Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോറിക്കടിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ചേർത്തലയിലെ സ്വകാര്യ കമ്പനി ജീവനക്കാരി; ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്; കൊലപാതകത്തിന്റെ പൊരുൾ തേടി പൊലീസ്

ലോറിക്കടിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ചേർത്തലയിലെ സ്വകാര്യ കമ്പനി ജീവനക്കാരി; ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്; കൊലപാതകത്തിന്റെ പൊരുൾ തേടി പൊലീസ്

കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫോർട്ട്‌കൊച്ചി അമരാവതിയിൽ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണു മൃതദേഹമെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നു പൊലീസ് വ്യക്തമാക്കി. ചേർത്തലയിൽ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയാണ് സന്ധ്യ.

തോപ്പുംപടിയിൽ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണു മൃതദേഹം കണ്ടെത്തിയത്. ചേർത്തല എക്‌സ്‌റേ ജംക്ഷനിലെ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭർത്താവ് അജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കൾ രാത്രിയിൽ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയിൽ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസിൽ വിവരമറിയിച്ചത്. മൃതദേഹത്തിൽ പുറമേ പരുക്കുകളില്ല.

സന്ധ്യയുടെ ശരീരത്തുണ്ടായിരുന്ന 14 പവൻ സ്വർണവും രണ്ടു മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും നഷ്ടമായതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ശ്വാസതടസത്തെ തുടർന്നാണ് മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലോറി ഡ്രൈവർമാർ, ഭർത്താവ് അജിത്ത് എന്നിവരെ ചോദ്യം ചെയ്തു. ഫോർട്ട്‌കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ ആർ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ സന്ധ്യയുമായി രൂപസാദൃശ്യമുള്ള യുവതി കാറിൽ സഞ്ചരിക്കുന്നത് കണ്ടെന്ന അഭ്യൂഹം പരന്നിരുന്നു.

ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി ഹാർബർ പാലം, മട്ടാഞ്ചേരി ബി.ഒ.ടി പാലം കിഴക്ക് ഭാഗത്ത് രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. തമിഴ്‌നാട്ടുകാർ കൂടുതലായി താമസിക്കുന്ന വാത്തുരുത്തിക്കടുത്താണ് മട്ടാഞ്ചേരി ഹാൾട്ട്.
വാത്തുരുത്തി റെസിഡൻസ് അസോസിയേഷൻ മട്ടാഞ്ചേരി ഹാൾട്ട്വാത്തുരുത്തി മേഖലകളിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ചു പരാതിനൽകിയിരുന്നതാണ്.

സംഭവ സ്ഥലത്തെത്തിയ ഭർത്താവാണുസന്ധ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ബോധമറ്റു വീണ ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. സന്ധ്യയുടെ മൃതദേഹത്തിൽ ചെറിയ പരുക്കുകൾ കാണുന്നുണ്ട്. കഴുത്തു ഞരിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം ലോറിക്കടിയിൽ തള്ളിയതാണെന്നാണ് പൊലീസ് നിഗമനം. ഒരു യുവതി മറ്റൊരാളോടൊപ്പം കാറിൽ ഇരിക്കുന്നതു കണ്ടതായി ട്രാഫിക് പൊലീസ് പറയുന്നുണ്ട്. ഭാര്യാ-ഭർത്താക്കന്മാരാണെന്നു കരുതിയതായി അവർ പറഞ്ഞു.

സന്ധ്യ ധരിച്ചിരുന്ന ചുരിദാറിന്റെ നിറവും രാത്രി കാറിൽ കണ്ട സ്ത്രീയുടെ ചുരിദാറിന്റെ നിറവും ഒന്നായിരുന്നെന്ന് പൊലീസ് പറയുന്നു. സന്ധ്യ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. പന്തളം സ്വദേശി അജിത്തും തൊടുപുഴ സ്വദേശി സന്ധ്യയും പതിമൂന്നു വർഷം മുൻപാണ് വിവാഹിതരായത്. 11 വർഷം മുൻപ് കൊച്ചിയിൽ എത്തിയ ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ര

ണ്ടു മക്കളുണ്ട് അക്ഷര (12), രാഹുൽ (11). ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജൻ ഡോ. കിഷോറിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം തൊടുപുഴയിലെ സന്ധ്യയുടെ വീട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP