിട്ടും; ഐസിഎംആർ അനുമതി ലഭിച്ചെങ്കിൽ കേരളത്തിൽ നിന്നും നിർമ്മിക്കുക പ്രതിദിനം രണ്ടു ലക്ഷത്തോളം കിറ്റുകൾ; രാജ്യം കാത്തിരിക്കുന്ന കിറ്റ് നിർമ്മാണത്തിനു തിരിച്ചടിയായത് ലോക്ക് ഡൗണും ഇന്റേണൽ വാല്യുവേഷൻ കഴിയാത്തതും; റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറിയില്ലെന്ന് ഡയറക്ടർ രാധാകൃഷ്ണ പിള്ള മറുനാടനോട്; ആർജിസിബി റാപ്പിഡ് ടെസ്റ്റ് കിറ്റ് വൈകും

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ റാപ്പിഡ് ടെസ്റ്റ് കിറ്റിനു വില 380 രൂപ; ഫലമറിയാൻ വേണ്ടത് പതിനഞ്ചു മിനിട്ടും; ഐസിഎംആർ അനുമതി ലഭിച്ചെങ്കിൽ കേരളത്തിൽ നിന്നും നിർമ്മിക്കുക പ്രതിദിനം രണ്ടു ലക്ഷത്തോളം കിറ്റുകൾ; രാജ്യം കാത്തിരിക്കുന്ന കിറ്റ് നിർമ്മാണത്തിനു തിരിച്ചടിയായത് ലോക്ക് ഡൗണും ഇന്റേണൽ വാല്യുവേഷൻ കഴിയാത്തതും; റാപ്പിഡ് ടെസ്റ്റ് കിറ്റ്  അനുമതിക്കായി ഐസിഎംആറിനു കൈമാറിയില്ലെന്ന് ഡയറക്ടർ രാധാകൃഷ്ണ പിള്ള മറുനാടനോട്; ആർജിസിബി റാപ്പിഡ് ടെസ്റ്റ് കിറ്റ് വൈകും

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണാ കാലത്ത് ശുഭാപ്രതീക്ഷയായി മുന്നിലുള്ള രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമ്മാണം വൈകുന്നു. കിറ്റിന്റെ ഇന്റേണൽ വാല്യുവേഷൻ കഴിയാത്തതിനാലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറാത്തത്. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ. രാധാകൃഷ്ണൻ ആർ. നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ് കിറ്റ് ആണിത്. ഇന്ത്യയിൽ ആദ്യമായി ആർജിസിബിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. കോവിഡ്-19 വൈറസിന്റെ സാന്നിധ്യം 15 മിനിട്ടിൽ കണ്ടെത്താനുതകുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് ആണിത്.

സാമ്പിളുകൾ ലാബുകളിലെത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ. പരിശോധനകളാണ് കൊറോണ കാര്യത്തിൽ ഇപ്പോൾ നടക്കുന്നത്. ഈ പി.സി.ആർ. കിറ്റിന് 4,000 രൂപ വരെ വിലയുള്ളപ്പോൾ രാജീവ് ഗാന്ധി സെന്റർ വികസിപ്പിച്ച കിറ്റിന് 380 രൂപ മാത്രമാണു വില. പിസിആറിൽ പരിശോധനാ ഫലമറിയാൻ മൂന്നു മണിക്കൂറിലേറെ വേണ്ടിവരുമ്പോൾ റാപ്പിഡ് ടെസ്റ്റ് കിറ്റ് വഴി പതിനഞ്ചു മിനിട്ട് വഴി ഫലമറിയാം. മൂന്നു മണിക്കൂറിൽ കൂടുതൽ ഫലം അറിയാൻ എടുക്കുന്ന ടെസ്റ്റുകൾ ഒന്നും റാപ്പിഡ് ടെസ്റ്റ് അല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ഘട്ടത്തിലാണ് ആർ.ജി.സി.ബി കിറ്റിനു പ്രാധാന്യം ലഭിച്ചത്. ഐസിഎംആർ അനുമതി ലഭിച്ചെങ്കിൽ മാത്രമേ കിറ്റിന്റെ ഉത്പാദന പ്രക്രിയകൾ ആരംഭിക്കാൻ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിസിന് കഴിയുകയുള്ളൂ.

കൊറോണ പിടിമുറുക്കിയത് കാരണം ഗവേഷകർക്ക് എത്താൻ കഴിയാത്തതും ഇന്റേണൽ വാല്യുവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതുമാണ് കൊറോണാ കാലത്ത് പ്രതീക്ഷയായി മുന്നിലുള്ള കിറ്റിന്റെ നിർമ്മാണം വൈകിപ്പിക്കുന്നത്. ഏപ്രിൽ എട്ടിന് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറുമെന്നാണ് രാജീവ് ഗാന്ധി സെന്റർ മുൻപ് അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോൾ പതിനഞ്ചു ആയിട്ടും കിറ്റ് അനുമതിക്കായി ഐസിഎംആറിനു മുന്നിൽ എത്തിച്ചിട്ടില്ല. കിറ്റിന്റെ അനുമതി ലഭിച്ചാലുടൻ ഉൽപ്പാദനം ആരംഭിക്കുന്നത് കളമശേരി കിൻഫ്ര പാർക്കിൽ ആർജിബിസിയുടെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിലാണ്. ഇതിനുള്ള ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായിട്ടുണ്ട്.

റാപ്പിഡ് ടെസ്റ്റ് കിറ്റ് അനുമതിക്കായി ഐസിഎംആറിനു കൈമാറിയില്ലെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫസർ എം.രാധാകൃഷ്ണ പിള്ള മറുനാടനോട് പറഞ്ഞു. കരുതും പോലെ അത്ര എളുപ്പമല്ല കിറ്റിന്റെ ഇന്റേണൽ വാല്യുവേഷൻ പൂർത്തീകരിക്കാൻ. അതിനു അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ഓരോന്നും കഴിഞ്ഞു മാത്രമേ ഐസിഎംആറിനു കിറ്റ് സമർപ്പിക്കാൻ കഴിയൂ. ലോക്ക് ഡൗൺ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയെയും ബാധിച്ചിട്ടുണ്ട്. ബയോ മെഡിക്കൽ ഡിവൈസ് ആണിത്. ഒട്ടനവധി പ്രോട്ടോക്കോളുണ്ട്. ഇത് പാലിച്ചു മാത്രമേ ഐസിഎംആറിനു കിറ്റ് സമർപ്പിക്കാൻ കഴിയുകയുള്ളൂ. നാളെ കിറ്റ് അനുമതിക്കായി സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ-രാധാകൃഷ്ണ പിള്ള പറയുന്നു.

കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റാണ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വീടുകളിൽ പോയി പരിശോധന നടത്താൻ കഴിയുന്ന കിറ്റ് ആണിത്. പക്ഷെ അനുമതിക്കും അംഗീകാരത്തിനുമായി കിറ്റ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് (ഐ.സി.എം.ആർ) കൈമാറേണ്ടതുണ്ട്. കിറ്റ് കൈമാറിയാൽ അംഗീകാരം നൽകുന്നതിനു ഐസിഎംആറിനു അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അവിടെയും കാലതാമസം വന്നേക്കും. ഐസിഎംആറിനു ഇത് കൈമാറണമെങ്കിൽ രാജീവ് ഗാന്ധി സെന്ററിലെ നടപടിക്രമങ്ങൾ കഴിയണം. അത് തന്നെ പൂർത്തിയാകാത്ത അവസ്ഥയിൽ റാപ്പിഡ് ടെസ്റ്റ് കിറ്റ് വൈകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇതിനു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ പരാതിയുണ്ട്. ഇറ്റലി ഉൾപ്പെടെ ചൈനീസ് കിറ്റിനെ ആശ്രയിച്ചെങ്കിലും ഫലം കൃത്യമായിരുന്നില്ല. ഇത് കിറ്റിനെ ആശ്രയിച്ച ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ രോഗപ്രതിരോധത്തെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട് വന്നത്.

ഈ കൊറോണ കാലത്ത് കേരളവും രാജ്യവുമെല്ലാം ആശാവഹമായി കരുതുന്ന ഒന്നാണ് രാജീവ് ഗാന്ധി സെന്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റ്. കിറ്റിന്റെ വില 350 രൂപയായിരിക്കുമ്പോൾ ഫലം പതിനഞ്ചു മിനിട്ട് കൊണ്ട് അറിയാം. നിലവിലെ പിസിആർ കിറ്റിനു 4500 രൂപ വേണം. മൂന്നു മണിക്കൂറിലധികം സമയവും വേണം. ഈ ഘട്ടത്തിലാണ് ആർജിസിബി ശാസ്ത്രജ്ഞർ റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഐസിഎംആർ അനുമതി ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ കിറ്റ് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് ആർജിസിബി അറിയിച്ചിരുന്നത്. പക്ഷെ ലോക്ക് ഡൗൺ പ്രശ്‌നങ്ങളും ഇന്റേണൽ വാല്യുവേഷൻ നടപടിക്രമങ്ങൾ നീണ്ടുപോയതുമാണ് ഐസിഎംആറിനു മുന്നിലേക്കുള്ള അനുമതി വൈകിപ്പിച്ചത്. അനുമതി ലഭിച്ചിരുന്നെങ്കിൽ 30 ദിവസം 60ലക്ഷം കിറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 24മണിക്കൂറുള്ള ഷിഫ്റ്റിലായിരിക്കും നിർമ്മാണം. . നാലു ഷിഫ്റ്റുകളിലായി ദിവസം രണ്ട് ലക്ഷം കിറ്റുകൾ ആണ് നിർമ്മിമ്മിക്കപ്പെടുക. ഇതോടെ 30 ദിവസത്തിനുള്ളിൽ 60ലക്ഷം കിറ്റുകൾ വിപണിയിലെത്തും. അതിന് കഴിഞ്ഞാൽ രാജ്യത്തിനാകെ ആവശ്യമുള്ള കിറ്റുകൾ കേരളത്തിൽ നിന്നാകും എത്തിക്കുക.

കിറ്റ് വഴിയുള്ള പരിശോധന ഇങ്ങനെ

ഗർഭപരിശോധന കിറ്റ് പോലുള്ള ലളിതമായ ഒരു സ്ട്രിപ്പാണിത്.

മൂന്നു വരകളെ (ലൈൻ) അടിസ്ഥാനമാക്കിയാണ് പരിശോധന.

വിരൽ തുമ്പിലെ ഒരു തുള്ളി രക്തം കിറ്റിൽ പതിപ്പിക്കും.

കൺട്രോൾ ലൈൻ - രക്തം പതിക്കുമ്പോൾ ഈ വര തെളിഞ്ഞാൽ കിറ്റിന്റെ പ്രവർത്തനം കൃത്യം

ഐ. ജി. എം. ലൈൻ- ശരീരത്തിൽ വൈറസ് എത്തിയാൽ ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ സാന്നിദ്ധ്യം വ്യക്തമാക്കും.

ഐ.ജി.ജി ലൈൻ - ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തിരിച്ചറിയാം.

പോസിറ്റീവ് ആണെങ്കിൽ അഞ്ച് മിനിട്ടിലും നെഗറ്റീവാണെങ്കിൽ പതിനഞ്ച് മിനിട്ടിലും ഫലം അറിയാം.

കിറ്റ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP