Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എപിയിൽ 350 വെടിയുണ്ട കാണാനില്ലെന്ന് മനസിലായത് 2014 മെയിൽ; വ്യാജ വെടിയുണ്ട നിർമ്മിച്ച് ആരുമറിയാതെ പകരം വച്ചത് രണ്ടുമാസത്തിന് ശേഷം ജൂലൈയിൽ; വ്യാജ ഡ്രിൽ കാട്രിഡ്ജുകൾ സൂത്രത്തിൽ വച്ചത് അന്നത്തെ ക്വാർട്ടർ മാസ്റ്റർ റെജി ബാലചന്ദ്രൻ; വ്യാജ വെടിയുണ്ട വയ്ക്കാൻ കൂട്ടുനിന്ന മേലുദ്യോഗസ്ഥർക്കും പിടിവീഴും; കാണാതായ വെടിയുണ്ടകൾ ഭീകരവാദികൾക്കോ മാവോയിസ്റ്റുകൾക്കോ കിട്ടിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷണം; പ്രതികൾക്ക് പൂട്ടിടാൻ തച്ചങ്കരി മുന്നോട്ട്

എസ്എപിയിൽ 350 വെടിയുണ്ട കാണാനില്ലെന്ന് മനസിലായത് 2014 മെയിൽ; വ്യാജ വെടിയുണ്ട നിർമ്മിച്ച് ആരുമറിയാതെ പകരം വച്ചത് രണ്ടുമാസത്തിന് ശേഷം ജൂലൈയിൽ; വ്യാജ ഡ്രിൽ കാട്രിഡ്ജുകൾ സൂത്രത്തിൽ വച്ചത് അന്നത്തെ ക്വാർട്ടർ മാസ്റ്റർ റെജി ബാലചന്ദ്രൻ; വ്യാജ വെടിയുണ്ട വയ്ക്കാൻ കൂട്ടുനിന്ന മേലുദ്യോഗസ്ഥർക്കും പിടിവീഴും; കാണാതായ വെടിയുണ്ടകൾ ഭീകരവാദികൾക്കോ മാവോയിസ്റ്റുകൾക്കോ കിട്ടിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷണം; പ്രതികൾക്ക് പൂട്ടിടാൻ തച്ചങ്കരി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പൊലീസിലെ എസ്എപി വെടിയുണ്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യഘട്ടം പിന്നിട്ടപ്പോൾ ആരാണ് കാണാതായ വെടിയുണ്ടകൾ വ്യാജമായി നിർമ്മിച്ച് പകരം വച്ചതെന്ന് വ്യക്തമായി. വെടിയുണ്ട പകരം വച്ച ആൾ അറസ്റ്റിലായി. കേസിലെ 11 പ്രതികളിൽ ഒരാളായ റെജി ബാലചന്ദ്രനാണ് പിടിയിലായത്. അടൂർ കെഎപി ക്യാമ്പിലെ ട്രെയിനർ എസ്‌ഐയാണ് റെജി ബാലചന്ദ്രൻ.

2014 കാലയളവിൽ റെജി ബാലചന്ദ്രൻ എസ്എപിയിലെ ക്വാർട്ടർ മാസ്റ്റർ ആയിരുന്നു. 2014 മെയിലാണ് 350 ഡ്രിൽ കാട്രിഡ്ജ് കാണുന്നില്ലെന്ന് റെജി മനസിലാക്കിയത്. രണ്ടുമാസത്തിന് ശേഷം ജൂലൈയിൽ 350 വ്യാജ ഡ്രിൽ കാട്രിഡ്ജ് നിർമ്മിച്ച് ക്വാർട്ടർ ഗാർഡിൽ പകരം വച്ചത്. റെജി ബാലചന്ദ്രന്റെ ഈ കുറ്റത്തിന് കൂട്ടുനിന്നവർക്കും, മറ്റ് വെടിയുണ്ടകളും കാലി കെയ്‌സുകളും, കാണാതായതിന് കൂട്ടുനിന്നവർക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒപ്പം കാണാതായ വെടിയുണ്ടകൾ ഭീകരവാദികൾക്കോ മാവോയിസ്റ്റുകൾക്കോ കിട്ടിയിട്ടുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി അറിയിച്ചു.

സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഈ മാസം എസ്എപിയുടെ സഭാഹാളിൽ വച്ച് സിഎജിയുടെ റിപ്പോർട്ടിൽ നഷ്ടപ്പെട്ടതായി പറയുന്ന 25 റൈഫിളുകൾ അടക്കം, എസ്എപിയുടെ പൊലീസ് ചീഫ് സ്‌റ്റോറിൽ നിന്നും നൽകിയ 640 ഇൻസാസ് റൈഫിളുകളും ബോഡി നമ്പർ വച്ച് തിട്ടപ്പെടുത്തി. മണിപ്പൂരിലേക്ക് ഐആർ ബറ്റാലിയൻ ട്രെയിനിംഗിനായി കൊണ്ടുപോയ 13 റൈഫിളുകളും വീഡിയോ കോൺഫറൻസിലൂടെ ബോഡി നമ്പർ നോക്കി നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഡയറക്ടറും ഐജിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. സിഎജി റിപ്പോർട്ടിൽ ആരോപിക്കുന്ന പോലെ റൈഫിളുകൾ ഒന്നും എസ്എപിയിൽ നിന്ന് നഷ്ടപ്പെട്ടില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു. ഏപ്രിൽ 19 ന് അന്വേഷണ സംഘം എസ്എപിയിൽ നടത്തിയ പരിശോധനയിൽ കാലി കെയ്‌സുകൾ കൊണ്ടുണ്ടാക്കി എന്ന് സംശയിക്കുന്ന രണ്ടര കിലോ ഭാരമുള്ള എംബ്ലം കസ്റ്റഡിയിലെടുത്തു. അക്കൂട്ടത്തിൽ തന്നെയാണ് സിഎജി റിപ്പോർട്ടിൽ കാണാതായെന്ന് സൂചിപ്പിച്ച 350 ഡമ്മി ഡ്രിൽ കാട്രിഡ്ജുകളും കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. 22 സാക്ഷികളെ ചോദ്യം ചെയ്യുകയും രജിസ്റ്ററുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റുണ്ടായതെന്നും തച്ചങ്കരി അറിയിച്ചു.

വെടിയുണ്ടകൾ കാണാതായ കേസിൽ രണ്ടുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതർക്കെതിരെയും അന്വേഷണവും അറസ്റ്റും ഉണ്ടാകും. സത്യസന്ധമായും സുതാര്യമായും അന്വേഷണം പൂർത്തിയാക്കും. ക്രൈംബ്രാഞ്ചിനെ വിശ്വസിക്കണം. പ്രാധാന്യം തെളിവുകൾക്കുമാത്രമെന്നും തച്ചങ്കരി വ്യക്തമാക്കി.

സിഎജി റിപ്പോർട്ടിൽ പരാമർശിച്ച ഇൻസാസ് റൈഫിളുകൾ മുഴുവൻ തിരുവനന്തപുരം എസ്എപി ക്യാംപിൽ പ്രദർശിപ്പിച്ചാണ് നേരത്തെ ടാമിൻ തച്ചങ്കരി തോക്കുകൾ നഷ്ടമായില്ലെന്ന് വിശദീകരിച്ചത്. 660 റൈഫിളുകളിൽ 647 എണ്ണമാണ് ക്യാംപിൽ എത്തിച്ചത്. ശേഷിച്ച പതിമൂന്ന് തോക്കുകൾ മണിപ്പൂരിലെ എആർ ബറ്റാലിയനിലുണ്ടെന്ന് എഡിജിപി പറഞ്ഞു. വിഡിയോ കോൾ വഴി ഈ തോക്കുകളുടെ നമ്പറും പരിശോധിച്ച് ഉറപ്പുവരുത്തി.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഐ.ജി.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതൽ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകൾ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

എന്നാൽ 22 വർഷത്തെ കാലയളവിനുള്ളിൽ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥർ സംഘത്തിൽ ഇല്ല. അതുകൊണ്ടാണ് കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്തിയത്. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേർത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയത്.

നേരത്തെ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോർട്ടിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് തോക്കുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP