Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; ജെസിബി ഡ്രൈവറെ കൊണ്ട് 'പശു'വിന്റെ കുഴിമൂടിച്ചതും വെറുതെയായി; ഒടുവിൽ രണ്ടു വയസ്സുകാരിക്ക് വിഷം കൊടുത്തുകൊന്ന് ആത്മഹത്യാ ശ്രമവും; ആരോഗ്യം വീണ്ടെടുത്ത് കാമുകി ജയിലിലായപ്പോഴും കാമുകൻ അതീവ ഗുരുതരാവസ്ഥയിൽ; ലിജിയെ ശാന്തൻപാറയിൽ കൊണ്ടു വന്ന് തെളിവെടുപ്പിന് പൊലീസ്; ക്രൂരതകളുടെ ആസൂത്രകൻ വസീമിനെ അലട്ടുന്നത് ശ്വാസകോശത്തിലെ അണുബാധ

റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; ജെസിബി ഡ്രൈവറെ കൊണ്ട് 'പശു'വിന്റെ കുഴിമൂടിച്ചതും വെറുതെയായി; ഒടുവിൽ രണ്ടു വയസ്സുകാരിക്ക് വിഷം കൊടുത്തുകൊന്ന് ആത്മഹത്യാ ശ്രമവും; ആരോഗ്യം വീണ്ടെടുത്ത് കാമുകി ജയിലിലായപ്പോഴും കാമുകൻ അതീവ ഗുരുതരാവസ്ഥയിൽ; ലിജിയെ ശാന്തൻപാറയിൽ കൊണ്ടു വന്ന് തെളിവെടുപ്പിന് പൊലീസ്; ക്രൂരതകളുടെ ആസൂത്രകൻ വസീമിനെ അലട്ടുന്നത് ശ്വാസകോശത്തിലെ അണുബാധ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ മുല്ലൂർ റിജോഷി(31)നെ കൊലപ്പെടുത്തിയ ശേഷം മുംബൈയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട സ്വദേശി വസീ(32)മിന്റെ ആരോഗ്യനില വീണ്ടും വഷളായി. കേസിലെ രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയും ആയ ലിജി(29)യെ കഴിഞ്ഞ ചൊവ്വാഴ്ച പൻവേൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ലോഡ്ജിൽ മകൾ ജൊവാന(2)യെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണു ലിജിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ വസീമിനേയും പൊലീസ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് ആരോഗ്യ നില വഷളായത്.

ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നാണ് 21 ദിവസമായി മുംബൈ ജെജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വസീം. കഴിഞ്ഞ 9ന് ആണ് വിഷം കഴിച്ച് അവശനിലയിലായ ലിജിയെയും കാമുകൻ വസീമിനെയും(32) പൻവേൽ പൊലീസ് മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിജോഷിന്റെ ഇളയ മകൾ ജൊവാന വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ ആയിരുന്നു. കുട്ടിക്ക് വിഷം കൊടുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു കാമുകനും കാമുകിയും. ലിജി അപകട നില തരണം ചെയ്തിരുന്നു. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്തു.

റിജോഷ് വധക്കേസിൽ ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ തെളിവെടുപ്പിനു ശാന്തൻപാറ പുത്തടിയിൽ എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുംബൈയിലെ കോടതി റിമാൻഡ് ചെയ്ത ലിജിയെ ജയിലിൽ നിന്നു വിട്ടുകിട്ടുന്നതിനുള്ള അനുമതി കോടതിയിൽ നിന്നു വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചു. രണ്ടാഴ്ചയ്ക്കകം തെളിവെടുപ്പിന് എത്തിക്കാനാണു പൊലീസിന്റെ നീക്കം. എന്നാൽ വസീമിന് അസുഖം ഭേദമാകാത്തത് കേസിനെ ബാധിക്കും.

റിജോഷിന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്് പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു തെളിവായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ സ്ഥലം തിരിച്ചറിഞ്ഞ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ജെനി എന്ന പെൺ നായയാണ് റിജോഷിന്റെ മരണം സ്ഥിരീകരിച്ചത്. റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെ ശാസ്ത്രീയ പരിശോധന നടത്താൻ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ജെനി എന്ന നായയെ സ്ഥലത്ത് എത്തിച്ചിരുന്നു.. റിജോഷിന്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഭാര്യ ലിജിയും കാമുകനുമാണ്. ഇത് നാട്ടുകാർ തിരിച്ചറിയുമെന്ന് ഉറപ്പായതോടെയാണ് ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ട് ലിജിയും കാമുകൻ വസീമും ഒളിവിൽ പോയത്.

ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 4 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം എത്തുന്നത്. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നു. ഇങ്ങനെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്. ഈ ബന്ധം മുറിച്ചാണ് റിജോഷിനെ വകവരുത്തി ലിജി പുതിയ മേച്ചിൽ പുറം തേടാനൊരുങ്ങിയത്.

റിജോഷിന്റെ ഭാര്യയേയും റിസോർട്ട് മാനേജരെയും ഒരുമിച്ചു കാണാതായതോടെ കൊലപാതകമെന്ന നിഗമനത്തിലേയ്ക്ക് പൊലീസ് എത്തിയിരുന്നു. തുടർന്ന് ഇരുവരുടേയും ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലിജിയുടെ ഫോണിലേയ്ക്ക് വസീമിന്റെ സഹോദരന്റെയും ഇയാളുടെ സുഹൃത്തിന്റെയും ഫോണിൽനിന്നുകോളുകൾ വന്നതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ വസിമിന്റെ സഹോദരനെയും സുഹൃത്തിനെയും ശാന്തൻപാറ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. റിജോഷിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. ഫാം ഹൗസിനു 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിങ്ങാലക്കുട സ്വദേശിയുടെ റിസോർട്ടിന്റെ മാനേജറാണ് വസിം. ഇവിടെ ജീവനക്കാരനായിരുന്നു ഒരുവർഷമായി റിജോഷ്. ആറുമാസം മുമ്പ് ലിജിയും ഫാമിൽ ജോലിക്ക് ചേർന്നു. അതിനിടെ വസീമിന് ലിജിയുമായുണ്ടായ അടുപ്പം റിജോഷിനെ കൊലപ്പെടുത്തുന്നതിലെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ 31 മുതൽ റിജോഷിനെ കാണാനില്ലായിരുന്നു. നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്ന് തന്നെ ഫോണിൽ വിളിച്ചിരുന്നതായാണ് ലിജി മൊഴി നൽകിയത്. എന്നാൽ, പൊലീസ് അന്വേഷണം തുടങ്ങിയതോടെ നാലിന് ഉച്ചകഴിഞ്ഞ് ഇരുവരും കുട്ടിയുമായി സ്ഥലംവിടുകയായിരുന്നു. ഇതിനുശേഷം വസീം നെടുങ്കണ്ടത്തെ ഒരു എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചു. പിന്നീട് ഇവരുടെ ആത്മഹത്യാ ശ്രമ വാർത്തയാണ് പുറത്ത് എത്തിയത്.

റിജേഷിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വസീം തെളിവുകൾ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും തന്ത്രങ്ങൾ ഒരുക്കിയിരുന്നു. റിജോഷ് നാടുവിട്ടുവെന്ന് വരുത്താനായിരുന്നു ഇതെല്ലാം. എന്നാൽ ഈ തെളിവുകൾ വസീമിന് തന്നെ വിനയായി. മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാൽ അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമ്മാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്നുള്ള കുഴിയിൽ മൃതദേഹം ഉപേക്ഷിച്ച് മണ്ണിട്ട് മൂടി. തുടർന്ന് ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ച് കുഴിയിൽ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടാനും ആവശ്യപ്പെട്ടു.

തുടർന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേയ്ക്ക് വിളിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണിൽനിന്നും ലിജിയുടെ ഫോണിലേയ്ക്ക് കോളുകൾ ചെയ്യിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോൾ തെളിവായി ഈ കോളുകൾ കാണിച്ച് റിജോഷ് തൃശൂരിൽനിന്നും കോഴിക്കോട്ടുനിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പൊലീസ് ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ വസീമിന്റെ സഹോദരനും മറ്റൊരാൾ ഇയാളുടെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു.

ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതൽ മണ്ണിട്ടു നികത്തുകയതും വിനയായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ മണ്ണു മാറ്റി പരിശോധന നടത്തിയത്. പൊലീസ് നായ കൃത്യമായി സ്ഥലവും കാണിച്ചു നൽകി. ഇതോടെ ഇവിടെ മൃതദേഹമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പൊലീസ് നായ ജെനിയും അങ്ങനെ അന്വേഷണത്തിൽ പങ്കാളിയായി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

പ്രതിയായ വസീമും റിജോഷിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. റിജോഷിനെ ഒഴിവാക്കാൻ കൊലപ്പെടുത്തിയെന്നാണ് നിഗമനം. റിജോഷിനെ കാണാതായ ഒക്ടോബർ 31-ന് വൈകീട്ട് ഫാം ഹൗസിന് സമീപം ഇരുന്ന് റിജോഷ് മദ്യപിക്കുന്നത് കണ്ടവരുണ്ട്. വസീമും കൂടെയുണ്ടായിരുന്നു. പിന്നെ റിജോഷിനെ ആരും കണ്ടിട്ടില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയപ്പോൾ കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽനിന്ന് റിജോഷ് തന്നെ ഫോണിൽ വിളിച്ചിരുന്നെന്ന് ഭാര്യ ലിജി മൊഴി നൽകി. ഇതിൽ കള്ളം പൊളിച്ചത് പൊലീസിന്റെ സമർത്ഥമായ അന്വേഷണമാണ്. ഇതോടെ വസീമിലേക്ക് അന്വേഷണം തിരിഞ്ഞു.

ഇത് മനസ്സിലാക്കിയ ഇയാൾ റിജോഷിന്റെ ഭാര്യ ലിജിയെയും കുട്ടിയെയും കൂട്ടി നാടുവിട്ടതായി പൊലീസ് സംശയിക്കുന്നു. നവംബർ നാലിനാണ് മൂവരെയും കാണാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP