Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ ഫീസ് അടയ്ക്കാൻ എത്തിയപ്പോൾ അമ്മയ്ക്ക് ഫോണിൽ ഒരുകോൾ; സംസാരം കഴിഞ്ഞതോടെ അമ്മയുടെ മുഖഭാവം മാറി; ആകെ പേടിയും വെപ്രാളവുമായി; മോളെ ഫീസടച്ചിട്ടുണ്ട് എന്ന് പറഞ്ഞു ധൃതി പിടിച്ച് അമ്മ പുറത്തേക്ക് പോയെന്ന് മകളുടെ മൊഴി; മഞ്ചേശ്വരത്തെ അദ്ധ്യാപികയ്ക്ക് വന്ന കോൾ ആരുടേത്? കോൾ വന്നത് ഇനിയും കണ്ടുകിട്ടാത്ത ഒന്നാമത്തെ ഫോണിലും; രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഏറുന്നു

സ്‌കൂളിൽ ഫീസ് അടയ്ക്കാൻ എത്തിയപ്പോൾ അമ്മയ്ക്ക് ഫോണിൽ ഒരുകോൾ; സംസാരം കഴിഞ്ഞതോടെ അമ്മയുടെ മുഖഭാവം മാറി; ആകെ പേടിയും വെപ്രാളവുമായി; മോളെ ഫീസടച്ചിട്ടുണ്ട് എന്ന് പറഞ്ഞു ധൃതി പിടിച്ച് അമ്മ പുറത്തേക്ക് പോയെന്ന് മകളുടെ മൊഴി; മഞ്ചേശ്വരത്തെ അദ്ധ്യാപികയ്ക്ക് വന്ന കോൾ ആരുടേത്? കോൾ വന്നത് ഇനിയും കണ്ടുകിട്ടാത്ത ഒന്നാമത്തെ ഫോണിലും; രൂപശ്രീയുടെ മരണത്തിൽ ദുരൂഹത ഏറുന്നു

എം മനോജ് കുമാർ

കാസർഗോഡ് : മഞ്ചേശ്വരം മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണത്തിൽ ദുരൂഹതകൾ കൂടുന്നു. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതായ അദ്ധ്യാപികയെ ശനിയാഴ്ച മരിച്ച നിലയിൽ പെർവാഡ് കടപ്പുറത്താണ് കാണപ്പെട്ടത്. ആത്മഹത്യ എന്ന് പൊലീസ് പറയുമ്പോൾ കൊലപാതകമെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് നാട്ടുകാർ. അദ്ധ്യാപികയുടെ കാണാതെ പോയ രണ്ടു മൊബൈൽ ഫോണുകളിൽ ഒന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയതാണ് മറ്റൊരു ടെണിങ് പോയിന്റ്. കാണാതെ പോയ ഈ ഫോണാണ് ജനൽപാളിയിൽ അരികിൽ വെച്ച നിലയിൽ കണ്ടത്. ആദ്യം കാണാതിരുന്ന ആ ഫോൺ എങ്ങനെ ജനൽപാളിയിൽ വന്നു എന്നാണ് വീട്ടുകാർ ചോദിക്കുന്നത്.

അദ്ധ്യാപിക ഉപയോഗിച്ച മറ്റൊരു ഫോൺ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ആ ഫോണിനു വേണ്ടി പൊലീസ് അന്വേഷണം തുടരുന്നുണ്ട്. സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിക്കുന്നത് ബെരിക്കെയിലാണ്. വലിയ ദൂരം ബെരിക്കെയും ദുർഗിപ്പള്ളിയും തമ്മിലുണ്ട്. ദുർഗിപ്പള്ളിയിൽ സ്‌കൂട്ടർ വെച്ചപ്പോൾ എങ്ങിനെ മൊബൈൽ ഫോൺ റേഞ്ച് ബെരിക്കെയിൽ കാണിക്കുന്നു എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന പല ചോദ്യങ്ങളിൽ ഒന്ന്. ദുർഗിപ്പള്ളിയിൽ നിന്ന് ഏഴു കിലോമീറ്ററാണ് കടലിലേക്ക് ഉള്ളത്. സ്‌കൂട്ടർ വെച്ച ശേഷം ഈ ഏഴു കിലോമീറ്റർ ദൂരം രൂപശ്രീ നടന്നുപോയോ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടായിരുന്നതുമാണ്. മറ്റാരുടെയെങ്കിലും കാറിൽ അദ്ധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തുവെന്ന സംശയമുണ്ട്. ഇതിന് തെളിവ് ലഭിച്ചാൽ അത് വഴിത്തിരിവാകും. നേരത്തേ ചോദ്യം ചെയ്യപ്പെട്ട അദ്ധ്യാപകന് ഇതുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഈ അദ്ധ്യാപകൻ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ പൊലീസ് കാര്യമായി എടുത്ത മൊഴികളിൽ ഒന്ന് രൂപശ്രീയുടെ മകൾ പറഞ്ഞ മൊഴിയാണ്. സ്‌കൂളിൽ ഫീസ് അടയ്ക്കാൻ വേണ്ടിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അമ്മ വന്നത്. സ്‌കൂളിൽ ഫീസ് അടച്ച് താനുമായി സംസാരിക്കുമ്പോൾ അമ്മയ്ക്ക് ഒരു ഫോൺ വന്നു. ഇതോടെ അമ്മയുടെ മുഖം മാറി. മുഖത്ത് ഭയപ്പാടും സംഭ്രമവും വന്നു നിറഞ്ഞു. മോളെ ഫീസടച്ചിട്ടുണ്ട് എന്ന് പറഞ്ഞു ധൃതി പിടിച്ച് അമ്മ പുറത്തേക്ക് പോയി. ഇതാണ് മകൾ പറഞ്ഞത്. ഭൂകമ്പം നിറഞ്ഞ, അവസാനമായി രൂപശ്രീയെ പരിഭ്രമിപ്പിച്ച ആ അവസാന ഫോൺ കോളിൽ എന്താണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘവും മാറിയിട്ടുണ്ട്. പതിവ് അന്വേഷണം ഈ കേസിൽ മതിയാകില്ല എന്ന നിഗമനത്തിൽ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.സതീഷ്‌കുമാർ, മഞ്ചേശ്വരം അഡീഷനൽ എസ്‌ഐ പി.ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷണം ഏറ്റെടുത്തിട്ടുള്ളത്.

രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളിയിലാണ് കണ്ടത്. മൊബൈൽ റേഞ്ച് അവസാനം കാണുന്ന ബെരിക്കെയിലും. ഇവിടൊന്നും രൂപശ്രീയ്ക്ക് പോകേണ്ട ആവശ്യമില്ല. എന്തുകൊണ്ട് രൂപശ്രീയുടെ സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ കാണപ്പെട്ടു. മൊബൈൽ റേഞ്ച് എന്തുകൊണ്ട് ബെരിക്കെ കാണിച്ചു. രൂപശ്രീയുടെ കൊലപാതകം എന്ന് ബന്ധുക്കൾ വാദം നിരത്തി ആരോപിക്കുമ്പോഴും ഈ വസ്തുതകൾ അന്വേഷിക്കണം എന്ന തീരുമാനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചത് ആരോപണ വിധേയനായ സഹ അദ്ധ്യാപകനാണ്. ഈ അദ്ധ്യാപകനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറോളമാണ് അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തത്. അദ്ധ്യാപകനും രൂപശ്രീയും തമ്മിലുള്ള അടുപ്പം പൊലീസിനു വ്യക്തമായിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഈ അദ്ധ്യാപകനാണ് എന്ന് രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വളരെ ശക്തമായ ആരോപണങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയുടെ കുടുംബം ഉയർത്തുന്നത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മൃതദേഹത്തിൽ മുടി ഉണ്ടായിരുന്നുമില്ല. കടലിൽ രണ്ടു ദിവസം കിടന്നെങ്കിൽ തന്നെ വസ്ത്രത്തിന്റെ എന്തെങ്കിലും അംശങ്ങൾ ശരീരത്തിൽ കാണേണ്ടേ എന്നാണ് ബന്ധുക്കൾ ഉയർത്തുന്ന വാദം. കടലിൽ കിടന്നു മുടി അഴുകിപോയി എന്ന വാദത്തിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു. ഇവരെ അപായപ്പെടുത്തുന്നതിന്നിടയിൽ ആരെങ്കിലും വടിച്ച് കളഞ്ഞോ എന്ന കാര്യം പരിശോധിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അതുമല്ല അദ്ധ്യാപിക സഞ്ചരിച്ച സ്‌കൂട്ടി ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിൽ ആദ്യം കാണപ്പെട്ടിരുന്നില്ല. പിന്നീടാണ് വണ്ടി അവിടെ പാർക്ക് ചെയ്ത നിലയിൽ കാണുന്നത് എന്നും ആരോപണം ഉയരുന്നു. സ്‌കൂട്ടർ പാർക്ക് ചെയ്ത ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണപ്പെട്ട ബെറിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് വണ്ടിയും മൊബൈൽ റേഞ്ചും ഈ സ്ഥലങ്ങളിൽ കാണപ്പെട്ടു എന്ന കാര്യം അന്വേഷിക്കണം എന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ ഘടകങ്ങളിൽ ഊന്നി തന്നെയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് അദ്ധ്യാപികയുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാൽ ശക്തമായ തിരയിൽപ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോർട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനു അനുസൃതമായാണ് ആത്മഹത്യ എന്ന രീതിയിൽ മരണത്തെ പൊലീസ് വീക്ഷിക്കുന്നത്. രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. ഭർത്താവ് ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP