Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാന്തൻപാറ കൊലപാതകം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ച നിലയിൽ; ലിജിയുടെ മൂന്നര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇവരെ കണ്ടെത്തിയത് മുംബൈയിൽ നിന്ന്; വസീമും ലിജിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; മുംബൈയിൽ പ്രതികളെത്തിയത് സുഹൃത്തുക്കളുടെ സഹായത്തോടെ; റിജോഷിനെ കൊലപ്പെടുത്തിയ ശേഷം ഇവർ ആദ്യം കടന്നത് തമിഴ്‌നാട്ടിലേക്ക്; ഒളിവിൽ പോയത് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ

ശാന്തൻപാറ കൊലപാതകം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ച നിലയിൽ; ലിജിയുടെ മൂന്നര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇവരെ കണ്ടെത്തിയത് മുംബൈയിൽ നിന്ന്; വസീമും ലിജിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; മുംബൈയിൽ പ്രതികളെത്തിയത് സുഹൃത്തുക്കളുടെ സഹായത്തോടെ; റിജോഷിനെ കൊലപ്പെടുത്തിയ ശേഷം ഇവർ ആദ്യം കടന്നത് തമിഴ്‌നാട്ടിലേക്ക്; ഒളിവിൽ പോയത് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: ശാന്തൻപാറ കൊലപാതകത്തിലെ മുഖ്യപ്രതി വസീമും, റിജോഷിന്റെ ഭാര്യ ലിജിയും വിഷം കഴിച്ച ഗുരുതരമായ നിലയിൽ. ലിജിയുടെ രണ്ടര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. വസീമും ലിജിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് വ്യക്തമല്ല.

റിജോഷിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ തേടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതിന് പിന്നലെ ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം കിട്ടിയിരുന്നു. അവിടെ നിന്ന് മുംബൈയിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ അവിടേക്ക് കടന്നുവെന്നാണ് കരുതുന്നത്. ഇവരുടെ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വസീമിന്റെ സഹോദരനും രണ്ട് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്

ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്‌റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയതോട തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജർ വസീമിന്റെ കുറ്റം ഏറ്റ്പറഞ്ഞുള്ള വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു . കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസിമുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി. ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ട് ആണ് ലിജിയും കാമുകൻ വസീമും ഈ മാസം 4 മുതൽ ഒളിവിൽ പോയത്. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിരുന്നു്.. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി. കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ച വസീമിന്റെ സഹോദരനും രണ്ട് സുഹൃുത്തുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്‌നാട്ടിലേയ്ക്ക് കടന്നത്.

റിജോഷി(31)നെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തുണിയോ കയറോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്. കൊല്ലപ്പെടുമ്പോൾ യുവാവ് അർധബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാഴ്ച മുൻപ് കാണാതായ റിജോഷിന്റെ മൃതദേഹം കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്തു നിർമ്മിക്കുന്ന മഴവെള്ള സംഭരണിയോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. യുവാവിന്റെ ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾ ഖാദർ(31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതായിരുന്നു. ലിജിയും കാമുകനായ വസിമും ചേർന്നു റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണു പൊലീസ് സംശയിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയുടെ വക ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു മരിച്ച യുവാവ്. വസിം നാലു വർഷമായി ഫാം ഹൗസിന്റെ മാനേജരാണ്. ആറു മാസം മുൻപ് ലിജിയും ഫാമിൽ ജോലിക്കു ചേർന്നിരുന്നു.

ഒക്ടോബർ 31 മുതലാണ് റിജോഷിനെ കാണാതായത്. ഇതു സംബന്ധിച്ചു നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. ഭാര്യ ലിജിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്നു ഫോണിൽ വിളിച്ചിരുന്നതായാണു മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി. ഇതിനിടെ, റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ കിട്ടുകയും പൊലീസ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലിജിയും വസീമും പൊലീസിന്റെ നിരീക്ഷണത്തിലായി. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു.

നവംബർ രണ്ടിനു ഫാം ഹൗസിനു നൂറ് മീറ്ററോളം താഴെ മഴവെള്ള സംഭരണിയോടു ചേർന്നു ജെസിബി ഉപയോഗിച്ചു നിർമ്മാണ പ്രവർത്തനം നടത്തിയിരുന്നുവെന്നു നാട്ടുകാർ അറിയിച്ചതോടെയാണ് കുഴിമാന്തി നോക്കാൻ പൊലീസ് തീരുമാനിച്ചത്. തുടർന്നു പൊലീസ് സമീപവാസിയായ ജെസിബി ഓപ്പറേറ്ററെ ചോദ്യം ചെയ്തപ്പോൾ സംഭരണിക്കു സമീപത്ത് ഒരു മ്ലാവിന്റെ ശരീരാവശിഷ്ടം മൂടിയെന്നും കുഴിയുടെ ബാക്കി ഭാഗം മണ്ണിടണമെന്ന് വസീം ആവശ്യപ്പെട്ടതായും വ്യക്തമായി.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ പൊലീസ് തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ മണ്ണുനീക്കി പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്-ലിജി ദന്പതികളുടെ മറ്റ് മക്കൾ.

ഇതിനിടെ, കൊലപാതകം താൻ തന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്റെ വീഡിയോ വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിലാണ് അനുജന്റെ വാട്‌സ് ആപ്പിലേക്കു വീഡിയോ സന്ദേശം എത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയതു താനാണെന്നും കേസിൽ നിന്ന് സഹോദരനെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നുമായിരുന്നു സന്ദേശം. ഇയാളെയും യുവാവിന്റെ ഭാര്യയെയും പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്നാർ ഡിവൈഎസ് പി രമേഷ്‌കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോർജ്, ശാന്തൻപാറ സിഐ ടി.ആർ. പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ. ഹണി, എസ്‌ഐ മാരായ പി.ഡി. അനൂപ്‌മോൻ, ബി. വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP