Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ നിന്നെത്തിയ വേലക്കാരിയുടെ വാചകമടിയിൽ വീട്ടുകാർ മൂക്കും കുത്തി വീണു; നന്നായി ഭക്ഷണം പാകം ചെയ്തും വീട്ടുകാര്യങ്ങളിൽ ഇടപെട്ടും ഓടി നടന്ന വേലക്കാരി പെട്ടന്ന് തന്നെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായി: മൂന്നാം ദിവസം മുടി വളരാൻ മരുന്നു നൽകിയും കാപ്പിയിൽ വിഷം ചേർത്തും വീട്ടുകാരെ മയക്കിയ ശേഷം ഉള്ളതെല്ലാം തപ്പിപ്പെറുക്കി മാരിയമ്മ മുങ്ങി

തമിഴ്‌നാട്ടിൽ നിന്നെത്തിയ വേലക്കാരിയുടെ വാചകമടിയിൽ വീട്ടുകാർ മൂക്കും കുത്തി വീണു; നന്നായി ഭക്ഷണം പാകം ചെയ്തും വീട്ടുകാര്യങ്ങളിൽ ഇടപെട്ടും ഓടി നടന്ന വേലക്കാരി പെട്ടന്ന് തന്നെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായി: മൂന്നാം ദിവസം മുടി വളരാൻ മരുന്നു നൽകിയും കാപ്പിയിൽ വിഷം ചേർത്തും വീട്ടുകാരെ മയക്കിയ ശേഷം ഉള്ളതെല്ലാം തപ്പിപ്പെറുക്കി മാരിയമ്മ മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: തമിഴ്‌നാട്ടിൽ നിന്ന് വന്ന വേലക്കാരിയുടെ വാചകമടിയിൽ വീണ മൂന്നംഗ കുടുംബത്തിന്റെ ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്. തിരൂർ ആലിങ്ങലിലെ വീട്ടിലെത്തിയ തമിഴ്‌നാട്ടുകാരിയായ മാരിയമ്മയാണ് പൊലീസിന് പോലും പിടികൊടുക്കാത്ത തന്ത്രങ്ങൾ മെനഞ്ഞ് കവർച്ച നടത്തിയ ശേഷം മുങ്ങിയത്. തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിനടുത്ത് എ.എം.എൽ.പി. സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് മോഷണം നടന്ന എടശ്ശേരി ഖാലിദ് അലിയുടെ വീട്.

ജോലിക്കെത്തി വെറും മൂന്നേ മൂന്ന് ദിവസം കൊണ്ട് വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റിയായിരുന്നു തമിഴ്‌നാട്ടുകാരി മാരിയമ്മയുടെ മോഷണം. മൂന്ന് ദിവസം മുമ്പ് ഖാലിദ് അലിയുടെ വീട്ടിലെത്തിയ ഇവർ ആദ്യം മുറ്റം വൃത്തിയാക്കുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി നൽകുകയും ചെയ്തു. ഇതിനിടെയാണ് വേഗത്തിൽ മുടി വളരുമെന്നറിയിച്ച് കഴിഞ്ഞ ദിവസം പ്രത്യേക പാനീയം ഉണ്ടാക്കി നൽകിയത്.

കുടുംബനാഥൻ ഖാലിദ് വേണ്ടെന്ന് അറിയിക്കുകയും മറ്റുള്ളവർ കുടിക്കുകയും ചെയ്തു. അപ്പോൾ ഖാലിദിന് കാപ്പിയിൽ വിഷം കലർത്തി നൽകുകയായിരുന്നു. സംഭവമറിഞ്ഞതോടെ നിരവധി ആളുകളാണ് മോഷണംനടന്ന വീട്ടിലേക്കെത്തിയത്. രണ്ടുദിവസം മുമ്പാണ് വീട്ടിൽ തമിഴ്‌നാട്ടുകാരിയായ സ്ത്രീ ജോലിക്കെത്തുന്നത്. അതുകൊണ്ടുതന്നെ അയൽപക്കക്കാർക്കൊന്നും ജോലിക്കാരിയെ പരിചയപ്പെടാനൊന്നും സമയം കിട്ടിയിട്ടില്ല. എളുപ്പത്തിൽ ചങ്ങാത്തം സ്ഥാപിക്കുന്ന പ്രകൃതമായിരുന്നു. വീട്ടുകാർക്ക് പനിപിടിച്ചപ്പോൾ ഡോക്ടറെ കാണാനും സ്ത്രീ കൂടെ പോയി.

ഞായറാഴ്ച രാവിലെ അയൽപക്കത്തെ സ്ത്രീ വീട്ടിൽവന്നു നോക്കുമ്പോളാണ് അബോധാവസ്ഥയിൽ വീട്ടുകാരെ കണ്ടത്. ഛർദിച്ച് അവശരായ നിലയിലായിരുന്നു മൂന്നുപേരും. വീട്ടിലെ അലമാരകളെല്ലാം വാരിവലിച്ചിട്ടിരുന്നു. വീട്ടിൽ നിന്നിരുന്ന സ്ത്രീയെ രാവിലെ പള്ളിയിൽപോയിരുന്ന ആളുകൾ കണ്ടതായി പറയുന്നുണ്ട്. ബസ് കയറിയാണ് പോയതെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. ഖാലിദ് അലിയുടെ വീടിന്റെ പിന്നിലെ വാതിലിലൂടെയാണ് സ്ത്രീ പോയിട്ടുള്ളത്. പൊലീസ് നായയും ഇതുവഴി റോഡ് വരെ പോയിട്ടുണ്ട്. അതേസമയം വീട്ടിൽ കൂടുതൽ വിരലടയാളം കാണുന്നതിനാൽ കവർച്ചയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

വിവിധ സ്ഥലങ്ങളിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് ആലിങ്ങലിലെത്തി പൊലീസിനെ കബളിപ്പിച്ച് വീണ്ടും കവർച്ച നടത്തിയത്. ഇവരെ ഏർപ്പാടാക്കിയ സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടുജോലി ആവശ്യമുണ്ടെന്നറിയിച്ച് മാരിയമ്മ ഫോൺ നമ്പർ നൽകിയ പ്രകാരം വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലെടുത്തയാൾ പൊലീസിനോട് പറഞ്ഞു.

തിരൂർ ഭാഗത്ത് മയക്കാനുള്ള മരുന്നുനൽകി കവർച്ച നടന്ന സംഭവം അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ല. പ്രവാസിയായ ഖാലിദ് അലി ഇടയ്‌ക്കൊക്കെ ഗൾഫിൽ കുടുംബസമേതം താമസിക്കാറുണ്ട്. ഇതുപോലെ ആളൊഴിഞ്ഞതും ഗൃഹനാഥന്മാരില്ലാത്തതുമായ വീടുകൾ മോഷ്ടാക്കൾ ലക്ഷ്യമാക്കുന്നുണ്ടോയെന്ന ഭീതിയിലാണ് നാട്ടുകാർ. തിരൂരിലെ പോസ്റ്റോഫിസിൽനിന്ന് പട്ടാപ്പകൽ 4 ലക്ഷം രൂപ കവർന്ന സംഭവത്തിലും ആലത്തിയൂരിലെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ തമിഴ്‌സ്ത്രീകൾ 11 പവൻ സ്വർണം കവർന്ന കേസിലും റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽനിന്ന് ടിവി കവർന്ന സംഭവത്തിലും ഇതുവരെ പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP